Sports (Page 52)

മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവച്ചു. ടീം സെലക്ഷനെക്കുറിച്ചും താരങ്ങള്‍ ഫിറ്റ്‌നസ് തെളിയിക്കാന്‍ ഇന്‍ജക്ഷനുകള്‍ എടുക്കുന്നതിനെപ്പറ്റിയുമൊക്കെ ഒരു മറയുമില്ലാതെ ഒളികാമറയില്‍ തുറന്നടിച്ച ചേതന്‍ ശര്‍മ്മയുടെ നടപടി ബി.സി.സി.ഐയില്‍ വലിയ അമര്‍ഷമാണ് സൃഷ്ടിച്ചിരുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള യുവതാരങ്ങളുടെ ഭാവിയെക്കുറിച്ച് ചേതന്‍ ഒളികാമറയെന്ന് അറിയാതെ സംസാരിച്ചിരുന്നു. നില്‍ക്കക്കള്ളിയില്ലാതെയാണ് ചേതന്‍ രാജി സമര്‍പ്പിച്ചത്. കയ്യോടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ രാജി സ്വീകരിച്ചതായി അറിയിക്കുകയും ചെയ്തു.

ട്വന്റി ട്വന്റി ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ ദയനീയ പരാജയത്തെത്തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുണ്ടായിരുന്ന സെലക്ഷന്‍ കമ്മറ്റി ഒന്നാകെ ബി.സി.സി.ഐ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് ഈ ജനുവരിയില്‍ ചേതനെ ചീഫ് സെലക്ടറായി വീണ്ടും നിയമിച്ചു.പുതിയ കമ്മറ്റി അംഗങ്ങളെയും നിയമിച്ചിരുന്നു. ചേതന്റെ രാജിയെത്തുടര്‍ന്ന് കമ്മറ്റി അംഗമായ എസ്.എസ് ദാസ് താത്കാലിക ചീഫ് സെലക്ടറാകുമെന്ന് സൂചനയുണ്ട്.

തിരുവനന്തപുരം: ഏഷ്യന്‍ മിക്‌സഡ് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിനുള്ള യു.എ.ഇയുടെ 16അംഗ ടീമില്‍ ഇടം നേടി ഏഴ് മലയാളികള്‍.

ദുബായ് എക്‌സ്ട്രാ അക്കാഡമി താരങ്ങളായ നനോനിക രാജേഷ്, എസ്. മധുമിത,ദേവ് വിഷ്ണു, ഐ.എച്ച്.എസ് ദുബായ് വിദ്യാര്‍ത്ഥി ഋഷഭ് കാളിദാസന്‍, ഇന്ത്യന്‍ അക്കാഡമി സ്‌കൂള്‍ വിദ്യാര്‍ത്ഥി അലീന ഖാത്തൂര്‍, ഡി.പി.എസ് ദുബായിലെ ഭരത് ലതീഷ് എന്നിവരാണ് യു.എ.ഇക്കായി കളത്തിലിറങ്ങുന്ന മലയാളികള്‍. പി.വി. സിന്ധു നയിക്കുന്ന ഇന്ത്യന്‍ ടീമുള്‍പ്പെട്ട ഗ്രൂപ്പ് ബിയിലാണ് യു.എ.ഇ ഉള്ളത്. മലേഷ്യ, കസഖ്സ്ഥാന്‍ എന്നീ ടീമുകളും ഗ്രൂപ്പ് ബിയിലാണ്.

ഹൈദാരാബാദ്: ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന പ്രൈം വോളിബാള്‍ ലീഗില്‍ ബംഗളൂരു ടോര്‍പ്പിഡോസിന് ജയം. ചെന്നൈ ബ്ലിറ്റ്‌സിനെ 3-2നാണ് തോല്‍പിച്ചത്.

സ്‌കോര്‍: 15-11, 8-15, 15-10, 15-13, 10-15. സീസണില്‍ ബെംഗളൂരിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ബംഗളൂരിന്റെ ഐബിന്‍ ജോസ് ആണ് കളിയിലെ താരം.

മുംബൈ: സെല്‍ഫി എടുക്കാന്‍ സമ്മതിക്കാഞ്ഞതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷാക്കെതിരെ ആള്‍ക്കൂട്ട ആക്രമണം. കഴിഞ്ഞ ദിവസം രാത്രി മുംബൈയിലാണ് സംഭവം. താരം സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കേസെടുത്തു.

മുംബൈയിലെ മാന്‍ഷന്‍ ക്ലബിലുള്ള സഹാറാ സ്റ്റാര്‍ ഹോട്ടലിനകത്തു വച്ചായിരുന്നു ഒരു സംഘം സെല്‍ഫി ആവശ്യപ്പെട്ടത്. താരം ഫോട്ടോ എടുക്കാന്‍ നിന്നുകൊടുക്കുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷവും സംഘം മറ്റൊരു സെല്‍ഫി ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് പൃഥ്വി ഷാ കൂട്ടാക്കിയില്ല. ഇതോടെ സംഘം താരത്തിനെതിരെ തിരിഞ്ഞു. തുടര്‍ന്ന് ഇവരെ ഹോട്ടലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ അക്രമികള്‍ പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. പിന്നീട് പൃഥ്വി ഷാ സഞ്ചരിച്ച സുഹൃത്തിന്റെ കാര്‍ ജോഗേശ്വരി ലിങ്ക് റോഡില്‍ അക്രമികള്‍ തടഞ്ഞുനിര്‍ത്തി. ബേസ്ബോള്‍ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു.

ഡല്‍ഹി: വനിതാ ടി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ. 119 റണ്‍സ് വിജയലക്ഷ്യം 11 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ഇന്ത്യ മറികടന്നത്. വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ ആറിന് 118, ഇന്ത്യ18.1 ഓവറില്‍ നാലിന് 119 സ്‌കോര്‍ നേടി. പുറത്താവാതെ 44 റണ്‍സെടുത്ത റിച്ച ഘോഷാണ് ഇന്ത്യയുടെ വിജയശില്‍പ്പി.

വിന്‍ഡീസ് ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. എന്നാല്‍ ഹര്‍മന്‍പ്രീത് കൗറും വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും നാലാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ട് ഉര്‍ത്തി വിജയത്തിലേക്ക് നയിച്ചു. റിച്ച ഘോഷ് 32 പന്തുകളില്‍ നിന്ന് പുറത്താവാതെ 44 റണ്‍സെടുത്തു.

ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. 40 പന്തുകളില്‍ നിന്ന് 42 റണ്‍സെടുത്ത സ്റ്റെഫാനി ടെയ്ലറാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. 30 റണ്‍സെടുത്ത ഷെമാനി ക്യാംബെല്ലെയും മികച്ച പ്രകടനം പുറത്തെടുത്തു.

മുംബൈ: ഏഷ്യന്‍ മിക്സഡ് ടീം ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. പി.വി സിന്ധു നയിച്ച ഇന്ത്യന്‍ ടീം ആദ്യ റൗണ്ടില്‍ കസാഖിസ്താനെ അഞ്ച് മത്സരങ്ങളിലും തോല്‍പിച്ചു. വനിത സിംഗിള്‍സില്‍ കാമില സ്മാഗുലോവയെ സിന്ധു പരാജയപ്പെടുത്തി. സ്‌കോര്‍ (21-4, 21-12).

പുരുഷ സിംഗിള്‍സില്‍ ദിമിത്രി പനാറിനെ എച്ച്.എസ്. പ്രണോയ് എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് തോല്‍പിച്ചു. സ്‌കോര്‍ (21-9, 21-11). മിക്സഡ് ഡബിള്‍സില്‍ ഇഷാന്‍ ഭട്നാഗര്‍-തനിഷ ക്രാസ്റ്റോ സഖ്യവും, പുരുഷ ഡബിള്‍സില്‍ കൃഷ്ണ പ്രസാദ് ഗരാഗ-വിഷ്ണുവര്‍ധന്‍ സഖ്യവും വിജയിച്ചു. വനിത ഡബിള്‍സില്‍ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യവും വിജയിച്ചു.

ദുബായ്: കഴിഞ്ഞ മാസത്തെ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്.

ജനുവരിയില്‍ ശ്രീലങ്കയ്ക്കും ന്യൂസിലന്‍ഡിനുമെതിരെ ഏകദിനത്തിലും ട്വന്റി-20യിലുമായി 567 റണ്‍സാണ് ഇരുപത്തിമ്മൂന്നുകാരനായ ഗില്‍ അടിച്ചെടുത്തത്. ന്യൂസിലന്‍ഡിനെതിരെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയും ട്വന്റി-20യില്‍ സെഞ്ച്വറിയും നേടിയിരുന്നു. ന്യൂസിലന്‍ഡിനെതിരെ ഗില്‍ മാന്‍ ഓഫ് ദ മാച്ചുമായിരുന്നു. ന്യൂസിലന്‍ഡിന്റെ ഡെവോണ്‍ കോണ്‍വേയേയും ഇന്ത്യയുടെ മുഹമ്മദ് സിറാജിനേയും മറികടന്നാണ് ഗില്‍ മികച്ച താരമായത്.

ഇംഗ്ലണ്ടിന്റെ അണ്ടര്‍19 വനിതാ ക്യാപ്ടന്‍ ഗ്രേസ് സ്‌ക്രൈവന്‍സാണ് മികച്ച വനിതാ താരം. ഐ.സി.സി പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമാണ് ഗ്രേസ്. ഇംഗ്ലണ്ടിനെ അണ്ടര്‍ 19 വനിതാ ലോകകപ്പിന്റെ ഫൈനലിലെത്തിക്കാന്‍ പ്രധാന പങ്ക് വഹിച്ച താരമാണ് ഗ്രേസ്. 7 മത്സരങ്ങളില്‍ നിന്ന് 293 റണ്‍സും 9 വിക്കറ്റുമാണ് താരം സ്വന്തമാക്കിയത്.

എ.ടി.കെ മോഹന്‍ബഗാന് ഹൈദരാബാദ് എഫ്.സിക്കെതിരെ ഒരു ഗോളിന്റെ തോല്‍വി. 86ാം മിനുട്ടില്‍ ബര്‍ത്തലോമിയോ ഒഗ്ബച്ചെയാണ് ഹൈദരാബാദുകാര്‍ക്കായി വല കുലുക്കിയത്.

കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് എ.ടി.കെക്കുള്ളത്. ഇന്നത്തെ വിജയത്തോടെ 39 പോയിന്റുള്ള ഹൈദരാബാദ് രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 31 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സിന് പിറകില്‍ നാലാം സ്ഥാനത്താണ് എ.ടി.കെ. 28 പോയിന്റാണ് ടീമിനുള്ളത്. 28 പോയിന്റുമായി ബംഗളൂരു അഞ്ചാം സ്ഥാനത്തുണ്ട്.

30 വയസും 181 ദിവസവും ഉള്ളപ്പോഴാണ് സൂര്യകുമാര്‍ യാദവ് ആദ്യമായി ഇന്ത്യന്‍ ടി20 ടീമില്‍ ഇടം നേടുന്നത്. നേരിട്ട ആദ്യ പന്ത് സിക്‌സറിന് തൂക്കിയാണ് സൂര്യകുമാര്‍ തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം തുടങ്ങിയത്. പിന്നീട് സൂര്യകുമാര്‍ യാദവ് എന്ന ഫയര്‍ ബ്രാന്‍ഡ് അതിവേഗം ആരാധകരുടെ ഇടയിലേക്ക് പടര്‍ന്നിറങ്ങി. ‘സ്‌കൈ’ എന്ന വിളിപ്പേരും സൂര്യകുമാറിന് വീണു. ചുരുങ്ങിയ സമയം കൊണ്ട് ടി20യില്‍ ലോക ഒന്നാം നമ്ബര്‍ സ്ഥാനവും സൂര്യ സ്വന്തമാക്കി.

ടി20യിലെ പ്രകടനം പിന്നീട് ഏകദിന ടീമിലേക്കും സൂര്യയെ തെരഞ്ഞെടുക്കാന്‍ ഇടയായി. അവിടെയും സൂര്യ തന്റെ പ്രകടനം കൊണ്ട് ഞെട്ടിച്ചു. വൈകി അരങ്ങേറിയിട്ടും കിട്ടിയ അവസരങ്ങളെല്ലാം സൂര്യകുമാര്‍ മുതലാക്കി. ഒടുവില്‍ ടെസ്റ്റ് ടീമിലേക്കും സൂര്യകുമാര്‍ എന്ന 360 ബാറ്ററെ പരിഗണിക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലാണ് സൂര്യകുമാര്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്.

അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ ഒരപൂര്‍വ റെക്കോര്‍ഡും സ്വന്തം പേരില്‍ക്കുറിച്ചാണ് സൂര്യകുമാര്‍ തന്റെ റെഡ് ബോള്‍ ക്രിക്കറ്റ് കരിയറിന് തുടക്കമിടുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് സൂര്യകുമാറിന്റെ പേരില്‍ പുതുതായി എഴുതപ്പെട്ടത്. മുപ്പത് വയസിന് ശേഷം അരങ്ങേറ്റം നടത്തിയ ഒരിന്ത്യന്‍ താരം മൂന്ന് ഫോര്‍മാറ്റുകളിലും ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ അയാളുടെ പ്രതിഭ എത്രത്തോളമുണ്ടായിരിക്കും…?!. മുപ്പത് വയസുവരെ തന്റെ പ്രകടനത്തെ കണ്ടില്ലെന്ന് നടിച്ചവര്‍ക്കുള്ള വളരെ സുന്ദരമായ മറുപടിയാണ് സൂര്യകുമാര്‍ ഓരോദിവസവും തന്റെ പ്രകടനത്തിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്നത്.

വനിതാ പ്രീമിയര്‍ ലീഗ് ത്സരത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച പ്രതിഭകള്‍ ലഭിക്കുമെന്ന് ഹര്‍മന്‍പ്രീത് കൗര്‍.

‘ഞങ്ങള്‍ ഈ നിമിഷത്തിനായി വളരെക്കാലമായി കാത്തിരിക്കുകയാണ്, ഒടുവില്‍ സമയം വന്നിരിക്കുന്നു. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്. ഈ ടൂര്‍ണമെന്റില്‍ നിന്ന് ഞങ്ങള്‍ക്ക് നിരവധി പ്രതിഭകളെ ലഭിക്കാന്‍ പോകുന്നു. ആഭ്യന്തര കളിക്കാര്‍ക്കൊപ്പം കളിക്കാന്‍ പോകുന്നു. ഒരുപാട് മത്സരങ്ങളില്‍ വിദേശ താരങ്ങള്‍ക്കെതിരെ. അത് കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്’- ഹര്‍മന്‍പ്രീത് പറഞ്ഞു.