Sports (Page 176)

കെനിയ: അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അമിത് ഖത്രിയ്ക്ക്. 10 കിലോമീറ്റര്‍ നടത്തത്തിലാണ് ഇന്ത്യന്‍ യുവതാരം രണ്ടാമത് ഫിനിഷ് ചെയ്ത് മെഡല്‍ നേട്ടം സ്വന്തമാക്കിയത്.

42:17.94 മിനിട്ടിലാണ് ഖത്രി 10 കിലോമീറ്റര്‍ ഫിനിഷ് ചെയ്തത്. ആദ്യലാപ്പ് തൊട്ട് ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഖത്രി അവസാന രണ്ട് ലാപ്പുകളില്‍ പിന്നോട്ട് പോയതിനെത്തുടര്‍ന്നാണ് രണ്ടാം സ്ഥാനത്തേക്ക് വീണത്.

ഈ ഇനത്തില്‍ കെനിയയുടെ ഹെറിസ്റ്റോണ്‍ വാന്‍യോണി സ്വര്‍ണം നേടി. 42:10.84 മിനിട്ടിലാണ് താരം ഒന്നാം സ്ഥാനത്തെത്തിയത്. സ്പെയിനിന്റെ പോള്‍ മഗ്രാത്തിനാണ് വെങ്കലമെഡല്‍.

ഹരിയാന സ്വദേശിയായ ഖത്രി ദേശീയ റെക്കോഡ് ഉടമയാണ്. എന്നാല്‍ ആ പ്രകടനം ലോകചാമ്പ്യന്‍ഷിപ്പില്‍ പുറത്തെടുക്കാന്‍ താരത്തിനായില്ല. 40:40.97 മിനിട്ടാണ് ഈ ഇനത്തിലെ ഖത്രിയുടെ മികച്ച സമയം.

ദുബായ്: രാജസ്ഥാന്‍ റോയല്‍സിലെ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ ജോസ് ബട്ട്ലര്‍ ഐ.പി.എല്‍ മത്സരങ്ങള്‍ക്കുണ്ടാവില്ല. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് താരം അവധിയിലാണ്.

സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സിലെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന ബട്ട്ലറിന്റെ അഭാവം ടീമിന് വലിയ തലവേദനയായിരിക്കും. നിലവിലെ പോയിന്റ് പട്ടിക പ്രകാരം അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. ഏഴ് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണ് രാജസ്ഥാന്‍ റോയല്‍സിനുള്ളത്.

കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. സെപ്തംബറില്‍ യുഎഇയിലാണ് ബാക്കി മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്.

നേരത്തെ ഇംഗ്ലീഷ് താരങ്ങളായ ബെന്‍ സ്റ്റോക്കും ജോഫ്രെ ആര്‍ച്ചറും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഐപിഎല്ലിന് ഇല്ലെന്ന് അറിയിച്ചിരുന്നു.

മലയാളി താരം സഞ്ജു സാംസണിനെ നായകനാക്കിയതില്‍ രാജസ്ഥാന്‍ റോയല്‍സിലെ മറ്റ് താരങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്ന ഇന്ത്യന്‍ മുന്‍താരം വീരേന്ദര്‍ സെവാഗിന്റെ വാദം തള്ളി ജോസ് ബട്ടലര്‍.

സഞ്ജുവിന്റെ കീഴില്‍ കളിക്കുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നുവെന്നും, കളിക്കാരനെന്ന നിലയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ അധിക സമ്മര്‍ദ്ദം സഞ്ജുവിനെ ബാധിച്ചിട്ടേയില്ല, അദ്ദേഹം വളരെ ഫ്രീയായി കളിക്കുന്ന, സമ്മര്‍ദ്ദങ്ങളൊന്നും തലയില്‍ കയറ്റാത്ത വ്യക്തിയാണ്, അതേ മനോഭാവമാണ് അദ്ദേഹം ടീമിന്റെ കാര്യത്തിലും പുലര്‍ത്തിയതെന്നും ബട്ട്‌ലര്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല, ഞങ്ങളും സമ്മര്‍ദ്ദമില്ലാതെ കളിക്കണമെന്ന നിലപാടുകാരനായിരുന്നു അദ്ദേഹമെന്നും, ടൂര്‍ണമെന്റ് പുരോഗമിക്കുന്തോറും ആ പദവിക്കൊത്ത ശൈലിയിലേക്കുള്ള വളര്‍ച്ചയിലായിരുന്നു സഞ്ജുവെന്നാണ് എന്റെ അഭിപ്രായം, ടീമെന്ന നിലയില്‍ എല്ലാവരെയും ഒത്തുകൊണ്ടുപോകാനും സ്ഥിരതയോടെ കളിക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നുവെന്നും ബട്ട്‌ലര്‍ പറഞ്ഞു.

ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജയും സെവാഗിന്റെ വിലയിരുത്തല്‍ ശരിവയ്ക്കുന്ന തരത്തില്‍ പ്രസ്താവനയുമായി രംഗത്തുവന്നിരുന്നു. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 11 വ്യക്തികളാണ് ഗ്രൗണ്ടിലുള്ളതെന്നും ടീം എന്ന നിലയിലല്ല അവര്‍ കളിക്കുന്നതെന്നുമായിരുന്നു ഓജ കുറ്റപ്പെടുത്തിയത്. ഈ വിമര്‍ശനങ്ങളെയെല്ലാം വൃധാവിലാക്കുന്നതാണ് ടീമംഗമായ ബട്ടലറിന്റെ പ്രതികരണം.

അതേസമയം, ജോസ് ബട്ട്‌ലര്‍ ദുബായില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ക്കുണ്ടാവില്ല. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് താരം അവധിയിലാണ്.

ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയെടുത്ത മീരാഭായ് ചാനുവിനും, ലവ്‌ലിന ബോര്‍ഗോഹെയ്‌നും വാഹനം സമ്മാനിച്ച് മുന്‍നിര വാഹന നിര്‍മ്മാതാക്കളായ റെനോ.

ഏറ്റവും മികച്ച കോംപാക്ട് എസ്.യു.വി. മോഡലായ കൈഗര്‍ ആണ് മീരാഭായ് ചാനുവിനും, ബോര്‍ഗോഹെയ്‌നും റെനോ സമ്മാനിച്ചത്. റെനോയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ പത്ത് വര്‍ഷം പിന്നിടുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് രാജ്യത്തിന് നേട്ടം സമ്മാനിച്ച താരങ്ങളെ ആദരിക്കുന്നത്. മെഡല്‍ നേട്ടത്തോടെ ഒരു രാജ്യത്തിന്റെ അഭിമാനമാണ് താരങ്ങള്‍ വാനോളം ഉയര്‍ത്തിയിരിക്കുന്നതെന്ന് റെനോ അറിയിച്ചു.

ഭാരദ്വോഹനത്തില്‍ 49 കിലോ വനിതാ വിഭാഗത്തില്‍ വെള്ളി സ്വന്തമാക്കി മീരാ ഭായും, വനിതകളുടെ 69 കിലോ വിഭാഗം ബോക്‌സിങില്‍ വെങ്കലം നേടിയുമാണ് ലോവ്‌ലിന രാജ്യത്തിന്റെ അഭിമാന താരങ്ങളായത്.

പൂനെ: ടോക്കിയോ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ വേട്ടക്കാരന്‍ നീരജ് ചോപ്രയുടെ പേര് ആര്‍മി സ്‌പോട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസിലെ സ്‌റ്റേഡിയത്തിന് നല്‍കും. പൂനെ കന്റോണ്‍മെന്റിലുള്ള സ്റ്റേഡിയം ഇനിമുതല്‍ നീരജ് ചോപ്ര ആര്‍മി സ്‌പോട്‌സ് സ്‌റ്റേഡിയം എന്ന് അറിയപ്പെടും.

ഇന്ത്യന്‍ ആര്‍മിയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായ നീരജ് തന്റെ കരിയറിന്റെ ആദ്യഘട്ടത്തില്‍ എഎസ്ഐയില്‍ ജാവലിന്‍ പരിശീലനം നടത്തിയിരുന്നു. 2006 ല്‍ നിര്‍മ്മിച്ച് കമ്മീഷന്‍ ചെയ്ത ഈ സ്റ്റേഡിയത്തില്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും കാണികള്‍ക്ക് ഇരിക്കാനുള്ള ക്രമീകരണങ്ങളും ഉണ്ട്.

തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. മാത്രമല്ല, ചടങ്ങില്‍ 16 ഒളിംപ്യന്‍മാരെയും മന്ത്രി ആദരിക്കും.

ടോക്കിയോ ഒളിംപിക്‌സില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ വരെ പിന്നിലാക്കിയാണ് ജാവലിന്‍ ത്രോയില്‍ നീരജ് സ്വര്‍ണം നേടിയത്.

ഉത്തര്‍പ്രദേശ്: ടോക്കിയോ ഒളിംപിക്‌സ് ഇന്ത്യന്‍ പുരുഷ ഹോക്കിയില്‍ വെങ്കല മെഡല്‍ ജേതാവായ മലയാളി പി. ആര്‍. ശ്രീജേഷിന് ഉത്തര്‍പ്രദേശിന്റെ ആദരം. ഒരു കോടി രൂപയുടെ പാരിതോഷികമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രീജേഷിന് നല്‍കിയത്.

ഒളിംപിക്‌സിലെ എല്ലാ മെഡല്‍ വേട്ടക്കാര്‍ക്കും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പാരിതോഷികം നല്‍കി. സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയ്ക്ക് രണ്ട് കോടി രൂപയും, വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 1.5 കോടി രൂപയും വെങ്കലമെഡല്‍ ജേതാക്കള്‍ക്ക് ഒരു കോടി രൂപയുമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇന്ത്യന്‍ ഹോക്കി ടീമിലെ 19 അംഗങ്ങള്‍ക്കും ഒരു കോടി രൂപ വീതം സമ്മാനമായി ലഭിച്ചു.

ഒളിംപിക്സിലെ മെഡല്‍ ജേതാക്കള്‍ക്ക് പുറമെ നാലാം സ്ഥാനം കരസ്ഥമാക്കിയവര്‍ക്കുള്‍പ്പെടെ മൊത്തം 42 കോടിയുടെ സമ്മാനങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയത്.

യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയതിനു പിന്നാലെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ദുബായിലേക്ക് തിരിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വിദേശയാത്ര നടത്തുന്നത്.

കോവിഡിന്റെ വ്യാപനത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം വിദേശയാത്രകള്‍ ഒഴിവാക്കിയിരുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് മമ്മൂട്ടി വിമാനത്തിലിരിക്കുന്ന ചിത്രം പങ്കുവെച്ചത്.

നേരത്തെ, കലാരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരുന്നു. ഒരു സ്വകാര്യ വിവാഹചടങ്ങില്‍ പങ്കെടുക്കാനും ഗോള്‍ഡന്‍ വിസ സ്വീകരിക്കാനുമായാണ് താരത്തിന്റെ ദുബായ് യാത്ര.

മാഡ്രിഡ്: ബാഴ്‌ലോണയില്‍ നിന്നുള്ള വിടവാങ്ങള്‍ ചടങ്ങിനിടെ പൊട്ടിക്കരഞ്ഞ ലയണല്‍ മെസി കണ്ണുനീര്‍ തുടച്ച ടിഷ്യു പേപ്പര്‍ ലേലത്തിന്.

മെസിയെപ്പോലെ ഒരു ലോകോത്തക ഫുട്‌ബോളറെ ക്ലോണ്‍ ചെയ്‌തെടുക്കാന്‍ മെസിയുടെ ജനിതക അംശം അടങ്ങിയ ടിഷ്യു എന്ന പരസ്യ വാചകത്തോടെയാണു ടിഷ്യു പേപ്പര്‍ ലേലത്തിനു വെച്ചിരിക്കുന്നത്. എഴ് കോടി 44 ലക്ഷം രൂപയാണ് ഇതിന് വിലയിട്ടിരിക്കുന്നത്.

വിടവാങ്ങല്‍ ചടങ്ങിനിടെ കരഞ്ഞ മെസിക്ക് ഭാര്യ അന്റോനെല്ല കൈമാറിയ ടിഷ്യു പേപ്പര്‍ ഉപയോഗിച്ചാണു കണ്ണീരു തുടച്ചത്. ചടങ്ങിനിടെ നിലത്തു വീണ ഈ ടിഷ്യു പേപ്പര്‍ ലഭിച്ച ആരാധകനാണ് ലേലത്തിനു വച്ചിരിക്കുന്നത്. മെസിയുടെ കണ്ണീരു പതിഞ്ഞ ടിഷ്യു പേപ്പര്‍ ഓണ്‍ലൈന്‍ സൈറ്റിലൂടെ ലേലത്തിനു വയ്ക്കുന്ന കാര്യം ഇദ്ദേഹം തന്നെയാണു പുറത്തുവിട്ടതും.

കാബൂള്‍: അഫ്ഗാന്‍ ഭരണം താലിബാന്റെ പിടിയിലായതിന് പിന്നാലെ കാബൂളില്‍ നിന്ന് യുഎസ് സൈനികവിമാനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവെ വീണുമരിച്ചവരില്‍ അഫ്ഗാന്‍ ഫുട്‌ബോള്‍ താരവും. യുഎസ് സൈനിക വിമാനത്തില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അഫ്ഗാന്‍ ദേശീയ ഫുട്ബോള്‍ താരം സാകി അന്‍വരിയാണ് മരണപ്പെട്ടതെന്ന് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സികള്‍ സ്ഥിതീകരിച്ചു. 19 വയസുകാരനാണ് സാകി അന്‍വരി.

മരണപ്പെട്ടത് സാകി അന്‍വരിയാണെന്നത് അഫ്ഗാന്‍ ദേശീയ ഫുട്ബോള്‍ ടീമും സ്ഥിരീകരിച്ചിട്ടുണ്ട്. താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തതിന് ശേഷം തിങ്കളാഴ്ചയാണ് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലോകത്തെ സങ്കടത്തിലാഴ്ത്തിയ ദാരുണ സംഭവങ്ങള്‍ അരങ്ങേറിയത്.

കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന അമേരിക്കന്‍ സൈനിക വിമാനമായ ബോയിങ് സി -17 ന്റെ ചക്രങ്ങള്‍ക്ക് സമീപം കയറി യാത്ര ചെയ്തവരാണ് വീണു മരിച്ചത്. കാബൂളില്‍ നിന്ന് ഖത്തറിലേക്കായിരുന്നു വിമാനം പറന്നിരുന്നത്.

താലിബാന്‍ ഭരണം ഭയന്ന് അഫ്ഗാനികള്‍ വിമാനത്തില്‍ പറ്റിപിടിച്ച് നില്‍ക്കുന്നതിന്റേയും ഇടിച്ചുകയറുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കൊല്‍ക്കത്ത: ദുബായില്‍ നടക്കാനിരിക്കുന്ന ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്ഥാനാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ടീമുകളെ വിലയിരുത്തി ഗൗതം ഗംഭീര്‍. ഒക്ടോബര്‍ 24ന് നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ കളത്തില്‍ പാകിസ്ഥാന്‍ വിയര്‍ക്കുമെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു.

മത്സരം പാകിസ്ഥാനെ വലിയ സമ്മര്‍ദത്തിലാക്കുമെന്ന് എനിക്ക് ഉറപ്പാണ്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 5-0 ത്തിന്റെ ആധിപത്യമുണ്ട്. ഇന്ത്യയ്ക്ക് സമ്മര്‍ദ്ദമുണ്ടോ എന്ന ചോദ്യത്തിനുപോലും പ്രസക്തിയില്ല. പ്രകടനത്തിന്റെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാളും ഒത്തിരി മുകളിലാണ്. എന്നാല്‍, ടി 20 ഫോര്‍മാറ്റില്‍ ആര്‍ക്കും ആരെയും തോല്‍പ്പിക്കാം. അഫ്ഗാനിസ്ഥാന്‍ ടീം പോലും എതിരാളികളെ സമ്മര്‍ദത്തിലാക്കിയേക്കാം. പാകിസ്ഥാന്റെ കാര്യത്തിലും ഇത് തന്നെയാണ്. എന്തൊക്കെയായാലും പാക്കിസ്ഥാന് സമ്മര്‍ദമുണ്ടാകുമെന്ന് ഗംഭീര്‍ വ്യക്തമാക്കി.