വിജയം തുടര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സ്‌

ഡല്‍ഹി: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ഐ.പി.എല്‍ മത്സരത്തില്‍ ആറുവിക്കറ്റിന്റെ വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് ലക്ഷ്യം 11 പന്തുകള്‍ ബാക്കിനിറുത്തിയാണ് ഗുജറാത്ത് മറികടന്നത്. 48 പന്തുകള്‍ നേരിട്ട് നാലു ഫോറും രണ്ട് സിക്‌സുമടക്കം 62 റണ്‍സുമായി പുറത്താവാതെ നിന്ന സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ വിജയത്തിന് അടിത്തറയിട്ടത്. ഇംപാക്ട പ്‌ളേയറായി ഇറങ്ങിയ വിജയ് ശങ്കറും (29) ഡേവിഡ് മില്ലറും(31) നല്‍കിയ പിന്തുണയും നിര്‍ണായകമായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 162 റണ്‍സ് നേടി.ക്യാപ്ടന്‍ ഡേവിഡ് വാര്‍ണര്‍ (37),സര്‍ഫ്രാസ് ഖാന്‍(30),അഭിഷേക് പൊറേല്‍(20), അക്ഷര്‍ പട്ടേല്‍ (36) എന്നിവരുടെ ബാറ്റിംഗാണ് ഡല്‍ഹിയെ 162ലെത്തിച്ചത്.

മൂന്നാം ഓവറില്‍ പൃഥ്വി ഷായേയും(7), മിച്ചല്‍ മാര്‍ഷിനെയും (4) പുറത്താക്കിയ മുഹമ്മദ് ഷമി ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. തുടര്‍ന്ന് അല്‍സാരി ജോസഫ് വാര്‍ണറെയും റിലീ റൂസോയേയും (0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി.തുടര്‍ന്ന് അഭിഷേകും സര്‍ഫ്രാസും അക്ഷറും ചേര്‍ന്ന് മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. റാഷിദ് ഖാനാണ് സര്‍ഫ്രാസിനെയും അഭിഷേകിനെയും പുറത്താക്കിയത്. ഷമിയും റാഷിദും മൂന്ന് വിക്കറ്റ് വീതവും അല്‍സാരി ജോസഫ് രണ്ട് വിക്കറ്റും വീഴ്ത്തി.