Technology (Page 102)

നിങ്ങള്‍ റെക്കോര്‍ഡ് ചെയ്ത വാട്‌സ്ആപ്പ് ശബ്ദസന്ദേശം അയക്കുന്നതിനു മുന്‍പായി ഒന്നുകൂടി പരിശോധിക്കാനുള്ള വോയ്‌സ് മെസേജ് പ്രീവ്യു ടൂള്‍ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. ഇത് തെറ്റുകള്‍ കൂടാതെ സന്ദേശമയക്കുവാന്‍ നിങ്ങളെ സഹായിക്കും.

2013-ലാണ് വാട്ട്‌സ്ആപ്പ് ശബ്ദസന്ദേശം എന്ന ജനപ്രിയ ഫീച്ചര്‍ ഒരുക്കുന്നത്. എഴുതി അയക്കുന്നതിനേക്കാള്‍ എളുപ്പമാണ് എന്നതിനേക്കാള്‍ വികാരങ്ങളും വിചാരങ്ങളും പങ്കുവെക്കാനും ഇതുമൂലം കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടു തന്നെ ഈ സംവിധാനം പെട്ടെന്ന് ജനപ്രീതി നേടുകയും ചെയ്തു.

പുതിയ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കുമെന്ന് നോക്കാം…

നിങ്ങള്‍ സന്ദേശമയക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെയോ ഗ്രൂപ്പിന്റേയോ അക്കൗണ്ട് തുറന്ന് താഴെ വലതുഭാഗത്തുള്ള മൈക്രോഫോണ്‍ ചിഹ്നത്തില്‍ അമര്‍ത്തിപ്പിടിക്കുക.

സംസാരിച്ചു തുടങ്ങുന്നതിനു മുന്‍പായി ഹാന്‍ഡ് ഫ്രീ ആക്കുവാന്‍ സ്ലൈഡ് ചെയ്യുക. സന്ദേശം റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ സ്റ്റോപ്പ് എന്നത് ടാപ് ചെയ്യുക.

പ്ലേ ടു ലിസണ്‍ എന്നത് ടാപ്പ് ചെയ്യുക.

ഒരു സന്ദേശത്തിന്റെ ഏതു ഭാഗത്തുനിന്നും നിങ്ങള്‍ക്ക് ഇത്തരത്തില്‍ ടാപ്പ് ചെയ്ത്, ആ ടൈം സ്ട്രാപ്പില്‍ റെക്കൊര്‍ഡ് ചെയ്ത സന്ദേശം കേള്‍ക്കാനാകും.

അതിനുശേഷം നിങ്ങള്‍ക്ക് ആ സന്ദേശം നീക്കം ചെയ്യണമെങ്കില്‍ ട്രാഷ് എന്നതില്‍ ടാപ്പ് ചെയ്യുക, അതല്ല അത് അയക്കാനാണെങ്കില്‍ സെന്‍ഡ് എന്നതില്‍ ടാപ് ചെയ്യുക.

ലഭ്യമായതില്‍ ഏറ്റവും സുരക്ഷിതമായ മെസേജിങ് ആപ്ലിക്കേഷന്‍ എന്നൊരു പ്രത്യേകതയാണ് മെറ്റയുടെ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിന്റെ സ്വീകാര്യത കൂട്ടുന്നത്. യൂസേഴ്‌സിന്റെ ടൈം ലോഗുകളിലേക്കുള്ള ആക്സസ് നേടുന്നതില്‍ നിന്ന് തേര്‍ഡ് പാര്‍ട്ടിആപ്ലിക്കേഷനുകളെ തടയാന്‍ വേണ്ടി വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകള്‍ കൊണ്ടു വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമ്മില്‍ ചാറ്റ് ചെയ്യുന്നവര്‍ക്കിടയില്‍ കുറച്ച് ചാറ്റ് ഹിസ്റ്ററി ഉണ്ടാകുന്നത് വരെ ഉപയോക്താക്കള്‍ക്ക് പരസ്പരം ലാസ്റ്റ് സീന്‍ കാണാന്‍ അനുവദിക്കില്ലെന്നതാണ് ഫീച്ചറുകളുടെ പ്രത്യേകത. രണ്ട് അക്കൗണ്ടുകളിലും ‘ലാസ്റ്റ് സീന്‍’ സ്റ്റാറ്റസ് സജീവമായിരിക്കുമ്പോള്‍ പോലും ആവശ്യത്തിന് ചാറ്റ് ഹിസ്റ്ററി ഇല്ലാതെ ലാസ്റ്റ് സീന്‍ കാണാന്‍ കഴിയില്ല. ഓണ്‍ലൈന്‍ സ്റ്റാറ്റസും ഇങ്ങനെ കാണിക്കില്ല. ഡിസപ്പിയറിങ് മെസേജസ് ഫീച്ചര്‍ എല്ലാവര്‍ക്കും ഡിഫോള്‍ട്ടായി സെറ്റാക്കാനും സന്ദേശങ്ങള്‍ ചാറ്റുകളില്‍ നിലനില്‍ക്കാനുള്ള ടൈം ഡ്യൂറേഷന്‍ തീരുമാനിക്കാന്‍ അവസരം നല്‍കുന്നതുമാണ് ഫീച്ചര്‍.

നിലവില്‍ മൂന്ന് രീതികളില്‍ മെസേജുകള്‍ ഡിസപ്പിയര്‍ ആകാനുള്ള സമയ പരിധി സെറ്റ് ചെയ്യാം. 24 മണിക്കൂര്‍, 90 ദിവസം, 7 ദിവസം എന്നിങ്ങനെയാണ് കമ്പനി നിലവില്‍ നല്‍കിയിരിക്കുന്ന ടൈം പിരീഡ്. പുതിയ ഫീച്ചര്‍ സെറ്റ് ചെയ്യുന്നതോടെ ഉപയോക്താവിന്റെ എല്ലാ സന്ദേശങ്ങളും നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകും.

ഡിസപ്പിയറിങ് മെസേജസ് ഫീച്ചര്‍

ആദ്യമായി നിങ്ങളുടെ ഡിവൈസിലെ വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യുക.

ഹോംസ്‌ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള ഹാംബര്‍ഗര്‍ ഐക്കണില്‍ ( മൂന്ന് ഡോട്ടുകളില്‍ ) ടാപ്പ് ചെയ്യുക.

ശേഷം സെറ്റിങ്‌സ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക, ഇവിടെ നിന്നും ‘അക്കൗണ്ട്’ ടാബ് തുറക്കുക.

ശേഷം ‘പ്രൈവസി’ ടാബില്‍ ടാപ്പ് ചെയ്ത് ‘ഡിഫോള്‍ട്ട് മെസേജ് ടൈമര്‍’ തിരഞ്ഞെടുക്കുക.

അനുയോജ്യമായ ഡ്യൂറേഷന്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ ചാറ്റ് ബോക്‌സിലേക്ക് മടങ്ങുക.

ഇ-മെയില്‍ ഉപയോക്താക്കളില്‍ ഏതാണ്ട് 90 ശതമാനവും ജിമെയില്‍ തന്നെയാണ് മെയിലുകള്‍ അയക്കാന്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഗൂഗിള്‍ തങ്ങളുടെ ഇമെയില്‍ സര്‍വീസില്‍ കൊണ്ട് വന്നപുതിയ അപ്‌ഡേറ്റിനെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കണം എന്നും നോക്കാം. വെബ് ഐഒഎസ് ഉപയോക്താക്കള്‍ക്കായി ജിമെയിലിലെ അണ്‍ഡൂ സെന്‍ഡ് ഫീച്ചറാണ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ആറ് വര്‍ഷത്തോളമായി ഈ ഫീച്ചര്‍ നിലവില്‍ ഉണ്ടെങ്കിലും അഞ്ച് സെക്കന്‍ഡ് മാത്രമാണ് ഇങ്ങനെ അയച്ച മെയിലുകള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. ഈ ടൈം ഫ്രെയിമിനാണ് മാറ്റം കൊണ്ട് വരുന്നത്. പുതിയ അപ്‌ഡേറ്റ് സമയ ദൈര്‍ഘ്യം 10 സെക്കന്‍ഡ്, 20 സെക്കന്‍ഡ് അല്ലെങ്കില്‍ 30 സെക്കന്‍ഡ് ആയി വര്‍ധിപ്പിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും.

ജിമെയിലില്‍ അണ്‍ഡൂ സെന്‍ഡ് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം

ആദ്യം നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.

‘സെറ്റിങ്‌സ്’ പാനലിലേക്ക് പോകുക.

ഇപ്പോള്‍ വെബ് പേജിന്റെ ഏറ്റവും താഴെയായി കാണുന്ന ‘സീ ആള്‍ സെറ്റിങ്‌സ്’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

ഇവിടെ ‘അണ്‍ഡൂ സെന്‍ഡ്’ ഓപ്ഷന്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഈ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

ശേഷം സെന്‍ഡ് ക്യാന്‍സലേഷന്‍ പീരീഡുകളില്‍ ഒന്ന് തിരഞ്ഞെടുക്കുക. 5 സെക്കന്‍ഡ്, 10 സെക്കന്‍ഡ്, 20 സെക്കന്‍ഡ്, 30 സെക്കന്‍ഡ് എന്നിങ്ങനെയാണ് ടൈം ഫ്രൈയിമുകള്‍ ഉള്ളത്. ഇതിലൊന്ന് സെലക്ട് ചെയ്യുക.

അവസാനമായി താഴേക്ക് സ്‌ക്രോള്‍ ചെയ്ത് സേവ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

ഐഒഎസ് ജിമെയില്‍ ആപ്പ് ഉപയോക്താക്കള്‍ ആപ്പിന്റെ ഉള്ളില്‍ നിന്ന് ‘സെറ്റിങ്‌സ്’ പാനലിലേക്ക് പോകേണ്ടതുണ്ട്, ശേഷം ‘അണ്‍ഡൂ സെന്‍ഡ്’ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഇവിടെ നിന്നും ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യാനും ഒരു റദ്ദാക്കല്‍ കാലയളവ് തിരഞ്ഞെടുക്കുന്നതിനും സാധിക്കും.

നമ്മളില്‍ ഭൂരിഭാഗം പേരും യുപിഐ പേയ്‌മെന്റ് സേവനം ഉപയോഗിക്കുന്നവരാണ്. ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയെല്ലാം യുപിഐ പേയ്‌മെന്റ് മോഡിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രം ലഭ്യമായ ഒരു ഫീച്ചറാണ് ഇത്. ആപ്പ് വഴിയാണ് പേമെന്റുകള്‍ നടത്താറുള്ളത്. എന്നാല്‍, യുണൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍ ഫേസിലൂടെയുള്ള ഈ സേവനങ്ങള്‍ ഇനി മുതല്‍ ഫീച്ചര്‍ ഫോണിലും ലഭ്യമാകുമെന്നാണ് ആര്‍ബിഐ പുറത്ത് വിട്ട സൂചനകള്‍. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയിലെ ബാങ്കിങ് മേഖലയ്ക്ക് അതൊരു മുതല്‍കൂട്ടായിരിക്കും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ ഇപ്പോള്‍ 118 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുണ്ട്. ഈ കണക്കില്‍ 44 കോടി ആളുകള്‍ ഇപ്പോഴും ഫീച്ചര്‍ ഫോണാണ് ഉപയോഗിക്കുന്നത്. 74 കോടി ആളുകള്‍ സ്മാര്‍ട്ട്ഫോണും ഉപയോഗിക്കുന്നു. ആര്‍ബിഐ യുപിഐ പേയ്‌മെന്റ് സംവിധാനം ഫീച്ചര്‍ ഫോണുകളിലേക്കും എത്തിച്ചാല്‍ ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളെ യുപിഐ പേയ്മെന്റ് ഫീച്ചര്‍ ഉപയോഗിക്കുന്നവരാക്കി മാറ്റാന്‍ പറ്റും. ഇന്ത്യയുടെ സ്വന്തം പേയ്‌മെന്റ് ഫീച്ചറിന് ഇത് മികച്ച നേട്ടമുണ്ടാക്കും.

ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ ഡിജിറ്റല്‍ പേയ്മെന്റ് ഇന്‍ഡസ്ട്രിയിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഇന്ത്യയിലെ ഓണ്‍ലൈന്‍ പേയ്‌മെന്റ് മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരുന്ന തീരുമാനം തന്നെയായിരിക്കും ഫീച്ചര്‍ ഫോണുകളിലെ യുപിഐ പേയ്‌മെന്റ് ഓപ്ഷന്‍ എന്ന് ഉറപ്പാണ്. മാത്രവുമല്ല, ഫീച്ചര്‍ ഫോണുകളില്‍ യുപിഐ പേയ്‌മെന്റ് സേവനം ലഭ്യമാകുന്നത് വിപുലമായ ഡിജിറ്റൈസേഷന് സഹായിക്കും. ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ ധാരാളമായി വര്‍ധിച്ച് വരുന്ന കാലം കൂടിയാണ് ഇത്.

ഇന്ത്യയിലെ ഈ വര്‍ഷത്തെ സെര്‍ച്ചിംഗ് ട്രെന്റുകള്‍ എന്തൊക്കെയാണെന്ന വ്യക്തമാക്കുന്ന ‘ഇയര്‍ ഇന്‍ സെര്‍ച്ച് 2021’ പട്ടിക പുറത്ത് വിട്ട് ഗൂഗിള്‍. ക്രിക്കറ്റാണ് ഈ വര്‍ഷവും കൂടുതല്‍ ഇന്ത്യക്കാര്‍ തിരഞ്ഞത്. ഐപിഎല്‍ ആണ് ഒന്നാം സ്ഥാനത്ത്, കൊവിന്‍, ഐസിസി ടി20 ലോകകപ്പ് എന്നിവയാണ് ആകെ സെര്‍ച്ചില്‍ ആദ്യ മൂന്ന് സ്ഥാനത്ത് എത്തിയിരിക്കുന്നത്. യൂറോകപ്പ്, ടോക്കിയോ ഒളിംപിക്‌സ് എന്നിവ തുടര്‍ന്നുള്ള നാലും അഞ്ചും സ്ഥാനത്ത് എത്തുന്നു. കൊവിഡ് വാക്‌സിന്‍, ഫ്രീഫയര്‍ റഡിം, നീരജ് ചോപ്ര, ആര്യന്‍ ഖാന്‍, കോപ്പ അമേരിക്ക എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്ന സെര്‍ച്ച്.

അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി, പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ്, ചുഴലിക്കാറ്റ്, ലോക്ഡൗണ്‍, സൂയസ് കനാല്‍, കര്‍ഷക സമരം, പക്ഷിപ്പനി, യാസ് ചുഴലിക്കാറ്റ് എല്ലാം വാര്‍ത്ത വിഭാഗത്തില്‍ വരുന്നു.

സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ ടോക്കിയോ ഒളിംപിക്‌സിലെ ഇന്ത്യന്‍ ഹീറോകളെയാണ് ആളുകള്‍ കൂടുതല്‍ തിരഞ്ഞത്. നീരജ് ചോപ്രയാണ് അതില്‍ ആദ്യം. ബോളിവുഡില്‍ നിന്നും സെര്‍ച്ച് കൂടുതല്‍ കിട്ടിയത് ആര്യന്‍ ഖാനാണ്. ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനും ഏറെ സെര്‍ച്ച് ഉണ്ട്. വിക്കി കൌശല്‍, ഷെഹബാസ് ഗില്‍, രാജ് കുന്ദ്ര എന്നിവര്‍ തുടര്‍ന്ന് വരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സിനിമ സൂര്യ നായകനായ തമിഴ് ചിത്രം ‘ജയ് ഭീം’ ആണ്. മലയാള ചിത്രം ‘ദൃശ്യം 2’ ഒന്‍പതാം സ്ഥാനത്ത് ഉണ്ട്. എന്താണ് ബ്ലാക്ക് ഫംഗസ് എന്നതാണ്, ഈ വിഭാഗത്തില്‍ ഒന്നാമത്. ഈ പട്ടികയില്‍ ‘താലിബാന്‍ എന്ത്?’, ‘എന്താണ് സ്‌ക്വഡ് ഗെയിം, ഡെല്‍റ്റ പ്ലസ് എന്ത് എന്നിങ്ങനെ വിഷയങ്ങളും ചോദ്യങ്ങളും പട്ടികയിലുണ്ട്.

എവിടെയാണെങ്കിലും എളുപ്പത്തില്‍ സഞ്ചരിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു അപ്ലിക്കേഷനാണ് ഗൂഗിള്‍ മാപ്‌സ്. ഒട്ടുമിക്ക ആളുകളും യാത്രകളില്‍ ഗൂഗിള്‍ മാപ്‌സിന്റെ സഹായം തേടാറുണ്ട്. അടുത്തിടെ യൂസര്‍ എക്‌സ്പീരിയന്‍സ് കൂടുതല്‍ മികച്ചതാക്കുന്നത് ലക്ഷ്യമിട്ട് നിരവധി പുതിയ ഫീച്ചറുകളും ഗൂഗിള്‍ തങ്ങളുടെ നാവിഗേഷന്‍ ആപ്പിലേക്ക് ചേര്‍ത്തിരുന്നു.

ഈ ഫീച്ചറുകള്‍ കൂടാതെ, ഒരു നിശ്ചിത സമയത്ത് ഒരു പട്ടണത്തിലെ എറ്റവും തിരക്കുള്ള പ്രദേശങ്ങള്‍ കണ്ടെത്തുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറും ഗൂഗിള്‍ മാപ്‌സ് അവതരിപ്പിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടുകള്‍, മാളുകള്‍, ട്രാന്‍സിറ്റ് സ്റ്റേഷനുകള്‍ എന്നിവക്കുള്ളില്‍ പോലും എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന ഫീച്ചറുകളും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. നമ്മുടെ റിയല്‍ ടൈം ലൊക്കേഷന്‍ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കിടാനും ഗൂഗിള്‍ മാപ്‌സില്‍ അവസരമുണ്ട്.

ഗൂഗിള്‍ മാപ്സില്‍ റിയല്‍ ടൈം ലൊക്കേഷന്‍ പങ്കിടുന്നതെങ്ങനെ?

ആദ്യം ഗൂഗിള്‍ മാപ്‌സ് സ്‌ക്രീനിന്റെ മുകളില്‍ വലത് വശത്തുള്ള പ്രൊഫൈല്‍ ചിത്ര ഐക്കണില്‍ ടാപ്പ് ചെയ്യുക.

തുറന്ന് വരുന്ന മെനുവില്‍ നിന്നും ലൊക്കേഷന്‍ പങ്കിടല്‍ ഓപ്ഷന്‍ ടാപ്പ് ചെയ്യുക.

ഇപ്പോള്‍ നിങ്ങളുടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യേണ്ടുന്ന സമയ ദൈര്‍ഘ്യം തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് 1 മണിക്കൂര്‍, 12 മണിക്കൂര്‍ അല്ലെങ്കില്‍ ഒരു ദിവസം വരെയുള്ള സമയ ദൈര്‍ഘ്യം ഇങ്ങനെ തിരഞ്ഞെടുക്കാന്‍ സാധിക്കും. അത് മാത്രമല്ല ഇനി സമയ ദൈര്‍ഘ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ ‘അണ്‍ടില്‍ യു ടേണ്‍ ദിസ് ഓഫ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാനും സാധിക്കും.

ശേഷം വലത്തേക്ക് സ്‌ക്രോള്‍ ചെയ്ത് മോര്‍ ബട്ടണില്‍ ടാപ്പ് ചെയ്യുക.

നിങ്ങളുടെ റിയല്‍ ടൈം ലൊക്കേഷന്‍ പങ്കിടുന്നതിന് നിങ്ങളുടെ കോണ്‍ടാക്റ്റുകളിലേക്ക് ഗൂഗിള്‍ മാപ്സിന് ആക്സസ് നല്‍കേണ്ടി വരും.

നിങ്ങളുടെ റിയല്‍ ടൈം ലൊക്കേഷന്‍ ഷെയര്‍ ചെയ്യേണ്ട കോണ്‍ടാക്റ്റ് തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഷെയര്‍ ഓപ്ഷന്‍ ടാപ്പ് ചെയ്യുക.

നിങ്ങള്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍, നിങ്ങളുടെ റിയല്‍ ടൈം ലൊക്കേഷന്‍ ഷെയറിങ് അവസാനിപ്പിക്കാവുന്നതാണ്. ഇതിനായി ഗൂഗിള്‍ മാപ്‌സിലെ സ്റ്റോപ്പ് ഷെയറിങ് യുവര്‍ ലൊക്കേഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്.

മുംബൈ: ഡിസംബർ 14 മുതൽ അമേരിക്കൻ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷൻ നിരക്ക് വർധിക്കും. പുതുതായി ആമസോൺ പ്രൈം സബ്‌സ്‌ക്രൈബ് ചെയ്യാനോ അല്ലെങ്കിൽ നിലവിലുള്ള പ്ലാൻ പുതുക്കാനോ സമയമായെങ്കിൽ 13 ന് അർദ്ധരാത്രിക്ക് മുൻപായി അത് ചെയ്യണമെന്നാണ് വിദഗ്ധർ പറയുന്നത്. ഡിസംബർ 13ന് ശേഷം വാർഷിക ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷന്റെ വില 1499 രൂപയായി ഉയരും. നിലവിൽ 999 രൂപയാണ് വാർഷിക പ്രൈം സബ്‌സ്‌ക്രിപ്ഷൻ നിരക്ക്.

നിലവിൽ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷൻ ഉള്ളവർ 999 രൂപയ്ക്ക് റീചാർജ് ചെയ്താൽ നിലവിലെ സബ്‌സ്‌ക്രിപ്ഷൻ കാലാവധി കഴിയുമ്പോൾ പുതിയ ഒരു വർഷത്തേക്കുള്ള സബ്‌സ്‌ക്രിപ്ഷൻ ആരംഭിക്കും. എന്നാൽ ഡിസംബർ 13 ന് ശേഷം ഇതേ റീചാർജ് ചെയ്യുമ്പോൾ 1499 രൂപ നൽകണം. നിലവിൽ 329 രൂപ വിലയുള്ള മൂന്ന് മാസത്തെ പ്ലാനിന് ഡിസംബർ 13 ന് ശേഷം 459 രൂപ നൽകേണ്ടി വരും. 129 രൂപ വിലയുള്ള ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷൻ പ്ലാനിന് ഈ മാസം 14 മുതൽ 179 രൂപയാകും.

ഇന്‍സ്റ്റഗ്രാം കൂടുതല്‍ ചൈല്‍ഡ് ഫ്രണ്ട്‌ലി ആക്കാനൊരുങ്ങുകയാണ് കമ്പനി ഇപ്പോള്‍. ടേക്ക് എ ബ്രേക്ക് ഫീച്ചറാണ് ഇതില്‍ പ്രധാനം. ഒരു നിശ്ചിത സമയത്തില്‍ കൂടുതല്‍ നേരം നമ്മള്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിച്ചാല്‍ കുറച്ച് സമയത്തേക്ക് മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ ആപ്പ് തന്നെ നമ്മോട് നിര്‍ദ്ദേശിക്കുന്നതാണ് പുതിയ ഫീച്ചര്‍. സെപ്റ്റംബറില്‍ പ്രഖ്യാപിച്ച ഈ ഫീച്ചര്‍ ആദ്യം യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുക. വരുന്ന മാസങ്ങളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കും.

ഇന്‍സ്റ്റഗ്രാം ആപ്പിലെ സെറ്റിങ്‌സ് മെനുവില്‍ നിന്നും ഈ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. 10 മിനുറ്റ്, 20 മിനുറ്റ്, 30 മിനുറ്റ് എന്നിങ്ങനെ മൂന്ന് സമയ പരിധികളില്‍ ഫീച്ചര്‍ സെറ്റ് ചെയ്യാം. ആക്റ്റിവേറ്റ് ആക്കിക്കഴിഞ്ഞാല്‍ അതിന് അനുസരിച്ച് ഒരു ഫുള്‍ സ്‌ക്രീന്‍ അലേര്‍ട്ട് ലഭിക്കും, ദീര്‍ഘമായി ശ്വാസം എടുക്കാനോ എന്തെങ്കിലും എഴുതാനോ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് പരിശോധിക്കാനോ പാട്ട് കേള്‍ക്കാനോ തുടങ്ങിയ നിര്‍ദേശങ്ങളാണ് ലഭിക്കുക. ഫീച്ചര്‍ ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും അടുത്ത വര്‍ഷത്തോടെ ഫീച്ചറിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും ഇന്‍സ്റ്റാഗ്രാം പറയുന്നു.

കൗമാര പ്രായക്കാര്‍ക്ക് കണ്ടന്റുകള്‍ ശുപാര്‍ശ ചെയ്യുന്നതിലും കര്‍ശനമായ സമീപനം എടുക്കുമെന്നും അവര്‍ എന്തെങ്കിലും പ്രത്യേക വിഷയങ്ങളില്‍ ഏറെക്കാലം തുടരുകയാണെങ്കില്‍ വ്യത്യസ്ത വിഷയങ്ങളിലേക്ക് അവരെ പുഷ് ചെയ്യുമെന്നും ഇന്‍സ്റ്റഗ്രാം പറയുന്നു. ഈ ഫീച്ചര്‍ അടുത്ത വര്‍ഷം ലോഞ്ച് ചെയ്യും. പരിചയം ഇല്ലാത്തവര്‍ കുട്ടികളെ ടാഗ് ചെയ്യുന്നത് ഒഴിവാക്കാനുള്ള ഫീച്ചറും പരീക്ഷണഘട്ടത്തില്‍ ആണ്.

ന്യൂഡല്‍ഹി: ഒക്ടോബറില്‍ മാത്രം 20ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സ്ആപ്പ് അറിയിച്ചു. ഇന്ത്യയിലെ പുതിയ ഐടി ചട്ടം അനുസരിച്ചാണ് ഈ നീക്കം.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് അടക്കം പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്രയും അക്കൗണ്ടുകള്‍ വാട്‌സ്ആപ്പ് നിരോധിച്ചത്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് എന്നത് കൊണ്ട് ഉപയോക്താവിന് എന്തുംചെയ്യാം എന്ന് കരുതരുതെന്ന് വാട്‌സ്ആപ്പ് മുന്നറിയിപ്പ് നല്‍കുന്നു. പുതിയ ഐടി ചട്ടം അനുസരിച്ച് വിവരങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സര്‍വീസ് ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ അക്കൗണ്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി.

കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത വ്യക്തി തുടര്‍ച്ചയായി മെസേജുകള്‍ ചെയ്ത് ശല്യം ചെയ്യുക, വ്യാജ അക്കൗണ്ട് നിര്‍മ്മിക്കുക, തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുക, നിരവധി ഉപയോക്താക്കള്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുക, വാട്‌സ്ആപ്പ് അക്കൗണ്ടിനെതിരെ നിരവധി പരാതികള്‍ ഉയരുക, മാല്‍വെയര്‍ അല്ലെങ്കില്‍ ഫിഷിങ് ലിങ്കുകള്‍ അയക്കുക, അശ്ലീല ക്ലിപ്പുകളോ, ഭീഷണി സന്ദേശങ്ങളോ അയക്കുക, അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അയക്കുക, കലാപത്തിന് പ്രേരണ നല്‍കുന്ന സന്ദേശങ്ങളോ, വീഡിയോകളോ പ്രചരിപ്പിക്കുക എന്നീ കാരണങ്ങളിലാണ് അക്കൗണ്ടുള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് വാട്‌സ്ആപ്പ് അറിയിച്ചു

2020 നവംബറിലാണ് വാട്ട്‌സ്ആപ്പ് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ എന്ന ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ തനിയെ അപ്രത്യക്ഷമാകും എന്നതാണ് ഈ ഫീച്ചര്‍. എന്നാല്‍, ഇതിന്റെ കാലാവധി ഉപയോക്താവിന്റെ സൗകര്യത്തിനനുസരിച്ച രീതിയില്‍ ക്രമീകരിക്കാം എന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

ഇങ്ങനെ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ ക്രമീകരിക്കാന്‍ നാല് ഓപ്ഷനുകളാണ് ഉപയോക്താവിന് ലഭിക്കുന്നത്. സന്ദേശം അപ്രത്യക്ഷമാകുന്നത് 24 മണിക്കൂറായി കുറക്കാന്‍ സാധിക്കും, അതല്ലെങ്കില്‍ മുന്‍പുള്ളത് പോലെ ഒരാഴ്ചയായി നിലനിര്‍ത്താം. അതുമല്ലെങ്കില്‍ സന്ദേശങ്ങള്‍ മൂന്ന് മാസമായി നിലനിര്‍ത്താം. ഇനിയുള്ളത് ഈ ഫീച്ചര്‍ ഓഫാക്കി ഇടുന്ന ഓപ്ഷനാണ്.

ഇപ്പോള്‍ അപ്രത്യക്ഷമാകുന്ന സന്ദേശം എന്ന ഫീച്ചര്‍ തന്നെ ഓപ്ഷണലാണ്. ഒരു ഗ്രൂപ്പിലെ, വ്യക്തികള്‍ക്കിടയിലോ ഈ ഫീച്ചര്‍ ഓഫായി നില്‍ക്കുകയായിരിക്കും. ഇത് ഇന്‍ഫോയില്‍ പോയി ഓണാക്കിയിടണം. ഗ്രൂപ്പില്‍ ഇത് ഓണാക്കിയാല്‍ ഗ്രൂപ്പിലെ എല്ലാ സന്ദേശങ്ങളും 7 ദിവസത്തിന് ശേഷം അപ്രത്യക്ഷമാകും. എന്നാല്‍ വ്യക്തികള്‍ക്കിടയില്‍ ഇരുപേരും ഇത് ഓണാക്കിയിടണം. എന്നാല്‍, മെസേജ് അപ്രത്യക്ഷമാക്കാനുള്ള ഓപ്ഷന്‍ നല്‍കിയാലും അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ കാണാനുള്ള ചില കുറുക്കുവഴികള്‍ ഇപ്പോഴും അവശേഷിക്കുന്നുവെന്നാണ് ടെക് സൈറ്റുകള്‍ പറയുന്നത്.

  1. ഒരു വ്യക്തി അയച്ച സന്ദേശം തുറന്നില്ലെങ്കില്‍, പ്രിവ്യൂവില്‍ അയാള്‍ അയച്ച സന്ദേശം അപ്രത്യേക്ഷമാകാന്‍ നല്‍കിയ കാലയളവിന് ശേഷവും കാണാം.
  2. ഏതെങ്കിലും അപ്രത്യക്ഷമാകാന്‍ ടൈം സെറ്റ് ചെയ്ത സന്ദേശം ആരെങ്കിലും ക്വാട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് വീണ്ടും ചാറ്റില്‍ കാണപ്പെടും.
  3. അപ്രത്യക്ഷമായ സന്ദേശം ആര്‍ക്കെങ്കിലും ഫോര്‍വേഡ് ചെയ്തിട്ടുണ്ടെങ്കില്‍ അത് വീണ്ടും കാണുവാന്‍ സാധിക്കും.
  4. അപ്രത്യക്ഷമാകുന്ന സന്ദേശം ലഭിക്കുന്നയാള്‍ സന്ദേശങ്ങള്‍ ബാക്ക് അപ് ചെയ്തിട്ടുണ്ടെങ്കില്‍ അപ്രത്യക്ഷമായ സന്ദേശം എന്താണെന്ന് പിന്നീടും മനസിലാക്കാം.
  5. സന്ദേശം അപ്രത്യക്ഷമാകും മുന്‍പ് സ്‌ക്രീന്‍ ഷോട്ട് എടുത്ത് വയ്ക്കുകയോ, കോപ്പി ചെയ്യുകയോ ചെയ്താല്‍.