അയർലൻഡിനെതിരെയുള്ള രണ്ടാം ട്വന്റി -20 യിലും ഇന്ത്യയ്ക്ക് ജയം

അയർലൻഡിനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം ട്വന്റി-20 മത്സരത്തിൽ 33 റൺസിന് ഇന്ത്യ ജയിച്ചു. 186 റൺസ് വിജയലക്ഷ്യം കണ്ടിറങ്ങിയ അയർലൻഡിന്റെ ഇന്നിങ്‌സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 152 റൺസിലാണ് അവസാനിച്ചത്. ഇന്ത്യൻ ടീമിനായി ബുമ്ര, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയ് എന്നിവർ 2 വിക്കറ്റ് നേടി. അർഷ് ദീപ് സിംഗ് ഒരു വിക്കറ്റ് കൂടി നേടിയതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യയ്ക്ക് സ്വന്തമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടിയിരുന്നു. സഞ്ജു സാംസന്റെയും ഋതു രാജ് ഗെയ്ക് വാദിന്റെയും ഇന്നിംഗ്സ് മത്സരത്തിലെ ഇന്ത്യയുടെ സ്കോർ ഉയർത്തി.

നാലാം നമ്പറിൽ ഇറങ്ങിയ സഞ്ജു 26 പന്തിൽ 5 ഫോറും ഒരു സിക്‌സുമുൾപ്പെടെ 40 റൺസ് നേടി. യശസ്വി ജെയ്സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ് എന്നിവർ ഔട്ടായെങ്കിലും ഇന്ത്യൻ ബാറ്റർ ശിവം ദുബെ ഔട്ടാകാതെ നിന്നത് കളിയിൽ നിർണായകമായി. മൂന്നാം വിക്കറ്റിൽ പരുങ്ങി നിന്ന ഇന്ത്യയെ 71 റൺസിലെത്തിച്ചത് സഞ്ജു -ഗെയ്ക് വാദ് കൂട്ടുകെട്ടാണ്. അഞ്ചാം വിക്കറ്റിൽ ശിവം ദുബെ, റിങ്കു സിംഗ് എന്നിവർ ചേർന്ന് 55 റൺസ് നേടിയതോടെയാണ് ഇന്ത്യയുടെ സ്കോർ 180 കടന്നത്. മികച്ച നീക്കം നടത്തി ഇന്ത്യയെ ജയിപ്പിച്ച റിങ്കു സിംഗായിരുന്നു കളിയിലെ താരം.