ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നോക്കൗട്ട് മത്സരത്തില്‍ ബംഗളൂരു എഫ്സിക്കെതിരെയുള്ള മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട കേരളാ ബ്ലാസ്റ്റേഴ്സിന് നാല് കോടിയാണ് പിഴ. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റേതാണ് ശിക്ഷ. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് പരസ്യമായി മാപ്പും പറയണം. അല്ലാത്ത പക്ഷം ആറ് കോടി രൂപ പിഴ ഒടുക്കേണ്ടതായി വരും.
കളിക്കാരെ തിരിച്ചുവിളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് 10 മല്‍സരങ്ങളില്‍നിന്ന് വിലക്കി. ഒപ്പം അഞ്ചുലക്ഷം രൂപ പിഴയും ചുമത്തി. പരിശീലകനും പരസ്യമായി മാപ്പു പറയണം, അല്ലെങ്കില്‍ പിഴത്തുക 10 ലക്ഷമാകും. കൂടാതെ ഡ്രസിങ് റൂമിലോ സൈഡ് ബെഞ്ചിലോ പരിശീലകന്റെ സാന്നിധ്യം ഉണ്ടാകാന്‍ പാടില്ല എന്നും വിധിയിലുണ്ട്. ഇരുക്ലബ്ബിന്റെയും റഫറിയുടെയും ഭാഗം കേട്ടശേഷമാണ് വൈഭവ് ഗാഗ്ഗര്‍ അദ്ധ്യക്ഷനായ അച്ചടക്കസമിതി ശിക്ഷ തീരുമാനിച്ചത്.
ബംഗളൂരുവിനെതിരായ നോക്കൗട്ട് മത്സരത്തിനിടെ സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിനെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ടിരുന്നു. മത്സരത്തില്‍ സുനില്‍ ഛേത്രി നേടിയ വിവാദ ഗോള്‍ റഫറി ക്രിസ്റ്റല്‍ ജോണ്‍ അനുവദിച്ചതിനെത്തുടര്‍ന്നാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. ഈ വിഷയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഐഎഫ്എഫിന് പരാതി നല്‍കുകയും മത്സരം റീപ്ലേ ചെയ്യണമെന്നും ജോണിനെ വിലക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 58 ബ്‌ളാസ്റ്റേഴ്‌സ് ലംഘിക്കുകയായിരുന്നുവെന്നും ടീം കുറ്റക്കാരാണെന്നുമാണ് എഐഎഫ്എഫ് അച്ചടക്ക സമിതി കണ്ടെത്തിയത്.

