അയർലൻഡിനെതിരെയുള്ള മത്സരത്തിൽ മഴ പെയ്തതോടെ ഇന്ത്യക്ക് ജയം;തിരിച്ചു വരവിൽ തിളങ്ങി ബുമ്ര

ഡബ്ലിൻ : അയർലണ്ടിനെതിരെ നടന്ന ആദ്യ ടി -20 മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ഗ്രൗണ്ടിൽ മഴ പെയ്തതോടെ കളി മുഴുപ്പിക്കാൻ സാധിക്കാതെ വന്നപ്പോൾ ഡെക്ക് വർത്ത് ലൂയിസ്‌ നിയമമനുസരിച്ചാണ് ഇന്ത്യയ്ക്ക് ജയം ലഭിച്ചത്. രണ്ട് റണ്ണിന്റെ ജയമാണ് ഇന്ത്യയ്ക്ക് ഈ കളിയിലുള്ളത്. 7 വിക്കറ്റ് നഷ്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത ഓവറിൽ സ്വന്തമാക്കിയത് 139 റൺസാണ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 6.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിൽ നിൽക്കെയാണ് മഴ മൂലം കളി മുടങ്ങിയത് .

പിന്നീട് മാച്ച് തുടരാൻ സാധിക്കാതെ വന്നതോടെയാണ് ഡെക്ക് വർത്ത് നിയമപ്രകാരം ഇന്ത്യ ജയം ഉറപ്പിച്ചത് . 23 പന്തിൽ 24 റൺസെടുത്ത ഓപ്പണറായ യശസ്വി ജെയ്സ്വാൾ, നേരിട്ട ആദ്യ പന്തിൽ തന്നെ ഒന്നും നേടാതെ ഇരുന്ന തിലക് വർമ്മ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യൻ ടീമിന് നഷ്ടമായത്. കളി മഴ മൂലം നിർത്തുന്ന സമയം 19 റൺസുമായി റിതുരാജ് ഗെയ്ക് വാഥും ഒരു റണ്ണുമായി സഞ്ജു സാംസണുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. കളിയിൽ പരിക്ക് കഴിഞ്ഞു തിരിച്ചെത്തിയ ബുമ്ര ആദ്യ ഓവറിൽ തന്നെ അയർലൻഡിനെ ഞെട്ടിച്ചു. ആദ്യ ഓവറിൽ രണ്ടാം പന്തും അഞ്ചാം പന്തും എറിഞ്ഞു വിക്കറ്റുകൾ വീഴ്ത്തി ബുമ്ര താരമായി.

വാലറ്റത്ത് ഇറങ്ങിയ ബറി മക്കാർത്തിയുടെ കൂറ്റനടികളാണ് അയർലണ്ടിനെ 139 എന്ന സ്‌കോറിൽ കൊണ്ടെത്തിച്ചത് . മധ്യനിരയിലെ കുർട്ടിസ് കാംഫർ 33 പന്തിൽ ഒരു സിക്‌സും 3 ഫോറും അടിച്ചു. ക്യാപ്റ്റൻ പോൾ സ്റ്റിർലിംഗ് 11 റൺസും മാർക്ക് അഡയർ 16 റൺസും നേടി. ബുമ്ര നാല് ഓവറിലായി 24 റൺസ് വഴങ്ങിയാണ് രണ്ട് വിക്കറ്റിലൂടെ തിരിച്ചു വരവ് ഗംഭീരമാക്കിയത്. നാലോവറിൽ 23 റൺസ് വഴങ്ങി രവി ബിഷ്‌ണോയിയും കളിയിൽ രണ്ട് വിക്കറ്റ് എടുത്തിരുന്നു.