മൈക്രോസോഫ്റ്റിന്റെ വെബ് ബ്രൗസറായ ഇന്റർനെറ്റ് എക്സ്‌പ്ലോറർ 2022 ജൂൺ പതിനഞ്ചോടെ പിൻവാങ്ങുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഇന്റർനെറ്റ് എക്സ്‌പ്ലോററിന്റെ 25 വർഷം നീണ്ട സേവനത്തിനാണ് ഇതോടെ വിരാമമാകുന്നത്. പകരമായി ഉപയോക്താക്കള്‍ മൈക്രോസോഫ്റ്റിന്‍റെ പുതിയ ബ്രൗസറായ എംഎസ് എഡ്ജ് ഉപയോഗിക്കാനാണ് കമ്പനി നിര്‍ദേശിക്കുന്നത്. വിൻഡോസ്-95-ലാണ് മൈക്രോസോഫ്റ്റ് ആദ്യമായി ഇന്റർനെറ്റ് എക്സ്‌പ്ലോററിനെ അവതരിപ്പിച്ചത്.
2000 ത്തോടെ വെർച്വൽ ലോകത്ത് തരംഗം സൃഷ്ടിക്കാൻ ഇന്റർനെറ്റ് എക്സ്‌പ്ലോററിന് കഴിഞ്ഞു. 2002-ൽ 95 ശതമാനം വിപണി ഈ ബ്രൗസർ കീഴടക്കി. കൂടുതൽ വേഗമേറിയ വെബ് ബ്രൗസറുകൾ രംഗത്തുവന്നതോടെ ഇന്റർനെറ്റ് എക്സ്‌പ്ലോററിന്റെ തളർച്ചയ്ക്ക് തുടക്കമായി. 2010-ൽ ഇതിന്റെ ഉപയോഗം 50 ശതമാനമായി കുറയുകയും ഇപ്പോൾ അഞ്ചു ശതമാനത്തിൽ താഴെയെത്തുകയും ചെയ്തു. ഇപ്പോൾ ഉപയോഗത്തിൽ മുന്നിൽനിൽക്കുന്നത് ഗൂഗിളിന്റെ വെബ് ബ്രൗസറായ ക്രോമാണ്. 69 ശതമാനമാണ് വിപണിയിലെ ഉപയോഗം.