ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്;ശക്തമായ തിരിച്ചുവരവിനൊരുങ്ങി ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഈ മാസം ഒമ്പതിന് ആരംഭിക്കാനിരിക്കെ കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ ഇടം പിടിക്കാന്‍ സാധിക്കാതെ പോയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.മൂന്ന് തവണ കിരീടം ഉയര്‍ത്തിയ ചെന്നൈ ടീമിൽ ആരാധകര്‍ ഉറ്റുനോക്കുന്നത് നായകന്‍ എംഎസ് ധോണിയുടെ പ്രകടനത്തിലേക്കാണ്. കഴിഞ്ഞ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാൻ ധോണിക്ക് സാധിക്കാതെ വന്നതോടെ ചെന്നൈക്ക് ഐപിഎൽ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കളിക്കാതെ പുറത്താകേണ്ടി വന്നു. ഇത്തവണ നേരത്തെ തന്നെ പരിശീലനം ആരംഭിച്ച ധോണി തൻ്റെയും തൻ്റെ ടീമിൻ്റെയും ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യം വെക്കുന്നത്.

അതെസമയം നിലവിലെ ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനത്താണ് എംഎസ് ധോണി.
ഐപിഎല്ലിൽ 5000 റൺസെന്ന നാഴികകല്ലിലെത്താൻ ധോണിക്ക് വേണ്ടത് 368 റണ്‍സാണ്. കഴിഞ്ഞ സീസണിനു വിപിരീതമായി നേരത്തെ പരിശീലനം ആരംഭിച്ച ധോണി നെറ്റ്‌സില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. വമ്പന്‍ സിക്‌സറുകളുമായി നെറ്റ്‌സില്‍ കളം നിറയുന്ന ധോണി ഈ സീസണിലൂടെ 5000 റണ്‍സ് ക്ലബ്ബിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.വിക്കറ്റ് കീപ്പറെന്ന നിലയില്‍ 150 പുറത്താക്കലുകള്‍ സ്വന്തമാക്കാനുള്ള അവസരം എംഎസ് ധോണിക്ക് മുന്നിലുണ്ട്.

ലോക ക്രിക്കറ്റിലെത്തന്നെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് ധോണി. നിലവില്‍ 148 പേരെ പുറത്താക്കിയ ധോണിക്ക് ഐപിഎല്ലില്‍ 150 പേരെ പുറത്താക്കിയ ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടത്തിൽ എത്താൻ ഇനി രണ്ട് പേരെക്കൂടി പുറത്താക്കിയാല്‍ മതി. ഇത്തവണ തീര്‍ച്ചയായും ഈ റെക്കോർഡ് സ്വന്തമാക്കാന്‍ ധോണിക്ക് സാധിക്കുമെന്ന് ഉറപ്പാണ്.സിക്‌സറുകൾ നേടുന്നതിൽ തന്റേതായ ഒരു ശൈലി കൊണ്ടുവന്ന താരമാണ് എംഎസ് ധോണി.

ഹെലികോപ്ടര്‍ ഷോട്ടിലൂടെ ധോണി ഗാലറിയിലേക്ക് പറത്തിയ പന്തുകള്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. ഇത്തവണ 250 സിക്‌സറെന്ന നാഴികക്കല്ല് പിന്നിടാന്‍ ധോണിക്ക് മുന്നില്‍ അവസരമുണ്ട്. അതിനായി ഈ സീസണില്‍ 35 സിക്‌സറുകളാണ് ധോണിക്ക് വേണ്ടത്. 215 സിക്‌സറുകളാണ് ധോണി ഇതുവരെ പറത്തിയത്. ക്രിസ് ഗെയ്ല്‍ (349),എബി ഡിവില്ലിയേഴ്‌സ് (235) എന്നിവരാണ് ഈ റെക്കോർഡില്‍ ധോണിക്ക് മുന്നിലുള്ളത്. ഡെത്ത് ഓവറില്‍ അസാമാന്യ ബാറ്റിങ് മികവുള്ള ധോണിയുടെ പേരിലാണ് ഡെത്ത് ഓവറുകളിൽ കൂടുതൽ സിക്സറുകൾ നേടിയതിനുളള റെക്കോർഡ്. 136 സിക്സറുകളാണ് താരം ഐപിഎല്ലിലെ അവസാന നാല് ഓവറുകളിൽ അടിച്ചെടുത്തിട്ടുള്ളത്.