Technology (Page 22)

തിരുവനന്തപുരം : ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 യുടെ വിജയത്തിന് പിന്നിൽ കേരളത്തിലെ എൻജിനിയറിങ് കോളേജുകളുടെ പങ്ക് വ്യക്തമാക്കി കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ലോക് സഭാംഗവുമായ ശശി തരൂർ. ഐ എസ് ആർ ഒ യുടെ ഇപ്പോഴത്തെ തലവൻ എസ് സോമനാഥ് കൊല്ലത്തെ ടി കെ എം എൻജിനിയറിങ് കോളേജിലാണ് പഠിച്ചതെന്ന് വ്യക്തമാക്കിയ അദ്ദേഹം ചന്ദ്രയാൻ -3 വിജയകരമായി പൂർത്തിയാക്കാൻ പരിശ്രമിച്ച മറ്റ് 7 എൻജിനിയർമാർ പഠിച്ചത് തിരുവനന്തപുരം എൻജിനിയറിങ് കോളേജിലാണെന്നത് ചൂണ്ടിക്കാട്ടി.

മോഹനകുമാർ (മിഷൻ ഡയറക്ടർ, മെക്കാനിക്കൽ), സതീഷ് (മെക്കാനിക്കൽ),അതുല്യ (ഇലക്ട്രോണിക്സ്) , നാരായണൻ (അസ്സോസിയേറ്റ് മിഷൻ ഡയറക്ടർ, മെക്കാനിക്കൽ),മോഹൻ (മെക്കാനിക്കൽ) , ഷോര (ഇലക്ട്രോണിക്സ്) എന്നിവരാണ് ചന്ദ്രയാൻ -3 ടീമിലെ തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ നിന്നുള്ള പൂർവ്വ വിദ്യാർത്ഥികൾ. അധികം ആരും തന്നെ ആദരവ് നൽകാത്ത കേരളത്തിലെ എൻജിനിയറിങ് കോളേജുകളുടെ വിജയമാണ് ഈ ദൗത്യത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും തരൂർ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.

‘ ഇന്ത്യക്കാരുടെയെല്ലാം എന്നത്തേയും പ്രിയമേറിയ വിദ്യാഭാസ സ്ഥാപനം ഐ ഐ ടിയാണ്. പൊതുവെ എൻജിനിയറിങ് കോളേജുകളെ ആരും തന്നെ അംഗീകരിക്കാറില്ല. ഐ ഐ ടിയിൽ നിന്ന് പഠിച്ചിറങ്ങുന്നവർ നേരെ അമേരിക്കയിലെ സിലിക്കൺ വാലി യിലേക്ക് പോകുമ്പോൾ ഇന്ത്യയുടെ ഐ എസ് ആർ ഒ യുടെയൊക്കെ നട്ടെല്ലാവുന്നത് എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് ‘ എന്ന് തരൂർ പ്രതികരിച്ചു. ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞരായ എൻജിനിയറിങ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ ചിത്രവും അദ്ദേഹം പങ്കു വച്ചു.

ലോകരാഷ്ടങ്ങൾ ഇന്ത്യയെ അഭിനന്ദിക്കുന്ന തിരക്കിലാണ് എന്നാൽ മറ്റ് രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ വാങ്ങുന്നതിന്റെ അഞ്ചിലൊന്ന് ശമ്പളം മാത്രമാണ് ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് ലഭിക്കുന്നതെന്ന് ഐ എസ് ആർ ഒ മുൻ മേധാവി ജി മാധവൻ നായർ ചൂണ്ടിക്കാട്ടി. കുറഞ്ഞ ശമ്പളം കിട്ടുന്നത് കൊണ്ടാണ് സുപ്രധാന ദൗത്യങ്ങൾ പോലും മികച്ച രീതിയിൽ നടത്തി കൊണ്ട് പോകാൻ അവർക്ക് സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

യു പി ഐ ലൈറ്റിന്റെ പരിധി 200 ൽ നിന്ന് 500 ലേക്കാക്കുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. പിൻ നമ്പറില്ലാതെ ഫോൺ വഴി പണമിടപാട് നടത്താവുന്ന ടെക്നോളജിയാണിത്. യു പി ഐ ലൈറ്റിൽ ഇടപാട് നടത്താനുള്ള മിനിമം പരിധി 500 രൂപയാക്കിയ മാറ്റം കഴിഞ്ഞ ദിവസത്തോട് കൂടി നിലവിൽ വന്നിരിക്കുകയാണ്. വിവിധ ഇടപാടുകളിലായി ഒരു ദിവസം കൈ മാറാനുള്ള തുകയുടെ മൊത്തം പരിധി 2000 രൂപയായി തന്നെ തുടരും.

ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫോൺ പേ പോലുള്ള ആപ്പുകളിലെ വാലറ്റിലേക്ക് ആദ്യം യു പി ഐ ഇടപാട് നടത്താൻ പണം നിക്ഷേപിക്കേണ്ടതായുണ്ട്. 500 രൂപ വരെയുള്ള ഇടപാട് നടത്താൻ പിൻ നമ്പറിന്റെ ആവശ്യമില്ല. 2000 രൂപയാണ് മിനിമം വാലറ്റിൽ സൂക്ഷിക്കാൻ കഴിയുന്നത്. ഇന്റർനെറ്റ് ഇല്ലാത്ത പ്രദേശങ്ങളിൽ നിയർ ഫീൽഡ് കമ്മ്യുണിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് യു പി ഐ ഇടപാട് നടത്താനുള്ള സൗകര്യം റിസർവ് ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.

എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്ക് ഇന്ത്യയിലേക്ക് വരാൻ പോകുന്നതായി വാർത്തകൾ പുറത്തു വരുന്നു. കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിവേഗ ഇന്റർനെറ്റ് കുറഞ്ഞ നിരക്കിലെത്തിക്കുന്ന സ്പേസ് എക്‌സിന്റെ പദ്ധതിയാണ് സ്റ്റാർ ലിങ്ക്. കഴിഞ്ഞ വർഷം കമ്പനി ഇന്ത്യൻ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിനോട് ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്മ്യുണിക്കേഷൻ ബൈ സാറ്റലൈറ്റ് ലൈസൻസിന് അപേക്ഷിച്ചിരുന്നു. ഈ സെപ്റ്റംബർ 20 ന് ഇത് സംബന്ധിച്ച യോഗം ചേരുമെന്നാണ് ടെലി കമ്മ്യുണിക്കേഷൻ ഡിപ്പാർട്മെന്റ് വ്യക്തമാക്കുന്നത്.

അമേരിക്കൻ സന്ദർശനത്തിനിടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എലോൺ മസ്ക്കുമായി കൂടി കാഴ്ച്ച നടത്തിയിരുന്നു. അന്ന് സ്റ്റാർലിങ്ക് ഇന്ത്യയിൽ കൊണ്ട് വരാൻ ആഗ്രഹിക്കുന്നതായി എലോൺ മസ്ക് പറഞ്ഞിരുന്നു. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്നും സ്റ്റാർ ലിങ്ക് അവതരിപ്പിക്കുമെന്നുമായിരുന്നു മസ്ക് അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. സ്റ്റാർലിങ്ക് പദ്ധതി വന്നാൽ ഇന്ത്യയിലെ ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമങ്ങളിൽ ഇന്റർനെറ്റ് എത്തിക്കാനും സാങ്കേതിക വിദ്യ വികസിപ്പിക്കാനും കഴിയുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ -3 വിജയകരമായി ലാൻഡ് ചെയ്തതോടെ എല്ലാവരും ഉറ്റു നോക്കുന്നത് പദ്ധതിയുടെ അടുത്ത ഘട്ടത്തെപറ്റിയാണ്. വിജയകരമായി ചന്ദ്രനിൽ ലാൻഡ് ചെയ്ത ചന്ദ്രയാൻ -3 പതിനാല് ദിവസമായിരിക്കും സജീവമായി ഇവിടെ പര്യവേഷണം നടത്തുന്നത്. ഉടൻ ചന്ദ്രയാൻ -4 ദൗത്യം ജപ്പാനുമായി ചേർന്നുണ്ടാകുമെന്നാണ് പുതിയതായി ലഭിക്കുന്ന വിവരങ്ങളിലൂടെ അറിയാൻ കഴിയുന്നത്. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും ജപ്പാൻ എയ്‌റോസ്പേസ് എക്‌സ്പ്ലോറേഷൻ ഏജൻസിയും ചേർന്നായിരിക്കും ചന്ദ്ര ധ്രുവപര്യവേക്ഷണ ദൗത്യം (ലൂപെക് സ്) വിക്ഷേപിക്കാൻ പോകുന്നത്.

ചന്ദ്രനിൽ ജല സാന്നിധ്യമുണ്ടോയെന്നാകും ഈ ദൗത്യം കണ്ടെത്താൻ ശ്രമിക്കുന്നത്. കുറച്ചു വർഷങ്ങളായി ലഭിച്ച വിവരങ്ങളിൽ നിന്നും ചന്ദ്രനിൽ ജലസാന്നിധ്യമുണ്ടെന്ന സൂചനകൾ ലഭിച്ചിരുന്നു. ചന്ദ്രധ്രുവപ്രദേശത്തുള്ള ജലത്തിന്റെ സാന്നിധ്യത്തിനും ഉപയോഗക്ഷമതയ്ക്കും വേണ്ടി അന്വേഷിക്കുക എന്നതായിരിക്കും ലൂപെക് സിന്റെ പ്രഥമദൗത്യം. ഇതിനോടൊപ്പം ഗുരുത്വാകർഷണം കുറവുള്ള ആകാശഗോളങ്ങളിൽ ഉപരിതല പര്യവേക്ഷണത്തിന് ആവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിക്കാനും ചന്ദ്രയാൻ -4 പദ്ധതിയിടുന്നുണ്ട്.

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 അഭിമാനകരമായി പൂർത്തിയാക്കിയതോടെ ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥിനെ അഭിനന്ദിച്ച് സോണിയ ഗാന്ധിയുടെ കത്തെത്തി. ‘ഐ എസ് ആർ ഒ യുടെ നേട്ടത്തിൽ ഞാൻ സന്തോഷവതിയാണ്. ഇന്ത്യയുടെ പുതു തലമുറയ്ക്ക് ഇത് അഭിമാന നിമിഷമാണ്. ദശവർഷങ്ങളായി മികവുറ്റ പ്രവർത്തനങ്ങൾ കൊണ്ട് ഐ എസ് ആർ ഒ ലോകത്ത് തന്നെ ശ്രദ്ധേയമാണ്. ഐക്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഐ എസ് ആർ ഒ യെ ലക്ഷ്യത്തിലെത്തിക്കാൻ സഹായിക്കുന്നത്. ഐ എസ് ആർ ഒ യിലെ എല്ലാ പ്രവർത്തകർക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു’വെന്നുമായിരുന്നു സോണിയ പറഞ്ഞത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ-3 വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് ചെയ്തത് . ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന എന്നീ എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ പേടകത്തെയിറക്കുന്ന നാലാമത്തെ രാജ്യമായും ഇന്ത്യ മാറി. ഭൂമിയിൽ നിന്നും 3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ ഇറങ്ങുക എന്ന ലക്ഷ്യത്തോടെയായിരുന്നു സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും 2023 ജൂലൈ 14 ന് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യം കുതിച്ചുയർന്നത്.

ന്യൂ ഡൽഹി : ചന്ദ്രയാൻ -3 ദൗത്യം വിജയകരമായി പൂർത്തിയാക്കിയതോടെ ഇന്ത്യയെ അഭിനന്ദിച്ച് നാസ, യൂറോപ്യൻ, യു കെ സ്പേസ് എന്നീ ആഗോള ബഹിരാകാശ ഏജൻസികൾ. റഷ്യ, അമേരിക്ക, യു എ ഇ, സൗത്ത് ആഫ്രിക്ക, നേപ്പാൾ, മാലിദ്വീപ് അടക്കം നിരവധി രാജ്യങ്ങളും ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചന്ദ്രയാൻ -3 വിജയകരമായി പൂർത്തിയാക്കിയതിൽ ഇന്ത്യയിലെ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞത്. ഐഎസ്ആർഒ സംഘത്തെ ഇന്ത്യൻ പ്രസിഡന്റും അഭിനന്ദിച്ചു.

ലോകത്തെ സാക്ഷിയാക്കി ഇന്നോളം ഒരു രാജ്യവും കടന്നുചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലായിരുന്നു ഇന്ത്യ ചന്ദ്രയാൻ -3 യുടെ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ഇന്നലെ വൈകിട്ട് 5.45 ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിങ് പ്രക്രിയ 19 മിനിട്ടും 39 സെക്കൻഡും എടുത്താണ് പൂർത്തിയാക്കിയത്. മാഴ്സിനസ് സി, സിംപിലയസ് എന്നീ ഗർത്തങ്ങളുടെ ഇടയിലായിരുന്നു ചന്ദ്രയാൻ -3 ലാൻഡ് ചെയ്തത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യം എന്ന ഖ്യാതി ഇതോടെ ഇന്ത്യക്ക് സ്വന്തമായിരിക്കുകയാണ്.

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3 യുടെ വിജയത്തിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ലോകത്തെ ഒരു ബഹിരാകാശശക്തിയും ലാൻഡിങ്ങിന് ഇതുവരെ ശ്രമിക്കാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കാണ് ചന്ദ്രയാൻ ഇറങ്ങാൻ പോകുന്നത്. ഇന്ന് 5.45 മുതൽ 6.05 വരെയുള്ള 19 മിനിറ്റിൽ ചന്ദ്രയാൻ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഐ എസ് ആർ ഒ പ്രതീക്ഷിക്കുന്നത്. ഐഎസ്ആർഒയുടെ സ്പേസ് ആപ്ലിക്കേഷൻ സെന്ററിന്റെ ഡയറക്ടർ ആയ നിലേഷ് എം ദേശായി ചന്ദ്രയാൻ -3 ചന്ദ്രനിലേക്ക് ഇറങ്ങുമ്പോഴുള്ള നിർണായകമായ 17 മിനിറ്റിനെ പറ്റി പ്രമുഖ മാധ്യമവുമായി പങ്കുവെച്ചിരിക്കുന്നത് ഇങ്ങനെയാണ്.

‘1.68 കിലോമീറ്റർ ഏകദേശ വേഗതയിൽ ഓഗസ്റ്റ് 23ന് ലാൻഡർ 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കും. ചന്ദ്രന്റെ ഗുരുത്വാകർഷണബലം ഈ വലിയ വേഗതയിൽ ലാൻഡറിനെ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് വലിക്കും. ലാൻഡറിന്റെ വേഗത സോഫ്റ്റ് ലാൻഡിങ് സമയത്ത് പൂജ്യത്തിലേക്ക് എത്തിക്കുന്നതിനായി ത്രസ്റ്റർ എൻജിൻ പുനസ്ഥാപിക്കേണ്ടതായുണ്ട്. ഇതിനായി ലാൻഡർ മൊഡ്യുളിൽ 4 ത്രസ്റ്റർ എൻജിനുകൾ ഉണ്ട്. 25 കിലോമീറ്റർ ഉയരത്തിൽ നിന്ന് ലാൻഡർ ആദ്യം 7.5 കിലോമീറ്ററിലേക്കും പിന്നീട് 6.8 കിലോമീറ്ററിലേക്കുമാണ് ഇറക്കുന്നത്. തുടർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 4 എൻ ജിനിൽ രണ്ടെണ്ണം നിർത്തലാക്കുകയും ബാക്കി രണ്ടു എൻജിനുകൾ ലാൻഡിങ്ങിനായി ഉപയോഗിക്കുകയും ചെയ്യും . പിന്നീട് എൻജിനിന്റെ ത്രസ്റ്റ് റിവേഴ്‌സ് ചെയ്ത് 6.8 കിലോമീറ്റർ ഉയരത്തിൽ വച്ച് ലാൻഡറിന്റെ വേഗത നാലു മടങ്ങായി കുറയ്ക്കും. 6.8 കിലോമീറ്റർ നിന്ന് 800 മീറ്റർ താഴ്ന്നു ലംബമായാണ് ചന്ദ്രയാൻ ചന്ദ്രോപരിതലത്തിലേക്കിറങ്ങുന്നത്. ക്യാമറയിൽ നിന്നും സെൻസറിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ലാൻഡർ എവിടെയാണ് ഇറക്കേണ്ടതെന്ന് തീരുമാനിക്കുന്നത്. ഇതിനു മുൻപ് ലാൻഡർ ഉപരിതലത്തിലൂടെ സഞ്ചരിക്കും. ഈ പ്രക്രിയ മുഴുവൻ 17 മിനിറ്റ് 21 സെക്കൻഡ് കൊണ്ടാണ് നടക്കുന്നത്. ലാൻഡർ നിശ്ചയിച്ചുറപ്പിച്ച സ്ഥലത്ത് നിന്ന് കുറച്ചു വശത്തേക്ക് മാറുകയാണെങ്കിൽ ഈ സമയം 17 മിനിട്ട് 32 സെക്കൻഡ് ആയി മാറും. ഒരു തെറ്റും സംഭവിക്കാതെ ഇത് ശരിയായ രീതിയിൽ പൂർത്തിയാക്കാൻ ഐഎസ്ആർഒ തയ്യാറാണ്’ എന്നായിരുന്നു എസ് എസി ഡയറക്ടർ നിലേഷ് എം ദേശായി പറഞ്ഞത്.

ശത കോടീശ്വരനായ എലോൺ മസ്ക് വാർത്തകളിലിടം നേടാത്ത ഒരു ദിവസം പോലുമില്ല. ട്വിറ്റർ മസ്ക് ഏറ്റെടുത്തത് മുതൽ അതിന്റെ പേര് മാറ്റിയതും എക്‌സിൽ വരുത്തുന്ന മാറ്റങ്ങളും വരെ സ്ഥിരം വാർത്തയായ കാര്യങ്ങളാണ്. എന്നാൽ ആയിരക്കണക്കിന് കോടി ആസ്തി ഉണ്ടായിട്ടും തന്റെ വസതികൾ എല്ലാം വില്പന ചെയ്ത മസ്ക് ഇപ്പോൾ ജീവിക്കുന്നത് തികച്ചും സാധാരണക്കാരനായാണ്. രണ്ട് കിടപ്പു മുറികൾ മാത്രമുള്ള ഏകദേശം 41 ലക്ഷം രൂപ വിലമതിക്കുന്ന ടെക്സസിലെ ബോകചിക്കയിലെ വീട്ടിലാണ് മസ്ക് ഇപ്പോൾ താമസിച്ച് വരുന്നത്.

തന്റെ 5 ആഡംബര വസതികൾ 2020 ലാണ് മസ്ക് വിൽപ്പന ചെയ്തത്. മസ്കിന്റെ ജീവ ചരിത്രം എഴുതുന്ന വാൾട്ടർ ഐസക്സൺ എക്‌സിൽ മസ്കിന്റെ പുതിയ വീടിന്റെ ചിത്രം പങ്ക് വച്ചതോടെയാണ് വിവരം പുറം ലോകമറിയുന്നത്. വീടിന്റെ ആകെ വിസ്തീർണം 375 ചതുരശ്ര അടിയാണ്. ലാസ് വേഗസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് മസ്കിന്റെ വീട് നിർമിച്ചിരിക്കുന്നത്.ഔദ്യോഗിക ജോലികളിൽ നിന്നും വിട്ട് നിൽക്കുന്ന സമയം മാസ്‌ക് താമസിക്കുന്നത് ഈ വീട്ടിലാണ്. എന്നാൽ എന്തു കൊണ്ടാണ് ഇത്രയും ലളിതമായ വീട് മാസ്ക് തിരഞ്ഞെടുത്തതെന്ന് വ്യക്തമായിട്ടില്ല.അദ്ദേഹത്തിന്റെ ജീവ ചരിത്രം പുറത്ത് വന്നാൽ മാത്രമേ ഇക്കാര്യം അറിയാൻ കഴിയുകയുള്ളൂ.

ഓഗസ്റ്റ് ആദ്യം ഗെയിം കൺട്രോളർ ആപ്ലിക്കേഷൻ നെറ്റ് ഫ്ളിക്സ് പുറത്തിറക്കിയിരുന്നു. എന്നാലിപ്പോൾ ടിവിയിലും പി സി യിലും ഗെയിമുകൾ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് നെറ്റ്ഫ്ലിക്സ് . കാനഡയിലും യുകെയിലും നെറ്റ്ഫ്ലിക്സ് പരീക്ഷണ അടിസ്ഥാനത്തിൽ രണ്ട് ഗെയിമുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. വൈകാതെ കൂടുതൽ ഗെയിമുകൾ നൽകാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ആമസോൺ ഫയർ ടിവി സ്ട്രീമിംഗ് മീഡിയ പ്ലെയേഴ്‌സ്, ക്രോംകാസ്‌റ്റ് വിത്ത് ഗൂഗിൾ ടിവി, എൽജി ടിവികൾ, എൻവിഡിയ ഷീൽഡ് ടിവി, സാംസങ് സ്‌മാർട്ട് ടിവികൾ, വാൾമാർട്ട് ഒഎൻഎൻ എന്നീ ഉപകരണങ്ങളിൽ ഗെയിമുകൾ പ്രവർത്തിക്കും. ഇതുവരെ ആൻഡ്രോയിഡ് ഫോണുകളിലും ഐഫോണിലും മാത്രമാണ് നെറ്റ്ഫ്ളിക്സ് ഗെയിമുകൾ നൽകി വന്നിരുന്നത്.

ടിവിയിൽ ഉപയോക്താക്കൾക്ക് ഗെയിം കളിക്കുന്നതിനായി നെറ്റ്ഫ്ലിക്സ് ഗെയിം കൺട്രോളർ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. സൗജന്യമായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്നതും പരസ്യങ്ങൾ ഇല്ലാത്തതും എളുപ്പത്തിൽ കളിക്കാൻകഴിയുമെന്നതുമാണ് നെറ്റ് ഫ്ളിക്സിനെ ഉപഭോക്താക്കളുടെ ഇടയിൽ പ്രിയപ്പെട്ടതാക്കുന്നത്. ടിവികളിൽ ഗെയിം കളിക്കാൻ പരിമിതിയുള്ളതിനാലാണ് തെരഞ്ഞെടുത്ത മോഡലിൽ മാത്രം കമ്പനി ഗെയിം സാധ്യമാക്കിയത്.

മോസ്കോ : ചന്ദ്രയാൻ -3 യോടൊപ്പം ചന്ദ്രനിൽ ലാൻഡ് ചെയ്യുമെന്ന് കരുതിയിരുന്ന റഷ്യയുടെ ബഹിരാകാശ പേടകമായ ലൂണ -25 തകർന്നതായി സ്ഥിരീകരിച്ചു. ലൂണ – 25 ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതിക തകരാറുണ്ടെന്നും ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ കഴിയുന്നില്ലെന്നും കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു.

ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ-25 നാളെയോ മറ്റന്നാളോ ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതിയിട്ടത്. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്നതിനിടെയായിരുന്നു സാങ്കേതിക തകരാറുണ്ടായത്. ലൂണാർ 25 ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്നും അതുമായുള്ള ബന്ധം നഷ്ടമായെന്നുമായിരുന്നു റഷ്യൻ ബഹിരാകാശ മന്ത്രാലയമായ റോസ് കോസ്മോസ് അറിയിച്ചത്.

അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ചന്ദ്രനിലേക്ക് അയച്ച ലൂണ-25 പകർത്തിയ ചന്ദ്ര ഗർത്തങ്ങളുടെ ചിത്രം കഴിഞ്ഞദിവസം റഷ്യ പുറത്തുവിട്ടിരുന്നു. ഇന്ത്യയുടെ ചന്ദ്രയാൻ -3 ന് സമാനമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനായിരുന്നു ലൂണ 25 പദ്ധതിയിട്ടത്. ജൂലൈ 14 ന് വിക്ഷേപിച്ച ഇന്ത്യയുടെ ചന്ദ്രയാൻ – 3 ആഗസ്റ്റ് 23ന് ചന്ദ്രനിൽ ഇറങ്ങും.