Sports (Page 42)

ദോഹ: ഇന്ത്യന്‍ സ്‌പോര്‍ട്‌സിലേക്ക് ചുവടുവെച്ച്‌ ഖത്തര്‍ വിമാനക്കമ്ബനിയായ ഖത്തര്‍ എയര്‍വേസ്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സുമായി 75 കോടി രൂപയ്ക്കാണ് മൂന്ന് വര്‍ഷത്തെ കരാര്‍.

ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ ഖത്തര്‍ എയര്‍വേസ് എന്നെഴുതിയ ജേഴ്‌സിയുമായാകും ആര്‍സിബി കളിക്കാനിറങ്ങുക. കഴിഞ്ഞ ദിവസം ബംഗളുരുവില്‍ നടന്ന ചടങ്ങില്‍ ക്യാപ്റ്റന്‍ ഡുപ്ലസിസ്, വിരാട് കോഹ്ലി, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ ചേര്‍ന്ന് ജേഴ്‌സി പുറത്തിറക്കി.ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍ എന്ന നിലയില്‍ ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് പ്രത്യേക പാക്കേജും ഖത്തര്‍ എയര്‍വേസ് അവതരിപ്പിച്ചു.

ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഖത്തര്‍ എയര്‍വേസ് ഹോസ്പിറ്റാലിറ്റി ലോഞ്ചും സജ്ജമാണ്. പാക്കേജിന്റെ ഭാഗമായി എത്തുന്ന ആരാധകര്‍ക്ക് കോഹ്ലിക്കൊപ്പം ഫോട്ടോയെടുക്കല്‍, ടീമിന്റെ പരിശീലന സെഷന്‍, കളിക്കാരെ നേരില്‍ക്കാണാനുള്ള അവസരം തുടങ്ങി വൈവിധ്യമാര്‍ന്ന ഓഫറുകളാണ് ഉള്ളത്.

കൊല്‍ക്കത്ത: ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെ തകര്‍ത്ത് തരിപ്പണമാക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ആദ്യ മത്സരത്തില്‍ മുംബയ് ഇന്ത്യന്‍സിനെതിരെ എട്ടുവിക്കറ്റ് വിജയം നേടിയിരുന്ന ആര്‍.സി.ബി ഇന്നലെ കൊല്‍ക്കത്ത ഉയര്‍ത്തിയ 204/7 എന്ന സ്‌കോറിന് മുന്നില്‍ വെറും 123 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു.

സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തി(3.4 ഓവറില്‍ 15 റണ്‍സ് വഴങ്ങി നാലുവിക്കറ്റ്),സുയാഷ് ശര്‍മ്മ(മൂന്ന് വിക്കറ്റ്), സുനില്‍ നരെയ്ന്‍( നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് ) എന്നിവരെ ഉപയോഗിച്ചാണ് കൊല്‍ക്കത്ത വിരാടിനെയും കൂട്ടരെയും കശക്കിയെറിഞ്ഞത്. ഡുപ്‌ളെസി(23), വിരാട് (21),ബ്രേസ്വെല്‍(19), ഡേവിഡ് വില്ലി (20*),ആകാഷ് ദീപ് (17) എന്നിവര്‍ക്ക് മാത്രമാണ് ആര്‍.സി.ബി നിരയില്‍ രണ്ടക്കം കടക്കാനായത്.

തുടക്കത്തിലെ വിക്കറ്റ് വീഴ്ചയെ അതിജീവിച്ച് റഹ്മാനുള്ള ഗുര്‍ബാസ് (57),റിങ്കു സിംഗ് (46), ശാര്‍ദൂല്‍ താക്കൂര്‍ (68) എന്നിവര്‍ നടത്തിയ പോരാട്ടമാണ് കൊല്‍ക്കത്തയെ 204/7 എന്ന സ്‌കോറിലെത്തിച്ചത്. ടോസ് നേടിയ ആര്‍.സി.ബി കൊല്‍ക്കത്തയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ആര്‍.സി.ബി ക്യാപ്ടന്‍ ഫാഫ് ഡുപ്‌ളെസിയുടെ കണക്കുകൂട്ടലുകള്‍ ശരിവയ്ക്കും വിധമാണ് ആദ്യ ഓവറുകളില്‍ ഡേവിഡ് വില്ലി പന്തെറിഞ്ഞത്. നാലാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ വില്ലി വെങ്കടേഷ് അയ്യരെയും (0) മന്‍ദീപ് സിംഗിനെയും (0) പുറത്താക്കി കൊല്‍ക്കത്തയ്ക്ക് വില്ലനായി.എന്നാല്‍ അഫ്ഗാന്‍ താരം ഗുര്‍ബാസ് ഒരറ്റത്ത് തകര്‍ത്തടിച്ചതുകൊണ്ട് അത് സ്‌കോര്‍ ബോര്‍ഡിന്റെ വേഗത്തെ ബാധിച്ചില്ല.ഏഴാം ഓവറില്‍ നിതീഷ് റാണയെ(1) ബ്രേസ്വെല്‍ പുറത്താക്കിയപ്പോള്‍ കൊല്‍ക്കത്ത 47/3 എന്ന സ്‌കോറിലെത്തിയിരുന്നു. തുടര്‍ന്ന് ഗുര്‍ബാസും റിങ്കുസിംഗും ക്രീസിലൊരുമിച്ചത് കൊല്‍ക്കത്തയ്ക്ക് തുണയായി. ഇരുവരും ചേര്‍ന്ന് 11.2 ഓവറില്‍ 89/4 എന്ന സ്‌കോറിലെത്തിച്ചു. 44 പന്തുകളില്‍ ആറുഫോറും മൂന്ന് സിക്‌സും പറത്തിയ ഗുര്‍ബാസിനെ ആകാശ്ദീപ് സിംഗാണ് പുറത്താക്കിയത്.അടുത്ത പന്തില്‍ റസലും പുറത്തായെങ്കിലും വാലറ്റത്ത് റിങ്കുസിംഗും ശാര്‍ദൂല്‍ താക്കൂറും നടത്തിയ അപ്രതീക്ഷിത പോരാട്ടം 204ലെത്തിച്ചു. 20 പന്തുകളില്‍ അര്‍ദ്ധസെഞ്ച്വറി തികച്ച ശാര്‍ദൂല്‍ താക്കൂര്‍ ഐ.പി.എല്ലിലെ അതിവേഗ അര്‍ദ്ധസെഞ്ച്വറി റെക്കാഡിന് ഒപ്പമെത്തി. ആകെ 29 പന്തുകള്‍ നേരിട്ട ശാര്‍ദ്ദൂല്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സുമടക്കമാണ് 68 റണ്‍സടിച്ചത്.

മുംബൈ: കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ ടീമുകള്‍ക്ക് മുന്നറിയിപ്പുമായി ബിസിസിഐ. രോഗം പടരുന്നത് ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ ടീം ഉടമകളും കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ കൈക്കൊള്ളണമെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചു. ടീമുകള്‍ ജാഗ്രത വിടാതെ നോക്കണമെന്നും ബിസിസിഐ വ്യക്തമാക്കി.

‘ഐപിഎല്ലിനെ കോവിഡ് ബാധിക്കാതിരിക്കാനുള്ള ജാഗ്രത എല്ലാവരും സ്വീകരിക്കണം. കേസുകള്‍ വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും. എല്ലാ ടീമുകളും കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കളിക്കാരുടെ ആരോഗ്യവും സുരക്ഷയും ബിസിസിഐക്ക് വളരെ പ്രധാനപ്പെട്ടതാണ്. സര്‍ക്കാര്‍ പുറത്തിറക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും. നിലവില്‍ കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്’-ബിസിസിഐ വ്യക്തമാക്കി.

സൂറിച്ച്: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഫിഫ റാങ്കിങില്‍ ലോക ചാമ്ബ്യന്‍മാരായ അര്‍ജന്റീന ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ പോരാട്ടങ്ങളില്‍ അര്‍ജന്റീന തുടരെ രണ്ട് വിജയങ്ങള്‍ സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്.

ഏതാണ്ട് ഒരു വര്‍ഷത്തോളമായി ഒന്നാം റാങ്കില്‍ നിന്നിരുന്ന ബ്രസീല്‍ മൊറോക്കോയോട് 2-1ന് പരാജയപ്പെട്ടിരുന്നു. ഇതോടെ അര്‍ജന്റീനയുടെ വഴി എളുപ്പമായി. ബ്രസീല്‍ മൂന്നാം റാങ്കിലേക്ക് വീണു.

ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ട ഫ്രാന്‍സാണ് രണ്ടാം സ്ഥാനത്ത്. യൂറോ യോഗ്യതാ പോരാത്തില്‍ തുടരെ രണ്ട് വിജയങ്ങള്‍ അവര്‍ സ്വന്തമാക്കിയിരുന്നു. നെതല്‍ലന്‍ഡ്സ്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരെയായിരുന്നു അവരുടെ വിജയം. ബെല്‍ജിയം നാലാം റാങ്കിലും ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. നെതര്‍ലന്‍ഡ്സ് ആറാമതും ക്രൊയേഷ്യ ഏഴാം സ്ഥാനത്തും. ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍ ടീമുകളും എട്ട് ഒന്‍പത് പത്ത് സ്ഥാനങ്ങളില്‍.

ഡല്‍ഹി: കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു മത്സരം നിയന്ത്രിച്ചതിലൂടെ വിവാദ നായകനായ റഫറി ക്രിസ്റ്റല്‍ ജോണ്‍ സൂപ്പര്‍ കപ്പിനില്ലെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ എട്ട് മുതല്‍ കേരളത്തിലാണ് ഇത്തവണ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടക്കുന്നത്.

ഐ.എസ്.എല്‍ പ്ലേ ഓഫില്‍ ബംഗളൂരു-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിലെ ക്രിസ്റ്റല്‍ ജോണിന്റെ തീരുമാനമാണ് വിവാദമായത്. കളിയുടെ 96-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം വിപിന്‍ മോഹന്റെ ഫൗളിനായിരുന്നു ഫ്രീകിക്ക് അനുവദിക്കപ്പെട്ടത്. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് പ്രതിരോധ മതില്‍ തീര്‍ക്കാന്‍ സമയം കൊടുക്കാതെ ഛേത്രി കിക്കെടുക്കുകയായിരുന്നു.

റഫറിയായ ക്രിസ്റ്റല്‍ ജോണ്‍ ഗോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുക്കൊമനോവിച്ച് താരങ്ങളെ തിരിച്ചുവിളിച്ച് ഗ്രൗണ്ടില്‍ നിന്ന് കയറിപ്പോവുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം കടുത്ത അച്ചടക്കലംഘനമായി കണ്ട് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ നാല് കോടി രൂപ പിഴ ചുമത്തിയിരുന്നു. താരങ്ങളെ തിരിച്ചുവിളിച്ച കോച്ചിന് 10 മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.

ഗുവാഹത്തി: പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന് അഞ്ച് റണ്‍സ് അകലെ കാലിടറി. രാജസ്ഥാന്‍ നിരയില്‍ ക്യാപ്റ്റന്‍ സഞ്ജുവും ഷിംറോണ്‍ ഹെറ്റ്മീറും ധ്രുവ് ജുറെലും മാത്രമാണ് തിളങ്ങിയത്. ഓപണറായ ആര്‍ അശ്വിന്‍ തുടക്കം തന്നെ നിരാശപ്പെടുത്തി. പുറത്താവുമ്‌ബോള്‍ നാല് പന്ത് നേരിട്ട അശ്വിന് ഒരു റണ്‍സ് പോലും സംഭാവന ചെയ്യാന്‍ സാധിച്ചില്ല. പിന്നീടെത്തിയ ജോസ് ബട്ട്ലര്‍ 11 പന്തില്‍ 19 റണ്ണെടുത്ത് നില്‍ക്കെ നഥാന്‍ എല്ലിസിന്റെ അടുത്ത പന്ത് അടിച്ചുപറത്താന്‍ ശ്രമിച്ചെങ്കിലും വിജയകരമായ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു.

സഹ ഓപണറായ യശ്വസി ജയ്സ്വാള്‍ എട്ട് പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായപ്പോള്‍ നാലാമനായെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആദ്യ പന്തില്‍ തന്നെ സിക്സര്‍ പറത്തി കൂറ്റനടികളോടെ മുന്നോട്ടുനീങ്ങി. ബൗണ്ടറികള്‍ ആവര്‍ത്തിച്ച കളിയില്‍ ഒരവസരത്തില്‍ വിജയം ആവര്‍ത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ഫലമുണ്ടായില്ല. 25 പന്തില്‍ 42 എടുത്ത് നില്‍ക്കെ നഥാന്‍ എല്ലിസിന്റെ പന്തില്‍ മികച്ചൊരു ഷോട്ടിന് ശ്രമിച്ച നായകന്‍ മാത്യു ഷോര്‍ട്ടിന്റെ കൈയില്‍ കുരുങ്ങി. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കലും ടീമിനെ വിജയ തീരത്തേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും 26 പന്തില്‍ 21 റണ്‍സെടുത്ത് നില്‍ക്കെ നഥാന്‍ എല്ലിസിന്റെ തന്നെ പന്തില്‍ ബൗള്‍ഡായി പുറത്ത്. പിന്നീട് റിയാന്‍ പരാഗ് 12 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഷിംറോണ്‍ ഹെറ്റ്മീറും ധ്രുവ് ജുറെലുമാണ് വീണ്ടും രാജസ്ഥാനെ ആശ്വാസ തീരത്തേക്കെത്തിച്ചത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തി നീങ്ങവെ റണ്ണിനായി ഓടുന്നതിനിടെ തിരികെ ക്രീസില്‍ കയറാനാവാതെ പരുങ്ങിയതോടെ കൈയില്‍കിട്ടിയ പന്ത് പിടിച്ച് ഷാരൂഖ് ഖാന്‍ കുറ്റിയിളക്കി. ഇതോടെ രാജസ്ഥാന്‍ വീണ്ടും നിരാശയിലേക്ക് വീണെങ്കിലും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ജുറെല്‍ മുന്നോട്ടുനയിച്ചു. എന്നാല്‍ വിജയത്തിന്റെ അഞ്ച് റണ്‍സകലെ ആ പോരാട്ടം അവസാനിച്ചു. പഞ്ചാബിന് അഞ്ച് റണ്‍സ് ജയം.

പഞ്ചാബിനു വേണ്ടി 30 റണ്‍സ് വഴങ്ങി നഥാന്‍ എല്ലിസ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിങ്ങിനാണ് രണ്ടെണ്ണം. 47 റണ്‍സാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. സാം കരന്‍, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചഹാര്‍, സിക്കന്ദര്‍ റാസ എന്നിവര്‍ക്ക് വിക്കറ്റുകളൊന്നുമില്ല. നേരത്തെ, ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ ചിറകിലേറിയാണ് പഞ്ചാബ് നിര 197 റണ്‍സെന്ന കൂറ്റന്‍ സ്‌കോയുര്‍ത്തിയത്. 56 ബോള്‍ നേരിട്ട കപ്പിത്താന്‍ പുറത്താവാതെ 86 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. സഹ ഓപണറായ പ്രഭ്‌സിമ്രന്‍ സിങ്ങും ഫിഫ്റ്റിയോടെ മികച്ച പ്രകടനം കാഴ്ച വച്ചു. 34 പന്തില്‍ 60 റണ്‍സെടുത്താണ് സിങ് പുറത്തായത്. ജിതേശ് ശര്‍മ 16 പന്തില്‍ 27 റണ്‍സെടുത്തപ്പോള്‍ രണ്ട് പന്ത് നേരിട്ടെങ്കിലും ഒരു റണ്‍സെടുക്കാനേ സിക്കന്ദര്‍ റാസയ്ക്ക് സാധിച്ചുള്ളൂ. തുടര്‍ന്നെത്തിയ ഷാരൂഖ് ഖാന്‍ പത്ത് പന്തില്‍ 11 റണ്‍സെടുത്ത് മടങ്ങി. ഹോള്‍ഡറുടെ പന്തില്‍ ബട്ട്‌ലറുടെ കൈയിലാണ് ഷാരൂഖും കുടുങ്ങിയത്. തുടര്‍ന്നെത്തിയ സാം കരന് പ്രകടനം പുറത്തെടുക്കാന്‍ പന്തുകള്‍ ലഭിച്ചില്ല. രണ്ട് പന്തുകള്‍ നേരിട്ട കരണ്‍ ഒരു റണ്‍സെടുത്ത് പുറത്താവാതെ നിന്നു. രാജസ്ഥാന്‍ നിരയില്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ രവിചന്ദ്ര അശ്വിനാണ് ഒരു വിക്കറ്റ്.

ഗുവാഹത്തി: ഐ.പി.എല്ലില്‍ ഇന്ന് പഞ്ചാബ് കിങ്സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. അസമിലെ ഗുവാഹത്തി ബര്‍സാപര സ്റ്റേഡിയത്തിലാണ് ഇന്നത്തെ ഐ.പി.എല്‍. ആദ്യമായാണ് അസമിലേക്ക് ഐ.പി.എല്‍ എത്തുന്നത്. ഇതിന് മുമ്ബ് ടെലിവിഷന്‍ സ്‌ക്രീനിലൂടെ മാത്രമാണ് അസമുകാര്‍ക്ക് ഐ.പി.എല്‍ കാണാന്‍ അവസരം ലഭിച്ചത്.

രാജസ്ഥാന്‍ റോയല്‍സിന്റെ ഹോംഗ്രൗണ്ടാണ് ഗുവാഹത്തിയിലേത്. ജയ്പൂരിന് പുറമെ ഗുവാഹത്തിയെയാണ് രാജസ്ഥാന്‍ രണ്ടാമത്തെ ഹോംഗ്രൗണ്ടായി പ്രഖ്യാപിച്ചത്. സീസണില്‍ രാജസ്ഥാന്റെ ആദ്യഹോം ഗ്രൗണ്ടും രണ്ടാമത്തെ മത്സരവും. ആദ്യ മത്സരം ഹൈദരാബാദിനെതിരെ അവരുടെ തട്ടകത്ത് വെച്ചായിരുന്നു. ആ മത്സരത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് പുറത്തെടുത്ത് മലയാളി താരം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു.

അതേസമയം ആദ്യ മത്സരം ജയിച്ചാണ് പഞ്ചാബും എത്തുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പിച്ചാണ് പഞ്ചാബിന്റെ രണ്ടാംവരവ്. അതേസമയം ആദ്യ ഐപിഎല്ലിനാണ് ഗുവാഹത്തി വേദിയാകുന്നതെങ്കിലും ബാറ്റിങ് പറുദീസയാണ് ഗുവാഹത്തിയിലെ പിച്ചെന്നാണ് റിപ്പോര്‍ട്ട്. വന്‍സ്‌കോറുകള്‍ നേടാനും ചേസ് ചെയ്യാനും കഴിയും.

ഡല്‍ഹി: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ഐ.പി.എല്‍ മത്സരത്തില്‍ ആറുവിക്കറ്റിന്റെ വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് ലക്ഷ്യം 11 പന്തുകള്‍ ബാക്കിനിറുത്തിയാണ് ഗുജറാത്ത് മറികടന്നത്. 48 പന്തുകള്‍ നേരിട്ട് നാലു ഫോറും രണ്ട് സിക്‌സുമടക്കം 62 റണ്‍സുമായി പുറത്താവാതെ നിന്ന സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ വിജയത്തിന് അടിത്തറയിട്ടത്. ഇംപാക്ട പ്‌ളേയറായി ഇറങ്ങിയ വിജയ് ശങ്കറും (29) ഡേവിഡ് മില്ലറും(31) നല്‍കിയ പിന്തുണയും നിര്‍ണായകമായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 162 റണ്‍സ് നേടി.ക്യാപ്ടന്‍ ഡേവിഡ് വാര്‍ണര്‍ (37),സര്‍ഫ്രാസ് ഖാന്‍(30),അഭിഷേക് പൊറേല്‍(20), അക്ഷര്‍ പട്ടേല്‍ (36) എന്നിവരുടെ ബാറ്റിംഗാണ് ഡല്‍ഹിയെ 162ലെത്തിച്ചത്.

മൂന്നാം ഓവറില്‍ പൃഥ്വി ഷായേയും(7), മിച്ചല്‍ മാര്‍ഷിനെയും (4) പുറത്താക്കിയ മുഹമ്മദ് ഷമി ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. തുടര്‍ന്ന് അല്‍സാരി ജോസഫ് വാര്‍ണറെയും റിലീ റൂസോയേയും (0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി.തുടര്‍ന്ന് അഭിഷേകും സര്‍ഫ്രാസും അക്ഷറും ചേര്‍ന്ന് മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. റാഷിദ് ഖാനാണ് സര്‍ഫ്രാസിനെയും അഭിഷേകിനെയും പുറത്താക്കിയത്. ഷമിയും റാഷിദും മൂന്ന് വിക്കറ്റ് വീതവും അല്‍സാരി ജോസഫ് രണ്ട് വിക്കറ്റും വീഴ്ത്തി.

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യയുടെ സഞ്ജിത ചാനുവിന് നാലുവര്‍ഷം വിലക്കേര്‍പ്പെടുത്തി ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി. കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയില്‍ താരം നിരോധിത സ്റ്റിറോയ്ഡ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഭാരോദ്വഹനത്തില്‍ 2014, 2018 കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ സഞ്ജിത ചാനു സ്വര്‍ണം നേടിയിരുന്നു. 2014-ല്‍ 48 കിലോ വിഭാഗത്തിലും 2018-ല്‍ 53 കിലോ വിഭാഗത്തിലുമാണ് താരം മത്സരിച്ചത്.

കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ ഗെയിംസിനിടെ നടത്തിയ പരിശോധനയില്‍ ഡ്രോസ്റ്റനോലോണ്‍ മെറ്റബോളൈറ്റ് എന്ന നിരോധിത അനാബോളിക്ക് സ്റ്റിറോയ്ഡ് താരം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ സഞ്ജിതയ്ക്ക് ദേശീയ ഗെയിംസിലെ വെള്ളിമെഡല്‍ നഷ്ടമായേക്കും.

ഐപിഎല്ലില്‍ അമ്ബത് തവണ അര്‍ദ്ധ സ്വഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനായി വിരാട് കോഹ്ലി. കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി നേടിയവരുടെ പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് ഒന്നാം സ്ഥാനത്ത്. 60 തവണയാണ് അന്‍പതോ അതിന് മുകളിലോ വാര്‍ണര്‍ സ്‌കോര്‍ ചെയ്തത്. ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ കോഹ്ലിക്ക് തൊട്ടുപിന്നില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനുമുണ്ട്. 49 തവണയാണ് ധവാന്‍ അന്‍പതിന് മുകളില്‍ സ്‌കോര്‍ ചെയ്തത്.

മുംബൈക്കെതിരായ മത്സരത്തില്‍ 49 പന്തില്‍ 82 റണ്‍സാണ് കോഹ്ലി അടിച്ചെടുത്തത്. അഞ്ച് സിക്‌സും ആറ് ഫോറിന്റെയും അകമ്ബടിയിലായിരുന്നു ഇത്. കൂടെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസും നേടിയ 43 പന്തില്‍ 73) അര്‍ധസെഞ്ചുറികളുടെ മികവില്‍ ആര്‍സിബിക്ക് മുംബൈ ഇന്ത്യന്‍സിനെതിരെ എട്ട് വിക്കറ്റ് ജയം സ്വന്തമാക്കാനായി. 15ാം ഓവറില്‍ പിരിയുംമുമ്ബ് ഇരുവരും ചേര്‍ന്നും അടിച്ചുകൂട്ടിയത് 148 റണ്‍സാണ് കോഹ്ലി രൗദ്രഭാവം പൂണ്ട കളി 22 പന്ത് ശേഷിക്കെ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കി. 224 മത്സരങ്ങളില്‍ നിന്ന് 45 അര്‍ധസെഞ്ചുറികളും 5 സെഞ്ചുറികളും ഉള്‍പ്പെടെ 6706 റണ്‍സുമായി വിരാട് കോഹ്ലി ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ റണ്‍സ് സ്‌കോര്‍ ചെയ്തു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിനിങ്ങിനിറങ്ങിയ മുംബൈയുടെ മുന്‍നിര ബാറ്റര്‍മാരൊക്കെ പെട്ടെന്ന് കൂടാരം കയറിയപ്പോള്‍ തിലക് വര്‍മ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. തിലക് വര്‍മ 46 പന്തില്‍ നാല് സിക്‌സുകളുടേയും ഒമ്ബത് ഫോറിന്റേയും അകമ്ബടിയില്‍ പുറത്താവാതെ 84 റണ്‍സ് എടുത്തു. സീസണില്‍ ആദ്യ മത്സരത്തില്‍ വീണ മുംബൈക്കിത് ഐ.പി.എല്ലില്‍ തുടര്‍ച്ചയായ 11ാം തോല്‍വിയാണ്.