ഡല്‍ഹി: കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു മത്സരം നിയന്ത്രിച്ചതിലൂടെ വിവാദ നായകനായ റഫറി ക്രിസ്റ്റല്‍ ജോണ്‍ സൂപ്പര്‍ കപ്പിനില്ലെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ എട്ട് മുതല്‍ കേരളത്തിലാണ് ഇത്തവണ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടക്കുന്നത്.
ഐ.എസ്.എല്‍ പ്ലേ ഓഫില്‍ ബംഗളൂരു-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിലെ ക്രിസ്റ്റല്‍ ജോണിന്റെ തീരുമാനമാണ് വിവാദമായത്. കളിയുടെ 96-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം വിപിന്‍ മോഹന്റെ ഫൗളിനായിരുന്നു ഫ്രീകിക്ക് അനുവദിക്കപ്പെട്ടത്. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് പ്രതിരോധ മതില്‍ തീര്‍ക്കാന്‍ സമയം കൊടുക്കാതെ ഛേത്രി കിക്കെടുക്കുകയായിരുന്നു.
റഫറിയായ ക്രിസ്റ്റല്‍ ജോണ്‍ ഗോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുക്കൊമനോവിച്ച് താരങ്ങളെ തിരിച്ചുവിളിച്ച് ഗ്രൗണ്ടില്‍ നിന്ന് കയറിപ്പോവുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം കടുത്ത അച്ചടക്കലംഘനമായി കണ്ട് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ നാല് കോടി രൂപ പിഴ ചുമത്തിയിരുന്നു. താരങ്ങളെ തിരിച്ചുവിളിച്ച കോച്ചിന് 10 മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.

