Sports (Page 43)

ചെന്നൈ: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 12 റണ്‍സിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയവഴിയില്‍. ചെന്നൈ ഉയര്‍ത്തിയ 218 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ലക്‌നൗ 205/7 എന്ന സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു.

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് ചെന്നൈ നേടിയത്. 31 പന്തുകളില്‍ മൂന്ന് ഫോറും നാലുസിക്‌സുമടിച്ച റിതുരാജ് ഗെയ്ക്ക്വാദ്,29 പന്തുകളില്‍ അഞ്ചുഫോറും രണ്ട് സിക്‌സുമടക്കം 47 റണ്‍സടിച്ച ഡെവോണ്‍ കോണ്‍വേ,ശിവം ദുബെ(27), മൊയീന്‍ അലി (19),അമ്ബാട്ടി റായ്ഡു(27*), നേരിട്ട മൂന്ന് പന്തുകളില്‍ രണ്ടും സിക്‌സിന് പറത്തിയ ധോണി (12) എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ചെന്നൈയെ മിന്നുന്ന സ്‌കോറിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് റിതുരാജ് ഗെയ്ക്ക്വാദും ഡെവോണ്‍ കോണ്‍വേയും വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. 55 പന്തുകളില്‍ 110 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. ലക്‌നൗ ബൗളര്‍മാരെ ഗ്രൗണ്ടിന്റെ നാലുഭാഗത്തേക്കും പറത്തിയ റിതുവാണ് കൂടുതല്‍ കസറിയത്. അഞ്ചാം ഓവറില്‍ ടീം 50 കടന്നപ്പോള്‍ ഏഴാം ഓവറില്‍ റിതുവും അര്‍ദ്ധസെഞ്ച്വറിയിലെത്തി.25 പന്തുകള്‍ മാത്രമാണ് താരത്തിന് ഇതിന് വേണ്ടിവന്നത്.

പത്താം ഓവറില്‍ റിതുവിനെ വീഴ്ത്തി രവി ബിഷ്‌ണോയ് ആണ് ലക്‌നൗവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മാര്‍ക്ക് വുഡിനായിരുന്നു ക്യാച്ച്. അടുത്ത ഓവറില്‍ കോണ്‍വേയ്യും മടങ്ങി.മാര്‍ക്ക് വുഡിന്റെ പന്തില്‍ ക്രുനാല്‍ പാണ്ഡ്യയ്ക്കായിരുന്നു ക്യാച്ച്. ഇതോടെ ചെന്നൈ 118/2 എന്ന നിലയിലായി. മൂന്നാം വിക്കറ്റില്‍ ശിവം ദുബെയും മൊയീന്‍ അലിയും ക്രീസിലൊരുമിച്ചതോടെ സ്‌കോര്‍ ബോര്‍ഡിന് വീണ്ടും ചലനമുണ്ടായി. 14-ാം ഓവറില്‍ ടീമിനെ 150ലെത്തിച്ച ശേഷമാണ് ദുബെ മടങ്ങിയത്. ബിഷ്‌ണോയ്യുടെ ബൗളിംഗില്‍ മാര്‍ക്ക് വുഡിന് പിടികൊടുത്താണ് ദുബെ പുറത്തായത്. 166ലെത്തിയപ്പോള്‍ മൊയീന്‍ അലിയും 178ല്‍ വച്ച് ബെന്‍ സ്റ്റോക്‌സും (8) പുറത്തായി. തുടര്‍ന്ന് അമ്ബാട്ടി റായ്ഡുവും ജഡേജയും(3) ചേര്‍ന്ന് 200 കടത്തി.അവസാന ഓവറിന്റെ ആദ്യ പന്തില്‍ ജഡേജ പുറത്തായി.വുഡിന്റെ പന്തില്‍ ഉയര്‍ത്തിയടിച്ചപ്പോള്‍ ബിഷ്‌ണോയ്യാണ് പിടികൂടിയത്. തുടര്‍ന്ന് എട്ടാമനായി ക്യാപ്ടന്‍ ധോണി ക്രീസിലെത്തി. നേരിട്ട ആദ്യ പന്തുതന്നെ ധോണി ഡീപ് തേഡ്മാന് മുകളിലൂടെ സിക്‌സിന് പറത്തി. അടുത്ത പന്ത് സ്‌ക്വയര്‍ ലെഗിന് മുകളിലൂടെയാണ് സിക്‌സിന് പറന്നത്. അടുത്ത പന്തില്‍ ബിഷ്‌ണോയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയും ചെയ്തു.

മറുപടിക്കിറങ്ങിയ ലക്‌നൗവിന് വേണ്ടി ഓപ്പണര്‍ കൈല്‍ മേയേഴ്‌സ് 22 പന്തുകളില്‍ എട്ടുഫോറും രണ്ട് സിക്‌സുമടക്കം 53 റണ്‍സടിച്ച് മികച്ച തുടക്കം നല്‍കിയെങ്കിലും മുറയ്ക്ക് വിക്കറ്റ് വീഴ്ത്തിയ ചെന്നൈ ബൗളര്‍മാര്‍ ലക്‌നൗവിനെ പതിയെ ബാക്ക് ഫുട്ടിലാക്കി. 5.3 ഓവറില്‍ ടീം സ്‌കോര്‍ 79ല്‍ വച്ചാണ് മേയേഴ്‌സ് പുറത്തായത്. മൊയീന്‍ അലിക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ദീപക് ഹൂഡ(2),കെ.എല്‍ രാഹുല്‍ (20),ക്രുനാല്‍ പാണ്ഡ്യ (9), സ്റ്റോയ്‌നിസ് (21) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി. ഇതില്‍ ഹൂഡ ഒഴികെയുള്ളവരെ പുറത്താക്കിയത് മൊയീന്‍ അലിയാണ്. പിന്നീട് നിക്കോളാസ് പുരാന്‍ (18പന്തുകളില്‍ 32 റണ്‍സ്) ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും ചെന്നൈയുടെ ഇംപാക്ട് പ്‌ളേയര്‍ തുഷാര്‍ ദേശ്പാണ്ഡെ പുറത്താക്കിയതോടെ ലക്‌നൗ 156/6 എന്ന നിലയിലായി.

ബംഗളൂരു: ഐപിഎല്‍ മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗളൂരു മെട്രോ കൂടുതല്‍ സമയം സര്‍വീസ് നടത്തുമെന്ന് മെട്രോ അധിക്യതര്‍ അറിയിച്ചു. ഐപിഎല്‍ മാര്‍ച്ച് നടക്കുന്ന ദിവസങ്ങളില്‍ മെട്രോയില്‍ യാത്ര ചെയുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നും അധിക്യതര്‍ പറഞ്ഞു.

ബൈയപ്പനഹളളി-കെംഗേരി, നാഗ സാന്ദ്ര-സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ ഒരുമണി വരെ മെട്രോ സര്‍വീസുകളുണ്ടാകുമെന്നും അധിക്യതര്‍ അറിയിച്ചു. നാദപ്രഭു കെമ്ബഗൗഡ സ്റ്റേഷന്‍, മജസ്റ്റിക് എന്നിവിടങ്ങളിലെ മെട്രോ ട്രെയിനുകള്‍ 1:30 വരെ സര്‍വീസ് നടത്തും.

ബൈയപ്പനഹളളി-കെംഗേരി, നാഗ സാന്ദ്ര-സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്റ്റേഷനുകളിലേക്കുളള യാത്രയ്ക്ക് 50 രൂപ മാത്രമേ നിരക്ക് ഈടാക്കുകയുളളു എന്നും അധിക്യതര്‍ അറിയിച്ചു. ഏപ്രില്‍ 2, 10, 17 മെയ് 21 തീയതികളിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക.

കൊച്ചി: തീരുമാനത്തില്‍ പ്രതിഷേധിച്ച് കളിക്കളത്തില്‍ നിന്ന് പിന്‍വാങ്ങിയ സംഭവത്തില്‍ കേരള ബ്‌ളാസ്റ്റേഴ്‌സ് എഫ്.സിയും കോച്ച് ഇവാന്‍ വുകോമനോവിച്ചും ഖേദം പ്രകടിപ്പിച്ച് രംഗത്ത്.

കഴിഞ്ഞ ദിവസം ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി ബ്‌ളാസ്റ്റേഴ്‌സിന് നാലു കോടി പിഴയും കോച്ചിന് 10 മത്സരവിലക്കും ശിക്ഷ വിധിച്ചിരുന്നു. ഇരുവരോടും പരസ്യമായി ഖേദപ്രകടനം നടത്താനും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് മാപ്പപേക്ഷ.

ഇസ്‌ളാമാബാദ്: ബിസിസിഐ പാകിസ്ഥാന്‍ താരങ്ങളെ ഐപിഎല്‍ കളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് പാക് മുന്‍ ക്രിക്കറ്റ് ക്യാപ്ടനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ പ്രതികരണം.

‘ഇന്ത്യയുടെ ഗര്‍വ്വിന്റെ ലക്ഷണമാണ് ഇതിലൂടെ വെളിവാകുന്നത്. വലിയ തോതില്‍ ഫണ്ട് കണ്ടെത്താന്‍ കഴിവുണ്ടെന്ന ബിസിസിഐയുടെ അമിത ആത്മവിശ്വാസമാണ് ഗര്‍വിന് കാരണം. ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ പവറായി മാറിയ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ലോക ക്രിക്കറ്റിനോട് തന്നെ കാണിക്കുന്നത് വല്ലാത്തൊരു ധിക്കാരമാണ്. മറ്റേത് രാജ്യങ്ങളേക്കാളും തങ്ങള്‍ക്ക് ക്രിക്കറ്റില്‍ നിന്ന് പണം കണ്ടെത്താന്‍ കഴിയുന്നുണ്ടെന്നതാണ് അവരുടെ ഈ ധിക്കാരത്തിന് കാരണം. ആരോടു കൂടെ കളിക്കണം, കളിക്കേണ്ട എന്നൊക്കെ ഇന്ത്യ തീരുമാനിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്’-ഇമ്രാന്‍ കുറ്റപ്പെടുത്തി.

ലക്‌നൗ: ഐപിഎല്‍ 16-ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 50 റണ്‍സിന് തകര്‍ത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ലക്നൗ മുന്നോട്ടുവെച്ച 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് മാത്രം നേടാനേ കഴിഞ്ഞുള്ളൂ.

48 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 56 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 20 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ബൗണ്ടറികളുമടക്കം 30 റണ്‍സെടുത്ത റൈലി റുസ്സോയ്ക്ക് മാത്രമാണ് വാര്‍ണര്‍ക്ക് ശേഷം ഡല്‍ഹി നിരയില്‍ പിടിച്ചു നില്‍ക്കാനായുള്ളൂ. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാര്‍ക്ക് വുഡാണ് ഡല്‍ഹിയെ തകര്‍ത്തത്.

ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. 16 സിക്സുകളാണ് ലഖ്നൗ താരങ്ങളെല്ലാം ചേര്‍ന്ന് പറത്തിയത്. അര്‍ധ സെഞ്ചുറി നേടിയ കൈല്‍ മയേഴ്സാണ് ലഖ്നൗവിന്റെ ടോപ് സ്‌കോറര്‍. 38 പന്തുകള്‍ നേരിട്ട താരം രണ്ട് ഫോറും ഏഴ് സിക്സും പറത്തി 73 റണ്‍സെടുത്തു. നികോകളാസ് പൂരന്‍ 21 പന്തില്‍ 36 റണ്‍സെടുത്തു.

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നോക്കൗട്ട് മത്സരത്തില്‍ ബംഗളൂരു എഫ്സിക്കെതിരെയുള്ള മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട കേരളാ ബ്ലാസ്റ്റേഴ്സിന് നാല് കോടിയാണ് പിഴ. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റേതാണ് ശിക്ഷ. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് പരസ്യമായി മാപ്പും പറയണം. അല്ലാത്ത പക്ഷം ആറ് കോടി രൂപ പിഴ ഒടുക്കേണ്ടതായി വരും.

കളിക്കാരെ തിരിച്ചുവിളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് 10 മല്‍സരങ്ങളില്‍നിന്ന് വിലക്കി. ഒപ്പം അഞ്ചുലക്ഷം രൂപ പിഴയും ചുമത്തി. പരിശീലകനും പരസ്യമായി മാപ്പു പറയണം, അല്ലെങ്കില്‍ പിഴത്തുക 10 ലക്ഷമാകും. കൂടാതെ ഡ്രസിങ് റൂമിലോ സൈഡ് ബെഞ്ചിലോ പരിശീലകന്റെ സാന്നിധ്യം ഉണ്ടാകാന്‍ പാടില്ല എന്നും വിധിയിലുണ്ട്. ഇരുക്ലബ്ബിന്റെയും റഫറിയുടെയും ഭാഗം കേട്ടശേഷമാണ് വൈഭവ് ഗാഗ്ഗര്‍ അദ്ധ്യക്ഷനായ അച്ചടക്കസമിതി ശിക്ഷ തീരുമാനിച്ചത്.

ബംഗളൂരുവിനെതിരായ നോക്കൗട്ട് മത്സരത്തിനിടെ സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിനെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ടിരുന്നു. മത്സരത്തില്‍ സുനില്‍ ഛേത്രി നേടിയ വിവാദ ഗോള്‍ റഫറി ക്രിസ്റ്റല്‍ ജോണ്‍ അനുവദിച്ചതിനെത്തുടര്‍ന്നാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. ഈ വിഷയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഐഎഫ്എഫിന് പരാതി നല്‍കുകയും മത്സരം റീപ്ലേ ചെയ്യണമെന്നും ജോണിനെ വിലക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 58 ബ്‌ളാസ്റ്റേഴ്‌സ് ലംഘിക്കുകയായിരുന്നുവെന്നും ടീം കുറ്റക്കാരാണെന്നുമാണ് എഐഎഫ്എഫ് അച്ചടക്ക സമിതി കണ്ടെത്തിയത്.

അഹമ്മദാബാദ്: ഐ.പി.എല്‍ പതിനാറാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ജേതാക്കളായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 5 വിക്കറ്റിനാണ് കീഴടക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റുതുരാജ് ഗെയ്ക്വാദിന്റെ (92) വെടിക്കെട്ട് ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ഗുജറാത്ത് 4 പന്ത് ബാക്കി നില്‍ക്കെ വിജയലക്ഷ്യത്തിലെത്തി (182/5). 36 പന്തില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 63 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ വിജയ ശില്പി. വൃദ്ധിമാന്‍ സാഹ (25), ഇംപാക്ട് പ്ലെയര്‍ സായ് സുദര്‍ശന്‍ (22), വിജയ് ശങ്കര്‍ (27) എന്നിവരും അവസാനം മിന്നലടികളുമായി പുറത്താകാതെ റഷീദ് ഖാനും (3 പന്തില്‍ 10), രാഹുല്‍ തെവാത്തിയയും (15) ഗുജറാത്ത് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

രാജ്വര്‍ദ്ധന്‍ ഹന്‍ഗാര്‍ക്കര്‍ ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ഗുജറാത്ത് ക്യാപ്ടന്‍ ഹാര്‍ദിക് പാണ്ഡ്യ ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരറ്റത്ത് വിക്കറ്റുവീഴുമ്‌ബോഴും റണ്‍റേറ്റ് താഴാതെ റുതുരാജ് ചെന്നൈ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി. 50 പന്ത് നേരിട്ട് 9 സിക്‌സും 4 ഫോറും ഉള്‍പ്പെടെയാണ് റുതുരാജ് 92 റണ്‍സ് അടിച്ചെടുത്തത്. ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ ഹാര്‍ദിക്കിനെതിരെ രണ്ട് ഫോറുകള്‍ പായിച്ചാണ് റുതുരാജ് തുടങ്ങിയത്. ഋതുരാജിനൊപ്പം ഓപ്പണിംഗിനിറങ്ങിയ ഡെവോണ്‍ കോണ്‍വേയുടെ (1) കുറ്രിതെറിപ്പിച്ച് മൂന്നാം ഓവറില്‍ ഷമി ഗുജറാത്തിന് ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും പകരമെത്തിയ മോയിന്‍ അലിയെ കൂട്ടുപിടിച്ച് (17 പന്തില്‍ 23)റുതുരാജ് സ്‌കോര്‍ ഉയര്‍ത്തി. അലിയെ വിക്കറ്റ് കീപ്പര്‍ സാഹയുടെ കൈയില്‍ എത്തിച്ച് റാഷിദ് ഖനാണ് കൂട്ടുകെട്ട് പൊളിച്ചത്.

പകരമെത്തിയ ബെന്‍ സ്റ്റോക്‌സിനെയും (7) റാഷിദിന്റെ പന്തില്‍ സാഹ പിടികൂടി. തുടര്‍ന്നെത്തിയ അമ്ബാട്ടി റായ്ഡുവിനൊപ്പം (12) റുതുരാജ് 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ചെന്നൈ സ്‌കോര്‍ താഴാതെ നോക്കി. ടീം സ്‌കോര്‍ 121ല്‍ വച്ച് അമ്ബാട്ടിയെ ജോഷ്വാ ലിറ്റില്‍ ബൗള്‍ഡാക്കി. സെഞ്ച്വറിയിലേക്ക് അടുക്കുകയായിരുന്ന റുതുരാജിനെ അല്‍സാരി ജോസഫിന്റെ പന്തില്‍ ശുഭമാന്‍ ഗില്ലാണ് പിടികൂടിയത്. ജഡേജ (1) ജോസഫിനും ദുബെ (19) ഷമിക്കും വിക്കറ്റ് നല്‍കി മടങ്ങി. ധോണി 7 പന്തില്‍ 1 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 14 റണ്‍സുമായി പുറത്താകാതെ നിന്നു.

ഐപിഎല്‍ മത്സരത്തിന് മുന്നോടിയായി, ഇന്ത്യന്‍ സൂപ്പര്‍താരങ്ങളായ രശ്മിക മന്ദാന, തമന്ന ഭാട്ടിയ, പ്രശസ്ത ഗായകന്‍ അരിജിത് സിംഗ് എന്നിവരുടെ പ്രകടനങ്ങള്‍ കാണുന്നതിന് ഒരു ഗംഭീര ഉദ്ഘാടന ചടങ്ങ് ബിസിസിഐ ആസൂത്രണം ചെയ്തിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ലേസര്‍ ഷോ നടക്കുന്നതും ഈ അവസരത്തിനായി ഒരുക്കിയേക്കാം.

ഐപിഎല്‍ ഉദ്ഘാടന ചടങ്ങിന് മിഡ്-ഇന്നിംഗ്സ് ഡ്രോണ്‍ ഷോ ഉണ്ടായിരിക്കും. 1,500 ഡ്രോണുകളുടെ സ്റ്റേഡിയത്തിന് മുകളിലുള്ള ആകാശം അലങ്കരിക്കുകയും ചെയ്യും. ഉദ്ഘാടന ചടങ്ങ് വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് ഏകദേശം 45 മിനിറ്റ് നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, ടൂര്‍ണമെന്റ് ഹോം ആന്റ് എവേ ഫോര്‍മാറ്റിലേക്ക് മടങ്ങിയതിനാല്‍, 10 ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ ഉദ്ഘാടന ചടങ്ങിന് ലഭ്യമാകില്ല.. ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള ഓപ്പണിംഗ് മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി സംഘാടകര്‍ അറിയിച്ചു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന് ഐപില്‍ 2023ന് തുടക്കമാകും. നിലവിലെ ചാമ്ബ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും നാല് തവണ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള ഏറ്റുമുട്ടലിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 ലെ ആദ്യ മത്സരം സാക്ഷ്യം വഹിക്കും. ടൂര്‍ണമെന്റിന്റെ മുന്‍ പതിപ്പില്‍ ഇരു ടീമുകളും വ്യത്യസ്തമായ ഒരു ഔട്ടിംഗ് നടത്തിയിരുന്നു, കൂടാതെ വിജയകരമായ കുറിപ്പില്‍ തങ്ങളുടെ കാമ്‌ബെയ്ന്‍ ആരംഭിക്കുക എന്നതാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്.

ഐപിഎല്‍ 2023 മിനി ലേലത്തില്‍ ശക്തമായ ഒരു ടീമിനെ കെട്ടിപ്പടുക്കാന്‍ ഇരുടീമുകളും കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച ശേഷം ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയത് രണ്ട് തവണ മാത്രമാണ്. ഐപിഎല്ലിന്റെ മുന്‍ പതിപ്പില്‍, അതായത് 2022 ല്‍, ഗുജറാത്ത് ടൈറ്റന്‍സ് രണ്ട് തവണയും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തി, അങ്ങനെ, എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീമിനേക്കാള്‍ മുന്‍തൂക്കമുണ്ട്.

എന്നാല്‍ വരാനിരിക്കുന്ന മത്സരം ശ്രദ്ധിക്കേണ്ട ഒന്നായിരിക്കും. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ മുഴുവന്‍ നഷ്ടമായ ദീപക് ചാഹറിന്റെ സേവനം ഇത്തവണ സിഎസ്‌കെയ്ക്ക് ലഭിക്കും. രവീന്ദ്ര ജഡേജയും മികച്ച ഫോമിലാണ്. പതിവ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്തിനെ നയിക്കുക.

ഐപിഎല്‍ ടൂര്‍ണമെന്റിന്റെ പുതിയ പതിപ്പിന് നാളെ തുടക്കം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ ഗുജറാത്ത് ജയന്റ്‌സും മുന്‍ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് കൊടിയേറുന്നത്.

ഇത്തവണ അസാമിലെ ബരസ്പാറ സ്റ്റേഡിയം ഐ.പി.എല്‍ വേദിയായി മാറുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ചില ഹോം മാച്ചുകളാണ് ബരസ്പാറയില്‍ നടക്കുന്നത്. കളി നിയമങ്ങളിലെ മാറ്റവും പ്രധാനമാണ്. ടോസ് കഴിഞ്ഞ ശേഷം പ്‌ളേയിംഗ് ഇലവനെയും ഇംപാക്ട് പ്‌ളേയറെയും തീരുമാനിക്കാം എന്നതാണ് പ്രധാന മാറ്റം. പിച്ചിന്റെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്‌ളേയിംഗ് ഇലവനെ തീരുമാനിക്കാം എന്നതാണ് ഇതിന്റെ ഗുണം. പ്‌ളേയിംഗ് ഇലവനെക്കൂടാതെ നാലു കളിക്കാരെ സബ്സ്റ്റിറ്റിയൂട്ടുകളായി ഓരോ ടീമിനും നിശ്ചയിക്കാം. ഇവരില്‍ ഒരാളെ ഇംപാക്ട് പ്‌ളേയര്‍ എന്ന പേരില്‍ പകരക്കാരനായി ഇറക്കാം. നിശ്ചിത സമയത്ത് ബൗളിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവശേഷിക്കുന്ന ഓവറുകളില്‍ 30വാര സര്‍ക്കിളിന് പുറത്ത് നാലുഫീല്‍ഡേഴ്‌സിനെ മാത്രമേ അനുവദിക്കൂ. വൈഡിനും നോബാളിനുമായി ഡി.ആര്‍.എസിലൂടെ അപ്പീല്‍ ചെയ്യുകയുമാകാം.

പരിക്കേറ്റ റിഷഭ് പന്തിന് പകരം ഡേവിഡ് വാര്‍ണറാവും ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കുക. പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരം നിതീഷ് റാണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്ടനാവും. ബ്രണ്ടന്‍ മക്കല്ലത്തിന് പകരം ചന്ദ്രകാന്ത് പണ്ഡിറ്റാണ് ഇക്കുറി നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യ പരിശീലകന്‍. പഞ്ചാബ് കിംഗ്‌സിലും കോച്ചും ക്യാപ്ടനും മാറുന്നുണ്ട്.മായാങ്ക് അഗര്‍വാളിന് പകരം പരിചയ സമ്ബന്നനായ ശിഖര്‍ ധവാന്‍ ക്യാപ്ടനായെത്തുമ്‌ബോള്‍ അനില്‍ കുംബ്‌ളെയ്ക്ക് പകരം കോച്ചാവുന്നത് ട്രെവര്‍ ബെയ്ലിസാണ്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദില്‍ ടോം മൂഡിക്ക് പകരം സാക്ഷാല്‍ ബ്രയാന്‍ ലാറ മുഖ്യ കോച്ചായെത്തും. എയ്ഡന്‍ മാര്‍ക്രമാണ് ക്യാപ്ടന്‍. മുംബയ് ഇന്ത്യന്‍സ് കോച്ചായിരുന്ന മഹേല ജയവര്‍ദ്ധന ടീമിന്റെ സ്ട്രാറ്റജിക് കണ്‍സള്‍ട്ടന്റായി മാറി. മാര്‍ക്ക് ബൗച്ചറാണ് പുതിയ കോച്ച്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്ടനായി സഞ്ജു സാംസണും കോച്ചായി കുമാര്‍ സംഗക്കാരയും തുടരും.

ടീം, ക്യാപ്ടന്‍, കോച്ച്

  1. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – ധോണി – ഫ്‌ളെമിംഗ്
  2. ഡല്‍ഹി ക്യാപ്പിറ്റല്‍സ് – വാര്‍ണര്‍ – റിക്കി പോണ്ടിംഗ്
  3. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് – ധവാന്‍-ബെയ്‌ലിസ്
  4. നൈറ്റ്‌റൈഡേഴ്‌സ് – നിതീഷ് റാണ- ചന്ദ്രകാന്ത് പണ്ഡിറ്റ്
  5. മുംബയ് ഇന്ത്യന്‍സ് – രോഹിത് ശര്‍മ്മ- മാര്‍ക്ക് ബൗച്ചര്‍
  6. രാജസ്ഥാന്‍ റോയല്‍സ് – സഞ്ജു സാംസണ്‍- സംഗക്കാര
  7. ആര്‍.സി.ബി – ഡുപ്‌ളെസി- സഞ്ജയ് ബംഗാര്‍
  8. സണ്‍റൈസേഴ്‌സ് – എയ്ഡന്‍ മാര്‍ക്രം – ബ്രയാന്‍ ലാറ
  9. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെ.എല്‍ രാഹുല്‍-ആന്‍ഡി ഫ്‌ളവര്‍
  10. ഗുജറാത്ത് ജയന്റ്‌സ് – ഹാര്‍ദിക് പാണ്ഡ്യ- ആശിഷ് നെഹ്‌റ.