Sports (Page 53)

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി-ട്വന്റി ലോകകപ്പില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. 150 റണ്‍സ് ലക്ഷ്യവുമായി ചേസിംഗിനിറങ്ങിയ ഇന്ത്യ ഒരോവറും ഏഴുവിക്കറ്റുകളും ബാക്കിനില്‍ക്കെയാണ് വിജയം കണ്ടത്. 38 പന്തുകളില്‍ എട്ടു ബൗണ്ടറികളടക്കം പുറത്താവാതെ 53 റണ്‍സടിച്ച ജെമീമ റോഡ്രിഗസും 25 പന്തുകളില്‍ 33 റണ്‍സ് നേടിയ ഷെഫാലി വെര്‍മ്മയും 20 പന്തുകളില്‍ അഞ്ചുഫോറടക്കം 31 റണ്‍സടിച്ച റിച്ച ഘോഷും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. ജെമീമയാണ് പ്‌ളെയര്‍ ഒഫ് ദ മാച്ച്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സടിച്ചത്. ക്യാപ്ടന്‍ ബിസ്മ മറൂഫിന്റെ (68 നോട്ടൗട്ട്)അര്‍ദ്ധസെഞ്ച്വറിയും അയിഷ നസീമിന്റെ (43 നോട്ടൗട്ട്) പിന്തുണയുമാണ് പാകിസ്ഥാനെ ഈ സ്‌കോറിലെത്തിച്ചത്.12.1 ഓവറില്‍ 68/4 എന്ന സ്‌കോറില്‍ അഞ്ചാം വിക്കറ്റില്‍ ഒരുമിച്ച ബിസ്മയും അയിഷയും ചേര്‍ന്ന് 47 പന്തുകളില്‍ പുറത്താവാതെ കൂട്ടിച്ചേര്‍ത്ത 81 റണ്‍സാണ് പാകിസ്ഥാനെ മാന്യമായ സ്‌കോറിലെത്തിച്ചത്. ജവേരിയ ഖാന്‍(8),മുനീബ അലി(12),നിദ ദാര്‍(0),സിദ്ര അമീന്‍(11) എന്നിവരെ പുറത്താക്കി ആധിപത്യം ഉറപ്പിച്ചിരുന്ന ഇന്ത്യയ്‌ക്കെതിരെ ബിസ്മയും അയിഷയും ഉറച്ചുനിന്ന് പൊരുതുകയായിരുന്നു. 55 പന്തുകളില്‍ ഏഴു ഫോറുകളുടെ അകമ്ബടിയോടെയാണ് ബിസ്മ 68 റണ്‍സടിച്ചത്. 25 പന്തുകള്‍ നേരിട്ട ആയിഷ രണ്ട് വീതം ഫോറും സിക്‌സും പറത്തി.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ യസ്തിക ഭാട്യയെ ആറാം ഓവറില്‍ നഷ്ടമാകുമ്‌ബോള്‍ ടീം സ്‌കോര്‍ 38ലെത്തിയിരുന്നു. തുടര്‍ന്ന് ഷെഫാലി വെര്‍മ്മയും (33) ജെമീമ റോഡ്രിഗസും ചേര്‍ന്ന് മുന്നോട്ടുനയിച്ചു. പത്താം ഓവറിന്റെ ആദ്യ പന്തില്‍ ടീം സ്‌കോര്‍ 65ല്‍വച്ചാണ് ഷെഫാലി മടങ്ങിയത്. തുടര്‍ന്നിറങ്ങിയ ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പം(16) ജമീമ 93 റണ്‍സിലെത്തിച്ചു മടങ്ങി. തുടര്‍ന്നിറങ്ങിയ റിച്ച മികച്ച പിന്തുണ നല്‍കിയതോടെ ജമീമ തകര്‍പ്പന്‍ ഷോട്ടുകളുമായി സ്‌കോര്‍ ഉയര്‍ത്തി ടീമിനെ വിജയത്തിലെത്തിച്ചു.

ഭുവനേശ്വര്‍: സന്തോഷ് ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് കേരളം കര്‍ണാടകയോട് തോല്‍വി ഏറ്റുവാങ്ങി.

20-ാം മിനിറ്റിലാണ് കളിയിലെ ഏക ഗോള്‍ പിറന്നത്. വലതു വിങ്ങില്‍നിന്നു ലഭിച്ച ക്രോസ് കര്‍ണാടകയുടെ അഭിഷേക് ശങ്കര്‍ വലയിലാക്കുകയായിരുന്നു. പിന്നീട് ഒരു ഘട്ടത്തിലും പ്രതിരോധം കടന്ന് ഗോള്‍ കണ്ടെത്താന്‍ കര്‍ണാടക കേരളത്തെ അനുവദിച്ചില്ല.

നിരവധി തവണ മികച്ച അവസരങ്ങള്‍ കേരളത്തിനു മുന്നില്‍ തുറന്നുവന്നു. എന്നാല്‍, ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. തോല്‍വിയോടെ ഗ്രൂപ്പ് ‘എ’യില്‍ കര്‍ണാടക ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. കേരളം മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

മുംബൈ: വിജയകരമായി നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി തന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ‘മുന്നോട്ട് ഒരു ചുവട്, ശക്തനാകാന്‍ ഒരു ചുവട്, മികച്ചതാകാന്‍ ഒരു ചുവട്’ എന്നായിരുന്നു പന്ത് ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പ്.

ഡിസംബര്‍ 30-നാണ് കാര്‍ അപകടത്തില്‍ ഋഷഭ് പന്തിന് പരിക്കേല്‍ക്കുന്നത്. വാഹനം ഓടിക്കുന്നതിനിടെ പന്ത് ഉറങ്ങി പോകുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തി. തീ പടര്‍ന്ന കാറില്‍ നിന്നും തലനാരിഴയ്ക്ക് പന്ത് രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് ശേഷം താരം നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു. അപകട സമയത്തുണ്ടായ പൊള്ളലുകളും മുറിവുകളും മെച്ചപ്പെട്ടുവരികയാണ്. പരിക്കില്‍ നിന്ന് പൂര്‍ണമായും കരകയറാന്‍ താരത്തിന് 6-9 മാസം വരെ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതിനാല്‍ തന്നെ ഈ വര്‍ഷത്തെ ഐപിഎല്‍ അദ്ദേഹത്തിന് നഷ്ടമായേക്കും.

ബംഗളൂരു: ബംഗളൂരു എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി.

ജയിച്ചാല്‍ പ്ലേഓഫ് ഉറപ്പിക്കാമെന്നിരിക്കെ റോയ് കൃഷ്ണ നേടിയ ഒരൊറ്റ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് പരാജയം രുചിച്ചത്. ഒന്നാം പകുതിയിലായിരുന്നു ഗോള്‍ പിറന്നത്. 32ാം മുനുറ്റില്‍ റോയ് കൃഷ്ണയാണ് പന്ത് ബ്ലാസ്റ്റേഴ്സ് വലക്കുള്ളില്‍ എത്തിച്ചത്.

ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കടന്ന് ജാവി ഹെര്‍ണാണ്ടസ് നല്‍കിയ പാസില്‍നിന്നാണ് ബെംഗളൂരു വിജയ ഗോള്‍ നേടിയത്. പന്തു ലഭിച്ച റോയ് കൃഷ്ണ പോസ്റ്റിന്റെ വലതു ഭാഗത്തുനിന്ന് ബുദ്ധിമുട്ടേറിയ ആംഗിളില്‍ എടുത്ത ഷോട്ട്, ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖല്‍ ഗില്ലിന് പാളിയതോടെ വലയിലെത്തുകയായിരുന്നു.

നാഗ്പൂര്‍: ഓസ്‌ട്രേലിയ്‌ക്കെതിരായുള്ള ആദ്യ ടെസ്റ്റിലെ മൂന്നാം ദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. രണ്ടാം ഇന്നിംഗ്സില്‍ ഓസീസിനെ 91 റണ്‍സിനാണ് ഇന്ത്യ പുറത്താക്കിയത്. ഒരു ഇന്നിംഗ്സിനും 132 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം.

മൂന്നാം ദിനമായ ഇന്ന് നേരത്തെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. 79 കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ ഔട്ടായി. രണ്ടാം ഇന്നിംഗ്സില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ക്ക് കടുത്ത പരീക്ഷണമാണ് ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ നിന്ന് നേരിടേണ്ടി വന്നത്. ആര്‍ അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ നേടി ഇന്ത്യന്‍ വിജയത്തിന് വഴിയൊരുക്കി. ജഡേജ- ഷമി എന്നിവര്‍ രണ്ടും അക്സര്‍ പട്ടേല്‍ ഒന്നും വിക്കറ്റ് വീഴ്ത്തി.

ആദ്യ ടെസ്റ്റിലെ വിജയത്തോടെ നാലു മത്സരങ്ങളുള്ള പരമ്ബരയില്‍ ഇന്ത്യ 1- 0ന് മുന്നിലെത്തിയിരിക്കുകയാണ്. ആദ്യ ഇന്നിംഗ്സില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായി 223 റണ്‍സിന്റെ ലീഡ് ഇന്ത്യ നേടിയിരുന്നു. ക്യാപ്ടന്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറി (120) ആണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബാറ്റിംഗില്‍ അര്‍ദ്ധ സെഞ്ച്വറിയും (70) രണ്ട് ഇന്നിംഗ്സിലുമായി ഏഴു വിക്കറ്റ് നേടുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് പ്‌ളേയര്‍ ഒഫ് ദി മാച്ച്.

ഖത്തര്‍ കപ്പ് സെമിഫൈനലിന്റെ ടിക്കറ്റ് വില്‍പ്പന വരുമാനം തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്ബബാധിതര്‍ക്ക് സംഭാവന ചെയ്യുമെന്ന് ഖത്തര്‍ സ്റ്റാര്‍സ് ലീഗ്. വലിയ നഷ്ടത്തില്‍ ഇരകളുടെ കുടുംബങ്ങളോട് ക്യുഎസ്എല്‍ അനുശോചനം രേഖപ്പെടുത്തി.

രാജ്യം ഏഴ് ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിക്കുന്നതിനാല്‍ തുര്‍ക്കിയെയിലെ എല്ലാ കായിക പ്രവര്‍ത്തനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ഫെബ്രുവരി 7 നും 12 നും ഇടയിലുള്ള ഈ ആഴ്ചയിലെ എല്ലാ മത്സരങ്ങളും മാറ്റിവച്ചതായി തുര്‍ക്കി ഫുട്ബോള്‍ ഫെഡറേഷന്‍ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. തെക്കന്‍ തുര്‍ക്കിയെ തിങ്കളാഴ്ചയുണ്ടായ രണ്ട് ശക്തമായ ഭൂകമ്ബങ്ങളെത്തുടര്‍ന്ന് 7,108 പേര്‍ കൊല്ലപ്പെടുകയും 40,910 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി രാജ്യത്തിന്റെ ദുരന്ത ഏജന്‍സി ബുധനാഴ്ച അറിയിച്ചു.

ബംഗളൂരു: വിജയവഴിയില്‍ തിരിച്ചെത്തിയ ആശ്വാസത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും ഇറങ്ങുന്നു. ബംഗളൂരു എഫ്.സിയാണ് എതിരാളികള്‍. ഇന്ന് ജയിച്ചാല്‍ മഞ്ഞപ്പടയ്ക്ക് പ്ലേഓഫ് ഉറപ്പിക്കാം. ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

സെമി ഉറപ്പിച്ച മുംബൈ സിറ്റിക്കും ഹൈദരാബാദിനും തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ്. 17 കളികളില്‍നിന്ന് 31 പോയിന്റുണ്ട് ടീമിന്. തുല്യ മത്സരങ്ങളില്‍നിന്ന് 28 പോയിന്റുള്ള എ.ടി.കെ മോഹന്‍ ബഗാനും 27 പോയിന്റുള്ള ഗോവയും ഒഡീഷയുമാണ് അടുത്ത സ്ഥാനങ്ങളില്‍. ഇന്നത്തെ എതിരാളികളായ ബംഗളൂരു എഫ്.സി 17 മത്സരങ്ങളില്‍നിന്ന് 25 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തില്‍ ഗോവയെ 3-2ന് വീഴ്ത്തി കേരളം. പരിക്കുസമയത്ത് പകരക്കാരന്‍ ഒ എം ആസിഫാണ് വിജയഗോള്‍ നേടിയത്.

നിജോ ഗില്‍ബെര്‍ട്ടും റിസ്വാന്‍ അലിയും മറ്റ് ഗോളുകള്‍ നേടി. ഗോവയുടെ രണ്ട് ഗോളും മുഹമ്മദ് ഹഫീസ് നേടി. 12ന് കര്‍ണാടകയുമായാണ് നിലവിലെ ചാമ്ബ്യന്‍മാരായ കേരളത്തിന്റെ കളി.

ഗ്രൂപ്പ് റൗണ്ടില്‍ രണ്ടാം ഗ്രൂപ്പില്‍ നിന്ന് കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ചാണ് കേരളം ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഇത്തവണത്ത സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ സെമി ഫൈനലുകളും ഫൈനലും സൗദി അറേബ്യയിലെ റിയാദിലെ പുതുക്കിപണിത പ്രശസ്തമായ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും.

കേപ്ടൗണ്‍: ട്വന്റി-20 വനിതാ ലോകകപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയില്‍ തുടക്കമാകും. ഇന്ന് രാത്രി 10.30 മുതല്‍ തുടങ്ങുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടും. ഞായറാഴ്ച ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.

വനിതാ ക്രിക്കറ്റ് സ്വീകാര്യതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കാലഘട്ടത്തിലാണ് ട്വന്റി-20 ലോകകപ്പിന്റെ എട്ടാം പതിപ്പിന് ദക്ഷിണാഫ്രിക്കയില്‍ തുടക്കമാകുന്നത്. ആദ്യ വനിതാ ഐ.പി.എല്ലിനുള്ള താരലേലം 13ന് നിശ്ചയിച്ചിരിക്കെ മികച്ച പ്രകടനം നടത്തി ഫ്രാഞ്ചൈസികളുടെ ശ്രദ്ധനേടാനും താരങ്ങള്‍ക്ക് അവസരമുണ്ട്. വനിതാ ഐ.പി.എല്‍ താരലേലത്തിന് മുമ്ബ് അയര്‍ലന്‍ഡ് ഒഴികെയുള്ള ടീമുകളുടെ ആദ്യമത്സരം കഴിയും. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് മുന്‍പ് 2020ല്‍ ഓസ്‌ട്രേലിയയിലാണ് ഇതിന് മുമ്ബ് വനിതാ ട്വന്റി-20 ലോകകപ്പ് നടന്നത്. ഈ മാസം 26നാണ് ഇത്തവണത്തെ ഫൈനല്‍.

പത്ത് ടീമുകള്‍

പത്ത് ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലേക്ക് യോഗ്യത നേടും.

ഗ്രൂപ്പ് എ

ഓസ്‌ട്രേലിയ, ബംഗ്ലാദേശ്,ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക.

ഗ്രൂപ്പ് ബി

ഇംഗ്ലണ്ട്, ഇന്ത്യ,അയര്‍ലന്‍ഡ്,പാകിസ്ഥാന്‍,വെസ്റ്റിന്‍ഡീസ്.

ന്യൂഡല്‍ഹി: തന്റെ തിരിച്ചുവരവ് അറിയിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ബാറ്റ്മാനുമായ ഋഷഭ് പന്ത്.

ഡിസംബര്‍ 30ന് ഉണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു താരം. എന്നാല്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധക ശ്രദ്ധ പിടിച്ചുപറ്റുകയാണ്. പുറത്തിരുന്ന് ശുദ്ധവായു ശ്വസിക്കാന്‍ കഴിയുന്നു എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.

അപകടത്തിന് ശേഷം നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായ പന്ത് സുഖം പ്രാപിക്കുന്നതിനെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് ആരാധകര്‍ക്ക് നല്‍കിയാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തത്. എന്നാല്‍ ജനുവരി 16ന് തന്റെ ജീവിതത്തിലുണ്ടായ നാടകീയമായ സംഭവങ്ങളെ കുറിച്ചും താരം ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചെയ്തിരുന്നു.