Sports (Page 177)

നെയ്‌റോബി: കെനിയയില്‍ നടക്കുന്ന ലോക അണ്ടര്‍ 20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മിക്സഡ് റിലേയില്‍ ഇന്ത്യക്കു വെങ്കലം. ഭാരത് ശ്രീധര്‍, പ്രിയാ മോഹന്‍, സുമി, കപില്‍ എന്നിവരാണു മത്സരിച്ചത്. 4-400 മീറ്റര്‍ മിക്സഡ് റിലേയില്‍ മൂന്ന് മിനിറ്റ് 20.60 സെക്കന്‍ഡിലാണ് അവര്‍ ഓടിയെത്തിയത്.

നൈജീരിയ സ്വര്‍ണവും പോളണ്ട് വെള്ളിയും സ്വന്തമാക്കി. 150 മീറ്റര്‍ ബാക്കി നില്‍ക്കെ നൈജീരിയയും പോളണ്ടും ഇന്ത്യയും തമ്മില്‍ ചെറിയ വ്യത്യാസം മാത്രമായിരുന്നു. അവസാന 50 മീറ്ററില്‍ നൈജീരിയ പിടിമുറുക്കി. മൂന്ന് മിനിറ്റ് 19.70 സെക്കന്‍ഡിലാണു നൈജീരിയ സ്വര്‍ണം നേടിയത്. പോളണ്ട് മൂന്ന് മിനിറ്റ് 19.80 സെക്കന്‍ഡില്‍ വെള്ളി നേടി. ഇന്ത്യയുടെ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണു കണ്ടത്.

ന്യൂഡല്‍ഹി: ഒളിംപിക്‌സ് താരങ്ങള്‍ക്കായി ഒരുക്കിയ വിരുന്നില്‍ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറായ മലയാളി പി.ആര്‍ ശ്രീജേഷുമായി കുശലം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വസതിയിലൊരുക്കിയ വിരുന്നിനിടെ ഹോക്കി കളിക്കാരുടെ മേശയ്ക്ക് അരികലെത്തിയ മോദി ടീമിനെ അഭിനന്ദിച്ചു.

ടീമില്‍ നിറയെ പഞ്ചാബികള്‍ ഉള്ളതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ പഞ്ചാബി പഠിച്ചുകാണുമല്ലോ എന്നായിരുന്നു ശ്രീജേഷിനോടുള്ള മോദിയുടെ ചോദ്യം. അപ്പോഴാണ് ഇല്ല, താന്‍ എല്ലാവരെയും മലയാളം പഠിപ്പിച്ചെന്ന് ശ്രീജേഷ് തമാശയായി മറുപടി നല്‍കിയത്.

അടുത്തത് ജര്‍മ്മനിക്കെതിരേ ലൂസേഴ്‌സ് ഫൈനലില്‍ ജയിച്ച ശേഷം എന്തിനാണ് ഗോള്‍പോസ്റ്റിന് മുകളില്‍ കയറിയിരുന്നത് എന്നായിരുന്നു മോദിയുടെ ചോദ്യം. മറുപടിയായി അതെന്റെ വീടാണ്. 21 വര്‍ഷത്തോളമായി ഞാന്‍ അതിനടുത്താണ്. ആ ഒരു ആവേശത്തള്ളലില്‍ കയറിപ്പോയതാണ്.” എന്നായിരുന്നു ശ്രീജേഷ് പറഞ്ഞത്. സെമിയില്‍ ബെല്‍ജിയത്തോട് തോറ്റ ശേഷം തങ്ങളെ ഫോണ്‍ വിളിച്ച് ആശ്വസിപ്പിച്ചതിന് പ്രധാനമന്ത്രിക്ക് ശ്രീജേഷ് നന്ദിയറിയിക്കുകയും ചെയ്തു.

മാത്രമല്ല, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ രസകരമായിരുന്നെന്നും, അദ്ദേഹം വളരെ അടുത്ത സുഹൃത്തിനെ പോലെയാണ് സംസാരിച്ചത്. രാജ്യത്തെ പ്രധാനമന്ത്രിയോടാണ് ഇടപഴകുന്നത് എന്ന തോന്നല്‍ ഞങ്ങളില്‍ ഉണ്ടായിലെന്നും ശ്രീജേഷ് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹോക്കിയുടെ ഭാവി ശോഭനമാണെന്ന് ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ്. മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആതിഥേയത്വം വഹിച്ച ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു മന്‍പ്രീത് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

2008ല്‍ ഒളിംപിക്‌സിന് യോഗ്യത നേടാന്‍ പോലും ഹോക്കി ടീമംഗങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. പക്ഷേ കാര്യങ്ങള്‍ മാറി. ഇപ്പോള്‍ ലോക റാങ്കിംഗില്‍ ഇന്ത്യ മെച്ചപ്പെട്ടുവെന്നും എല്ലാത്തിനും അതിന്റേതായ സമയം ആവശ്യമാണെന്നും മന്‍പ്രീത് വ്യക്തമാക്കി. ചടങ്ങില്‍ ഇന്ത്യന്‍ പുരുഷ -വനിതാ ഹോക്കി ടീമുകള്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചു.

ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ മെഡല്‍ നേടാന്‍ ഇന്ത്യക്ക് 41 വര്‍ഷമാണ് കാത്തിരിക്കേണ്ടി വന്നത്. ടോക്കിയോയില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചാണ് ചരിത്രം തിരുത്തിക്കുറിച്ച് വെങ്കലം നേടിയത്.

ദുബായ്: ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ യുഎഇയില്‍ നടക്കുന്ന ടി20 വേള്‍ഡ് കപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14വരെ നടത്താനിരിക്കുന്ന ലോകകപ്പിന്റെ മത്സര ഷെഡ്യൂളാണ് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തിറക്കിയത്.

ഇന്ത്യ ആദ്യ നേരിടുക പാകിസ്ഥാനെയായിരിക്കും. സൂപ്പര്‍ 12 റൗണ്ടില്‍ ഒക്ടോബര്‍ 24നാണ് ഇന്ത്യ -പാക് പോരാട്ടത്തിന് ദുബായ് വേദിയാകുന്നത്. സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ.

ഗ്രൂപ്പ് എയില്‍ അയര്‍ലന്‍ഡ്, നമീബിയ, ശ്രീലങ്ക, ഹോളണ്ട് എന്നീ ടീമുകളാണ് ഉള്ളത്. ഇരു ഗ്രൂപ്പുകളില്‍ നിന്നും രണ്ട് വീതം ടീമുകള്‍ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും. ഐ.സി.സി റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ളവര്‍ സൂപ്പര്‍ 12ലേക്ക് നേരിട്ടും യോഗ്യത നേടും.

ഒക്‌ടോബര്‍ 23 മുതല്‍ അബുദബിയിലാണ് സൂപ്പര്‍ 12 മത്സരങ്ങള്‍. സെമിഫൈനല്‍ മത്സരങ്ങള്‍ നവംബര്‍ 10നും 11നുമാണ്. ആദ്യ സെമി അബുദബിയിലും രണ്ടാം സെമി ദുബായിലുമാണ് നടക്കുക. നവംബര്‍ 14നാണ് ഫൈനല്‍ തീരുമാനിച്ചിരിക്കുന്നത്.

കാബൂള്‍: അഫ്ഗാനിലുണ്ടായ ഭരണമാറ്റം രാജ്യത്തെ ക്രിക്കറ്റ് ടീമിനെ ബാധിക്കില്ലന്ന് ക്രിക്കറ്റ് ബോര്‍ഡ്. താലിബാന്റെ ഭാഗത്തുനിന്നും ക്രിക്കറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടലുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. കാബൂളിന്റെ നിയന്ത്രണവും താലിബാന്റെ പിടിയിലായതിന് പിന്നാലെയാണ് പ്രതികരണവുമായി ബോര്‍ഡ് രംഗത്തെത്തിയത്.

അഫ്ഗാന്‍ ക്രിക്കറ്റ് ടീമംഗങ്ങളും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും അടുത്തയാഴ്ച പരമ്പരക്കായി ടീം ശ്രീലങ്കയിലേക്ക് പോകുന്നതിനു മുമ്പ്് മൂന്നാമത്തെ പരിശീലന ക്യാമ്പ് നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹമീദ് ഷിന്‍വാരി പറഞ്ഞു.

‘ക്രിക്കറ്റുമായി ബന്ധപ്പെട്ട് എല്ലാം സുഖമമാണ്. മുമ്പും അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളില്‍ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ഷെഡ്യൂള്‍ അനുസരിച്ച് ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കും.’ ഹമീദ് ഷിന്‍വാരി പറഞ്ഞു

അതേസമയം, അഫ്ഗാനിസ്ഥാന്റെ പ്രധാന കളിക്കാരായ റഷിദ് ഖാനും, മുഹമ്മദ് നബിയും രാജ്യത്തില്ല. റാഷീദ് ഖാന്‍ ഇംഗ്ലണ്ടിലാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം കാബൂളില്‍ കുടുങ്ങിയിരിക്കുകയാണ്.

നബി ദുബായിലുമാണ്. അഫ്ഗാനിസ്ഥാനെ സഹായിക്കാന്‍ ലോക നേതാക്കള്‍ മുന്നോട്ട് വരണമെന്ന് ആഗസ്റ്റ് 11ന് നബി ആവശ്യപ്പെട്ടിരുന്നു. ഇരുവരും ഐപിഎല്‍ കളിക്കുമെന്നാണ് പ്രാഥമിക വിവരം.

തിരുവനന്തപുരം: കായികലോകം ഒത്തുകൂടിയ ഒളിംപിക് മത്സരരംഗത്ത് മലയാളിയുടെ അടയാളം വരച്ചിട്ട ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷിന് ആദരവുമായി കെഎസ്ആര്‍ടിസിയും.

തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ ബസില്‍ ശ്രീജേഷ് ഇന്ത്യയുടെ അഭിമാനം എന്ന തലക്കെട്ടോടെ ശ്രീജേഷിന്റെ തകര്‍പ്പന്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് സര്‍വ്വീസിന് ഒരുക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി.

രാജ്യത്തിനു വേണ്ടി വെങ്കലമെഡല്‍ സമ്മാനിച്ച പി ആര്‍ ശ്രീജേഷിന്റെ നേട്ടം പുതിയ തലമുറയ്ക്കും പ്രചോദനമാകണം എന്ന ഉദ്ദേശത്തിലാണ് തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ RSC 466 എന്ന ബസില്‍ താരത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ ആശയം കെഎസ്ആര്‍ടിസിയിലെ പുതിയ കമേഴ്‌സ്യല്‍ ടീമംഗങ്ങളാണ് സാക്ഷാത്കരിച്ചത്. ബസിന്റെ ഡിസൈന്‍ പൂര്‍ണമായും നിര്‍വഹിച്ചത് കെഎസ്ആര്‍ടിസി ജീവനക്കാരനായ എ കെ ഷിനുവാണ്.

ബസില്‍ ചിത്രങ്ങള്‍ പതിപ്പിച്ചു മനോഹരമാക്കിയത് സിറ്റി ഡിപ്പോയിലെ തന്നെ ജീവനക്കാരായ മഹേഷ് കുമാര്‍, നവാസ്, അമീര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഈ പദ്ധതിക്ക് സിറ്റി യൂണിറ്റ് ഓഫീസര്‍ ജേക്കബ് സാം ലോപ്പസ്, എഡിഇ നിസ്താര്‍ എന്നിവരും പിന്തുണ നല്‍കിയിട്ടുണ്ട്.

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 1-0ന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ ലോര്‍ഡ്‌സില്‍ നേരിട്ടത് ചില്ലറ അധിക്ഷേപങ്ങളും സമ്മര്‍ദ്ദങ്ങളും ആയിരുന്നില്ല. ഇംഗ്ലണ്ട് കാണികള്‍ കൂക്കി വിളിച്ചും കോര്‍ക്കു കൊണ്ട് എറിഞ്ഞും ഇന്ത്യയെ അധിക്ഷേപിച്ചപ്പോള്‍ ഇംഗ്ലണ്ട് താരങ്ങള്‍ വാക്കേറ്റങ്ങളും മുറുമുറുപ്പുകളും കൊണ്ട് ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.

എന്നാല്‍, ഇംഗ്ലണ്ടിനെതിരായ ജയം ഈ പിരിമുറുക്കങ്ങളില്‍ നിന്നും ഉണ്ടായ ഊര്‍ജമാണെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി പറയുന്നത്.

മത്സരത്തില്‍ പിരിമുറുക്കം കൂടിയപ്പോള്‍ താരങ്ങളും അവരുടെ കളി അപ്‌ഗ്രേഡ് ചെയ്‌തെന്നും, ആദ്യ മൂന്ന് ദിവസങ്ങളില്‍ പിച്ച് കൂടുതല്‍ വാഗ്ദാനം ചെയ്തില്ല, എന്നാല്‍ സമ്മര്‍ദ്ദ നിമിഷങ്ങളില്‍ ജസ്പ്രിതിന്റെയും ഷമിയുടെയും ബാറ്റ് കൊണ്ടുള്ള പ്രകടനം വളരെ ഉപകാരമായെന്നായിരുന്നു കൊഹ്ലിയുടെ വാക്കുകള്‍.

വിരാട് കൊഹ്‌ലിയും ഇംഗ്ലണ്ടിന്റെ വെറ്ററന്‍ ബൗളര്‍ ജയിംസ് ആന്‍ഡേഴ്സണും തമ്മിലായിരുന്നു വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ ചേതേശ്വര്‍ പൂജാരയും കൊഹ്‌ലിയും ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം.

17-ാം ഓവറില്‍ ആന്‍ഡേഴ്സണിന്റെ പന്ത് പൂജാര ക്രീസില്‍ മുട്ടിയിട്ടു. തിരിച്ച് വീണ്ടും പന്തെറിയാന്‍ നടക്കുന്നതിനിടെ ആന്‍ഡേഴ്സണ്‍ കോലിയോട് എന്തോ പറയുന്നുണ്ട്. അതിനുള്ള മറുപടിയായി ”നിങ്ങളെന്നോട് തര്‍ക്കിക്കാന്‍ മാത്രം, ഇത് നിങ്ങളുടെ നാശംപിടിച്ച വീട്ടുമുറ്റമല്ല.” എന്നായിരുന്നു കൊഹ്ലി പറഞ്ഞത്.

പിന്നീട് അഞ്ചാം പന്തെറിഞ്ഞശേഷവും വീണ്ടും കൊഹ്ലിയുെ ആന്‍ഡേഴ്സണും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ക്രീസിലൂടെ മുറുമുറുത്തുകൊണ്ട് നടന്ന ആന്‍ഡേഴ്‌സണോട് ”പ്രായമായ ആളുകളെ പോലെ നിങ്ങളിങ്ങനെ കലപില കലപില പറഞ്ഞുകൊണ്ടിരിക്കും.” എന്നായിരുന്നു കൊഹ്ലി പറഞ്ഞത്.

കൂടാതെ ബുമ്രയും ഇംഗ്ലണ്ട് താരങ്ങളും തമ്മിലും വാക്കേറ്റമുണ്ടായിരുന്നു.

തിരുവനന്തപുരം: ടോക്കിയോ ഒളിംപിക്‌സിലെ ഇന്ത്യന്‍ നീന്തല്‍താരമായ മലയാളികളുടെ സജന്‍ പ്രകാശിന് ഇന്ന് സംസ്ഥാനം സ്വീകരണമൊരുക്കും. ഒളിംപിക്‌സിന് ശേഷം മടങ്ങിയെത്തുന്ന താരത്തിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് സ്വീകരണം നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആംഡ് പോലീസ് ഇന്‍സ്പെക്ടറായ സജന്‍ പ്രകാശിനെ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്വീകരിക്കുകയും, പോലീസ് ബാന്റ് സംഘത്തിന്റെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ പോലീസ് ആസ്ഥാനത്തേയ്ക്ക് ആനയിക്കുകയും ചെയ്യും.

ശേഷം, പോലീസ് ആസ്ഥാനത്ത് ഒരുക്കിയ പ്രത്യേക വേദിയില്‍ വച്ച് സജന്‍ പ്രകാശിന് ഉപഹാരങ്ങള്‍ നല്‍കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എ.ഡി.ജി.പിമാരായ കെ.പത്മകുമാര്‍, മനോജ് എബ്രഹാം, വിജയ് സാഖറെ, സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, ബറ്റാലിയന്‍ ഡി.ഐ.ജി പി.പ്രകാശ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ലോര്‍ഡ്സ്: കരുത്തരായ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി രണ്ടാം ടെസ്റ്റില്‍ 151 റണ്‍സിന്റെ ജയവുമായി ഇന്ത്യ. അഞ്ചാം ദിനത്തിലെ ഇന്ത്യയുടെ 272 റണ്‍സ് ലക്ഷ്യംവെച്ച ഇംഗ്ലണ്ട് 120 റണ്‍സിന് പുറത്തായി. ലോര്‍ഡ്സില്‍ ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയുടെ ടെസ്റ്റ് ജയം.

ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ച് തകര്‍പ്പന്‍ വിക്കറ്റ് വേട്ട നടത്തിയ ( 4 വിക്കറ്റ് ) മുഹമ്മദ് സിറാജ് ആണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സില്‍ ഓപ്പണര്‍മാരെ സംപൂജ്യരാക്കി മടക്കിബൂമ്രയും ഷമിയും കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് അനുകൂലമാക്കി. പിന്നാലെ ഹമീദിനെ ഇശാന്ത് ശര്‍മയും മടക്കിയപ്പോള്‍ ഇംഗ്ലണ്ട് 44-3 എന്ന സ്‌കോറില്‍ ഒതുങ്ങിയിരുന്നു.

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ (33) ബൂമ്ര മടക്കിയതോടെ കളി ഇന്ത്യന്‍ വരുതിയില്‍ ആയി. റൂട്ടിന് ശേഷം ബട്ട്ലറും മൊയിന്‍ അലിയും ഇംഗ്ലണ്ടിനെ രക്ഷിക്കുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ കരുത്തിന് മുന്നില്‍ അവരും അടിയറവ് വെച്ചു.

എന്നാല്‍, രണ്ടാം ഇന്നിങ്സിലെ ഇന്ത്യുടെ ബാറ്റിങ്ങും തകര്‍ച്ചയിലായിരുന്നു ആരംഭം. പൂജാരയും രഹാനെയും മടങ്ങിയതിന് ശേഷം അര്‍ധ ശതകം നേടിയ മുഹമ്മദ് ഷമിയുടേയും 34 റണ്‍സ് നേടിയ ബൂമ്രയുടേയും കൂട്ടുകെട്ടാണ് ഇന്ത്യക്ക് 271 എന്ന ലീഡ് കണ്ടെത്താന്‍ സഹായകമായത്.

ന്യൂഡല്‍ഹി: ഒളിംപിക്‌സ് പരിശീലനത്തിന്റെ ഭാഗമായി തന്റെ പ്രിയ ഭക്ഷണം ഐസ്‌ക്രീം കഴിക്കാറില്ലെന്ന് പ്രധാനമന്ത്രിയോട് കളിപറഞ്ഞ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് അന്ന് അദ്ദേഹം ഒരു വാക്ക് കൊടുത്തു. മെഡലുമായിതിരിച്ചു വന്നാല്‍ ഒരുമിച്ച് ഐസ്‌ക്രീം കഴിക്കാമെന്ന്.

പ്രധാനമന്ത്രിയുടെ ആഗ്രഹം പോലെ സിന്ധു മെഡലുമായി എത്തി. അന്ന് കൊടുത്ത വാക്ക് മോദിയും പാലിച്ചു.

കഴിഞ്ഞ ദിവസം ഒളിംപിക്‌സ് താരങ്ങള്‍ക്കു നല്‍കിയ സ്വീകരണത്തിനിടെ സിന്ധുവിനോടൊപ്പം മോദി ഐസ്‌ക്രീം കഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിയില്‍ ഒരുക്കിയ വിരുന്നിലാണ് സിന്ധുവിനൊപ്പം മോദി ഐസ്‌ക്രീം കഴിച്ചത്.