ട്വിറ്ററിന്റെ രണ്ട് ഓഫിസുകളിൽ പരിശോധന

ഡൽഹിയിലെ ട്വിറ്ററിന്റെ രണ്ട് ഓഫിസുകളിൽ ഡൽഹി പൊലീസ് സ്പെഷല്‍ സെല്ലിലെ രണ്ടു സംഘം തിങ്കളാഴ്ച രാത്രി പരിശോധനയ്ക്കെത്തിയെന്ന് സൂചന. അതെസമയം റെയ്ഡ് അല്ലെന്നും പതിവു പരിശോധനയാണെന്നും പൊലീസ് പറയുമ്പോഴും കാര്യങ്ങൾ പകൽ പോലെ വ്യക്തം– കേന്ദ്ര സർക്കാർ ട്വിറ്ററിനെതിരെ രണ്ടും കൽപിച്ചാണ്.ട്വിറ്ററിനു ബദലായി ബിജെപിയടക്കമുള്ളവർ പ്രോത്സാഹിപ്പിക്കുന്ന ‘കൂ’ ആപ്പിന് കൂടുതൽ പ്രാമുഖ്യം കിട്ടുമോ എന്നതും ചർച്ചകളിലുണ്ട്.

ബിജെപി നേതാക്കളടക്കം പലരും കൂ ആപ്പിൽ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. ആപ്പിന്റെ പുതിയ ലോഗോ കഴിഞ്ഞയാഴ്ച ശ്രീ ശ്രീ രവിശങ്കർ പ്രകാശനവും ചെയ്തു.ട്വിറ്ററിനു സമാനമായ മറ്റൊരു പ്ലാറ്റ്ഫോം ഇന്ത്യ പ്രോത്സാഹിപ്പിക്കുമോ അതോ ട്വിറ്ററിനുമേലുള്ള നിയന്ത്രണങ്ങൾ ഇന്ത്യ കടുപ്പിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യങ്ങളിൽ മുഖ്യം. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ ട്വീറ്റിനും ട്വിറ്റർ ആധികാരികതയില്ലാത്ത വിഡിയോയെന്നു മുദ്ര ചാർത്തിയിരുന്നു.

അതേക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് ബിജെപി നേതാക്കൾ ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. പിന്നാലെ, മോദിയുടെ ‘ആരാധികയായ’ നടി കങ്കണ റനൗട്ടിന്റെ ട്വിറ്റർ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡും ചെയ്തു.ബിജെപി നേതാവ് സംബിത് പത്രയുടെ ട്വീറ്റ് ‘മാനിപുലേറ്റഡ് മീഡിയ’ ഗണത്തിൽപ്പെടുത്തി ട്വിറ്റർ ഫ്ലാഗ് ചെയ്തതാണ് കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്. ട്വിറ്റർ ഇന്ത്യൻ നിയമനിർമാണ പ്രക്രിയയിലേക്കു തലയിടുന്നുവെന്നാണ് കേന്ദ്രസർക്കാർ ആരോപിക്കുന്നത്.

നേരത്തേ കർഷക സമരത്തോടനുബന്ധിച്ച് റിപ്പബ്ലിക് ദിനത്തിൽ അക്രമങ്ങൾ നടന്നപ്പോഴും ട്വിറ്ററും കേന്ദ്രസർക്കാരും തമ്മിൽ തർക്കമുണ്ടായിരുന്നു. നിരവധി അക്കൗണ്ടുകൾ ബ്ലോക്കു ചെയ്യാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടപ്പോൾ ആദ്യം വഴങ്ങിയ ട്വിറ്റർ പിന്നീട് അവ പുനഃസ്ഥാപിച്ചു. ക്ഷുഭിതരായ കേന്ദ്രസർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കണമെങ്കിൽ ഇന്ത്യൻ നിയമങ്ങൾ അനുസരിക്കണമെന്നു ട്വിറ്ററിനു മുന്നറിയിപ്പു നൽകി.

അതിനു മറുപടിയായി 500ലേറെ അക്കൗണ്ടുകൾ റദ്ദാക്കിയെന്നു വ്യക്തമാക്കിയ ട്വിറ്റർ മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും അക്കൗണ്ടുകൾ റദ്ദാക്കില്ലെന്നും പറഞ്ഞു. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാകും അത്തരം നടപടിയെന്നും ട്വിറ്റർ നിലപാടെടുത്തു.