Sports (Page 28)

സാഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ കുവൈത്തിനെ 5–4ന് പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് ഇന്ത്യയ്ക്കു കിരീടം. ഇന്ത്യയുടെ 9–ാം സാഫ് കിരീടമാണിത്. 1993, 1997, 1999, 2005, 2009, 2011, 2015, 2021 വർഷങ്ങളിലാണ് ഇന്ത്യ ഇതിനു മുൻപ് ജേതാക്കളായത്. ഈ വർഷം ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാമത്തെ പ്രധാന ഫുട്ബോൾ ട്രോഫിയാണിത്.

6 ഗോളുകളുമായി ടോപ് സ്കോറർ പട്ടം സ്വന്തമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ടൂർണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. കുവൈത്തിന്റെ ആറാം കിക്ക് തട്ടിയകറ്റിയ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് സഡൻഡെത്തിൽ ഇന്ത്യയുടെ വിജയശിൽപിയായത്. നിശ്ചിത സമയത്ത് കുവൈത്തിനു വേണ്ടി അബീബ് അൽ ഖാൽദിയും (14–ാം മിനിറ്റ്) ഇന്ത്യയ്ക്കു വേണ്ടി യുവതാരം ലാലിയൻസുവാല ചാങ്തെയും (39–ാം മിനിറ്റ്) ലക്ഷ്യം കണ്ടു.

അർജന്റീനയുടെ പെഡ്രോ കാക്കിനെ തോൽപിച്ച് രണ്ടാം സീഡ് നൊവാക് ജോക്കോവിച്ച് പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ കടന്നു. സ്കോർ 6–3,6–3,7–6. മഴ പെയ്തതിനാൽ മത്സരം വൈകിയാണ് തുടങ്ങിയത്. കോർട്ടിൽ വഴുക്കലുണ്ട് എന്ന് ജോക്കോവിച്ച് പരാതിപ്പെടുകയും ചെയ്തിരുന്നു.

തുടർന്ന് താരം കോർട്ടിൽ വഴുതിയെങ്കിലും കളി വിജയിപ്പിക്കുകയായിരുന്നു. പുരുഷ സിംഗിൾസിൽ 7–ാം സീഡ് ആന്ദ്രെ റുബ്‌ലേവ്, 17–ാം സീഡ് ഹ്യൂബർട്ട് ഹർക്കാസ്, ഡേവിഡ് ഗോഫിൻ എന്നിവരും രണ്ടാം റൗണ്ടിലെത്തി.

ഇന്ത്യൻ ക്രിക്കറ്റിലേക്ക് കേരളത്തിൽ നിന്നും മറ്റൊരു താരം കൂടി. ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ട്വന്റി20 ടീമിലാണ് മലയാളി താരം മിന്നുമണി ഇടംപിടിച്ചത്. കേരളത്തിൽനിന്ന് ഇന്ത്യൻ സീനിയർ ടീമിലെത്തുന്ന ആദ്യ വനിതാ താരമാണ് മിന്നു മണി.

മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യ ബംഗ്ലദേശിനെതിരെ കളിക്കുന്നത്. മിർപൂരിലാണ് മത്സരങ്ങൾ. പതിനാറാം വയസ്സിൽ കേരള ക്രിക്കറ്റ് ടീമിലെത്തിയ മിന്നു 10 വർഷമായി കേരള ടീമുകളിൽ സ്ഥിരാംഗമാണ്. 2019ൽ ബംഗ്ലദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിൽ അംഗമായിരുന്നു. ഏഷ്യാകപ്പ് ജൂനിയർ ചാംപ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പരാജയമറിയാതെ 6 മത്സരങ്ങൾ പൂർത്തിയാക്കി ശ്രീലങ്ക. സിംബാബ്‌വെയ്ക്കെതിരെ 9 വിക്കറ്റിന്റെ ഉജ്വല ജയത്തോടെയാണ് മുൻ ചാംപ്യൻമാരായ ശ്രീലങ്ക ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ടിക്കറ്റെടുത്തത്. യോഗ്യതാ റൗണ്ടിൽ തങ്ങളുടെ ആദ്യ തോൽവി വഴങ്ങിയ സിംബാബ്‌വെയ്ക്ക് നാളെ സ്കോട്‍ലൻഡിനെതിരെ നടക്കുന്ന അവസാന മത്സരം നിർണായകമായി.

യോഗ്യതാ മത്സരങ്ങളിൽ ലങ്കയുടെ വിജയശിൽപികളായി മാറിയ ബോളർമാരാണ് ഇന്നലെ ആതിഥേയരായ സിംബാബ്‌വെയുടെ ലോകകപ്പ് മോഹങ്ങളും അട്ടിമറിച്ചത്. നവംബർ രണ്ടിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഗ്രൂപ്പ് മത്സരം. ക്വാളിഫയർ 2 എന്ന സ്ലോട്ടിലാണ് ശ്രീലങ്ക ലോകകപ്പിൽ കളിക്കുന്നത്.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തിനു പകരം 2023ലെ ഏകദിന ലോകകപ്പിൽ കളിക്കുന്നതിനു വേണ്ടി ഇന്ത്യ പുതിയ കീപ്പറെ കണ്ടെത്തണം. ഇഷാൻ കിഷൻ, കെഎൽ രാഹുൽ, സഞ്ജു സാംസൺ എന്നിവരെയെല്ലാം ഇന്ത്യ വിക്കറ്റ് കീപ്പറുടെ റോളിൽ പരിഗണിച്ചിട്ടുണ്ട്.

കെഎൽ രാഹുലായിരുന്നു ഇടക്കാലത്ത് സ്ഥിരമായി കീപ്പറായത്. എന്നാൽ രാഹുലും ഇപ്പോൾ പരിക്കിൻെറ പിടിയിലാണ്. സഞ്ജു, കിഷൻ, രാഹുൽ എന്നിവർ തമ്മിൽ കീപ്പറുടെ റോളിനായി മത്സരം ഉണ്ടെങ്കിലും രാഹുലിനാണ് കൂടുതൽ സാധ്യതയെന്ന് മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തിക് പറഞ്ഞു.

മലയാളിതാരം സഞ്ജു സാംസൺ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും കാർത്തിക് വ്യക്തമാക്കി. ടി20 ലോകകപ്പിന് മുമ്പ് വെസ്റ്റ് ഇൻഡീസിൽ ഏകദിനത്തിലും ടി20യിലും കിട്ടിയ അവസരം സഞ്ജു നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷം ദേശീയ ക്രിക്കറ്റിൽ സഞ്ജുവിൻെറ നല്ല സമയമായിരുന്നു എന്നും കാർത്തിക് വ്യക്തമാക്കി.

കാലാവസ്ഥയേയും സമ്മര്‍ദ്ദത്തേയും അതിജീവിച്ച് ഡയമണ്ട് ലീഗിൽ കരുത്ത് തെളിയിച്ച് നീരജ് ചോപ്ര. പരുക്കിനെ തുടര്‍ന്ന് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ നീരജ് തുടര്‍ച്ചയായ രണ്ടാം ഡയമണ്ട് ലീഗ് ഇവന്റിലും ഒന്നാമതെത്തി. 87.66 മീറ്റര്‍ ദൂരമെറിഞ്ഞായിരുന്നു നീരജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. “പരുക്കില്‍ നിന്ന് തിരിച്ചെത്തിയതിനാല്‍ എനിക്കല്‍പ്പം ഉത്കണ്ഠയുണ്ടായിരുന്നു.

രാത്രിയില്‍ അത്യവശ്യം തണുപ്പും അനുഭവപ്പെട്ടിരുന്നു. എന്റെ മികവിനൊപ്പം ഉയരാനായിട്ടില്ല. എന്നാലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതായി തോന്നുന്നു. എല്ലാം നന്നായി സംഭവിക്കുന്നത് ആശ്വാസം നല്‍കുന്നു. വിജയം വിജയം തന്നെയാണ്, ഞാന്‍ അത് സന്തോഷപൂര്‍വ്വം സ്വീകരിക്കു,” നീരജ് ചോപ്ര വ്യക്തമാക്കി.

ബലാത്സംഗത്തിനു ശേഷം ഒരു യുവതിയോട്, താൻ 10,000 സ്ത്രീകൾക്കൊപ്പം അന്തിയുറങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ‌ ഫ്രഞ്ച് താരം ബെഞ്ചമിൻ മെൻ‍ഡി. ബലാത്സംഗക്കേസിൽ വിചാരണ നേരിടുന്നതിനിടെയാണ് മെൻ‍ഡിയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തൽ.

ഈ വർഷം ആദ്യം രണ്ട് സ്ത്രീകളുടെ പരാതിയിൽ മെൻഡിക്കെതിരെ തെളിവുകളില്ലെന്ന് കോടതി വിധിച്ചിരുന്നു. 2017ൽ മൊണോക്കോ വിട്ട ശേഷമാണ് മെൻഡി മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നത്. 2018ൽ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലും മെൻഡി കളിച്ചിരുന്നു.

വരാനിരിക്കുന്ന വെസ്‌റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടെസ്‌റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി അജിങ്ക്യ രഹാനെയെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം തന്നെ അമ്പരപ്പിച്ചുവെന്ന് ബിസിസിഐ മുൻ പ്രസിഡന്റ് സൗരവ് ഗാംഗുലി.

പിടിഐയോട് സംസാരിക്കവെ സെലക്ഷൻ കമ്മിറ്റിയുടെ ഈ തീരുമാനത്തെ ഗാംഗുലി ചോദ്യം ചെയ്‌തു. ഇത് ടീമിന് പിന്നോട്ടുള്ള ഒരു ചുവടുവെപ്പല്ലെങ്കിലും, ഒരു പ്രായോഗിക തീരുമാനമായി കാണാൻ കഴിയില്ല. തീരുമാനത്തിന് പിന്നിലെ ചേതോ വികാരം എന്താണെന്ന് കണക്കാക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്നും ഗാംഗുലി വ്യക്തമാക്കി.

അതേസമയം, ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം ഇന്ത്യ ആദ്യമായി കളിക്കാനിറങ്ങുന്നത് വിൻഡീസിന് എതിരെയാണ്. രോഹിത് ശർമ്മ തന്നെയാണ് ടീമിനെ നയിക്കുക. യശസ്വി ജയ്‌സ്വാൾ അടക്കമുള്ള യുവനിരയെ കൂടി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉത്തർപ്രദേശിലെ വാരാണസിയില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബ് ഇൻഡ്യൻ ഫുട്ബാളിലേക്ക്. ക്ലബ്ബിന്റെ ഉടമകള്‍ കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പായ ആര്‍ഡിബിയാണ്.

അത്‌ലറ്റിക്കോ മാഡ്രിഡിനും അന്‍ഡോറന്‍ ലീഗ് ജേതാക്കളായ ഇന്റര്‍ എസ്‌കലാഡ്‌സും മുന്‍ ബാഴ്‌സലോണ താരം ജെറാര്‍ഡ് പിക്വെയുടെ ഉടമസ്ഥതയിലുള്ള സ്പാനിഷ് ലീഗ് രണ്ടാം ഡിവിഷന്‍ ക്ലബ്ബായ എഫ്‌സി അന്‍ഡോറയ്ക്കും ഇന്റര്‍ കാശി ക്ലബ്ബില്‍ പങ്കാളിത്തമുണ്ട്. കോര്‍പ്പറേറ്റ് എന്‍ട്രി വഴി നേരിട്ട് ഐ ലീഗിലേക്ക് പ്രവേശിക്കാനാണ് ക്ലബ്ബിന്റെ ശ്രമം. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായി ക്ലബ്ബ് അധികൃതര്‍ അറിയിച്ചു.

ഒളിംപിക്സ് മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവർക്കു വിദേശത്തു പരിശീലനം നടത്താൻ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി. ഏഷ്യൻ ജേതാവായ വിനേഷ് ഫോഗട്ട് ഹംഗറിയിൽ 18 ദിവസം പരിശീലനം നടത്തും.

ബജ്‌രംഗ് പുനിയ കിർഗ്സ്ഥാനിലെ ഇസിക് കുള്ളിലാണു 36 ദിവസം പരിശീലനം നടത്തുക. വിദേശ പരിശീലനത്തിനുള്ള അപേക്ഷ സമർപ്പിച്ച് 24 മണിക്കൂറിനുള്ളിൽ ടാർജറ്റ് ഒളിംപിക് പോഡിയം സ്കീമിൽ(ടോപ്സ്) ഉൾപ്പെടുത്തി ഇതിന് അംഗീകാരം നൽകിയതായി മന്ത്രാലയം വ്യക്തമാക്കി.

വിനേഷിനൊപ്പം ഫിസിയോതെറപ്പിസ്റ്റ് അശ്വിനി ജീവൻ പാട്ടിൽ, പരിശീലകൻ സുധേഷ്, ഗോദയിലെ പങ്കാളി സംഗീത ഫോഗട്ട് എന്നിവരും ഹംഗറിയിലേക്കു പോകുന്നുണ്ട്. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ടുള്ള സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന ഇരുവരും ഏതാനും മാസങ്ങളായി പരിശീലനത്തിൽ നിന്നു മാറി നിൽക്കുകയായിരുന്നു.