യുപിഐ പേയ്‌മെന്റ് സംവിധാനം ഇനി ഫീച്ചര്‍ ഫോണുകളിലും!

നമ്മളില്‍ ഭൂരിഭാഗം പേരും യുപിഐ പേയ്‌മെന്റ് സേവനം ഉപയോഗിക്കുന്നവരാണ്. ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയെല്ലാം യുപിഐ പേയ്‌മെന്റ് മോഡിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രം ലഭ്യമായ ഒരു ഫീച്ചറാണ് ഇത്. ആപ്പ് വഴിയാണ് പേമെന്റുകള്‍ നടത്താറുള്ളത്. എന്നാല്‍, യുണൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍ ഫേസിലൂടെയുള്ള ഈ സേവനങ്ങള്‍ ഇനി മുതല്‍ ഫീച്ചര്‍ ഫോണിലും ലഭ്യമാകുമെന്നാണ് ആര്‍ബിഐ പുറത്ത് വിട്ട സൂചനകള്‍. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയിലെ ബാങ്കിങ് മേഖലയ്ക്ക് അതൊരു മുതല്‍കൂട്ടായിരിക്കും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ ഇപ്പോള്‍ 118 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുണ്ട്. ഈ കണക്കില്‍ 44 കോടി ആളുകള്‍ ഇപ്പോഴും ഫീച്ചര്‍ ഫോണാണ് ഉപയോഗിക്കുന്നത്. 74 കോടി ആളുകള്‍ സ്മാര്‍ട്ട്ഫോണും ഉപയോഗിക്കുന്നു. ആര്‍ബിഐ യുപിഐ പേയ്‌മെന്റ് സംവിധാനം ഫീച്ചര്‍ ഫോണുകളിലേക്കും എത്തിച്ചാല്‍ ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളെ യുപിഐ പേയ്മെന്റ് ഫീച്ചര്‍ ഉപയോഗിക്കുന്നവരാക്കി മാറ്റാന്‍ പറ്റും. ഇന്ത്യയുടെ സ്വന്തം പേയ്‌മെന്റ് ഫീച്ചറിന് ഇത് മികച്ച നേട്ടമുണ്ടാക്കും.

ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ ഡിജിറ്റല്‍ പേയ്മെന്റ് ഇന്‍ഡസ്ട്രിയിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഇന്ത്യയിലെ ഓണ്‍ലൈന്‍ പേയ്‌മെന്റ് മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരുന്ന തീരുമാനം തന്നെയായിരിക്കും ഫീച്ചര്‍ ഫോണുകളിലെ യുപിഐ പേയ്‌മെന്റ് ഓപ്ഷന്‍ എന്ന് ഉറപ്പാണ്. മാത്രവുമല്ല, ഫീച്ചര്‍ ഫോണുകളില്‍ യുപിഐ പേയ്‌മെന്റ് സേവനം ലഭ്യമാകുന്നത് വിപുലമായ ഡിജിറ്റൈസേഷന് സഹായിക്കും. ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ ധാരാളമായി വര്‍ധിച്ച് വരുന്ന കാലം കൂടിയാണ് ഇത്.