ഉത്തര്‍പ്രദേശ്: ടോക്കിയോ ഒളിംപിക്‌സ് ഇന്ത്യന്‍ പുരുഷ ഹോക്കിയില്‍ വെങ്കല മെഡല്‍ ജേതാവായ മലയാളി പി. ആര്‍. ശ്രീജേഷിന് ഉത്തര്‍പ്രദേശിന്റെ ആദരം. ഒരു കോടി രൂപയുടെ പാരിതോഷികമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രീജേഷിന് നല്‍കിയത്.
ഒളിംപിക്‌സിലെ എല്ലാ മെഡല്‍ വേട്ടക്കാര്‍ക്കും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പാരിതോഷികം നല്‍കി. സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയ്ക്ക് രണ്ട് കോടി രൂപയും, വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 1.5 കോടി രൂപയും വെങ്കലമെഡല്‍ ജേതാക്കള്‍ക്ക് ഒരു കോടി രൂപയുമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇന്ത്യന്‍ ഹോക്കി ടീമിലെ 19 അംഗങ്ങള്‍ക്കും ഒരു കോടി രൂപ വീതം സമ്മാനമായി ലഭിച്ചു.
ഒളിംപിക്സിലെ മെഡല്‍ ജേതാക്കള്‍ക്ക് പുറമെ നാലാം സ്ഥാനം കരസ്ഥമാക്കിയവര്‍ക്കുള്‍പ്പെടെ മൊത്തം 42 കോടിയുടെ സമ്മാനങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയത്.

