കോഴിക്കോട്: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി. പന്തീരാങ്കാവ് കേസുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം. ഭർത്താവിന്റെ ശാരീരിക പീഡനം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ സേനയ്ക്ക് അപമാനമാണെന്ന് സതീദേവി ചൂണ്ടിക്കാട്ടി.
സംഭവത്തിൽ ഇന്നലെ തന്നെ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. വളരെ ഗുരുതരമായ പീഡനത്തിനു പെൺകുട്ടി ഇരയായിട്ടുണ്ടെന്നു പരാതിയിൽ നിന്നു മനസിലായി. പൊലീസ് ഉദ്യോഗസ്ഥന്റെ സമീപനത്തെ കുറിച്ചും പരാതിയിലുണ്ട്. ഇന്നലെ തന്നെ എസ്എച്ച്ഒയെ വിളിച്ചു. ആരോപണം ശരിയാണെന്നു പൊലീസ് ഉദ്യോഗസ്ഥന്റെ സംസാരത്തിൽ നിന്നു മനസിലായി. മദ്യലഹരിയിലാണു ഭർത്താവ് പെൺകുട്ടിയെ ഉപദ്രവിച്ചതെന്നും സതീദേവി മാദ്ധ്യമങ്ങളോട് പറഞ്ഞു.
പോലീസിനു നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടാകണം. പൊലീസ് ട്രെയിനിങ് സംവിധാനം ശക്തമാക്കണം. വിവാഹത്തിനു കെട്ടുകണക്കിന് ആഭരണങ്ങൾ വേണം എന്ന ചിന്താഗതി അപമാനകരമാണ്. പെൺകുട്ടികളെ കേവലം ശരീരം മാത്രമായി കാണരുത്. നിയമങ്ങളിലും ആവശ്യമായ ഭേദഗതികൾ വരുത്തേണ്ടതുണ്ട്. സർക്കാരിന് ഇക്കാര്യത്തിൽ നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടെന്നും സതീദേവി കൂട്ടിച്ചേർത്തു.

