ആര്‍സിബിയെ തകര്‍ത്ത് കൊല്‍ക്കത്ത

കൊല്‍ക്കത്ത: ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെ തകര്‍ത്ത് തരിപ്പണമാക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ആദ്യ മത്സരത്തില്‍ മുംബയ് ഇന്ത്യന്‍സിനെതിരെ എട്ടുവിക്കറ്റ് വിജയം നേടിയിരുന്ന ആര്‍.സി.ബി ഇന്നലെ കൊല്‍ക്കത്ത ഉയര്‍ത്തിയ 204/7 എന്ന സ്‌കോറിന് മുന്നില്‍ വെറും 123 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു.

സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തി(3.4 ഓവറില്‍ 15 റണ്‍സ് വഴങ്ങി നാലുവിക്കറ്റ്),സുയാഷ് ശര്‍മ്മ(മൂന്ന് വിക്കറ്റ്), സുനില്‍ നരെയ്ന്‍( നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് ) എന്നിവരെ ഉപയോഗിച്ചാണ് കൊല്‍ക്കത്ത വിരാടിനെയും കൂട്ടരെയും കശക്കിയെറിഞ്ഞത്. ഡുപ്‌ളെസി(23), വിരാട് (21),ബ്രേസ്വെല്‍(19), ഡേവിഡ് വില്ലി (20*),ആകാഷ് ദീപ് (17) എന്നിവര്‍ക്ക് മാത്രമാണ് ആര്‍.സി.ബി നിരയില്‍ രണ്ടക്കം കടക്കാനായത്.

തുടക്കത്തിലെ വിക്കറ്റ് വീഴ്ചയെ അതിജീവിച്ച് റഹ്മാനുള്ള ഗുര്‍ബാസ് (57),റിങ്കു സിംഗ് (46), ശാര്‍ദൂല്‍ താക്കൂര്‍ (68) എന്നിവര്‍ നടത്തിയ പോരാട്ടമാണ് കൊല്‍ക്കത്തയെ 204/7 എന്ന സ്‌കോറിലെത്തിച്ചത്. ടോസ് നേടിയ ആര്‍.സി.ബി കൊല്‍ക്കത്തയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ആര്‍.സി.ബി ക്യാപ്ടന്‍ ഫാഫ് ഡുപ്‌ളെസിയുടെ കണക്കുകൂട്ടലുകള്‍ ശരിവയ്ക്കും വിധമാണ് ആദ്യ ഓവറുകളില്‍ ഡേവിഡ് വില്ലി പന്തെറിഞ്ഞത്. നാലാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ വില്ലി വെങ്കടേഷ് അയ്യരെയും (0) മന്‍ദീപ് സിംഗിനെയും (0) പുറത്താക്കി കൊല്‍ക്കത്തയ്ക്ക് വില്ലനായി.എന്നാല്‍ അഫ്ഗാന്‍ താരം ഗുര്‍ബാസ് ഒരറ്റത്ത് തകര്‍ത്തടിച്ചതുകൊണ്ട് അത് സ്‌കോര്‍ ബോര്‍ഡിന്റെ വേഗത്തെ ബാധിച്ചില്ല.ഏഴാം ഓവറില്‍ നിതീഷ് റാണയെ(1) ബ്രേസ്വെല്‍ പുറത്താക്കിയപ്പോള്‍ കൊല്‍ക്കത്ത 47/3 എന്ന സ്‌കോറിലെത്തിയിരുന്നു. തുടര്‍ന്ന് ഗുര്‍ബാസും റിങ്കുസിംഗും ക്രീസിലൊരുമിച്ചത് കൊല്‍ക്കത്തയ്ക്ക് തുണയായി. ഇരുവരും ചേര്‍ന്ന് 11.2 ഓവറില്‍ 89/4 എന്ന സ്‌കോറിലെത്തിച്ചു. 44 പന്തുകളില്‍ ആറുഫോറും മൂന്ന് സിക്‌സും പറത്തിയ ഗുര്‍ബാസിനെ ആകാശ്ദീപ് സിംഗാണ് പുറത്താക്കിയത്.അടുത്ത പന്തില്‍ റസലും പുറത്തായെങ്കിലും വാലറ്റത്ത് റിങ്കുസിംഗും ശാര്‍ദൂല്‍ താക്കൂറും നടത്തിയ അപ്രതീക്ഷിത പോരാട്ടം 204ലെത്തിച്ചു. 20 പന്തുകളില്‍ അര്‍ദ്ധസെഞ്ച്വറി തികച്ച ശാര്‍ദൂല്‍ താക്കൂര്‍ ഐ.പി.എല്ലിലെ അതിവേഗ അര്‍ദ്ധസെഞ്ച്വറി റെക്കാഡിന് ഒപ്പമെത്തി. ആകെ 29 പന്തുകള്‍ നേരിട്ട ശാര്‍ദ്ദൂല്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സുമടക്കമാണ് 68 റണ്‍സടിച്ചത്.