Technology (Page 26)

റീ ബ്രാൻഡിങിന് തയ്യാറെടുത്ത് ട്വിറ്റർ. ട്വിറ്റർ എന്ന ബ്രാൻഡ് നാമം ഉപേക്ഷിക്കാനാണ് ഇലോൺ മസ്‌ക് പദ്ധതിയിടുന്നത്. ട്വിറ്റർ ആപ്പിന്റെ പേര് എക്‌സ് (X)എന്നാക്കി മാറ്റുമെന്ന് മസ്‌ക് വ്യക്തമാക്കി. ട്വിറ്ററിന്റെ ട്രേഡ് മാർക്കായ കിളിയുടെ ചിഹ്നവും മാറ്റുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നല്ല ഒരു ലോഗോ തയ്യാറായ ഉടൻ തന്നെ ചിഹ്നം മാറ്റാനാണ് തീരുമാനം.

ട്വിറ്ററിന്റെ നീല നിറവും മാറ്റും. മനുഷ്യനിലെ അപൂർണതകളുടെ പ്രതിഫലനമാണ് എക്‌സ് എന്നും, ആ ആശയം പ്രതിഫലിക്കുന്ന ഒരു ലോഗോ കിട്ടിയാൽ പറ്റുമെങ്കിൽ നാളെ തന്നെ ചിഹ്നം മാറ്റുമെന്നുമാണ് മസ്‌ക് പ്രഖ്യാപിച്ചത്. ഒക്ടോബറിൽ തന്നെ കമ്പനിയുടെ ഔദ്യോഗിക നാമം എക്‌സ് കോർപ്പ് എന്ന് മാറ്റിയിരുന്നു.

ഫോണുകളിലേക്ക് നിരന്തരമെത്തുന്ന സ്പാം കോളുകൾക്ക് സ്ഥിരം പരിഹാരവുമായി എത്തിയിരിക്കുകയാണ് ട്രൂ കോളർ. ഇത്തരം കോളുകൾ തടയുന്നതിനായി എ ഐ അസ്സിസ്റ്റൻസ് അവതരിപ്പിച്ചിരിക്കുകയാണ് ട്രൂ കോളർ. ഉപയോക്താക്കൾക്ക് വരുന്ന കോളുകൾക്ക് ഉത്തരം നൽകുകയും അവയെ നിയന്ത്രിക്കുകയുമാണ് കസ്റ്റമൈസ് ചെയ്യാവുന്ന ട്രൂ കോളർ അസിസ്റ്റന്റ് ചെയ്യുന്നത്. ആൻഡ്രോയിഡ് ഉപയോഗിക്കുന്നവർക്ക് 14 ദിവസത്തെ സൗജന്യ ട്രയൽ നൽകിയ ശേഷം പ്രതിമാസം 149 രൂപ മുതൽ ട്രൂ കോളർ പ്രീമിയം അസിസ്റ്റന്റ് പ്ലാൻ പ്രാപ്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നമുക്ക് വരുന്ന കോളുകൾ തിരിച്ചറിഞ്ഞു കോളിന്റെ ഉദ്ദേശ്യം മനസിലാക്കി ഉപയോക്താക്കളെ സഹായിക്കാനും ഇത്തരം കോളുകളോട് എ ഐ സാങ്കേതിക വിദ്യയിലൂടെ പ്രതികരിക്കുകയും ചെയ്യും. ഫോണിൽ വരുന്ന കോളുകൾക്ക് ഉടമസ്ഥന്റെ പേരിൽ തന്നെ വോയിസ് ടു ടെക്സ്റ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കോളറിന്റെ സന്ദേശത്തിന് മറുപടി നൽകുന്നത്.

ഏറ്റവുമധികം വരിക്കാറുള്ള ഒ ടി ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പാസ്സ്‌വേർഡ് ഷെയർ ചെയ്യുന്നതിന്ന് നിയന്ത്രണം കൊണ്ട് വരുന്നു. മുൻപ് പല രാജ്യങ്ങളിലും നടപ്പാക്കിയ ഈ നിയന്ത്രണത്തോടെ നെറ്റ് ഫ്ലിക്സ് വരിക്കാരന്റെ വീട്ടിലുള്ളവർക്ക് മാത്രമേ പാസ്സ്‌വേർഡ് പങ്ക് വയ്ക്കാൻ പറ്റൂ എന്ന നിബന്ധനയാണ് പ്രാബല്യത്തിൽ വരാൻ പോകുന്നത്. ഒരേ സമയം ഒരു അക്കൗണ്ട് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും പാസ്സ്‌വേർഡ് ഷെയർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.

എന്നാൽ ഇത്തരത്തിൽ പാസ്സ്‌വേർഡ് പങ്ക് വയ്ക്കുന്നത് നെറ്റ്‌ഫ്ളിക്സിന്റെ ടി വി, സിനിമ നിക്ഷേപങ്ങളെ ബാധിച്ചതോടെയാണ് ഈ നടപടി. മുന്നറിയിപ്പ് ഇല്ലാതെ തിടുക്കത്തിലുള്ള നടപടിയാണ് നെറ്റ് ഫ്ലിക്സിന്റേതെന്ന് ആളുകൾ വിലയിരുത്തുമ്പോഴും ഇതുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ളിക്സ് സൂചന നല്കിയിട്ടുള്ളതായി അവർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പാസ്സ്‌വേർഡ് പങ്ക് വയ്ക്കുന്നവർക്ക് ഉടൻ മെയിൽ അയക്കുമെന്നാണ് നെറ്റ് ഫ്ലിക്സ് പറയുന്നത്.

ബോറോവർ, ഷെയേർഡ് അക്കൗണ്ടുകൾ പരീക്ഷിച്ച് നെറ്റ് ഫ്ളിക്സ് ഉപയോഗിക്കുന്നവരിൽ നിന്ന് അധിക തുക ഈടാക്കി യൂസർമാരെ അക്കൗണ്ടിൽ ചേർക്കുന്ന രീതി കമ്പനി കൊണ്ട് വന്നത് തന്നെ പാസ്സ്‌വേർഡ് ഷെയർ ചെയ്യുന്നവരെ നിയന്ത്രിക്കാനായിരുന്നു. പാസ്സ്‌വേർഡ് വീട്ടിലുള്ളവർക്ക് മാത്രം ഷെയർ ചെയ്യുന്നത് നെറ്റ് ഫ്ലിക്സ് കണ്ടെത്തുന്നത് അക്കൗണ്ട് ലോഗിൻ ചെയ്ത ഉപകരണത്തിന്റെ ആദ്യത്തെ ലൊക്കേഷൻ വഴിയാണ്. വൈഫൈയുമായി ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്നതും ഈ ലക്ഷ്യത്തോടെയാണ്. മാസത്തിൽ ഒരു തവണയെങ്കിലും ഇത് ആവശ്യപ്പെടുമെന്നാണ് നെറ്റ് ഫ്ലിക്സ് പറയുന്നത്.

തിരുവനന്തപുരം : കെ റെയിൽ സാധ്യമല്ലെന്ന് കണ്ടെത്തി അതിനേക്കാൾ വേഗത്തിൽ എത്താവുന്ന ബദൽ പദ്ധതി മുന്നോട്ട് വച്ചതോടു കൂടി ശ്രീധരനുമായി കൂടി കാഴ്ച നടത്താനൊരുങ്ങി മുഖ്യമന്ത്രി. ശ്രീധരൻ നൽകുന്ന നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനോടൊപ്പം അതിൽ കെ റെയിൽ കോർപറേഷന്റെ അഭിപ്രായം തേടാനും ഡി പി ആർ അടക്കം മാറ്റാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബി ജെ പി പദ്ധതിയെ പിന്തുണച്ച സാഹചര്യത്തിൽ കെ റെയിൽ നടപ്പിലാക്കാനാകുമെന്നാണ് കേരള ഗവണ്മെന്റ് കരുതുന്നത്.

ഡൽഹിയിൽ കേരളത്തിന്റെ സ്‌പെഷ്യൽ ഓഫീസർ പദവി വഹിക്കുന്ന കെ വി തോമസുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് മെട്രോമാൻ കേരളത്തിന് ബദൽ റിപ്പോർട്ട് നൽകിയത്. നിലവിലെ കെ റെയിൽ പദ്ധതി ഭൂപ്രകൃതി അനുസരിച്ച് അപ്രായോഗികമായതിനാൽ തുരങ്കപാതയും എലവേറ്റഡ് പാതയും സ്വീകരിക്കുന്നത് ചിലവ് കുറയ്ക്കുമെന്നും ഭൂമി വൻ തോതിൽ ഏറ്റെടുക്കേണ്ടെന്നും സിൽവർ ലൈനിന്റെ വേഗത കൂട്ടാനായി സ്റ്റാൻഡേർഡ് ഗേജായി തന്നെ നിലനിർത്തണമെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നല്കിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം കെ വി തോമസ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയിരുന്നു . കെ റെയിൽ പദ്ധതിയിൽ മാറ്റം വരുത്തിയാൽ പരിഗണിക്കാമെന്നാണ് റെയിൽ വേ മന്ത്രി സർക്കാരിനോട് പറഞ്ഞിരിക്കുന്നത്. സിൽവർ ലൈൻ ഏത് വിധേനയും നടപ്പാക്കുമെന്ന് വാശിപിടിക്കുന്ന സർക്കാർ മെട്രോമാന്റെ നിർദ്ദേശങ്ങൾ പരിഗണിച്ച് പദ്ധതി രേഖ മാറ്റി എഴുതാൻ തയ്യാറാകുമോ എന്നുള്ളതാണ് നമുക്ക് നോക്കികാണേണ്ടത്.

ട്വിറ്ററിന് സമാനമായ മെറ്റയുടെ ആപ്പായി ത്രെഡിന് അപൂർവ നേട്ടം. ത്രെഡ്സ് അവതരിപ്പിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ 100 ദശലക്ഷം ഉപയോക്താക്കളെയാണ് ആപ്പ് സ്വന്തമാക്കിയിരിക്കുന്നത്. 2.35 ബില്യണിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള ഇൻസ്റ്റാഗ്രാമുമായി മെറ്റാ സേവനം ബന്ധിപ്പിച്ചതിനാലാണ് ത്രെഡിന് ഇത്രയധികം ഉപയോക്താക്കളെ സമ്പാദിക്കാൻ കഴിഞ്ഞത്.

സ്വകാര്യ സന്ദേശമയയ്‌ക്കൽ (DM-കൾ), ഹാഷ്ടാഗ് ഉപയോഗിച്ച് സെർച്ച് ചെയ്യുന്നത് തുടങ്ങി ട്വിറ്ററിലുള്ള പല സേവനങ്ങളും ത്രെഡിസിൽ ലഭ്യമല്ല. ഇതുകൊണ്ട് തന്നെ ട്വിറ്ററിന് സമാനമായി പുറത്തിറക്കിയ ആപ്പാണ് ത്രെഡ്സ് എന്ന് പൂർണമായും പറയുവാൻ സാധിക്കില്ല. എന്നാൽ ത്രെഡിസിന്റെ ഈ വളർച്ച ആകുലതയോടെ തന്നെയാണ് ട്വിറ്റർ കാണുന്നത്.

ഇൻസ്റ്റഗ്രാം ഫീഡിൽതന്നെ സ്റ്റോറി കാണാനുള്ള സംവിധാനവും ശബ്ദ സന്ദേശങ്ങൾ വേഗം വർധിപ്പിച്ചു കേൾക്കാവുന്ന അപ്ഡേറ്റുകളും മെറ്റ സ്ഥാപനമായ ഇൻസ്റ്റഗ്രാം അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ പുത്തൻ അപ്ഡേറ്റുമായി ഇൻസ്റ്റാഗ്രാം വീണ്ടും എത്തുന്നു. കഴിഞ്ഞ വർഷം ആപ്പിൾ അവതരിപ്പിച്ച പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് ഇൻസ്റ്റഗ്രാം.

ആപ് ലോക്ക് ആണെങ്കിലും ഇനി മീഡിയ, ഇമേജ് അപ്​ലോഡ് പുരോഗതി അറിയാനാകും എന്നതാണ് ഇതിലെ സവിശേഷത. ഐഒഎസ് 16.1 ലൈവ് ആക്റ്റിവിറ്റി ഫീച്ചറാണത്രെ ഇത്തരത്തിൽ ഇൻസ്റ്റഗ്രാം പരിശോധിക്കുന്നത്. എന്നാൽ, ഇൻസ്റ്റാഗ്രാം ഇതുവരെ ഔദ്യോഗികമായി ഈ സംവിധാനം പ്രഖ്യാപിച്ചിട്ടില്ല.

മൂന്നാം ചാന്ദ്ര യാത്രയ്‌ക്കൊരുങ്ങി ഐഎസ്ആർഒ. ചന്ദ്രനിൽ സേഫ് ലാൻഡിംഗ് എന്ന ലക്‌ഷ്യം വെച്ചാണ് ഇത്തവണ മൂന്നാം ചാന്ദ്ര ദൈത്യം യാത്രയ്‌ക്കൊരുങ്ങുന്നത്. ദൈത്യം ലക്‌ഷ്യം കണ്ടാൽ ഈ ഒരു അപൂർവ നേട്ടം കൈവരിക്കുന്ന നാലാം രാജ്യമായി ഇന്ത്യ മാറും. ചന്ദ്രനിൽ ഒരു പേടകം ഇറക്കൽ ദുഷ്ക്കരമാക്കുന്ന ഘടകങ്ങൾ ഇവയാണ്. അന്തരീക്ഷവും വായുവുമില്ല, പാറകളും ഗ‍ർത്തങ്ങളും നിറഞ്ഞ ഉപരിതലം, ഭൂമിയിലേതിന്റെ ആറിൽ ഒന്ന് മാത്രം ഗുരുത്വാക‍ർഷണ ബലം.

1752 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ മൂന്നിന്റെ ലാൻഡറിന് ചന്ദ്രനിലെത്തുമ്പോൾ 290 കിലോയ്ക്ക് അടുത്ത് മാത്രമേ ഭാരം കാണൂ. ഇതിന് അനുസരിച്ച് ഇറങ്ങുന്ന വേഗം നിയന്ത്രിക്കൽ തന്നെയാണ് പ്രധാന സാങ്കേതിക വെല്ലുവിളി. ലാൻഡിംഗ് സമയത്ത് ഉയരുന്ന പൊടി പേടകത്തിന് കേട് വരുത്താനുള്ള സാധ്യതയും ഏറെയാണ്. ഈ പ്രതിബന്ധങ്ങൾ എല്ലാം തരണം ചെയ്ത് മാത്രമേ ചന്ദ്രയാൻ മൂന്ന് ലക്‌ഷ്യം കാണാൻ സാധിക്കുകയുള്ളു.

മൈക്രോ സോഫ്റ്റ് ഇന്ത്യയുടെ പുതിയ സിഇഒ ആയി നവതേജ് ബാലിനെ നിയമിച്ചു. പൊതുമേഖലാ ബിസിനസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി വെങ്കട്ട് കൃഷ്ണൻ ചുമതലയേറ്റതോടെയാണ് നവതേജ് ബാലിനെ സിഇഓ ആയി നിയമിച്ചത്. മൈക്രോ സോഫ്റ്റ് ഇന്ത്യയുടെ പ്രസിഡന്റ് ആനന്ദ് മഹേശ്വരി ഇന്നലെയാണ് രാജിവെച്ചത്. പ്രസിഡന്റിന്റെ രാജി കമ്പനി സ്ഥിരീകരിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥർക്കിടയിൽ മാറ്റങ്ങൾക്കിടയാക്കുന്നതാണ്‌ രാജി. ‘ആനന്ദ് മൈക്രോസോഫ്റ്റ് വിടുന്ന കാര്യം തങ്ങൾ സ്ഥിരീകരിക്കുന്നുവെന്നും കമ്പനിയുടെ പുറത്തുള്ള മറ്റൊരു ചുമതല ഏറ്റെടുക്കാനാണ് അദ്ദേഹം പോകുന്നതെന്നും മൈക്രോസോഫ്റ്റ് വക്താവ് പറഞ്ഞു. ഇന്ത്യയിൽ നമ്മുടെ ബിസിനസിന് അദ്ദേഹം നൽകിയ സംഭാവനകൾക്ക് നന്ദി പറയുന്നതായും ഭാവി പ്രവർത്തനങ്ങൾക്ക് വിജയാശംസകൾ നേരുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

പോലീസിന് സംശയം തോന്നുന്ന ആളുകളുടെ ഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ക്യാമറകളും, മൈക്രോഫോണുകളും, ജിപിഎസ് ലൊക്കേഷനും റിമോട്ടായി ഓണ്‍ ചെയ്യാന്‍ അനുവദിച്ചുള്ള ബിൽ പാസ്സാക്കി ഫ്രാൻസ്. ജേണലിസ്റ്റുകള്‍, നിയമജ്ഞര്‍ തുടങ്ങി ‘സെന്‍സിറ്റിവ്’ ആയ ജോലിചെയ്യുന്നവരെ മാത്രം ഇതിന്റെ പരിധിയില്‍ നിന്ന് അടുത്ത കാലത്തു നടത്തിയ ഭേദഗതിയിലൂടെ ഒഴിവാക്കിയിട്ടുണ്ട്. ആറു മാസത്തേക്കായിരിക്കും അനുമതി.

പൗരസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നവരെ ഞെട്ടിക്കുന്ന തരത്തിലുള്ള നിയമമാണ് ഫ്രാൻസ് ഇപ്പോൾ പാസ്സാക്കിയിരിക്കുന്നത്. ഇന്റർനെറ്റ് മുഴുവൻ ഇതാണ് ഇപ്പോൾ ചർച്ച. ഡിജിറ്റല്‍ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന സംഘടനയായ ലാ ക്വാഡ്രാചുര്‍ ഡു നെറ്റ് (La Quadraturedu Net) ഈ നിയമം ദുരുപയോഗം ചെയ്യാനുളള സാധ്യത ചൂണ്ടിക്കാണിച്ചിരുന്നു.