മുംബൈ: വിജയകരമായി നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി തന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളില് പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന് ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ‘മുന്നോട്ട് ഒരു ചുവട്, ശക്തനാകാന് ഒരു ചുവട്, മികച്ചതാകാന് ഒരു ചുവട്’ എന്നായിരുന്നു പന്ത് ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പ്.
ഡിസംബര് 30-നാണ് കാര് അപകടത്തില് ഋഷഭ് പന്തിന് പരിക്കേല്ക്കുന്നത്. വാഹനം ഓടിക്കുന്നതിനിടെ പന്ത് ഉറങ്ങി പോകുകയായിരുന്നു. നിയന്ത്രണം വിട്ട കാര് ഡിവൈഡറില് ഇടിച്ച് കത്തി. തീ പടര്ന്ന കാറില് നിന്നും തലനാരിഴയ്ക്ക് പന്ത് രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് ശേഷം താരം നിരവധി ശസ്ത്രക്രിയകള്ക്ക് വിധേയനായിരുന്നു. അപകട സമയത്തുണ്ടായ പൊള്ളലുകളും മുറിവുകളും മെച്ചപ്പെട്ടുവരികയാണ്. പരിക്കില് നിന്ന് പൂര്ണമായും കരകയറാന് താരത്തിന് 6-9 മാസം വരെ വേണ്ടിവരുമെന്ന് ഡോക്ടര്മാര് പറയുന്നു. അതിനാല് തന്നെ ഈ വര്ഷത്തെ ഐപിഎല് അദ്ദേഹത്തിന് നഷ്ടമായേക്കും.

