വനിതാ ട്വന്റി-ട്വന്റി ലോകകപ്പ്: പാകിസ്ഥാനെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി-ട്വന്റി ലോകകപ്പില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. 150 റണ്‍സ് ലക്ഷ്യവുമായി ചേസിംഗിനിറങ്ങിയ ഇന്ത്യ ഒരോവറും ഏഴുവിക്കറ്റുകളും ബാക്കിനില്‍ക്കെയാണ് വിജയം കണ്ടത്. 38 പന്തുകളില്‍ എട്ടു ബൗണ്ടറികളടക്കം പുറത്താവാതെ 53 റണ്‍സടിച്ച ജെമീമ റോഡ്രിഗസും 25 പന്തുകളില്‍ 33 റണ്‍സ് നേടിയ ഷെഫാലി വെര്‍മ്മയും 20 പന്തുകളില്‍ അഞ്ചുഫോറടക്കം 31 റണ്‍സടിച്ച റിച്ച ഘോഷും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. ജെമീമയാണ് പ്‌ളെയര്‍ ഒഫ് ദ മാച്ച്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സടിച്ചത്. ക്യാപ്ടന്‍ ബിസ്മ മറൂഫിന്റെ (68 നോട്ടൗട്ട്)അര്‍ദ്ധസെഞ്ച്വറിയും അയിഷ നസീമിന്റെ (43 നോട്ടൗട്ട്) പിന്തുണയുമാണ് പാകിസ്ഥാനെ ഈ സ്‌കോറിലെത്തിച്ചത്.12.1 ഓവറില്‍ 68/4 എന്ന സ്‌കോറില്‍ അഞ്ചാം വിക്കറ്റില്‍ ഒരുമിച്ച ബിസ്മയും അയിഷയും ചേര്‍ന്ന് 47 പന്തുകളില്‍ പുറത്താവാതെ കൂട്ടിച്ചേര്‍ത്ത 81 റണ്‍സാണ് പാകിസ്ഥാനെ മാന്യമായ സ്‌കോറിലെത്തിച്ചത്. ജവേരിയ ഖാന്‍(8),മുനീബ അലി(12),നിദ ദാര്‍(0),സിദ്ര അമീന്‍(11) എന്നിവരെ പുറത്താക്കി ആധിപത്യം ഉറപ്പിച്ചിരുന്ന ഇന്ത്യയ്‌ക്കെതിരെ ബിസ്മയും അയിഷയും ഉറച്ചുനിന്ന് പൊരുതുകയായിരുന്നു. 55 പന്തുകളില്‍ ഏഴു ഫോറുകളുടെ അകമ്ബടിയോടെയാണ് ബിസ്മ 68 റണ്‍സടിച്ചത്. 25 പന്തുകള്‍ നേരിട്ട ആയിഷ രണ്ട് വീതം ഫോറും സിക്‌സും പറത്തി.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ യസ്തിക ഭാട്യയെ ആറാം ഓവറില്‍ നഷ്ടമാകുമ്‌ബോള്‍ ടീം സ്‌കോര്‍ 38ലെത്തിയിരുന്നു. തുടര്‍ന്ന് ഷെഫാലി വെര്‍മ്മയും (33) ജെമീമ റോഡ്രിഗസും ചേര്‍ന്ന് മുന്നോട്ടുനയിച്ചു. പത്താം ഓവറിന്റെ ആദ്യ പന്തില്‍ ടീം സ്‌കോര്‍ 65ല്‍വച്ചാണ് ഷെഫാലി മടങ്ങിയത്. തുടര്‍ന്നിറങ്ങിയ ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പം(16) ജമീമ 93 റണ്‍സിലെത്തിച്ചു മടങ്ങി. തുടര്‍ന്നിറങ്ങിയ റിച്ച മികച്ച പിന്തുണ നല്‍കിയതോടെ ജമീമ തകര്‍പ്പന്‍ ഷോട്ടുകളുമായി സ്‌കോര്‍ ഉയര്‍ത്തി ടീമിനെ വിജയത്തിലെത്തിച്ചു.