ഫിഫ റാങ്കിങില്‍ അര്‍ജന്റീന ഒന്നാം സ്ഥാനത്ത്‌

സൂറിച്ച്: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഫിഫ റാങ്കിങില്‍ ലോക ചാമ്ബ്യന്‍മാരായ അര്‍ജന്റീന ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ പോരാട്ടങ്ങളില്‍ അര്‍ജന്റീന തുടരെ രണ്ട് വിജയങ്ങള്‍ സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്.

ഏതാണ്ട് ഒരു വര്‍ഷത്തോളമായി ഒന്നാം റാങ്കില്‍ നിന്നിരുന്ന ബ്രസീല്‍ മൊറോക്കോയോട് 2-1ന് പരാജയപ്പെട്ടിരുന്നു. ഇതോടെ അര്‍ജന്റീനയുടെ വഴി എളുപ്പമായി. ബ്രസീല്‍ മൂന്നാം റാങ്കിലേക്ക് വീണു.

ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ട ഫ്രാന്‍സാണ് രണ്ടാം സ്ഥാനത്ത്. യൂറോ യോഗ്യതാ പോരാത്തില്‍ തുടരെ രണ്ട് വിജയങ്ങള്‍ അവര്‍ സ്വന്തമാക്കിയിരുന്നു. നെതല്‍ലന്‍ഡ്സ്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരെയായിരുന്നു അവരുടെ വിജയം. ബെല്‍ജിയം നാലാം റാങ്കിലും ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. നെതര്‍ലന്‍ഡ്സ് ആറാമതും ക്രൊയേഷ്യ ഏഴാം സ്ഥാനത്തും. ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍ ടീമുകളും എട്ട് ഒന്‍പത് പത്ത് സ്ഥാനങ്ങളില്‍.