പ്രബീർ പുരകായസ്തയെ അടിയന്തരമായി വിട്ടയക്കണം; ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: യുഎപിഎ കേസിൽ ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ അടിയന്തരമായി വിട്ടയക്കണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്.

റിമാൻഡ് ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് പ്രബീറിനോ അഭിഭാഷകനോ റിമാൻഡ് അപേക്ഷയുടെ പകർപ്പ് നൽകിയിരുന്നില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ വിട്ടയക്കണമെന്ന് നിർദേശിച്ചത്.

ഡൽഹി പോലീസ് എടുത്ത യുഎപിഎ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രബീർ പുരകായസ്ത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണിത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് പ്രബീറിനുവേണ്ടി ഹാജരായത്.