ഗൂഗിള്‍ മാപ്‌സില്‍ റിയല്‍ ടൈം ലൊക്കേഷന്‍ എങ്ങനെ പങ്കിടാം?

എവിടെയാണെങ്കിലും എളുപ്പത്തില്‍ സഞ്ചരിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു അപ്ലിക്കേഷനാണ് ഗൂഗിള്‍ മാപ്‌സ്. ഒട്ടുമിക്ക ആളുകളും യാത്രകളില്‍ ഗൂഗിള്‍ മാപ്‌സിന്റെ സഹായം തേടാറുണ്ട്. അടുത്തിടെ യൂസര്‍ എക്‌സ്പീരിയന്‍സ് കൂടുതല്‍ മികച്ചതാക്കുന്നത് ലക്ഷ്യമിട്ട് നിരവധി പുതിയ ഫീച്ചറുകളും ഗൂഗിള്‍ തങ്ങളുടെ നാവിഗേഷന്‍ ആപ്പിലേക്ക് ചേര്‍ത്തിരുന്നു.

ഈ ഫീച്ചറുകള്‍ കൂടാതെ, ഒരു നിശ്ചിത സമയത്ത് ഒരു പട്ടണത്തിലെ എറ്റവും തിരക്കുള്ള പ്രദേശങ്ങള്‍ കണ്ടെത്തുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറും ഗൂഗിള്‍ മാപ്‌സ് അവതരിപ്പിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടുകള്‍, മാളുകള്‍, ട്രാന്‍സിറ്റ് സ്റ്റേഷനുകള്‍ എന്നിവക്കുള്ളില്‍ പോലും എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന ഫീച്ചറുകളും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. നമ്മുടെ റിയല്‍ ടൈം ലൊക്കേഷന്‍ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കിടാനും ഗൂഗിള്‍ മാപ്‌സില്‍ അവസരമുണ്ട്.

ഗൂഗിള്‍ മാപ്സില്‍ റിയല്‍ ടൈം ലൊക്കേഷന്‍ പങ്കിടുന്നതെങ്ങനെ?

ആദ്യം ഗൂഗിള്‍ മാപ്‌സ് സ്‌ക്രീനിന്റെ മുകളില്‍ വലത് വശത്തുള്ള പ്രൊഫൈല്‍ ചിത്ര ഐക്കണില്‍ ടാപ്പ് ചെയ്യുക.

തുറന്ന് വരുന്ന മെനുവില്‍ നിന്നും ലൊക്കേഷന്‍ പങ്കിടല്‍ ഓപ്ഷന്‍ ടാപ്പ് ചെയ്യുക.

ഇപ്പോള്‍ നിങ്ങളുടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യേണ്ടുന്ന സമയ ദൈര്‍ഘ്യം തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് 1 മണിക്കൂര്‍, 12 മണിക്കൂര്‍ അല്ലെങ്കില്‍ ഒരു ദിവസം വരെയുള്ള സമയ ദൈര്‍ഘ്യം ഇങ്ങനെ തിരഞ്ഞെടുക്കാന്‍ സാധിക്കും. അത് മാത്രമല്ല ഇനി സമയ ദൈര്‍ഘ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ ‘അണ്‍ടില്‍ യു ടേണ്‍ ദിസ് ഓഫ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാനും സാധിക്കും.

ശേഷം വലത്തേക്ക് സ്‌ക്രോള്‍ ചെയ്ത് മോര്‍ ബട്ടണില്‍ ടാപ്പ് ചെയ്യുക.

നിങ്ങളുടെ റിയല്‍ ടൈം ലൊക്കേഷന്‍ പങ്കിടുന്നതിന് നിങ്ങളുടെ കോണ്‍ടാക്റ്റുകളിലേക്ക് ഗൂഗിള്‍ മാപ്സിന് ആക്സസ് നല്‍കേണ്ടി വരും.

നിങ്ങളുടെ റിയല്‍ ടൈം ലൊക്കേഷന്‍ ഷെയര്‍ ചെയ്യേണ്ട കോണ്‍ടാക്റ്റ് തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഷെയര്‍ ഓപ്ഷന്‍ ടാപ്പ് ചെയ്യുക.

നിങ്ങള്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍, നിങ്ങളുടെ റിയല്‍ ടൈം ലൊക്കേഷന്‍ ഷെയറിങ് അവസാനിപ്പിക്കാവുന്നതാണ്. ഇതിനായി ഗൂഗിള്‍ മാപ്‌സിലെ സ്റ്റോപ്പ് ഷെയറിങ് യുവര്‍ ലൊക്കേഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്.