ജൂനിയര്‍ വനിതാ ഏഷ്യാകപ്പ് ഹോക്കി: ഇന്ത്യക്ക് കിരീടം

കാമിഗാര: ദക്ഷിണകൊറിയയെ ഫൈനലില്‍ അട്ടിമറിച്ച് ഇന്ത്യയ്ക്ക് ജൂനിയര്‍ വനിതാ ഏഷ്യാകപ്പ് ഹോക്കി കിരീടം. ജപ്പാനില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. ഇതാദ്യമായാണ് ഇന്ത്യ ജൂനിയര്‍ വനിതാ ഏഷ്യാകപ്പ് സ്വന്തമാക്കുന്നത്.

22-ാം മിനിട്ടില്‍ അന്നുനേടിയ ഗോളിലൂടെ ഇന്ത്യയാണ് മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത്. എന്നാല്‍ മൂന്ന് മിനിട്ടിനകം പാര്‍ക്ക് സിയോ ഇയോനിലൂടെ കൊറിയ തിരിച്ചടിച്ചു. 41-ാം മിനിട്ടില്‍ നീലമാണ് ഇന്ത്യയുടെ വിജയഗോള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും കൊറിയയ്ക്ക് അതൊന്നും പ്രയോജനപ്പെടുത്താന്‍ കഴിയാതെ വന്നതോടെ ഇന്ത്യ വിജയം കുറിച്ചു.