ട്വിറ്റർ എക്സ് ആയതിനു ശേഷം ഒട്ടേറെ മാറ്റങ്ങൾ അവതരിപ്പിക്കുകയാണ് എലോൺ മസ്ക്. എക്‌സിൽ വീഡിയോ കോൾ സാധ്യമാക്കുമെന്ന മസ്കിന്റെ പ്രഖ്യാപനം അടുത്തിടെ വാർത്തയായിരുന്നു. യൂട്യൂബിലെ പോലെ ദൈർഘ്യമുള്ള വീഡിയോയും ഫെയ്സ്ബുക്കിലേതു പോലെ വലിയ പോസ്റ്റുകളും ഇതിനോടകം എക്സില്‍ കൊണ്ടുവന്നു കഴിഞ്ഞു. പരസ്യ വരുമാനത്തിന്റെ ഓഹരി കമ്പനി വെരിഫൈഡ് ഉപഭോക്താക്കളുമായി പങ്കിടാനും തുടങ്ങി. വാട്സാപ്പിനോട് മത്സരിക്കാനാണ് എക്സ് ഇപ്പോൾ വീഡിയോ കോൾ സാധ്യമാക്കുന്നതെന്ന് മസ്ക് വെളിപ്പെടുത്തിയിരുന്നു.
ഒരു സമയം 10 പേർക്ക് ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യാൻ കഴിയുമെന്നതും നമ്പർ ഇല്ലാതെ വീഡിയോ കോൾ ചെയ്യാൻ കഴിയുമെന്നതും എക്‌സിൽ ഉടൻ സാധ്യമാകും. ഉപഭോക്താവിന്റെ പ്രൊഫൈൽ പിക്ചറിൽ നിന്നായിരിക്കും വീഡിയോ കോൾ സാധ്യമാകുന്നത്. ആപ്പിന്റെ ഡയറക്റ്റ് മെസ്സേജ് വിഭാഗത്തിലാണ് വീഡിയോ കോൾ ചെയ്യാനുള്ള ഓപ്ഷനുള്ളത്. വാട്സാപ്പിലേതുപോലെ തന്നെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ കോളുകളായിരിക്കും എലോൺ മസ്കിന്റെ ട്വിറ്ററിലും ഇതോടെ കഴിയുന്നത്.

