Sports (Page 190)

ലണ്ടൻ : വിസ്ഡൻ ക്രിക്കറ്റ് മാസികയുടെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം പ്രഖ്യാപിച്ചു.പിതാവിന്റെ മരണത്തിനിടയിലും കഴിഞ്ഞ കലണ്ടർ വർഷം നടത്തിയ മികച്ച പ്രകടനമാണു തുടർച്ചയായ 2–ാം വർഷവും ഇംഗ്ലണ്ട് ഓ‍ൾറൗണ്ടർ ബെൻ സ്റ്റോക്സിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
ഇന്ത്യയ്ക്കു ലോകകപ്പ് നേടിക്കൊടുത്ത കപിൽ ദേവാണ് 1980–കളിലെ താരം.

സച്ചിൻ തെൻഡുൽക്കറാണു തൊണ്ണൂറുകളിലെ മികച്ച ഏകദിന താരം. 2000 മുതൽ 2010 വരെയുള്ള കാലത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതു ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ്. 2010–കളിലെ മികച്ച താരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയാണ്.ഓസ്ട്രേലിയയുടെ ബേത് മൂണിയാണു മികച്ച വനിതാ താരം.

ഏകദിന ക്രിക്കറ്റിന്റെ 50–ാം വാർഷികം പ്രമാണിച്ച് കഴിഞ്ഞ 5 ദശകങ്ങളിലെ മികച്ച ഏകദിന താരങ്ങളുടെ പട്ടികയും വിസ്ഡൻ പുറത്തിറക്കി. അതിൽ 3 പേരും ഇന്ത്യൻ താരങ്ങളാണ്. 1971നും 2021നും ഇടയിലുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പു നടത്തിയത്. വെസ്റ്റിൻ‍ഡീസ് മുൻ ക്യാപ്റ്റൻ വിവിയൻ റിച്ചഡാണ് 1970–കളിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഐസിസി ഏകദിന റാങ്കിംഗിൽ പാകിസ്താൻ നായകൻ ബാബർ അസം ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ പിന്തള്ളിയാണ് ബാബർ ഒന്നാം സ്ഥാനത്ത് എത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ നടത്തിയ പ്രകടനമാണ് ബാബറിനു തുണയായയത്. ഇംഗ്ലണ്ട് പരമ്പരയിലെ മോശം പ്രകടനം കോലിക്ക് തിരിച്ചടിയാവുകയും ചെയ്തു.1258 ദിവസങ്ങൾക്കു ശേഷമാണ് കോലിയുടെ ഒന്നാം സ്ഥാനം നഷ്ടമാവുന്നത്.

നിലവിൽ 865 റേറ്റിംഗ് ആണ് അസമിനുള്ളത്. വിരാട് കോലിക്ക് 857 റേറ്റിംഗ് ഉണ്ട്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ 825 റേറ്റിംഗുമായി മൂന്നാമതും ന്യൂസീലൻഡ് താരം റോസ് ടെയ്‌ലർ 801 പോയിൻ്റുമായി നാലാമതും ആണ്.

ബൗളർമാരിൽ 737 റേറ്റിംഗുമായി ന്യൂസീലൻഡിൻ്റെ ട്രെൻ്റ് ബോൾട്ട് ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. മുജീബ് റഹ്മാൻ (708), മാറ്റ് ഹെൻറി (691), ജസ്പ്രീത് ബുംറ (690) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. ഇംഗ്ലണ്ടിൻ്റെ ഷാക്കിബ് അൽ ഹസനാണ് (408) മികച്ച ഓൾറൗണ്ടർ. ബെൻ സ്റ്റോക്സ് (295) രണ്ടാം സ്ഥാനത്തുണ്ട്.

കെ കെ ആറിന്റെ മോശം പ്രകടനത്തിന് ആരാധകരോട് ക്ഷമ ചോദിച്ച് സഹ ഉടമയും ബോളിവുഡ് സൂപ്പര്‍ സ്റ്റാറുമായ ഷാരൂഖ് ഖാന്‍. ‘നിരാശപ്പെടുത്തുന്ന പ്രകടനം. കെകെആറിന്റെ എല്ലാ ആരാധകരോടും മാപ്പ് ചോദിക്കുന്നു’- എന്നാണ് ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചത്.ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ എറിഞ്ഞ 18,19,20 ഓവറുകളില്‍ കെ കെ ആറിന്റെ പ്രതീക്ഷകളെല്ലാം ചിറകറ്റ് വീണു. 18ആം ഓവറില്‍ മൂന്ന് റണ്‍സ് മാത്രം ക്രുണാല്‍ വിട്ടുകൊടുത്തതോടെ 12 പന്തില്‍ 19 റണ്‍സായിരുന്നു കെ കെ ആറിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19ആം ഓവര്‍ എറിഞ്ഞ ബുംറ വെറും നാല് റണ്‍സ് മാത്രം വഴങ്ങിയതോടെ കെ കെ ആര്‍ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.

റസല്‍ 15 പന്തില്‍ നേടിയത് 9 റണ്‍സും ദിനേഷ് കാര്‍ത്തിക് 11 പന്തില്‍ നേടിയത് 8 റണ്‍സുമാണ്. ഇരുവരുടെയും മെല്ലെപ്പോക്ക് ബാറ്റിങ്ങാണ് കളി കെ കെ ആറിന് നഷ്ടപ്പെടുത്തിയത്. വിജയ പ്രതീക്ഷ നല്‍കുന്ന ഒരു ഷോട്ട് പോലും കളിക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത.എന്തുകൊണ്ടാണ് ഐ പി എല്ലിൽ മുംബൈ ടീമിനെ ഇത്രയും ആളുകൾ പിന്തുണക്കുന്നത് എന്നതിനുള്ള ഉത്തരമായിരുന്നു കഴിഞ്ഞ ദിവസം കൊൽക്കത്തക്കെതിരെ മുംബൈ കാഴ്ച വെച്ച പ്രകടനം.

2012 ന് ശേഷമുള്ള എല്ലാ സീസണുകളും തോറ്റുകൊണ്ടാണ് മുംബൈ ഇന്ത്യൻസ് തുടങ്ങിയിട്ടുള്ളത്. ഇത്തവണയും പതിവ് തെറ്റിച്ചിരുന്നില്ല. കൊൽക്കത്ത ടീം ഈ സീസണിലെ ആദ്യ മത്സരത്തിൽ ഹൈദരാബാദിനെതിരെ പുറത്തെടുത്ത അതേ തന്ത്രമാണ് ഇന്നലെ മുംബൈ ടീം അവർക്കെതിരെ പ്രയോഗിച്ചതും.മുംബൈ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടാനെ കഴിഞ്ഞുളളൂ. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയ കൊല്‍ക്കത്ത അനായാസം ജയിക്കുമെന്ന് ഉറപ്പായ മത്സരമാണ് മികച്ച രീതിയില്‍ ബൗളേഴ്‌സിനെ അണിനിരത്തി മുംബൈ ക്യാപ്റ്റന്‍ രോഹിത് തിരിച്ചുപിടിച്ചത്.

തിരുവനന്തപുരം: മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമായി സഞ്ജുസാസംസണ്‍ ആദ്യമയായി ഒരു ഐപിഎല്‍ ടീമിനെ നയിക്കുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി സഞ്ജുവെത്തുന്നത് സ്റ്റീവ് സ്മിത്തിനെ മാറ്റിയാണ്. പഞ്ചാബ് കിംഗ്‌സുമായാണ് ആദ്യമത്സരം. പഞ്ചാബ് കിംഗ്‌സാണ് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളി. ഇതിനിടെ രാജസ്ഥാന്റെ ഔദ്യോഗിക ജഴ്‌സി പൃഥ്വിരാജിനും മകള്‍ അല്ലിക്കും സഞ്ജു സമ്മാനമായി നല്‍കിയ വാര്‍ത്തയും വൈറലായിരുന്നു. പൃഥ്വിരാജ് സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും നന്ദി അറിയിച്ച് പങ്ക് വച്ച കുറിപ്പും വൈറലായിരുന്നു.

പൃഥ്വിയുടെ ഫേസ്ബുക്ക് കുറിപ്പ്

സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും ഞാന്‍ എന്റെ കടപ്പാട് അറിയിക്കുന്നു. അല്ലിയും ഞാനും രാജസ്ഥാന്റെ കൂടെതന്നെ ഉണ്ടാവും. സഞ്ജു ഒരു ഐ.പി.എല്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്ടനാവുകയെന്നത് സന്തോഷത്തോടൊപ്പം അഭിമാനം കൂടിയാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചും നമുക്ക് ഇനിയും സംസാരിക്കാം.

മുംബൈ: സൂപ്പര്‍കിംഗ്‌സ് നായകന്‍ എം.എസ് ധോണിക്ക് മേല്‍ 12 ലക്ഷം രൂപ പിഴ ചുമത്തി. കുറഞ്ഞ ഓവര്‍ നിരക്കിനാണ് പിഴ ചുമത്തിയിരിക്കുന്നത്. സീസണിലെ ആദ്യ വീഴ്ചയായതിനാല്‍ നടപടി പിഴയില്‍ മാത്രം ഒതുങ്ങി. ടൈംഔട്ട് ഒഴിവാക്കി ഒരു മണിക്കൂറിനുള്ളില്‍ 14.1 ഓവര്‍ പൂര്‍ത്തിയാക്കണം എന്നാണ് ഐപിഎല്‍ പതിനാലാം സീസണിലെ ചട്ടം പറയുന്നത്. മത്സരത്തിന് മറ്റ് തടസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ 90 മിനുറ്റിനുള്ളില്‍ 20 ഓവര്‍ ക്വാട്ട പൂര്‍ത്തീകരിക്കണം.
ശിഖര്‍ ധവാന്‍-പൃഥ്വി ഷാ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയത്തുടക്കം നല്‍കിയത്. പവര്‍പ്ലേയില്‍ 65 റണ്‍സ് നേടിയ ഇരുവരും ഒന്നാം വിക്കറ്റിന് 138 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ശിഖര്‍ ധവാന് 54 പന്തില്‍ 85 റണ്‍സും പൃഥ്വി ഷാ 38 പന്തില്‍ 72 റണ്‍സുമെടുത്താണ് പുറത്തായത്. ഏഴാമനായി ബാറ്റിംഗിന് ഇറങ്ങിയ ധോണി നേരിട്ട രണ്ടാം പന്തില്‍ പൂജ്യത്തിന് പുറത്തായി.

india

ചെന്നൈ: ഐപിഎല്‍ ആരംഭിക്കുന്നതിന് മുന്‍പേ വിരാട് കോലിക്ക് വമ്പന്‍ ഓഫറുമായി ചൈനീസ് കമ്പനിയായ വിവോ. വിവോയുടെ ബ്രാന്‍ഡ് അംബാസഡറായി വിരാട് കോലിയെ തെരഞ്ഞെടുത്തിരിക്കുകയാണ്. ബ്രാന്‍ഡുകളുടെ പരസ്യത്തിനായി 15 കോടി രൂപയിലധികം പ്രതിഫലം പറ്റുന്ന കളിക്കാരനാണ് വിരാട് കോലി. വിവോയുടെ ബ്രാന്‍ഡ് അംബാസഡറായതോടെ എത്ര രൂപയാണ് ഇതിലൂടെ ലഭിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.വിവോയുടെ പുതിയ ബ്രാന്‍ഡുകള്‍ക്കെല്ലാം ഇനി കോലിയായിരിക്കും അംബാസഡര്‍.

വിരാട് കോലിയുടെ വരവിനെ ആവേശപൂര്‍വമാണ് കാണുന്നതെന്നും വിവോയുടെ വിപണി കുതിച്ചുയരുമെന്നും കമ്പനിയുടെ ഇന്ത്യയുടെ ഡയറക്ടര്‍ നിപുണ്‍ മാര്യ പറഞ്ഞു.വിവോയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ കോലിയും നന്ദി പറഞ്ഞു. എല്ലാ ഐപിഎല്‍ സീസണുകള്‍ക്ക് മുന്‍പും കളിക്കാര്‍ക്ക് വമ്പന്‍ കമ്പനികളുടെ കരാര്‍ ലഭിക്കാറുണ്ട്.

പാരിസ്: 2021 ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റ് ഇത്തവണ ഒരാഴ്ച വൈകും. നേരത്തേ തീരുമാനിച്ച പ്രകാരം മേയ് 23 നായിരുന്നു മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ പുതിയ തീരുമാനപ്രകാരം മത്സരങ്ങള്‍ മേയ് 30 ന് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.കൂടുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ ഭാഗമായാണ് മത്സരങ്ങള്‍ ഒരാഴ്ചത്തേക്ക് നീട്ടിയത്. 1000 പേര്‍ക്കായിരിക്കും സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം നല്‍കുക.

കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനംമൂലം മേയ് മാസത്തില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് സെപ്റ്റംബറിലാണ് ആരംഭിച്ചത്. സ്‌പെയിനിന്റെ ഇതിഹാസ താരം റാഫേല്‍ നദാലാണ് അന്ന് പുരുഷ വിഭാഗത്തില്‍ കിരീടം നേടിയത്. കരിയറിലെ 13-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിക്കൊണ്ട് റെക്കോഡ് സ്വന്തമാക്കിയാണ് നദാല്‍ കളം വിട്ടത്.

ഇത്തവണയും കിരീട സാധ്യത കൂടുതല്‍ കല്‍പ്പിക്കുന്നത് നദാലിനാണ്. ഇത്തവണ കിരീടം നേടിയാല്‍ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷതാരം എന്ന റെക്കോഡ് നദാലിന് സ്വന്തമാകും. നിലവില്‍ 20 കിരീടങ്ങളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കൊപ്പം റെക്കോഡ് പങ്കിടുകയാണ് നദാല്‍. കഴിഞ്ഞ വര്‍ഷം വനിതാ വിഭാഗത്തില്‍ പോളണ്ടിന്റെ യുവതാരം ഇഗ സ്വിയാടെക്കാണ് കിരീടം നേടിയത്.

മ്യൂണിക്ക്; ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ബയൺ മ്യൂണിക്കിനെ തകർത്ത് യുവേഫ ചാംപ്യൻസ് ലീഗ് സെമിയിലേക്ക് ആദ്യ പാദമൂന്നി ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി. ക്വാർട്ടർ പോരാട്ടങ്ങളുടെ രണ്ടാം പാദം ഏപ്രിൽ 14ന് നടക്കും.കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ തമ്മിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ സൂപ്പർതാരം കിലിയൻ എംബപ്പെയുടെ ഇരട്ടഗോളുകളാണ് ഫ്രഞ്ച് ക്ലബ്ബിന് ആധിപത്യം സമ്മാനിച്ചത്. പോർട്ടോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ബയണിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പിഎസ്ജിയുടെ വിജയം. മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ കരുത്തരായ യുവെന്റസിനെ വീഴ്ത്തിയെത്തിയ എഫ്‍സി പോർട്ടോയെ ഇംഗ്ലിഷ് ക്ലബ് ചെൽസിയും ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ വീഴ്ത്തി.

ഇംഗ്ലണ്ടിലും പോർച്ചുഗലിലും കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സ്പാനിഷ് ക്ലബ് സെവിയ്യയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരത്തിന്റെ ഇരു പാദങ്ങളും നടക്കുന്നത്. ഇതിൽ ആദ്യ പാദ മത്സരം പോർട്ടോയുടെ ‘ഹോം മത്സര’മായാണ് കണക്കാക്കിയിരിക്കുന്നത്.നേരത്തെ, ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ബ്രോമിനോട് അപ്രതീക്ഷിതമായി വഴങ്ങിയ കൂറ്റൻ തോൽവിയുടെയും പരിശീലനത്തിനിടെ സഹതാരങ്ങളായ കെപ അറിസാബെലാഗയും അന്റോണിയോ റുഡിഗറ‌ും തമ്മിലടിച്ചതിന്റെ ‘ക്ഷീണ’വും മറന്നാണ് ചാംപ്യൻസ് ലീഗ് വേദിയിൽ ചെൽസിയുടെ ജയം.മൂന്ന്, 68 മിനിറ്റുകളിലായിരുന്നു എംബപ്പെയുടെ ഗോളുകൾ. ക്യാപ്റ്റൻ മാർക്വീഞ്ഞോസിന്റെ വകയാണ് അവരുടെ മറ്റൊരു ഗോൾ.

28–ാം മിനിറ്റിൽ ലക്ഷ്യം കണ്ട മാർക്വീഞ്ഞോസ്, തൊട്ടുപിന്നാലെ പരുക്കേറ്റ് തിരികെ കയറി.ഗോൾപട്ടികയിൽ ഇടംപിടിച്ചില്ലെങ്കിലും പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ രണ്ടു ഗോളിനു വഴിയൊരുക്കി കരുത്തുകാട്ടി. എംബപ്പെയുടെ ആദ്യഗോളിന്റെയും മാർക്വീഞ്ഞോസിന്റെ ഗോളിന്റെയും ശിൽപി നെയ്മർ തന്നെ. എംബപ്പെ നേടിയ മൂന്നാം ഗോളിനു വഴിയൊരുക്കിയത് എയ്ഞ്ചൽ ഡി മരിയയാണ്.

ചോപ്പോ മോട്ടിങ് (37), തോമസ് മുള്ളർ (60) എന്നിവരുടെ വകയാണ് ബയണിന്റെ ഗോളുകൾ. സൂപ്പർ സ്ട്രൈക്കർ റോബർട്ടോ ലെവൻഡോവ്സ്കിയുടെ അസാന്നിധ്യം ബയൺ നിരയിൽ തെളിഞ്ഞുകണ്ടു. സ്വന്തം തട്ടകത്തിൽ നടക്കുന്ന രണ്ടാം പാദത്തിൽ മൂന്ന് എവേ ഗോളുകളുടെ ആനുകൂല്യം പിഎസ്ജിക്ക് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല.മറ്റൊരു മത്സരത്തിൽ രണ്ട് നിർണായക എവേ ഗോളുകൾ സ്വന്തമാക്കിയാണ് ചെൽസി, പോർച്ചുഗീസ് ക്ലബ്ബായ എഫ്‍സി പോർട്ടോയെ വീഴ്ത്തിയത്. മേസൺ മൗണ്ട് (32), ബെൻ ചിൽവെൽ (85) എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഈ മാസം ഒമ്പതിന് ആരംഭിക്കാനിരിക്കെ കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ ഇടം പിടിക്കാന്‍ സാധിക്കാതെ പോയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.മൂന്ന് തവണ കിരീടം ഉയര്‍ത്തിയ ചെന്നൈ ടീമിൽ ആരാധകര്‍ ഉറ്റുനോക്കുന്നത് നായകന്‍ എംഎസ് ധോണിയുടെ പ്രകടനത്തിലേക്കാണ്. കഴിഞ്ഞ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാൻ ധോണിക്ക് സാധിക്കാതെ വന്നതോടെ ചെന്നൈക്ക് ഐപിഎൽ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കളിക്കാതെ പുറത്താകേണ്ടി വന്നു. ഇത്തവണ നേരത്തെ തന്നെ പരിശീലനം ആരംഭിച്ച ധോണി തൻ്റെയും തൻ്റെ ടീമിൻ്റെയും ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യം വെക്കുന്നത്.

അതെസമയം നിലവിലെ ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനത്താണ് എംഎസ് ധോണി.
ഐപിഎല്ലിൽ 5000 റൺസെന്ന നാഴികകല്ലിലെത്താൻ ധോണിക്ക് വേണ്ടത് 368 റണ്‍സാണ്. കഴിഞ്ഞ സീസണിനു വിപിരീതമായി നേരത്തെ പരിശീലനം ആരംഭിച്ച ധോണി നെറ്റ്‌സില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. വമ്പന്‍ സിക്‌സറുകളുമായി നെറ്റ്‌സില്‍ കളം നിറയുന്ന ധോണി ഈ സീസണിലൂടെ 5000 റണ്‍സ് ക്ലബ്ബിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.വിക്കറ്റ് കീപ്പറെന്ന നിലയില്‍ 150 പുറത്താക്കലുകള്‍ സ്വന്തമാക്കാനുള്ള അവസരം എംഎസ് ധോണിക്ക് മുന്നിലുണ്ട്.

ലോക ക്രിക്കറ്റിലെത്തന്നെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് ധോണി. നിലവില്‍ 148 പേരെ പുറത്താക്കിയ ധോണിക്ക് ഐപിഎല്ലില്‍ 150 പേരെ പുറത്താക്കിയ ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടത്തിൽ എത്താൻ ഇനി രണ്ട് പേരെക്കൂടി പുറത്താക്കിയാല്‍ മതി. ഇത്തവണ തീര്‍ച്ചയായും ഈ റെക്കോർഡ് സ്വന്തമാക്കാന്‍ ധോണിക്ക് സാധിക്കുമെന്ന് ഉറപ്പാണ്.സിക്‌സറുകൾ നേടുന്നതിൽ തന്റേതായ ഒരു ശൈലി കൊണ്ടുവന്ന താരമാണ് എംഎസ് ധോണി.

ഹെലികോപ്ടര്‍ ഷോട്ടിലൂടെ ധോണി ഗാലറിയിലേക്ക് പറത്തിയ പന്തുകള്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. ഇത്തവണ 250 സിക്‌സറെന്ന നാഴികക്കല്ല് പിന്നിടാന്‍ ധോണിക്ക് മുന്നില്‍ അവസരമുണ്ട്. അതിനായി ഈ സീസണില്‍ 35 സിക്‌സറുകളാണ് ധോണിക്ക് വേണ്ടത്. 215 സിക്‌സറുകളാണ് ധോണി ഇതുവരെ പറത്തിയത്. ക്രിസ് ഗെയ്ല്‍ (349),എബി ഡിവില്ലിയേഴ്‌സ് (235) എന്നിവരാണ് ഈ റെക്കോർഡില്‍ ധോണിക്ക് മുന്നിലുള്ളത്. ഡെത്ത് ഓവറില്‍ അസാമാന്യ ബാറ്റിങ് മികവുള്ള ധോണിയുടെ പേരിലാണ് ഡെത്ത് ഓവറുകളിൽ കൂടുതൽ സിക്സറുകൾ നേടിയതിനുളള റെക്കോർഡ്. 136 സിക്സറുകളാണ് താരം ഐപിഎല്ലിലെ അവസാന നാല് ഓവറുകളിൽ അടിച്ചെടുത്തിട്ടുള്ളത്.

ഐപിഎലിൽ കൊവിഡ് ബാധ ഉയരുന്നു. ബ്രോഡ്കാസ്റ്റ് അംഗങ്ങൾക്കും മുംബൈ വാംഖഡേ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്കും മുംബൈ ഇന്ത്യൻസിൻ്റെ ടാലൻ്റ് സ്കൗട്ട് കിരൺ മോറെയ്ക്കുമാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ അദ്ദേഹത്തെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. ബിസിസിഐ നിര്‍ദേശിച്ച നിയമാവലികള്‍ പിന്തുടര്‍ന്നുകൊണ്ടാണ് അദ്ദേഹം ഐസൊലേഷനില്‍ പ്രവേശിച്ചത്. മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടെന്ന് മുംബൈ ഇന്ത്യന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.

നേരത്തെ, ഡൽഹി ക്യാപിറ്റൽസ് താരം അക്സർ പട്ടേൽ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ദേവ്ദത്ത് പടിക്കൽ എന്നിവർക്കും വാംഖഡേ സ്റ്റേഡിയത്തിലെ മറ്റ് ചില ഗ്രൗണ്ട് സ്റ്റാഫുകൾക്കും കൊവിഡ് പോസിറ്റീവായിരുന്നു.
സ്റ്റാർ സ്പോർട്സ് ബ്രോഡ്കാസ്റ്റ് ടീമിലെ 14 അംഗങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡയറക്ടർമാർ, ഇവിഎസ് ഓപ്പറേറ്റർമാർ, പ്രൊഡ്യൂസർമാർ, ക്യാമറമാന്മാർ, വിഡിയോ എഡിറ്റർമാർ എന്നിവർ കൊവിഡ് ബാധിതരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മുംബൈയിലെ ഒരു ഹോട്ടലിലാണ് അവർ ക്വാറൻ്റീനിൽ കഴിഞ്ഞിരുന്നത്. മഹാരാഷ്ട്രയിൽ കൊവിഡ് ബാധ ഉയരുമ്പോഴും മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഐപിഎൽ നടത്തുന്നതിൽ സ്റ്റാർ നെറ്റ്‌വർക്ക് ബിസിസിഐയെ ആശങ്ക അറിയിച്ചിട്ടുണ്ട്.