മുംബൈ: ഡിസംബർ 14 മുതൽ അമേരിക്കൻ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷൻ നിരക്ക് വർധിക്കും. പുതുതായി ആമസോൺ പ്രൈം സബ്‌സ്‌ക്രൈബ് ചെയ്യാനോ അല്ലെങ്കിൽ നിലവിലുള്ള പ്ലാൻ പുതുക്കാനോ സമയമായെങ്കിൽ 13 ന് അർദ്ധരാത്രിക്ക് മുൻപായി അത് ചെയ്യണമെന്നാണ് വിദഗ്ധർ പറയുന്നത്. ഡിസംബർ 13ന് ശേഷം വാർഷിക ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷന്റെ വില 1499 രൂപയായി ഉയരും. നിലവിൽ 999 രൂപയാണ് വാർഷിക പ്രൈം സബ്‌സ്‌ക്രിപ്ഷൻ നിരക്ക്.
നിലവിൽ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷൻ ഉള്ളവർ 999 രൂപയ്ക്ക് റീചാർജ് ചെയ്താൽ നിലവിലെ സബ്‌സ്‌ക്രിപ്ഷൻ കാലാവധി കഴിയുമ്പോൾ പുതിയ ഒരു വർഷത്തേക്കുള്ള സബ്‌സ്‌ക്രിപ്ഷൻ ആരംഭിക്കും. എന്നാൽ ഡിസംബർ 13 ന് ശേഷം ഇതേ റീചാർജ് ചെയ്യുമ്പോൾ 1499 രൂപ നൽകണം. നിലവിൽ 329 രൂപ വിലയുള്ള മൂന്ന് മാസത്തെ പ്ലാനിന് ഡിസംബർ 13 ന് ശേഷം 459 രൂപ നൽകേണ്ടി വരും. 129 രൂപ വിലയുള്ള ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷൻ പ്ലാനിന് ഈ മാസം 14 മുതൽ 179 രൂപയാകും.

