ഗുസ്തി ഫെഡറേഷനിലേക്ക് ജൂലായ് 4ന് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം

ഡല്‍ഹി: ബ്രിജ്ഭൂഷണ്‍ സിംഗിനെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ക്കിടെ ഗുസ്തി ഫെഡറേഷനിലേക്ക് ജൂലായ് 4ന് തിരഞ്ഞെടുപ്പ് നടത്താന്‍ ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്റെ തീരുമാനം.

ബ്രിജ്ഭൂഷണ്‍ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങളുമായുള്ള ചര്‍ച്ചയില്‍ ജൂണ്‍ 30നകം തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ഉറപ്പു നല്‍കിയത്. എന്നാല്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ ബോഡി യോഗം വിളിക്കാന്‍ 21 ദിവസം മുന്‍പായി നോട്ടീസ് നല്‍കേണ്ടതുണ്ട്. തിരഞ്ഞെടുപ്പിനുള്ള അന്തിമ തീയതി പ്രഖ്യാപിക്കേണ്ടത് റിട്ടേണിംഗ് ഓഫീസറാണ്. മേയ് 7ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഗുസ്തിതാരങ്ങളുടെ സമരത്തെ തുടര്‍ന്ന് മാറ്റിവച്ചതാണ്.

ചണ്ഡീഗഢ്, ഡല്‍ഹി തുടങ്ങിയകേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 25 സംസ്ഥാന യൂണിറ്റുകളുടെ എക്സിക്യൂട്ടീവ് സമിതിയില്‍ നിന്നുള്ള രണ്ട് വീതം പ്രതിനിധികളാണ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുക. അതിനാല്‍ തിരഞ്ഞെടുപ്പിനുള്ള ഇലക്ടറല്‍ കോളേജില്‍ 50 വോട്ടുകളുണ്ടാകും. തിരഞ്ഞെടുപ്പിനായി ജമ്മു കശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തല്‍ കുമാറിനെ റിട്ടേണിംഗ് ഓഫീസറായി നിയമിച്ചിട്ടുണ്ട്.