ഇന്ത്യയിലെ ഈ വര്‍ഷത്തെ സെര്‍ച്ചിംഗ് ട്രെന്റുകള്‍ എന്തൊക്കെയാണെന്ന വ്യക്തമാക്കുന്ന ‘ഇയര്‍ ഇന്‍ സെര്‍ച്ച് 2021’ പട്ടിക പുറത്ത് വിട്ട് ഗൂഗിള്‍. ക്രിക്കറ്റാണ് ഈ വര്‍ഷവും കൂടുതല്‍ ഇന്ത്യക്കാര്‍ തിരഞ്ഞത്. ഐപിഎല്‍ ആണ് ഒന്നാം സ്ഥാനത്ത്, കൊവിന്‍, ഐസിസി ടി20 ലോകകപ്പ് എന്നിവയാണ് ആകെ സെര്‍ച്ചില്‍ ആദ്യ മൂന്ന് സ്ഥാനത്ത് എത്തിയിരിക്കുന്നത്. യൂറോകപ്പ്, ടോക്കിയോ ഒളിംപിക്‌സ് എന്നിവ തുടര്‍ന്നുള്ള നാലും അഞ്ചും സ്ഥാനത്ത് എത്തുന്നു. കൊവിഡ് വാക്‌സിന്‍, ഫ്രീഫയര്‍ റഡിം, നീരജ് ചോപ്ര, ആര്യന്‍ ഖാന്‍, കോപ്പ അമേരിക്ക എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്ന സെര്‍ച്ച്.
അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി, പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ്, ചുഴലിക്കാറ്റ്, ലോക്ഡൗണ്‍, സൂയസ് കനാല്‍, കര്‍ഷക സമരം, പക്ഷിപ്പനി, യാസ് ചുഴലിക്കാറ്റ് എല്ലാം വാര്‍ത്ത വിഭാഗത്തില്‍ വരുന്നു.
സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ ടോക്കിയോ ഒളിംപിക്‌സിലെ ഇന്ത്യന്‍ ഹീറോകളെയാണ് ആളുകള്‍ കൂടുതല്‍ തിരഞ്ഞത്. നീരജ് ചോപ്രയാണ് അതില്‍ ആദ്യം. ബോളിവുഡില്‍ നിന്നും സെര്‍ച്ച് കൂടുതല്‍ കിട്ടിയത് ആര്യന്‍ ഖാനാണ്. ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനും ഏറെ സെര്‍ച്ച് ഉണ്ട്. വിക്കി കൌശല്‍, ഷെഹബാസ് ഗില്‍, രാജ് കുന്ദ്ര എന്നിവര്‍ തുടര്‍ന്ന് വരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സിനിമ സൂര്യ നായകനായ തമിഴ് ചിത്രം ‘ജയ് ഭീം’ ആണ്. മലയാള ചിത്രം ‘ദൃശ്യം 2’ ഒന്‍പതാം സ്ഥാനത്ത് ഉണ്ട്. എന്താണ് ബ്ലാക്ക് ഫംഗസ് എന്നതാണ്, ഈ വിഭാഗത്തില്‍ ഒന്നാമത്. ഈ പട്ടികയില്‍ ‘താലിബാന്‍ എന്ത്?’, ‘എന്താണ് സ്‌ക്വഡ് ഗെയിം, ഡെല്‍റ്റ പ്ലസ് എന്ത് എന്നിങ്ങനെ വിഷയങ്ങളും ചോദ്യങ്ങളും പട്ടികയിലുണ്ട്.

