Technology (Page 25)

എലോൺ മസ്‌കിന്റെ വെഗാസ് ലൂപ് എന്ന ഭൂഗർഭ തുരങ്ക പദ്ധതി 68 മൈൽ നിർമിക്കാൻ അനുമതി ലഭിച്ചു. ലാസ് വെഗാസ് കൗൺസിലാണ് മാസ്‌കിന്റെ കമ്പനിക്ക് അനുമതി നൽകിയത്. ഇതിലൂടെ സാധ്യമാകുന്നത് 21 സ്റ്റേഷൻ അടങ്ങുന്ന വിപുലമായ ഭൂഗർഭ സംവിധാനമാണ്. 2016 ൽ മണിക്കൂറുകൾ ഗതാഗത കുരുക്കിൽ പെട്ടപ്പോഴാണ് മസ്കിന്റെ ഉള്ളിൽ ഈ ആശയം ഉദിച്ചത്. ഇതിനെ സാധ്യമാക്കുന്നതിനാണ് അദ്ദേഹം ‘മസ്‌ക് ദ ബോറിങ്’ കമ്പനി സ്ഥാപിച്ചത്.

ഹൈപ്പർലൂപ് എന്ന പേരിൽ തുരങ്ക പാതയിലൂടെ ട്രെയിനുകൾ ഓടിക്കാനുള്ള ആശയവും ഇതിന് പിന്നാലെ വന്നെങ്കിലും ട്രെയിൻ പദ്ധതി പലയിടത്തും പ്രാരംഭ ഘട്ടത്തിലാണ്. ടെസ്‌ല കാറുകളും ഈ തുരങ്ക പാത വഴി കൊണ്ട് പോകാനാവും. ഈ പദ്ധതിയിൽ ഓരോ വാഹനങ്ങളും പ്രത്യേകമായാവും കടന്നു പോകുന്നത്. അത് കൊണ്ട് നമുക്ക് പോകേണ്ട സ്ഥലത്താകും വാഹനം പുറത്തെടുക്കാനും നിർത്താനും കഴിയുന്നത്. 240 കിലോ മീറ്റർ വേഗതയിലാണ് ലൂപിന്റെ സഞ്ചാരം.

പ്ലാറ്റ്‌ഫോം ഡെലിവറി ഫീസ് അവതരിപ്പിച്ച് സൊമാറ്റോ. പരീക്ഷണമെന്ന നിലയിലാണ് ഇവ നടപ്പാക്കാൻ കമ്പനിയൊരുങ്ങുന്നത്. സൊമാറ്റോയുടെ ഗോൾഡ് ലോയൽറ്റി അംഗങ്ങൾക്കും പുതിയ പരിഷ്‌കാരം ബാധകമാണെന്നാണ് കമ്പനി പറയുന്നത്. ലാഭത്തിന് പുതിയ വഴി കണ്ടെത്തുക, ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിലൂടെ സൊമാറ്റോ നടപ്പാക്കാൻ പോകുന്നത്.

കമ്പനിയുടെ എതിരാളിയായ സ്വിഗ്ഗിയും അടുത്തിടെ പ്ലാറ്റ് ഫോം ഫീസ് നടപ്പാക്കിയിരുന്നു. എന്നാൽ ഫീസ് വരുമാനം വർധിപ്പിക്കലുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കുന്നുണ്ട്. അടുത്തിടെ ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കാനെന്ന ലക്ഷ്യത്തോടെ സൊമാറ്റോ ഫിറ്റ്നസ് ഓഫീസറെ നിയമിച്ചത് ഏറെ വാർത്തയായിരുന്നു.

ഉപഭോക്താക്കൾക്ക് പുതിയ ഒരു സംവിധാനം കൂടി നടപ്പാക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ടൈപ്പ് ചെയ്യുമ്പോഴുണ്ടാകുന്ന പിശകുകളും ഗ്രാമർ തെറ്റുകളും കണ്ടെത്തി അറിയിക്കുക എന്നതാണ് ഗൂഗിൾ നൽകുന്ന പുതിയ സേവനം. ഈ സംവിധാനം ഉപയോഗിക്കാൻ പ്രത്യേക ടൂളുകളോ വെബ്സൈറ്റുകളോ വേണ്ട. 9 ടു 5 ഗൂഗിൾ വികസിപ്പിച്ചെടുത്ത ഈ സംവിധാനം ഒരു വാക്ക് ടൈപ്പ് ചെയ്യുമ്പോൾ തന്നെ അതിലെ തെറ്റും അത് ശരിയായി എങ്ങനെ എഴുതണമെന്നും നമുക്ക് കാണിച്ച് തരും.

പുതിയ സംവിധാനം ലഭിക്കാൻ ഗ്രാമർ ചെക്ക് എന്നോ ചെക്ക് ഗ്രാമർ എന്നോ ടൈപ്പ് ചെയ്ത ശേഷം ശരിയാക്കേണ്ട വാക്ക് നൽകിയാൽ മതിയാകും.വാക്കുകൾ എല്ലാം ശരിയാണെങ്കിൽ പച്ച ടിക്ക് അടയാളം ദൃശ്യമാവുകയും തിരുത്തുണ്ടെങ്കിൽ അത് ഈ സംവിധാനം ശരിയാക്കുകയും ചെയ്യും.

ഉപഭോകതാക്കൾക്ക് തമ്പ്സ് അപ്പ്, ഡബിൾ തമ്പ്സ് അപ്പ്, തമ്പ്സ് ഡൗൺസ് ബട്ടണുകൾ എന്നീ പുതിയ അപ്ഡേറ്റ് നൽകാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. ഇതിലൂടെ നെറ്റ്ഫ്ലിക്സ് വരിക്കാർക്ക് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയിക്കാനാകും. നിലവിൽ ഐ ഒ എസ് പതിപ്പിൽ മാത്രമായിരുന്നു ഈ സൗകര്യം ലഭിച്ചിരുന്നത്. ഫൈവ് സ്റ്റാർ റേറ്റിംഗ് സംവിധാനം മാറ്റിയാണ് പുതിയ റേറ്റിംഗ് രീതി ആവിഷ്കരിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഇഷ്ടാനിഷ്ടങ്ങൾ അറിയിക്കാൻ ലൈക് ഡിസ്‌ലൈക്ക് ബട്ടണുകളുണ്ട്.

പ്രേക്ഷകരുടെ താല്പര്യം അനുസരിച്ച് കണ്ടന്റ് കാണിക്കുന്നതിനാണ് പുതിയ സംവിധാനം വന്നിരിക്കുന്നത്. ഒരു തമ്പ്സ് അപ്പ് കാണിക്കുന്നതിലൂടെ കണ്ടൻറ് നിങ്ങൾക്ക് ഇഷ്ടമായെന്നാണ് വ്യക്തമാകുന്നത്. രണ്ട് തമ്പ്സ് അപ്പ് റിയാക്ഷൻ ചൂണ്ടിക്കാണിക്കുന്നത് നിങ്ങൾക്ക് ആ കണ്ടൻറ് ഒത്തിരി ഇഷ്ടപ്പെട്ടുവെന്നാണ്. തമ്പ്സ് ഡൗൺസ് ബട്ടൺ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത് കണ്ടന്റ് ആവശ്യമില്ല, ഇഷ്ടപ്പെടുന്നില്ല എന്നൊക്കെയാണ്.

കൂടുതൽ സുഗമമാവാനൊരുങ്ങി ചാറ്റ് ജി പി ടി. ഇതിന്റെ ഭാഗമായി ഭീമമായ മാറ്റങ്ങൾ കൊണ്ട് വരാനൊരുങ്ങുകയാണ് ഓപ്പൺ എ ഐ എന്ന് വാർത്തകൾ പുറത്തു വരുന്നുണ്ട്. എൻവിഡിയ ഗ്രാഫിക് പ്രൊസസ്സിംഗ് യൂണിറ്റുകൾ ഒരു കോടിയോളം ഉപയോഗിച്ചാണ് കമ്പനി ചാറ്റ് ജി പി ടിയെ മാറ്റാനൊരുങ്ങുന്നത്. ഓപ്പൺ എ ഐയുടെ ഡെവലപ്പർ റിലേഷൻസ് കൈ കാര്യം ചെയ്യുന്ന ലോഗൻ കിൽപാട്രിക് ചാറ്റ് ജി പി ടിയിൽ പുതിയമാറ്റങ്ങൾ വരുന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

എക്‌സാംപിൾ പ്രോംട്, സജസ്റ്റഡ് റിപ്ലൈ, ഡീഫോൾഡ് എ ഐ മോഡലായുള്ള ജി പി ടി 4, കോഡ് ഇന്റെർപ്രെറ്റർ ബീറ്റ ഉപയോഗിക്കുന്നവർക്ക് ഒന്നിലധികം ഫയലുകൾ സൗകര്യപ്രദമായി അപ്‌ലോഡ് ചെയ്യാൻ അവസരം,കുറെ സമയം ലോഗിൻ ആയി തുടരുന്ന സൗകര്യം, കീബോര്ഡ് ഷോർട്ട് കട്ടുകൾ എന്നിവയാകും പ്രധാന മാറ്റങ്ങളെന്ന് ലോഗൻ തന്റെ ട്വിറ്റെർ പോസ്റ്റിലൂടെ പറഞ്ഞു.

മെറ്റയുടെ സ്ഥാപകനായ മാർക്ക് സക്കർബർഗിനെതിരെയുള്ള കേജ്‌ ഫൈറ്റ് സിഥിരീകരിച്ച് മസ്ക് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. തന്റെ സോഷ്യൽ മീഡിയയായ എക്‌സിലാണ് താനും സക്കർബർഗും തമ്മിലുള്ള മത്സരം തത്സമയം സംപ്രേഷണം ചെയ്യുമെന്ന് മസ്ക് പ്രഖ്യാപിച്ചത്. സംപ്രേഷണത്തിലൂടെ ലഭിക്കുന്ന പണം ചാരിറ്റിക്ക് ഉപയോഗിക്കുമെന്നും എലോൺ മസ്ക് പറഞ്ഞു. എന്നാൽ മത്സരിക്കുമ്പോൾ ഏതെങ്കിലും വിശ്വാസയോഗ്യമായ പ്ലാറ്റഫോമിൽ സംപ്രേഷണം ചെയ്യണമെന്നായിരുന്നു മെറ്റാ സി ഇ ഒ യുടെ പ്രതികരണം.

ഒരു ട്വിറ്റർ പോസ്റ്റിലൂടെയായിരുന്നു എലോൺ മസ്‌ക് സക്കർബർഗുമായി പോരാട്ടത്തിന് തയ്യാറാണെന്ന് പറഞ്ഞത്. പോരാട്ടത്തിനായി താൻ ഭാരമുയർത്തി പരിശീലനം നടത്തുകയാണെന്നും എക്‌സ് സി ഇ ഒ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിന് ഒരു ത്രെഡ്സ് പോസ്റ്റിലൂടെയായിരുന്നു മെറ്റാ സി ഇ ഒ പ്രതികരിച്ചത്. അദ്ദേഹവുമായി ഏത് നേരവും പോരാടാൻ തയ്യാറാണെന്നായിരുന്നു സക്കർബർഗിന്റെ മറുപടി.

ന്യൂഡൽഹി: ചന്ദ്രയാൻ 3ൽ നിന്നുള്ള ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ടു. ഐഎസ്ആർഒയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. ഈ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇന്നലെ രാത്രി ഏഴുമണിക്കാണ് ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടന്നത്.

ബാംഗ്ലൂരിലെ ഓപ്പറേഷൻ മിഷൻ കോംപ്‌ളക്‌സിലെ ഇസ്ട്രാക് കേന്ദ്രത്തിലിരുന്നാണ് ചന്ദ്രയാൻ 3 പേടകത്തെ ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് താഴ്ത്തിയത്. ആഗസ്റ്റ് ഒന്നിന് ഭൂമിയുടെ ആകർഷണവലയത്തിൽ നിന്ന് പുറത്തുചാടിയ ചന്ദ്രയാൻ 3 ചന്ദ്രന്റെ ചുറ്റും ഭ്രമണം ചെയ്യും വിധം എത്തിയെങ്കിലും ചന്ദ്രന്റെ ആകർഷണവലയത്തിൽ എത്തിയിരുന്നില്ല. ഇവിടെ എത്തിയ ശേഷമേ ചന്ദ്രനിലേക്ക് താഴ്ന്ന് അടുക്കുന്ന പ്രക്രിയ തുടങ്ങൂ. അഞ്ച് തവണ ഭ്രമണപഥം താഴ്ത്തും. 17ന് പേടകത്തിൽ നിന്ന് ലാൻഡർ മൊഡ്യൂളിനെ പുറത്തിറക്കും. പിന്നീടുള്ള ദിവസങ്ങളിൽ ചന്ദ്രനിൽ പതിയെ ഇറങ്ങാൻ പറ്റിയ സ്ഥലം ലാൻഡർ മൊഡ്യൂൾ പരിശോധിക്കും. സ്ഥലം കണ്ടെത്തിയാൽ ഇറങ്ങാനുള്ള വട്ടം കൂട്ടും. ആഗസ്റ്റ് 23ന് വൈകിട്ട് 5.47ഓടെ ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പതിയെ ഇറങ്ങും.

പിന്നീട് ലാൻഡറിലെ വാതിൽ തുറന്ന് റോവർ ചന്ദ്രന്റെ മണ്ണിലേക്ക് ഇറങ്ങും.ജൂലായ് 14നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ പറന്നുയർന്നത്. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണിത്.

ചെന്നൈ : പല മേഖലകളിലും ഇന്ന് എ ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. സംവിധായകരും നിർമാതാക്കളും ഫല പ്രദമായി ഇവയെല്ലാം സിനിമയിലും ഉപയോഗിച്ച് വരുന്നതിനെപറ്റി ആലോചിച്ച് വരികയാണ്. എന്നാൽ തമിഴ് സിനിമ ഇൻഡസ്ട്രിയിൽ ചിത്രീകരണം പുരോഗമിക്കുന്ന വെപ്പൺ എന്ന ചിത്രത്തിൽ നിർമിത ബുദ്ധി ഉപയോഗിക്കാൻ പോകുന്നുവെന്ന വാർത്തയാണ് സിനിമ മേഖലയിൽ ഇപ്പോൾ ചർച്ചയാവുന്നത്. ബാഹുബലിയിലെ കട്ടപ്പയായി തിളങ്ങിയ സത്യരാജ് അഭിനയിക്കുന്ന ഈ ചിത്രത്തിൽ നടന്റെ കുട്ടിക്കാലം കാണിക്കുന്ന രംഗങ്ങളിൽ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്.

അതി മാനുഷിക ശക്തിയുള്ള കഥാപാത്രമായി സത്യരാജ് എത്തുന്ന ചിത്രം സംവിധാനം ചെയ്തത് ഗുഹൻ സെന്നിയപ്പയാണ്. മിത്രൻ എന്ന കഥാപാത്രത്തിൽ നടനെത്തുമ്പോൾ എങ്ങനെയാണ് നടന് അതിമാനുഷിക ശക്തി ലഭിച്ചുവെന്നതിന്റെ വിവരണത്തിനായി കുട്ടിക്കാലം കാണിക്കുന്ന രംഗങ്ങളിലാണ് എ ഐ കടന്നു വന്നിരിക്കുന്നത്.ഇന്ത്യൻ സിനിമയിൽ തന്നെ ഈ ചിത്രമാണ് എ ഐ സാങ്കേതിക വിദ്യയിൽ ആദ്യമായി ചിത്രീകരിച്ചതെന്ന് സംവിധായകൻ മാധ്യമങ്ങളോട് പറഞ്ഞു.