ഐപിഎല്‍ ടൂര്‍ണമെന്റിന്റെ പുതിയ പതിപ്പിന് നാളെ തുടക്കം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ ഗുജറാത്ത് ജയന്റ്‌സും മുന്‍ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് കൊടിയേറുന്നത്.
ഇത്തവണ അസാമിലെ ബരസ്പാറ സ്റ്റേഡിയം ഐ.പി.എല്‍ വേദിയായി മാറുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ചില ഹോം മാച്ചുകളാണ് ബരസ്പാറയില്‍ നടക്കുന്നത്. കളി നിയമങ്ങളിലെ മാറ്റവും പ്രധാനമാണ്. ടോസ് കഴിഞ്ഞ ശേഷം പ്‌ളേയിംഗ് ഇലവനെയും ഇംപാക്ട് പ്‌ളേയറെയും തീരുമാനിക്കാം എന്നതാണ് പ്രധാന മാറ്റം. പിച്ചിന്റെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്‌ളേയിംഗ് ഇലവനെ തീരുമാനിക്കാം എന്നതാണ് ഇതിന്റെ ഗുണം. പ്‌ളേയിംഗ് ഇലവനെക്കൂടാതെ നാലു കളിക്കാരെ സബ്സ്റ്റിറ്റിയൂട്ടുകളായി ഓരോ ടീമിനും നിശ്ചയിക്കാം. ഇവരില്‍ ഒരാളെ ഇംപാക്ട് പ്‌ളേയര്‍ എന്ന പേരില്‍ പകരക്കാരനായി ഇറക്കാം. നിശ്ചിത സമയത്ത് ബൗളിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവശേഷിക്കുന്ന ഓവറുകളില്‍ 30വാര സര്‍ക്കിളിന് പുറത്ത് നാലുഫീല്‍ഡേഴ്‌സിനെ മാത്രമേ അനുവദിക്കൂ. വൈഡിനും നോബാളിനുമായി ഡി.ആര്‍.എസിലൂടെ അപ്പീല്‍ ചെയ്യുകയുമാകാം.
പരിക്കേറ്റ റിഷഭ് പന്തിന് പകരം ഡേവിഡ് വാര്‍ണറാവും ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കുക. പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരം നിതീഷ് റാണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്ടനാവും. ബ്രണ്ടന്‍ മക്കല്ലത്തിന് പകരം ചന്ദ്രകാന്ത് പണ്ഡിറ്റാണ് ഇക്കുറി നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യ പരിശീലകന്‍. പഞ്ചാബ് കിംഗ്‌സിലും കോച്ചും ക്യാപ്ടനും മാറുന്നുണ്ട്.മായാങ്ക് അഗര്‍വാളിന് പകരം പരിചയ സമ്ബന്നനായ ശിഖര്‍ ധവാന്‍ ക്യാപ്ടനായെത്തുമ്‌ബോള്‍ അനില്‍ കുംബ്‌ളെയ്ക്ക് പകരം കോച്ചാവുന്നത് ട്രെവര്‍ ബെയ്ലിസാണ്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദില്‍ ടോം മൂഡിക്ക് പകരം സാക്ഷാല്‍ ബ്രയാന്‍ ലാറ മുഖ്യ കോച്ചായെത്തും. എയ്ഡന്‍ മാര്‍ക്രമാണ് ക്യാപ്ടന്‍. മുംബയ് ഇന്ത്യന്‍സ് കോച്ചായിരുന്ന മഹേല ജയവര്‍ദ്ധന ടീമിന്റെ സ്ട്രാറ്റജിക് കണ്‍സള്‍ട്ടന്റായി മാറി. മാര്‍ക്ക് ബൗച്ചറാണ് പുതിയ കോച്ച്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്ടനായി സഞ്ജു സാംസണും കോച്ചായി കുമാര്‍ സംഗക്കാരയും തുടരും.
ടീം, ക്യാപ്ടന്‍, കോച്ച്
- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – ധോണി – ഫ്‌ളെമിംഗ്
- ഡല്‍ഹി ക്യാപ്പിറ്റല്‍സ് – വാര്‍ണര്‍ – റിക്കി പോണ്ടിംഗ്
- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് – ധവാന്‍-ബെയ്‌ലിസ്
- നൈറ്റ്‌റൈഡേഴ്‌സ് – നിതീഷ് റാണ- ചന്ദ്രകാന്ത് പണ്ഡിറ്റ്
- മുംബയ് ഇന്ത്യന്‍സ് – രോഹിത് ശര്‍മ്മ- മാര്‍ക്ക് ബൗച്ചര്‍
- രാജസ്ഥാന്‍ റോയല്‍സ് – സഞ്ജു സാംസണ്‍- സംഗക്കാര
- ആര്‍.സി.ബി – ഡുപ്‌ളെസി- സഞ്ജയ് ബംഗാര്‍
- സണ്‍റൈസേഴ്‌സ് – എയ്ഡന്‍ മാര്‍ക്രം – ബ്രയാന്‍ ലാറ
- ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെ.എല്‍ രാഹുല്‍-ആന്‍ഡി ഫ്‌ളവര്‍
- ഗുജറാത്ത് ജയന്റ്‌സ് – ഹാര്‍ദിക് പാണ്ഡ്യ- ആശിഷ് നെഹ്‌റ.

