ഗുവാഹത്തി: പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന് അഞ്ച് റണ്‍സ് അകലെ കാലിടറി. രാജസ്ഥാന്‍ നിരയില്‍ ക്യാപ്റ്റന്‍ സഞ്ജുവും ഷിംറോണ്‍ ഹെറ്റ്മീറും ധ്രുവ് ജുറെലും മാത്രമാണ് തിളങ്ങിയത്. ഓപണറായ ആര്‍ അശ്വിന്‍ തുടക്കം തന്നെ നിരാശപ്പെടുത്തി. പുറത്താവുമ്‌ബോള്‍ നാല് പന്ത് നേരിട്ട അശ്വിന് ഒരു റണ്‍സ് പോലും സംഭാവന ചെയ്യാന്‍ സാധിച്ചില്ല. പിന്നീടെത്തിയ ജോസ് ബട്ട്ലര്‍ 11 പന്തില്‍ 19 റണ്ണെടുത്ത് നില്‍ക്കെ നഥാന്‍ എല്ലിസിന്റെ അടുത്ത പന്ത് അടിച്ചുപറത്താന്‍ ശ്രമിച്ചെങ്കിലും വിജയകരമായ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു.
സഹ ഓപണറായ യശ്വസി ജയ്സ്വാള്‍ എട്ട് പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായപ്പോള്‍ നാലാമനായെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആദ്യ പന്തില്‍ തന്നെ സിക്സര്‍ പറത്തി കൂറ്റനടികളോടെ മുന്നോട്ടുനീങ്ങി. ബൗണ്ടറികള്‍ ആവര്‍ത്തിച്ച കളിയില്‍ ഒരവസരത്തില്‍ വിജയം ആവര്‍ത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ഫലമുണ്ടായില്ല. 25 പന്തില്‍ 42 എടുത്ത് നില്‍ക്കെ നഥാന്‍ എല്ലിസിന്റെ പന്തില്‍ മികച്ചൊരു ഷോട്ടിന് ശ്രമിച്ച നായകന്‍ മാത്യു ഷോര്‍ട്ടിന്റെ കൈയില്‍ കുരുങ്ങി. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കലും ടീമിനെ വിജയ തീരത്തേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും 26 പന്തില്‍ 21 റണ്‍സെടുത്ത് നില്‍ക്കെ നഥാന്‍ എല്ലിസിന്റെ തന്നെ പന്തില്‍ ബൗള്‍ഡായി പുറത്ത്. പിന്നീട് റിയാന്‍ പരാഗ് 12 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഷിംറോണ്‍ ഹെറ്റ്മീറും ധ്രുവ് ജുറെലുമാണ് വീണ്ടും രാജസ്ഥാനെ ആശ്വാസ തീരത്തേക്കെത്തിച്ചത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തി നീങ്ങവെ റണ്ണിനായി ഓടുന്നതിനിടെ തിരികെ ക്രീസില്‍ കയറാനാവാതെ പരുങ്ങിയതോടെ കൈയില്‍കിട്ടിയ പന്ത് പിടിച്ച് ഷാരൂഖ് ഖാന്‍ കുറ്റിയിളക്കി. ഇതോടെ രാജസ്ഥാന്‍ വീണ്ടും നിരാശയിലേക്ക് വീണെങ്കിലും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ജുറെല്‍ മുന്നോട്ടുനയിച്ചു. എന്നാല്‍ വിജയത്തിന്റെ അഞ്ച് റണ്‍സകലെ ആ പോരാട്ടം അവസാനിച്ചു. പഞ്ചാബിന് അഞ്ച് റണ്‍സ് ജയം.
പഞ്ചാബിനു വേണ്ടി 30 റണ്‍സ് വഴങ്ങി നഥാന്‍ എല്ലിസ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിങ്ങിനാണ് രണ്ടെണ്ണം. 47 റണ്‍സാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. സാം കരന്‍, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചഹാര്‍, സിക്കന്ദര്‍ റാസ എന്നിവര്‍ക്ക് വിക്കറ്റുകളൊന്നുമില്ല. നേരത്തെ, ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ ചിറകിലേറിയാണ് പഞ്ചാബ് നിര 197 റണ്‍സെന്ന കൂറ്റന്‍ സ്‌കോയുര്‍ത്തിയത്. 56 ബോള്‍ നേരിട്ട കപ്പിത്താന്‍ പുറത്താവാതെ 86 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. സഹ ഓപണറായ പ്രഭ്‌സിമ്രന്‍ സിങ്ങും ഫിഫ്റ്റിയോടെ മികച്ച പ്രകടനം കാഴ്ച വച്ചു. 34 പന്തില്‍ 60 റണ്‍സെടുത്താണ് സിങ് പുറത്തായത്. ജിതേശ് ശര്‍മ 16 പന്തില്‍ 27 റണ്‍സെടുത്തപ്പോള്‍ രണ്ട് പന്ത് നേരിട്ടെങ്കിലും ഒരു റണ്‍സെടുക്കാനേ സിക്കന്ദര്‍ റാസയ്ക്ക് സാധിച്ചുള്ളൂ. തുടര്‍ന്നെത്തിയ ഷാരൂഖ് ഖാന്‍ പത്ത് പന്തില്‍ 11 റണ്‍സെടുത്ത് മടങ്ങി. ഹോള്‍ഡറുടെ പന്തില്‍ ബട്ട്‌ലറുടെ കൈയിലാണ് ഷാരൂഖും കുടുങ്ങിയത്. തുടര്‍ന്നെത്തിയ സാം കരന് പ്രകടനം പുറത്തെടുക്കാന്‍ പന്തുകള്‍ ലഭിച്ചില്ല. രണ്ട് പന്തുകള്‍ നേരിട്ട കരണ്‍ ഒരു റണ്‍സെടുത്ത് പുറത്താവാതെ നിന്നു. രാജസ്ഥാന്‍ നിരയില്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ രവിചന്ദ്ര അശ്വിനാണ് ഒരു വിക്കറ്റ്.

