കാബൂള്‍: അഫ്ഗാന്‍ ഭരണം താലിബാന്റെ പിടിയിലായതിന് പിന്നാലെ കാബൂളില്‍ നിന്ന് യുഎസ് സൈനികവിമാനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവെ വീണുമരിച്ചവരില്‍ അഫ്ഗാന്‍ ഫുട്‌ബോള്‍ താരവും. യുഎസ് സൈനിക വിമാനത്തില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അഫ്ഗാന്‍ ദേശീയ ഫുട്ബോള്‍ താരം സാകി അന്‍വരിയാണ് മരണപ്പെട്ടതെന്ന് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സികള്‍ സ്ഥിതീകരിച്ചു. 19 വയസുകാരനാണ് സാകി അന്‍വരി.
മരണപ്പെട്ടത് സാകി അന്‍വരിയാണെന്നത് അഫ്ഗാന്‍ ദേശീയ ഫുട്ബോള്‍ ടീമും സ്ഥിരീകരിച്ചിട്ടുണ്ട്. താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തതിന് ശേഷം തിങ്കളാഴ്ചയാണ് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലോകത്തെ സങ്കടത്തിലാഴ്ത്തിയ ദാരുണ സംഭവങ്ങള്‍ അരങ്ങേറിയത്.
കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന അമേരിക്കന്‍ സൈനിക വിമാനമായ ബോയിങ് സി -17 ന്റെ ചക്രങ്ങള്‍ക്ക് സമീപം കയറി യാത്ര ചെയ്തവരാണ് വീണു മരിച്ചത്. കാബൂളില്‍ നിന്ന് ഖത്തറിലേക്കായിരുന്നു വിമാനം പറന്നിരുന്നത്.
താലിബാന്‍ ഭരണം ഭയന്ന് അഫ്ഗാനികള്‍ വിമാനത്തില്‍ പറ്റിപിടിച്ച് നില്‍ക്കുന്നതിന്റേയും ഇടിച്ചുകയറുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

