ഇന്‍സ്റ്റഗ്രാം കൂടുതല്‍ ചൈല്‍ഡ് ഫ്രണ്ട്‌ലി ആക്കാനൊരുങ്ങുകയാണ് കമ്പനി ഇപ്പോള്‍. ടേക്ക് എ ബ്രേക്ക് ഫീച്ചറാണ് ഇതില്‍ പ്രധാനം. ഒരു നിശ്ചിത സമയത്തില്‍ കൂടുതല്‍ നേരം നമ്മള്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിച്ചാല്‍ കുറച്ച് സമയത്തേക്ക് മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ ആപ്പ് തന്നെ നമ്മോട് നിര്‍ദ്ദേശിക്കുന്നതാണ് പുതിയ ഫീച്ചര്‍. സെപ്റ്റംബറില്‍ പ്രഖ്യാപിച്ച ഈ ഫീച്ചര്‍ ആദ്യം യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുക. വരുന്ന മാസങ്ങളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കും.
ഇന്‍സ്റ്റഗ്രാം ആപ്പിലെ സെറ്റിങ്‌സ് മെനുവില്‍ നിന്നും ഈ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. 10 മിനുറ്റ്, 20 മിനുറ്റ്, 30 മിനുറ്റ് എന്നിങ്ങനെ മൂന്ന് സമയ പരിധികളില്‍ ഫീച്ചര്‍ സെറ്റ് ചെയ്യാം. ആക്റ്റിവേറ്റ് ആക്കിക്കഴിഞ്ഞാല്‍ അതിന് അനുസരിച്ച് ഒരു ഫുള്‍ സ്‌ക്രീന്‍ അലേര്‍ട്ട് ലഭിക്കും, ദീര്‍ഘമായി ശ്വാസം എടുക്കാനോ എന്തെങ്കിലും എഴുതാനോ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് പരിശോധിക്കാനോ പാട്ട് കേള്‍ക്കാനോ തുടങ്ങിയ നിര്‍ദേശങ്ങളാണ് ലഭിക്കുക. ഫീച്ചര്‍ ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും അടുത്ത വര്‍ഷത്തോടെ ഫീച്ചറിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും ഇന്‍സ്റ്റാഗ്രാം പറയുന്നു.
കൗമാര പ്രായക്കാര്‍ക്ക് കണ്ടന്റുകള്‍ ശുപാര്‍ശ ചെയ്യുന്നതിലും കര്‍ശനമായ സമീപനം എടുക്കുമെന്നും അവര്‍ എന്തെങ്കിലും പ്രത്യേക വിഷയങ്ങളില്‍ ഏറെക്കാലം തുടരുകയാണെങ്കില്‍ വ്യത്യസ്ത വിഷയങ്ങളിലേക്ക് അവരെ പുഷ് ചെയ്യുമെന്നും ഇന്‍സ്റ്റഗ്രാം പറയുന്നു. ഈ ഫീച്ചര്‍ അടുത്ത വര്‍ഷം ലോഞ്ച് ചെയ്യും. പരിചയം ഇല്ലാത്തവര്‍ കുട്ടികളെ ടാഗ് ചെയ്യുന്നത് ഒഴിവാക്കാനുള്ള ഫീച്ചറും പരീക്ഷണഘട്ടത്തില്‍ ആണ്.

