ന്യൂയോർക്ക് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്. വാർത്തകൾ എഴുതാൻ എ ഐ നിർമ്മിത ചിത്രങ്ങളും വിവരങ്ങളും ഉപയോഗിക്കരുതെന്നാണ് എ പി വ്യക്തമാക്കുന്നത്. ഇതോടെ ചാറ്റ് ജി പി ടി പോലെയുള്ള സാങ്കേതിക വിദ്യ ജോലിയിൽ ഏത് രീതിയിൽ ഉപയോഗിക്കണമെന്ന കാര്യത്തിൽ മാർഗ്ഗ നിർദ്ദേശം കൊണ്ട് വന്ന വാർത്ത ഏജൻസികളിലൊന്നായി അസോസിയേറ്റഡ്പ്രസ് മാറിയിരിക്കുകയാണ്.
ഏജൻസിയുടെ സ്റ്റൈൽ ബുക്കിലും മാധ്യമപ്രവർത്തകർക്കുള്ള ഗൈഡ് ലൈനിലും വ്യാഴാഴ്ച്ച എ പി ഈ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി കഴിഞ്ഞു. മാധ്യമ പഠന സ്ഥാപനമായ പോയിന്റർ എ പി യുടെ ഈ നീക്കത്തെ പ്രശംസിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. എ ഐ ഉപയോഗിച്ചുള്ള ഫോട്ടോയും വീഡിയോയും ശബ്ദവും ഉപയോഗിക്കരുതെന്നാണ് അസോസിയേറ്റഡ് പ്രസ്സിന്റെ നിർദ്ദേശം. എന്നാൽ എ ഐ യെ കുറിച്ചുള്ള വാർത്തയാണ് വിഷയമെങ്കിൽ ഇവ ഉപയോഗിക്കാമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. മുൻപ് കായിക മത്സരങ്ങളുടെ സ്കോർ ബോർഡ്, വരുമാന റിപ്പോർട്ട് എന്നിവ കാണിക്കാൻ ഇത്തരം സാങ്കേതിക വിദ്യ എ പി ഉപയോഗിച്ചിരുന്നു.
നമ്മുടെ പത്രപ്രവർത്തനത്തിലെ വിശ്വാസ്യതയെ സംരക്ഷിച്ചു കൊണ്ട് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്ന് കരുതുന്നതായി എ പി ന്യൂസ് സ്റ്റാൻഡേർഡ്‌സ് വൈസ് പ്രസിഡന്റ് അമാൻഡ ബാരറ്റ് പറഞ്ഞിരുന്നു. നിങ്ങളുടെ വാർത്തയിലെ വാക്യം, മൗലികത, വസ്തുത, ഗുണ നിലവാരം എന്നിവയിൽ പൂർണ ഉത്തരവാദിത്വം നിങ്ങൾക്കാണെന്നാണ് ഇൻസൈഡർ എഡിറ്റർ ഇൻ ചീഫ് നിക്കൊളാസ് കാൾസൺ ജീവനക്കാരോട് പറഞ്ഞത്.

