സെവാഗിന്റെ വാദം തെറ്റ്; സഞ്ജുവിന്റെ കീഴില്‍ കളിക്കുന്നത് ശരിക്കും ആസ്വദിച്ചിരുന്നെന്ന് ജോസ് ബട്ട്‌ലര്‍

മലയാളി താരം സഞ്ജു സാംസണിനെ നായകനാക്കിയതില്‍ രാജസ്ഥാന്‍ റോയല്‍സിലെ മറ്റ് താരങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്ന ഇന്ത്യന്‍ മുന്‍താരം വീരേന്ദര്‍ സെവാഗിന്റെ വാദം തള്ളി ജോസ് ബട്ടലര്‍.

സഞ്ജുവിന്റെ കീഴില്‍ കളിക്കുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നുവെന്നും, കളിക്കാരനെന്ന നിലയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ അധിക സമ്മര്‍ദ്ദം സഞ്ജുവിനെ ബാധിച്ചിട്ടേയില്ല, അദ്ദേഹം വളരെ ഫ്രീയായി കളിക്കുന്ന, സമ്മര്‍ദ്ദങ്ങളൊന്നും തലയില്‍ കയറ്റാത്ത വ്യക്തിയാണ്, അതേ മനോഭാവമാണ് അദ്ദേഹം ടീമിന്റെ കാര്യത്തിലും പുലര്‍ത്തിയതെന്നും ബട്ട്‌ലര്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല, ഞങ്ങളും സമ്മര്‍ദ്ദമില്ലാതെ കളിക്കണമെന്ന നിലപാടുകാരനായിരുന്നു അദ്ദേഹമെന്നും, ടൂര്‍ണമെന്റ് പുരോഗമിക്കുന്തോറും ആ പദവിക്കൊത്ത ശൈലിയിലേക്കുള്ള വളര്‍ച്ചയിലായിരുന്നു സഞ്ജുവെന്നാണ് എന്റെ അഭിപ്രായം, ടീമെന്ന നിലയില്‍ എല്ലാവരെയും ഒത്തുകൊണ്ടുപോകാനും സ്ഥിരതയോടെ കളിക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നുവെന്നും ബട്ട്‌ലര്‍ പറഞ്ഞു.

ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജയും സെവാഗിന്റെ വിലയിരുത്തല്‍ ശരിവയ്ക്കുന്ന തരത്തില്‍ പ്രസ്താവനയുമായി രംഗത്തുവന്നിരുന്നു. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 11 വ്യക്തികളാണ് ഗ്രൗണ്ടിലുള്ളതെന്നും ടീം എന്ന നിലയിലല്ല അവര്‍ കളിക്കുന്നതെന്നുമായിരുന്നു ഓജ കുറ്റപ്പെടുത്തിയത്. ഈ വിമര്‍ശനങ്ങളെയെല്ലാം വൃധാവിലാക്കുന്നതാണ് ടീമംഗമായ ബട്ടലറിന്റെ പ്രതികരണം.

അതേസമയം, ജോസ് ബട്ട്‌ലര്‍ ദുബായില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ക്കുണ്ടാവില്ല. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് താരം അവധിയിലാണ്.