മൊബൈൽ ഫോൺ പൊട്ടി തെറിക്കുമ്പോഴെല്ലാം നാം ഫോൺ കമ്പനികളെ സാധാരണ കുറ്റം പറയാറുണ്ട്. എന്നാൽ ഏറ്റവും വില കൂടിയ സുരക്ഷയുള്ള ഫോൺ പൊട്ടിത്തെറിച്ചാൽ എന്തു ചെയ്യുമെന്നത് ചിന്തിച്ചു നോക്കൂ.ഉത്തർപ്രദേശിൽനിന്നും ഐഫോൺ പൊട്ടി തെറിച്ചെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.റിയൽ എസ്റ്റേറ്റ് വ്യവസായിയും അലിഗഢ് സ്വദേശിയുമായ പ്രേം രാജ് സിങിന്റെ പോക്കറ്റിൽ കിടന്ന ഐഫോണാണ് പൊട്ടി തെറിച്ചിരിക്കുന്നത്. പെട്ടെന്ന് ഫോൺ ചൂടാവുന്നത് ശ്രദ്ധയിൽ പെട്ടതായും അല്പം കഴിഞ്ഞു പുക ഉയർന്നതായും പ്രേം രാജ് സാക്ഷ്യപ്പെടുത്തുന്നു. പുക വരുന്നത് കണ്ട് ഫോൺ എടുത്ത് എറിഞ്ഞ സമയത്ത് ഫോൺ പൊട്ടിത്തെറിച്ചെന്നാണ് പ്രേം പറയുന്നത്.
സ്ഫോടനത്തെ തുടർന്ന് ഇയാളുടെ തുടയിലും കയ്യിലും ആഴത്തിൽ പരിക്കേറ്റു. നിരവധി വർഷമായി ഉപയോഗിക്കുന്ന മോഡലാണ് ഐ ഫോണെന്നും ഈ സംഭവത്തോടെ ഭയന്ന് പോയെന്നും പ്രേം രാജ് സിംഗ് വ്യക്തമാക്കി. രണ്ടായി പിളർന്ന ഫോൺ പൊട്ടി തെറിക്കാനുണ്ടായ കാരണം ടെക് വിദഗ്ധരുടെ സഹായത്തോടെ അന്വേഷിക്കുകയാണ് പോലീസ്. പൂർണമായും തകർന്നതിനാൽ ഐഫോൺ 7 അല്ലെങ്കിൽ 8 ആകാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് . എന്തായാലും ഫോൺ തകർന്ന ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞിരിക്കുകയാണ് .

