ലക്‌നൗവിനെ കീഴടക്കി ചെന്നൈ

ചെന്നൈ: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 12 റണ്‍സിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയവഴിയില്‍. ചെന്നൈ ഉയര്‍ത്തിയ 218 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ലക്‌നൗ 205/7 എന്ന സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു.

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് ചെന്നൈ നേടിയത്. 31 പന്തുകളില്‍ മൂന്ന് ഫോറും നാലുസിക്‌സുമടിച്ച റിതുരാജ് ഗെയ്ക്ക്വാദ്,29 പന്തുകളില്‍ അഞ്ചുഫോറും രണ്ട് സിക്‌സുമടക്കം 47 റണ്‍സടിച്ച ഡെവോണ്‍ കോണ്‍വേ,ശിവം ദുബെ(27), മൊയീന്‍ അലി (19),അമ്ബാട്ടി റായ്ഡു(27*), നേരിട്ട മൂന്ന് പന്തുകളില്‍ രണ്ടും സിക്‌സിന് പറത്തിയ ധോണി (12) എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ചെന്നൈയെ മിന്നുന്ന സ്‌കോറിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് റിതുരാജ് ഗെയ്ക്ക്വാദും ഡെവോണ്‍ കോണ്‍വേയും വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. 55 പന്തുകളില്‍ 110 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. ലക്‌നൗ ബൗളര്‍മാരെ ഗ്രൗണ്ടിന്റെ നാലുഭാഗത്തേക്കും പറത്തിയ റിതുവാണ് കൂടുതല്‍ കസറിയത്. അഞ്ചാം ഓവറില്‍ ടീം 50 കടന്നപ്പോള്‍ ഏഴാം ഓവറില്‍ റിതുവും അര്‍ദ്ധസെഞ്ച്വറിയിലെത്തി.25 പന്തുകള്‍ മാത്രമാണ് താരത്തിന് ഇതിന് വേണ്ടിവന്നത്.

പത്താം ഓവറില്‍ റിതുവിനെ വീഴ്ത്തി രവി ബിഷ്‌ണോയ് ആണ് ലക്‌നൗവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മാര്‍ക്ക് വുഡിനായിരുന്നു ക്യാച്ച്. അടുത്ത ഓവറില്‍ കോണ്‍വേയ്യും മടങ്ങി.മാര്‍ക്ക് വുഡിന്റെ പന്തില്‍ ക്രുനാല്‍ പാണ്ഡ്യയ്ക്കായിരുന്നു ക്യാച്ച്. ഇതോടെ ചെന്നൈ 118/2 എന്ന നിലയിലായി. മൂന്നാം വിക്കറ്റില്‍ ശിവം ദുബെയും മൊയീന്‍ അലിയും ക്രീസിലൊരുമിച്ചതോടെ സ്‌കോര്‍ ബോര്‍ഡിന് വീണ്ടും ചലനമുണ്ടായി. 14-ാം ഓവറില്‍ ടീമിനെ 150ലെത്തിച്ച ശേഷമാണ് ദുബെ മടങ്ങിയത്. ബിഷ്‌ണോയ്യുടെ ബൗളിംഗില്‍ മാര്‍ക്ക് വുഡിന് പിടികൊടുത്താണ് ദുബെ പുറത്തായത്. 166ലെത്തിയപ്പോള്‍ മൊയീന്‍ അലിയും 178ല്‍ വച്ച് ബെന്‍ സ്റ്റോക്‌സും (8) പുറത്തായി. തുടര്‍ന്ന് അമ്ബാട്ടി റായ്ഡുവും ജഡേജയും(3) ചേര്‍ന്ന് 200 കടത്തി.അവസാന ഓവറിന്റെ ആദ്യ പന്തില്‍ ജഡേജ പുറത്തായി.വുഡിന്റെ പന്തില്‍ ഉയര്‍ത്തിയടിച്ചപ്പോള്‍ ബിഷ്‌ണോയ്യാണ് പിടികൂടിയത്. തുടര്‍ന്ന് എട്ടാമനായി ക്യാപ്ടന്‍ ധോണി ക്രീസിലെത്തി. നേരിട്ട ആദ്യ പന്തുതന്നെ ധോണി ഡീപ് തേഡ്മാന് മുകളിലൂടെ സിക്‌സിന് പറത്തി. അടുത്ത പന്ത് സ്‌ക്വയര്‍ ലെഗിന് മുകളിലൂടെയാണ് സിക്‌സിന് പറന്നത്. അടുത്ത പന്തില്‍ ബിഷ്‌ണോയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയും ചെയ്തു.

മറുപടിക്കിറങ്ങിയ ലക്‌നൗവിന് വേണ്ടി ഓപ്പണര്‍ കൈല്‍ മേയേഴ്‌സ് 22 പന്തുകളില്‍ എട്ടുഫോറും രണ്ട് സിക്‌സുമടക്കം 53 റണ്‍സടിച്ച് മികച്ച തുടക്കം നല്‍കിയെങ്കിലും മുറയ്ക്ക് വിക്കറ്റ് വീഴ്ത്തിയ ചെന്നൈ ബൗളര്‍മാര്‍ ലക്‌നൗവിനെ പതിയെ ബാക്ക് ഫുട്ടിലാക്കി. 5.3 ഓവറില്‍ ടീം സ്‌കോര്‍ 79ല്‍ വച്ചാണ് മേയേഴ്‌സ് പുറത്തായത്. മൊയീന്‍ അലിക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ദീപക് ഹൂഡ(2),കെ.എല്‍ രാഹുല്‍ (20),ക്രുനാല്‍ പാണ്ഡ്യ (9), സ്റ്റോയ്‌നിസ് (21) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി. ഇതില്‍ ഹൂഡ ഒഴികെയുള്ളവരെ പുറത്താക്കിയത് മൊയീന്‍ അലിയാണ്. പിന്നീട് നിക്കോളാസ് പുരാന്‍ (18പന്തുകളില്‍ 32 റണ്‍സ്) ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും ചെന്നൈയുടെ ഇംപാക്ട് പ്‌ളേയര്‍ തുഷാര്‍ ദേശ്പാണ്ഡെ പുറത്താക്കിയതോടെ ലക്‌നൗ 156/6 എന്ന നിലയിലായി.