Sports (Page 22)

സ്പാനിഷ് ലാലിഗ ഫുട്ബോൾ സീസണിൽ നടന്ന ആദ്യ മത്സരത്തിൽ ബാഴ്സിലോണയ്ക്ക് ഗെറ്റാഫയ്ക്കെതിരെ സമനിലയോടെ തുടക്കം. ഗോളൊന്നും അടിച്ചില്ലെങ്കിലും 3 ചുവപ്പ് കാർഡുകൾ ആദ്യ മത്സരത്തിന് ലഭിച്ചിട്ടുണ്ട്. ബാഴ്‌സ കോച്ച് ചാവിയ്ക്കും വിങ്ങർ റാഫിഞ്ഞയ്ക്കും ഗെറ്റാഫെ താരം ജെയ്മി മാറ്റയ്ക്കുമാണ് ചുവപ്പ് കാർഡ് ലഭിച്ചത്. റഫറി മത്സരത്തിന്റെ അവസാനഭാഗങ്ങളിൽ ബാഴ്‌സയ്ക്ക് അനുകൂലമായി പെനാൽറ്റി അനുവദിക്കാതിരുന്നത് വിവാദമായിട്ടുണ്ട്.

ഗെറ്റാഫെയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഗസ്റ്റാൻ അൽവാരസിനെ കൈമുട്ടിന് ഇടിച്ചതിനാണ് റാഫിഞ്ഞയ്ക്ക് റഫറി സീസർ ഗ്രാഡോ ചുവപ്പ് കാർഡ് നൽകിയത്. ജെയ്മി മാട്ടയ്ക്ക് റൊണാൾഡ് അരൗജോയ്ക്ക് നേരെയുണ്ടായ ഫൗളിനാണ് മഞ്ഞ കാർഡ് നൽകിയത്. ഇതോടെ 2 ടീമിലെ അംഗങ്ങളുടെ എണ്ണവും 10 ലേക്ക് ചുരുങ്ങുകയായിരുന്നു. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധം കാണിച്ചതോടെയാണ് ബാഴ്‌സ കോച്ച് ചാവിക്ക് റെഡ് കാർഡ് കിട്ടിയത്. മത്സരത്തിന്റെ ഭൂരിപക്ഷം സമയവും പന്ത് ബാഴ്‌സ താരങ്ങളുടെ കൈയ്യിലായിട്ടും ഗോൾ നേടാൻ കഴിയാതെ പോയത് ടീമിന് നിരാശയുണ്ടാക്കി.

ഹൈദരാബാദ് : ഇന്ത്യൻ പെലെ എന്നറിയപ്പെട്ടിരുന്ന ഫുട്‍ബോൾ ഇതിഹാസം മുഹമ്മദ് ഹബീബ് (74 ) അന്തരിച്ചു. ഡിമെൻഷ്യ, പാർക്കിൻസൺ എന്നീ രോഗങ്ങൾ മൂലം കുറേ നാളുകളായി ചികിത്സയിലായിരുന്നു. 1970 കാലഘട്ടത്തിൽ ഇന്ത്യയിൽ ഫുട്ബോളിന് ചുക്കാൻ പിടിച്ച വ്യക്തിയായിരുന്നു ഹബീബ്. പെലെയുടെ ന്യൂയോർക്ക് കോസ്‌മോസിനെതിരെ 1977 സെപ്റ്റംബർ 24 ന് മോഹൻ ബഗാന് വേണ്ടി ഗോൾ നേടുകയും സാക്ഷാൽ പെലെയുടെ അഭിനന്ദനത്തിന് അർഹനാവുകയും ചെയ്തു.

1960 മുതൽ 1975 വരെയുള്ള കാലഘട്ടത്തിൽ ദേശീയ ടീമിനായി കളിച്ച അദ്ദേഹം ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ടീമിലെ അംഗമായിരുന്നു. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മുഹമ്മദൻ സ്പോർട്ടിങ് തുടങ്ങി നിരവധി ക്ലബ്ബുകൾക്കായി മത്സരിച്ചിട്ടുണ്ട്. തെലങ്കാന സ്വദേശിയായ ഹബീബ് 1969 ൽ സന്തോഷ് ട്രോഫി ഉയർത്തിയ ബംഗാൾ ടീമിൽ അംഗമായിരുന്നു.

ബർമിങ്ങാം : ലോക ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വിജയത്തോടെ തുടക്കമിട്ട് ഇന്ത്യൻ വനിത ടീം. എതിരില്ലാത്ത ഒരു ഗോളിനാണ് ഓസ്ട്രിയയെ ഇന്ത്യ പരാജയപ്പെടുത്തിയത്. ടീമിന് വേണ്ടി വിജയ ഗോൾ നേടിയത് അക്ഷര റാണയാണ് . ഇതോടെ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് അക്ഷര എന്ന 12 കാരി സ്വന്തമാക്കി.

അർജന്റീനയ്‌ക്കെതിരെ 16 നാണ് ഇന്ത്യയുടെ അടുത്ത മത്സരം നടക്കുന്നത്. വേൾഡ് ഗെയിംസിന്റെ ഭാഗമായി ഇന്റർ നാഷണൽ ബ്ലൈൻഡ് സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ചാമ്പ്യൻ ഷിപ്പാണിത്. ഐ ബി എഫ് എഫിന്റെ സ്പോർട്ടിങ് ഡയറക്ടർ കൂടിയായ സുനിൽ ജെ മാത്യുവാണ് ടീമിന്റെ പരിശീലകൻ. ടീമിന്റെ ഗോൾ ഗൈഡ് മുൻ ഇന്ത്യൻ വനിതാ താരമായ സി വി സീനയാണ്.

ലണ്ടൻ : കൗണ്ടി ഏകദിനത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഇന്ത്യൻ താരം പൃഥ്വി ഷായ്ക്ക് രണ്ടാം മത്സരത്തിലും സെഞ്ച്വറി ലഭിച്ചു. രണ്ടാമത്തെ മത്സരത്തിൽ 76 പന്തിൽ 125 റൺസാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഡെറത്തിനെതിരായ മത്സരത്തിൽ നോർതാംപ്ടൻഷർ 6 വിക്കറ്റ് ജയം സ്വന്തമാക്കി. 15 ഫോറും 7 സിക്‌സോടും കൂടിയായിരുന്നു ഇന്നിങ്‌സ്.

നോർതാംപ് ടെൻഷറിന് മുന്നിൽ ആദ്യം ബാറ്റ് ചെയ്ത് ഡെറം 199 റൺസിന്റെ വിജയലക്ഷ്യമാണ് കണ്ടത്. ഓപ്പണറായി ഇറങ്ങി ആദ്യം മുതൽ മികച്ച പ്രകടനം കാഴ്ച്ച വച്ച പൃഥ്വി ഷാ ലിസ്റ്റ് എ ക്രിക്കറ്റിൽ തന്റെ പത്താം ശതകമാണ് കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചത്തെ മാച്ചിൽ സോമർ സെറ്റിനെതിരായ മത്സരത്തിൽ പൃഥ്വി ഇരട്ട സെഞ്ച്വറി നേടിയിരുന്നു.

പാരീസ് : റൊണാൾഡോ , കരീം ബെൻസേമ എന്നിവരുടെ ചുവടു പിടിച്ച് ബ്രസീൽ താരം നെയ്മർ പ്രോ ലീഗിലേക്ക് നീങ്ങുന്നു. രണ്ട് വർഷത്തേക്കുള്ള കരാറിൽ 98.5 മില്യൺ ഡോളറിലാണ് നെയ്മറെ പി എസ് ജിയിൽ നിന്ന് അൽഹിലാലിലെത്തിക്കുന്നത്. പി എസ് ജിയിൽ നിന്നും നെയ്മർ ബാഴ്സലോണയിലേക്ക് പോകുമെന്നാണ് ആദ്യം വാർത്തകൾ വന്നിരുന്നത്. എന്നാൽ പിന്നീട് സൗദി പ്രോ ലീഗിലേക്ക് പോകാൻ താരം തീരുമാനിക്കുകയായിരുന്നു. ഫുട്ബോൾ ട്രാൻസ്ഫർ വിദഗ്ദ്ധനായി അറിയപ്പെടുന്ന ഫാബ്രിസിയോയാണ് നെയ്മറിന്റെ ചുവടുമാറ്റം ഔദ്യോഗികമായി അറിയിച്ചത്.

അൽ ഹിലാലിൽ 88 മില്യൺ ഡോളറായിരിക്കും താരത്തിന്റെ പ്രതിഫലം. 2017 ൽ ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയ്ക്കായിരുന്നു ബ്രസീൽ സൂപ്പർ താരം ബാഴ്‌സലോണയിൽ നിന്ന് പി എസ് ജിയിലെത്തിയത്. എന്നാൽ ക്ലബ്ബിൽ 6 സീസൺ പൂർത്തിയാക്കിയിട്ടും ടീമിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടി കൊടുക്കാൻ നെയ്മറിന് കഴിഞ്ഞില്ല. അതേ സമയം ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ പി എസ് ജിയിൽ തുടരുമെന്നാണ് പുറത്ത് വരുന്ന വാർത്തകളിൽ നിന്നും അറിയാൻ കഴിയുന്നത്.

ഫ്ലോറിഡ : ട്വന്റി -20 പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യയുടെ മോഹം വീണ്ടും പൊലിഞ്ഞു. വെസ്റ്റ് ഇൻഡീസിന്റെ ബ്രണ്ടൻ കിങ്ങും നിക്കൊളാസ് പുരാനും ഒന്നിച്ചെത്തിയപ്പോൾ അഞ്ചാം ട്വന്റി – 20യും ഇന്ത്യയ്ക്ക് കിട്ടാക്കനിയായി. പരമ്പര നിർണയിക്കുന്ന മത്സരമായിട്ടും ഇന്ത്യയുടെ ബാറ്റിങ് നിര കളി മറന്നപ്പോൾ 7 വർഷത്തിന് ശേഷം ട്വന്റി – 20യെന്ന വിൻഡീസിന്റെ മോഹം പൂവണിഞ്ഞു. 8 വിക്കറ്റിനായിരുന്നു അഞ്ചാമത്തെ ട്വന്റി – 20യിൽ വിൻഡീസ് ജയം ഉറപ്പിച്ചത്. 4 വിക്കറ്റ് വീഴ്ത്തിയ റൊമാരിയോ ഷെപ്പേഡ് പ്ലെയർ ഓഫ് ദ മാച്ചും നിക്കോളാസ് പുരാൻ പരമ്പരയുടെ താരവുമാണ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വിൻഡീസ് സ്പിന്നർ അകീൽ ഹുസൈൻ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ യശസ്വി ജയ്സ്വാളിനെ നഷ്ടമായി.

മൂന്നാം ഓവറിൽ ഇരട്ട പ്രഹരമേൽപ്പിച്ചുകൊണ്ടാണ് ശുഭ്മാൻ ഗില്ലിനെയും അകീൽ പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ 49 റൺസുമായി തിലക് വർമയും സൂര്യ കുമാറും എത്തിയത് ഇന്ത്യൻ ടീമിന് ആശ്വാസമായിരുന്നു. റിട്ടേൺ ക്യാച്ചിലൂടെ എട്ടാം ഓവറിലെ അവസാന പന്തിൽ റോസ്‌ടൻ ചേസ് വിൻഡീസിനെ വീണ്ടും മുന്നിലെത്തിച്ചു. അഞ്ചാമനായി ഇറങ്ങിയ സഞ്ജു 9 പന്തിൽ 13 എന്ന രീതിയിൽ നിരാശപ്പെടുത്തിയതോടെ ടീം വീണ്ടും പ്രതിരോധത്തിലായി. മറുപടി ബാറ്റിങ്ങിൽ വിൻഡീസ് ഓപണർ കൈലിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ 107 റൺസ് കൂട്ടുകെട്ടുമായി എത്തിയ നിക്കൊളാസ് പുരാൻ ഒരു ഫോറും സിക്‌സും നേടിയതും ബ്രണ്ടൻ കിങ്ങ് 5 ഫോറും 6 സിക്‌സും നേടിയതും വിന്ഡീസിന്റെ വിജയം ഉറപ്പിച്ചു.

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി ഇന്ത്യൻ ടീം. ഫൈനൽ മത്സരത്തിൽ മലേഷ്യയെ 4- 3 ന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ആദ്യപകുതിയിൽ 1 -3 ന് പിറകിൽ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചു വരവ്. മൂന്നാം ക്വാർട്ടറിൽ ഗുർജൻ സിംഗും ഹർമൻ പ്രീത് സിംഗ് ഓരോ ഗോളുകൾ വീതം സ്വന്തമാക്കിയതോടെയാണ് മത്സരം സമനിലയിലേക്ക് നീങ്ങിയത്.

അവസാന ക്വാർട്ടറിൽ ആകാശ് ദീപിന്റെ ഫീൽഡ് ഗോളോടെ 4 – 3 എന്ന നിലയിൽ ഇന്ത്യ കിരീടം ഉറപ്പിക്കുകയായിരുന്നു. ജുഗ് രാജ് സിംഗ് ആയിരുന്നു ഫൈനലിൽ ആദ്യം ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. ഇതോടെ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ റെക്കോർഡ് ഇന്ത്യ സ്വന്തമാക്കി. നാലു കിരീടമാണ് ഇതുവരെ ഇന്ത്യ നേടിയിരിക്കുന്നത്. മൂന്ന് കിരീടവുമായി പാക്കിസ്ഥാൻ പുറകിലുണ്ട്.

ചെന്നൈ : രണ്ടാമത്തെ സെമിയിൽ ഏഷ്യൻ ഗെയിംസ് ചാമ്പ്യന്മാരായ ജപ്പാനെ എതിരില്ലാത്ത 5 ഗോളുകൾക്ക് വീഴ്ത്തി ഇന്ത്യൻ ടീം ഫൈനലിലേക്ക് പ്രവേശിച്ചു. ഇന്ത്യയ്‌ക്കെതിരെ ഫൈനലിൽ ഏറ്റുമുട്ടുന്നത് മലേഷ്യയാണ്. ലീഗ് റൗണ്ടിൽ ജപ്പാനോട് സമനിലയായിരുന്ന ഇന്ത്യൻ ടീമാണ് ഇപ്പോൾ അവരെ തോൽപ്പിച്ച് ഫൈനലിലേക്ക് കടന്നിരിക്കുന്നത് . ആദ്യ സെമിയിൽ ദക്ഷിണ കൊറിയയെ 6 – 2 ന് തോൽപ്പിച്ചാണ് മലേഷ്യ ഫൈനൽ കടന്നത്. ജപ്പാനെതിരെയുള്ള സെമിയിൽ ഇന്ത്യൻ ടീമിന് വേണ്ടി ആകാശ് ദീപ് സിംഗ്, ഹർമൻദീപ് സിംഗ്, മൻദീപ്‌സിംഗ് , സുമിത് , കാർത്തി സെൽവം എന്നീ താരങ്ങളാണ് ഗോൾ നേടിയത്.

മലയാളത്തിന്റെ പ്രിയ താരം ശ്രീജേഷിന്റെ മുന്നൂറാമത്തെ മത്സരത്തിലായിരുന്നു ഫൈനലിലേക്കുള്ള വിജയം. മത്സരത്തിന് മുന്നോടിയായി ശ്രീജേഷിനെ ടീം ആദരിച്ചിരുന്നു. നാളെയാണ് ഫൈനൽ നടക്കുന്നത്. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ജപ്പാൻ ദക്ഷിണ കൊറിയയെയാണ് നേരിടുന്നത്. ചൈനയെ 6 – 1 ന് തോൽപ്പിച്ചാണ് പാകിസ്ഥാൻ അഞ്ചാം സ്ഥാനം മത്സരത്തിൽ നേടിയത്.

ഫ്ലോറിഡ : വെസ്റ്റ് ഇൻഡീസ് – ഇന്ത്യ ട്വന്റി-20 പരമ്പരയിലെ നാലാമത്തെ മത്സരം ഇന്ന് നടക്കും. ഫ്ലോറിഡയിലെ ലോഡർ ഹിൽ സെൻട്രൽ ബ്രൊവാഡ് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച വിൻഡീസ് പരമ്പരയിൽ 2-1 എന്ന നിലയിലാണ് മുന്നിട്ട് നിൽക്കുന്നത്. പരമ്പര തിരിച്ച് പിടിക്കണമെങ്കിൽ ഇന്ത്യയ്ക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. ആദ്യത്തെ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യ മൂന്നാം ട്വന്റി- 20 യിലാണ് 7 വിക്കറ്റ് ജയവുമായി തിരിച്ചടിച്ചത്.

എന്നാൽ ഈ മത്സരത്തിലെ വിജയത്തിലും ടീമിന് ഓപ്പണർമാരുടെ ഫോം മുതൽ ബോളിങ് കോമ്പിനേഷനിലെ അസ്ഥിരത വരെ പ്രശ്നമായി നിലനിന്നിരുന്നു. കഴിഞ്ഞ മത്സരത്തിൽ രാജ്യാന്തര ട്വന്റി -20 യിൽ അരങ്ങേറ്റം കുറിച്ച യശസ്വി ജയ്സ്വാളിന് ഇന്നും അവസരം ലഭിച്ചേക്കും. ബോളിങ്ങിന് 3 സ്പിന്നർമാരുമായാണ് മൂന്നാം മത്സരത്തിൽ ഇന്ത്യ ഇറങ്ങിയത്. ഈ മത്സരത്തിലും ഇത് തുടർന്നേക്കും. എല്ലാ തടസ്സങ്ങളും നേരിട്ട് മികച്ച പ്രകടനം കാഴ്ച വച്ചാൽ മാത്രമേ ഹാർദിക് പാണ്ഡ്യയ്ക്കും ടീമിനും വിജയം നേടാൻ കഴിയുകയുള്ളൂ.

ന്യൂ ഡൽഹി : ഹൈദരാബാദ് ബാറ്റർ തിലക് വർമയെ ഏക ദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്പിന്നർ രവിചന്ദ്ര ആശ്വിൻ. ലോകകപ്പിലെ എക്‌സ് ഫാക്ടറായി തിലക് മാറുമെന്നാണ് അശ്വിൻ പറയുന്നത്. കെ എൽ രാഹുലും ശ്രേയസ് അയ്യരും പരിക്കേറ്റ് നിൽക്കുമ്പോൾ തിലകിന്റെ സാന്നിധ്യം ഉപയോഗപ്പെടുമെന്നും താരം വ്യക്തമാക്കുന്നു.

ടോപ് ഓർഡറിലെ ഇടം കൈ ബാറ്ററുടെ അഭാവത്തിനും ഇതോടെ പരിഹാരം കാണാനാകുമെന്ന് അശ്വിൻ തന്റെ യു ട്യൂബ് ചാനലിലൂടെയാണ് അഭിപ്രായപ്പെട്ടത്. സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാൻ എം എസ് കെ പ്രസാദും തിലകിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.