Technology (Page 23)

ലോകത്തിലെ തന്നെ രണ്ടാമത്തെ സ്മാർട്ഫോൺ നിർമാതാവായി മാറി ഇന്ത്യ. ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടർ പോയിന്റിന്റെ റിപ്പോർട്ടിലാണ് ഈ വിവരം കണ്ടത്തിയത്. ഇന്ത്യയ്ക്ക് മൊബൈൽ ഫോൺ കയറ്റുമതി രംഗത്ത് 23% കോംപോണ്ട് ആനുവൽ ഗ്രോത്ത് റൈറ്റാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ മേക്ക് ഇൻ ഇന്ത്യ പദ്ധതി വഴി 2014 -2022 കാലയളവിൽ നിർമിച്ച മൊബൈൽ ഫോണുകളുടെ എണ്ണം 200 കോടി കവിഞ്ഞെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ആഭ്യന്തര വിപണിയിലെ വർദ്ധിച്ച മൊബൈൽ ആവശ്യകത, ഡിജിറ്റൽ സാക്ഷരതയുടെ വളർച്ച എന്നിവയാണ് ഉത്പാദനം കൂട്ടാൻ സഹായിച്ചതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. പ്രധാനമായും ഈ നേട്ടം കൈവരിക്കാൻ കാരണമായത് മേക്ക് ഇൻ ഇന്ത്യ , പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് ആത്മ നിർഭർ ഭാരത് എന്നീ പദ്ധതികളാണ്. സ്മാർട്ട് ഫോണിന്റെ ആഭ്യന്തര ആവശ്യം വർധിച്ചു വരുന്നത് വഴി പ്രാദേശിക ഉത്പാദനം കൂടുന്നുവെന്നാണ് കൗണ്ടർ പോയിന്റ് റിസർച്ച് ഡയറക്ടർ തരുൺ പഥക് പറയുന്നത്.

വൻ കിട മൊബൈൽ കമ്പനികൾ ഇന്ത്യയിൽ വില്പനയോടൊപ്പം ഉത്പാദനവും നടത്താൻ ആഗ്രഹിക്കുന്നുണ്ട്. ഇത് ഇന്ത്യയിൽ തൊഴിൽ അവസരങ്ങളും നിക്ഷേപവും സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയിൽ ഡിജിറ്റൽ ഡിവൈഡ് കുറയുന്നതോട് കൂടി സ്മാർട്ട് ഫോൺ ഉത്പാദനം കൂടിയേക്കാം. അതോടൊപ്പം ഇന്ത്യ മൊബൈൽ ഉത്പാദന രംഗത്തെ പ്രധാന ശക്തിയായി മാറുമെന്നും പഥക് വിലയിരുത്തുന്നു.

റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണാ 25 പേടകത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലെന്ന് സ്ഥിരീകരിച്ച് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ്. ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുന്നതിനു മുമ്പ് വലം വയ്ക്കേണ്ട ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിച്ചില്ലെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞദിവസം മോസ്കോ സമയം ഉച്ചയ്ക്ക് 2. 30നാണ് ലൂണാ 25 നെ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് മാറ്റാൻ ശ്രമിച്ചത്. എന്നാൽ നിശ്ചയിച്ചു വച്ചിരുന്ന ഭ്രമണപഥത്തിലേക്ക് സാങ്കേതിക തകരാറുകളെ തുടർന്ന് പേടകത്തിന് ഇറങ്ങാൻ സാധിച്ചില്ലെന്നത് വാർത്ത കുറിപ്പിലൂടെയാണ് റഷ്യൻ ബഹിരാകാശ ഏജൻസി വ്യക്തമാക്കിയത്.

ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യത്തിനെ വെല്ലുവിളിച്ചായിരുന്നു 47 വർഷങ്ങൾക്കു ശേഷം ലൂണ- 25 പേടകം റഷ്യ ആഗസ്റ്റ് 11ന് വിക്ഷേപിച്ചത്. സൂയസ് 2.1 ബി റോക്കറ്റ് അഞ്ചര ദിവസം കൊണ്ടാണ് ലൂണ 25 നെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചത്. ചന്ദ്രനെ വലം വെച്ചുകൊണ്ടിരിക്കുന്ന പേടകത്തിന്റെ റോവർ ഉൾപ്പെടുന്ന ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് ആഗസ്റ്റ് 21 നോ 22 നോ നടത്താനായിരുന്നു റഷ്യ പദ്ധതിയിട്ടത്. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമാകാനായിരുന്നു റഷ്യ ഇതിലൂടെ ലക്ഷ്യമിട്ടത് .

800 കിലോഗ്രാമോളം ഭാരമുള്ള ലാൻഡറിനെ ചന്ദ്രനിലിറക്കി ചന്ദ്രനിലെ ജലസാന്നിധ്യം, ആന്തരിക ഘടന എന്നിവയിൽ പഠനം നടത്താനാണ് റഷ്യ ലക്ഷ്യമിട്ടിരുന്നത്. ശാസ്ത്രീയ പഠനം നടത്തുന്നതിനുള്ള 31 കിലോഗ്രാം വരുന്ന ഉപകരണങ്ങളും ലാൻഡറിൽ ഉണ്ടായിരുന്നു. ഇന്ത്യയുടെ ചന്ദ്രയാൻ – 3 ആഗസ്റ്റ് 23നാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നത്. ഇന്ത്യയുടെ ചന്ദ്രയാൻ-3 ഇറങ്ങുന്നതിന് കുറച്ചു കിലോമീറ്റർ അകലെയാണ് ലൂണ 25 ചന്ദ്രനിൽ ഇറങ്ങാനായി തീരുമാനിച്ചിരിക്കുന്നത്.

ട്വിറ്റർ എക്സ് ആയതിനു ശേഷം ഒട്ടേറെ മാറ്റങ്ങൾ അവതരിപ്പിക്കുകയാണ് എലോൺ മസ്ക്. എക്‌സിൽ വീഡിയോ കോൾ സാധ്യമാക്കുമെന്ന മസ്കിന്റെ പ്രഖ്യാപനം അടുത്തിടെ വാർത്തയായിരുന്നു. യൂട്യൂബിലെ പോലെ ദൈർഘ്യമുള്ള വീഡിയോയും ഫെയ്സ്ബുക്കിലേതു പോലെ വലിയ പോസ്റ്റുകളും ഇതിനോടകം എക്സില്‍ കൊണ്ടുവന്നു കഴിഞ്ഞു. പരസ്യ വരുമാനത്തിന്റെ ഓഹരി കമ്പനി വെരിഫൈഡ് ഉപഭോക്താക്കളുമായി പങ്കിടാനും തുടങ്ങി. വാട്സാപ്പിനോട് മത്സരിക്കാനാണ് എക്സ് ഇപ്പോൾ വീഡിയോ കോൾ സാധ്യമാക്കുന്നതെന്ന് മസ്ക് വെളിപ്പെടുത്തിയിരുന്നു.

ഒരു സമയം 10 പേർക്ക് ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യാൻ കഴിയുമെന്നതും നമ്പർ ഇല്ലാതെ വീഡിയോ കോൾ ചെയ്യാൻ കഴിയുമെന്നതും എക്‌സിൽ ഉടൻ സാധ്യമാകും. ഉപഭോക്താവിന്റെ പ്രൊഫൈൽ പിക്ചറിൽ നിന്നായിരിക്കും വീഡിയോ കോൾ സാധ്യമാകുന്നത്. ആപ്പിന്റെ ഡയറക്റ്റ് മെസ്സേജ് വിഭാഗത്തിലാണ് വീഡിയോ കോൾ ചെയ്യാനുള്ള ഓപ്ഷനുള്ളത്. വാട്സാപ്പിലേതുപോലെ തന്നെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ കോളുകളായിരിക്കും എലോൺ മസ്കിന്റെ ട്വിറ്ററിലും ഇതോടെ കഴിയുന്നത്.

മനാമ :സർവ്വകലാശാലയുടെ കമ്പ്യൂട്ടറുകളിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ച യുവാവിനെ മനാമ പോലീസ് പിടി കൂടി. ഉപദ്രവകരമായ പ്രോഗ്രാമുകൾ ഡൗൺലോഡ് ചെയ്താണ് വിദ്യാർത്ഥി കൃത്രിമത്വം കാട്ടിയത്. സർവ്വകലാശാലയുടെ പാസ്സ്‌വേർഡ് വിദ്യാർത്ഥി കമ്പ്യൂട്ടർ ഹാക്ക് ചെയ്താണ് കണ്ടെത്തിയത്. യൂണിവേഴ്സിറ്റിയുടെ സുരക്ഷയെ ബാധിക്കുന്ന പ്രോഗ്രാമാണ് ഡൗൺ ലോഡ് ചെയ്തത്.

10 വർഷം വരെ തടവും ലക്ഷം ദിനാർ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. യൂണിവേഴ്സിറ്റിയുടെ പരാതി പ്രകാരമാണ് അധികൃതർ അന്വേഷണം നടത്തിയത്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോളേജിന്റെ വിവരങ്ങൾ ലഭിക്കാൻ വേണ്ടിയാണ് മാൽവെയർ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്തതെന്ന് വിദ്യാർത്ഥി മൊഴി നൽകിയിട്ടുണ്ട്.

മൊബൈൽ ഫോൺ പൊട്ടി തെറിക്കുമ്പോഴെല്ലാം നാം ഫോൺ കമ്പനികളെ സാധാരണ കുറ്റം പറയാറുണ്ട്. എന്നാൽ ഏറ്റവും വില കൂടിയ സുരക്ഷയുള്ള ഫോൺ പൊട്ടിത്തെറിച്ചാൽ എന്തു ചെയ്യുമെന്നത് ചിന്തിച്ചു നോക്കൂ.ഉത്തർപ്രദേശിൽനിന്നും ഐഫോൺ പൊട്ടി തെറിച്ചെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.റിയൽ എസ്റ്റേറ്റ് വ്യവസായിയും അലിഗഢ് സ്വദേശിയുമായ പ്രേം രാജ് സിങിന്റെ പോക്കറ്റിൽ കിടന്ന ഐഫോണാണ് പൊട്ടി തെറിച്ചിരിക്കുന്നത്. പെട്ടെന്ന് ഫോൺ ചൂടാവുന്നത് ശ്രദ്ധയിൽ പെട്ടതായും അല്പം കഴിഞ്ഞു പുക ഉയർന്നതായും പ്രേം രാജ് സാക്ഷ്യപ്പെടുത്തുന്നു. പുക വരുന്നത് കണ്ട് ഫോൺ എടുത്ത് എറിഞ്ഞ സമയത്ത് ഫോൺ പൊട്ടിത്തെറിച്ചെന്നാണ് പ്രേം പറയുന്നത്.

സ്‌ഫോടനത്തെ തുടർന്ന് ഇയാളുടെ തുടയിലും കയ്യിലും ആഴത്തിൽ പരിക്കേറ്റു. നിരവധി വർഷമായി ഉപയോഗിക്കുന്ന മോഡലാണ് ഐ ഫോണെന്നും ഈ സംഭവത്തോടെ ഭയന്ന് പോയെന്നും പ്രേം രാജ് സിംഗ് വ്യക്തമാക്കി. രണ്ടായി പിളർന്ന ഫോൺ പൊട്ടി തെറിക്കാനുണ്ടായ കാരണം ടെക് വിദഗ്ധരുടെ സഹായത്തോടെ അന്വേഷിക്കുകയാണ് പോലീസ്. പൂർണമായും തകർന്നതിനാൽ ഐഫോൺ 7 അല്ലെങ്കിൽ 8 ആകാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് . എന്തായാലും ഫോൺ തകർന്ന ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞിരിക്കുകയാണ് .

എപ്പോഴും മാറ്റങ്ങൾ കൊണ്ട് വരുന്ന സോഷ്യൽ മീഡിയയാണ് ഇൻസ്റ്റഗ്രാം. ആപ്പ് വീണ്ടും പുതിയ അപ്‌ഡേഷൻ കൊണ്ട് വരാൻ പോകുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകളിൽ നിന്നും അറിയാൻ കഴിയുന്നത്. സ്റ്റോറികളിൽ ഒരു കൂട്ടം ആളുകളെ ഒറ്റയടിക്ക് മെൻഷൻ ചെയ്യാനുള്ള സംവിധാനമാണ് ഇൻസ്റ്റഗ്രാം നടപ്പിലാക്കാൻ പോകുന്നത് . അധികം വൈകാതെ ഇവ ഓരോ രാജ്യങ്ങളിൽ ലഭ്യമായി തുടങ്ങുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏതാണ്ട് 230 കോടി സജീവ ഉപയോക്താക്കൾ ഇൻസ്റ്റഗ്രാമിനുണ്ട്.

പ്ലാറ്റ് ഫോമിന്റെ വരാൻ പോകുന്ന മാറ്റത്തെ കുറിച്ച് ബ്രോഡ്കാസ്റ്റ് ചാനലിൽ ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേറിയും സൂചിപ്പിച്ചിട്ടുണ്ട്. ഒരു കൂട്ടം ആളുകളെ ഒരു ഗ്രൂപ്പിലേക്ക് ആഡ് ചെയ്യാനും സ്റ്റോറികളിൽ ഓരോരുത്തരെ മെൻഷൻ ചെയ്യാതെ കൂട്ടമായി മെൻഷൻ ചെയ്യാനും പുതിയ സംവിധാനത്തിലൂടെ സാധ്യമാവും.അതേ സമയം ഫീച്ചർ എപ്പോൾ മുതൽ സാധ്യമാകുമെന്ന് കമ്പനി പറഞ്ഞിട്ടില്ലെങ്കിലും ആദ്യം അമേരിക്കയിലെ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ പ്രകാരം അറിയാൻ കഴിയുന്നത്.

ന്യൂയോർക്ക് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്. വാർത്തകൾ എഴുതാൻ എ ഐ നിർമ്മിത ചിത്രങ്ങളും വിവരങ്ങളും ഉപയോഗിക്കരുതെന്നാണ് എ പി വ്യക്തമാക്കുന്നത്. ഇതോടെ ചാറ്റ് ജി പി ടി പോലെയുള്ള സാങ്കേതിക വിദ്യ ജോലിയിൽ ഏത് രീതിയിൽ ഉപയോഗിക്കണമെന്ന കാര്യത്തിൽ മാർഗ്ഗ നിർദ്ദേശം കൊണ്ട് വന്ന വാർത്ത ഏജൻസികളിലൊന്നായി അസോസിയേറ്റഡ്പ്രസ് മാറിയിരിക്കുകയാണ്.

ഏജൻസിയുടെ സ്റ്റൈൽ ബുക്കിലും മാധ്യമപ്രവർത്തകർക്കുള്ള ഗൈഡ് ലൈനിലും വ്യാഴാഴ്ച്ച എ പി ഈ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി കഴിഞ്ഞു. മാധ്യമ പഠന സ്ഥാപനമായ പോയിന്റർ എ പി യുടെ ഈ നീക്കത്തെ പ്രശംസിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. എ ഐ ഉപയോഗിച്ചുള്ള ഫോട്ടോയും വീഡിയോയും ശബ്ദവും ഉപയോഗിക്കരുതെന്നാണ് അസോസിയേറ്റഡ് പ്രസ്സിന്റെ നിർദ്ദേശം. എന്നാൽ എ ഐ യെ കുറിച്ചുള്ള വാർത്തയാണ് വിഷയമെങ്കിൽ ഇവ ഉപയോഗിക്കാമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. മുൻപ് കായിക മത്സരങ്ങളുടെ സ്കോർ ബോർഡ്, വരുമാന റിപ്പോർട്ട് എന്നിവ കാണിക്കാൻ ഇത്തരം സാങ്കേതിക വിദ്യ എ പി ഉപയോഗിച്ചിരുന്നു.

നമ്മുടെ പത്രപ്രവർത്തനത്തിലെ വിശ്വാസ്യതയെ സംരക്ഷിച്ചു കൊണ്ട് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്ന് കരുതുന്നതായി എ പി ന്യൂസ് സ്റ്റാൻഡേർഡ്‌സ് വൈസ് പ്രസിഡന്റ് അമാൻഡ ബാരറ്റ് പറഞ്ഞിരുന്നു. നിങ്ങളുടെ വാർത്തയിലെ വാക്യം, മൗലികത, വസ്തുത, ഗുണ നിലവാരം എന്നിവയിൽ പൂർണ ഉത്തരവാദിത്വം നിങ്ങൾക്കാണെന്നാണ് ഇൻസൈഡർ എഡിറ്റർ ഇൻ ചീഫ് നിക്കൊളാസ് കാൾസൺ ജീവനക്കാരോട് പറഞ്ഞത്.

ഉപഭോക്താക്കൾ ചാർജ് ചെയ്യുന്ന ഫോണിന്റെ അരികിൽ കിടന്നുറങ്ങരുതെന്ന മുന്നറിയിപ്പുമായി ആപ്പിൾ കമ്പനി. ഒരു സർവീസ് അറിയിപ്പായാണ് ആപ്പിൾ ശരിയായ രീതിയിൽ ചാർജ് ചെയ്യുന്നതിന്റെയും ചാർജിങ് ചെയ്യുന്ന ഫോണിന്റെ അടുത്ത് കിടന്നുറങ്ങുന്നതിന്റെയും ദൂഷ്യവശങ്ങൾ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ കിടന്നാൽ തീപിടുത്തം, വൈദ്യുതാഘാതം, പരിക്ക്, ഉപകരണങ്ങൾക്ക് കേടുപാടുകൾ തുടങ്ങിയവ സംഭവിക്കുമെന്ന മുന്നറിയിപ്പാണ് ആപ്പിൾ കമ്പനി നൽകുന്നത്. അപകടം ഒഴിവാക്കാനായി നല്ല വെന്റിലേഷനുള്ള ഭാഗത്ത് മാത്രം ഫോൺ ചാർജ് ചെയ്യാനാണ് കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്.

പുതപ്പിന്റെയോ തലയണയുടെയോ അടിയിൽ ചാർജ് ചെയ്താൽ ഉപകരണം അമിതമായി ചൂടാകുമെന്ന വസ്തുതയും ആപ്പിൾ പറയുന്നുണ്ട്. ആപ്പിൾ ഫോണിന്റേതല്ലാത്ത ചാർജറുകൾ ഉപയോഗിക്കുന്നത് അപകടമാണെന്ന് പറയുന്നതിനോടൊപ്പം അന്താരാഷ്ട്ര സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്ന കേബിൾ തിരഞ്ഞെടുക്കാനും കമ്പനി മുന്നറിയിപ്പ് നൽകുന്നു. ഈർപ്പമുള്ള പ്രദേശങ്ങളിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കണമെന്നും കേടായ ചാർജറുകൾ ഉപയോഗിക്കരുതെന്നും പറഞ്ഞാണ് കമ്പനി നിർദേശങ്ങൾ അവസാനിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഗർത്തം ഓസ്ട്രേലിയയിൽ ഛിന്നഗ്രഹം പതിച്ചത് മൂലം ഉണ്ടായെന്ന് വെളിപ്പെടുത്തി ശാസ്ത്രജ്ഞർ. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിനടുത്തുള്ള ഡെനിലിഖിൻ എന്ന പ്രദേശത്തെ വൃത്താകൃതിയിൽ കാണപ്പെടുന്ന കാന്തിക ഭൂഗുരുത്വ ഘടനകൾ വിശകലനം ചെയ്ത ശേഷമാണ് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.

520 കിലോമീറ്റർ ഈ ഗർത്തം വ്യാപിച്ചു കിടക്കുന്നതായി ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. കോടിക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഛിന്നഗ്രഹം പതിച്ചത് മൂലം ഈ ഘടന രൂപപ്പെട്ടതാകാമെന്നാണ് അനുമാനം. ഇവ സത്യമായാൽ ലോകത്തിലെ ഏറ്റവും വലിയ ഛിന്നഗ്രഹ ഗർത്തം ഇതുതന്നെയാകും. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഗർത്തമായതിനാൽ ഇവയെ പെട്ടെന്ന് കണ്ടെത്താൻ ആവില്ലെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നുണ്ട്.

വൃത്താകൃതിയിലുള്ള റേഡിയൽ ഫോൾട്ട് പോലെയുള്ള ഘടനകൾ കണ്ടെത്താനായി ശാസ്ത്രജ്ഞന്മാർ സസൂക്ഷ്മം നിരീക്ഷിക്കേണ്ടിവരും. ദിനോസറുകളുടെ അന്ത്യവും ഈ ഛിന്ന ഗ്രഹങ്ങളുടെ പതനത്തെ തുടർന്ന് നടന്ന സംഭവ വികാസമാണെന്നാണ് വിലയിരുത്തുന്നത്. മെക്സിക്കോയിലെ യൂക്കാട്ടൻ എന്ന പ്രദേശത്ത് ഛിന്നഗ്രഹം പതിച്ചെന്നാണ് കരുതപ്പെടുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാവുന്ന പുതിയ അപ്ഡേഷനുമായി ജനപ്രിയ സോഷ്യൽ മീഡിയയായ വാട്ട്സപ്പ്. ഇതിനകം നിരവധി കമ്പനികൾ എ ഐ മോഡലുകളും ഫീച്ചറുകളും ഉപയോഗിച്ച് തുടങ്ങിക്കഴിഞ്ഞു. മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ അടങ്ങിയ നിരവധി പ്രോജക്ടുകൾ മെറ്റയും നടത്താനായി പദ്ധതിയിടുന്നുണ്ട്.

അതിനിടയിലാണ് വാട്സാപ്പിൽ എഐ വഴി സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാവുന്ന അപ്ഡേഷൻ എത്തുന്നത്. ടെക്സ്റ്റ് അനുസൃത കമാൻഡുകൾ ഉപയോഗിച്ച് ഇഷ്ടമുള്ള സ്റ്റിക്കർ നിർമ്മിക്കാൻ ഉപഭോക്താക്കൾക്ക് ഇതിലൂടെ കഴിയും. ഇത് ലഭ്യമായി തുടങ്ങുന്ന സമയം ഉപഭോക്താക്കൾക്ക് അവരുടെ സ്റ്റിക്കർ പാനലിൽ ഒരു ഡയലോഗ് കാണാൻ കഴിയും.

ഈ ഓപ്ഷനെകുറിച്ചുള്ള വിവരങ്ങളും സ്റ്റിക്കർ ജനറേറ്റ് ചെയ്യുന്നതിനുള്ള ബട്ടനും ഇതിനോടൊപ്പം ഉണ്ടാകും. ബട്ടൺ ടാപ്പ് ചെയ്യുന്നതോടുകൂടി നമ്മൾ ഒരു പ്രോപ്‌റ്റിൽ പ്രവേശിക്കും. അവിടെ നമുക്ക് ആവശ്യമുള്ള സ്റ്റിക്കറുകളുടെ ശ്രേണിയാവും ഉണ്ടാവുക. അതിലൂടെ നമുക്ക് ഇഷ്ടമുള്ള സ്റ്റിക്കർ നിർമിക്കാം. ഈ ഫീച്ചർ ദുരുപയോഗപ്പെടുമെന്ന് തോന്നിയാൽ ഇവ റിപ്പോർട്ട്‌ ചെയ്യാനും ഓപ്ഷൻ നൽകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.