Sports (Page 175)

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ഗോള്‍കീപ്പര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ച് മലയാളിതാരം പി ആര്‍ ശ്രീജേഷും. വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ സവിത പൂനിയയും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ടോക്കിയോ ഒളിംപിക്സിലെ മിന്നുന്ന പ്രകടനമാണ് പട്ടികയില്‍ ഇടം നേടാന്‍ താരങ്ങളെ സഹായിച്ചത്.

അതേസമയം, പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍മന്‍പ്രീത് സിംഗും ഗുര്‍ജീത് കൗറും ഇടം നേടിയിട്ടുണ്ട്. റൈസിംഗ് സ്റ്റാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള പട്ടികയില്‍ ഷര്‍മിള ദേവിയും, മികച്ച പരിശീലനുള്ള പുരസ്‌കാര പട്ടികയില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളുടെ കോച്ചുമാരും ഉള്‍പ്പെട്ടിട്ടുണ്ട്.

വോട്ടെടുപ്പിലൂടെയാകും വിജയികളെ നിശ്ചയിക്കുക. അന്‍പത് ശതമാനം വോട്ടുകള്‍ ദേശീയ അസോസിയേഷനുകളും 25 ശതമാനം വീതം വോട്ടുകള്‍ മാധ്യമ പ്രവര്‍ത്തകരും താരങ്ങളും ആരാധകരുമാണ് രേഖപ്പെടുത്തുക. അടുത്തമാസം അവസാനം ജേതാക്കളെ പ്രഖ്യാപിച്ചേക്കും.

ടോക്കിയോ: ഒളിംപിക്സ് ആരവങ്ങള്‍ക്ക് പിന്നാലെ ടോക്കിയോയില്‍ പാരാലിംപിക്സ് മത്സരങ്ങള്‍ക്ക് തിരി തെളിഞ്ഞു. നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഷോട്ട് പുട്ട് താരം തേക് ചന്ദാണ് ഇന്ത്യന്‍ പതാകയേന്തിയത്. ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

നേരത്തെ പതാക വഹിക്കാന്‍ തീരുമാനിച്ചിരുന്ന റിയോ പാരാലിംപിക്സിലെ സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു കൊവിഡ് പൊസറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് തേക് ചന്ദിനെ ഇന്ത്യയുടെ പതാകവാഹകനായി തെരഞ്ഞെടുത്തത്. കൊവിഡ് പോസറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മാരിയപ്പന്‍ തങ്കവേലുവിന് പുറമെ ഇന്ത്യയുടെ മറ്റ് അഞ്ച് കായികതാരങ്ങള്‍ കൂടി ഐസൊലേഷനിലാണ്.

54 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പാരാലിംപിക്സില്‍ പങ്കെടുക്കുന്നത്. 1968ല്‍ ആദ്യമായി പാരാലിംപിക്സില്‍ പങ്കെടുത്തത് മുതല്‍ നാലു സ്വര്‍ണവും നാലു വെള്ളിയും നാലു വെങ്കലവും അടക്കം 12 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്.

2016ല്‍ റിയോയില്‍ നടന്ന പാരാലിംപിക്സില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും അടക്കം നാലു മെഡലുകള്‍ നേടിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം.

അതേസമയം, മാര്‍ച്ച് പാസ്റ്റില്‍ അഫ്ഗാനെ പ്രതിനിധീകരിച്ച് വളന്റിയര്‍മാരാണ് പങ്കെടുത്തത്. താലിബാന്‍ ഭരണത്തെ തുടര്‍ന്ന് അഫ്ഗാന്‍ താരങ്ങള്‍ക്ക് പാരാലിംപിക്സിന് എത്തിയിട്ടില്ല.

കാബൂള്‍: താലിബാന്‍ ഭരണം പിടിച്ചടക്കിയതിനു പിന്നാലെ അഫ്ഗാന്‍ വനിതാ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ രാജ്യം വിട്ടു. വനിതാ ടീം അംഗങ്ങളും കുടുംബാംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പെടെ 75 പേരടങ്ങുന്ന സംഘമാണ് രക്ഷാദൗത്യത്തിനെത്തിയ ഓസ്‌ട്രേലിയന്‍ വിമാനത്തില്‍ കയറി രാജ്യം വിട്ടത്.

വനിതാ ഫുട്‌ബോള്‍ ടീം അംഗങ്ങളെ രാജ്യം വിടാന്‍ സഹായിച്ചതിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനോട് ഗ്ലോബല്‍ ഫുട്‌ബോള്‍ പ്ലേയേഴ്‌സ് യൂണിയന്‍ നന്ദി അറിയിച്ചു.

2007ലാണ് അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്‌ബോള്‍ ടീം നിലവില്‍ വന്നത്. എന്നാല്‍ യുഎസ് സഖ്യസേന അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറുകയും താലിബാന്‍ ഭരണം പിടിക്കുകയും ചെയ്തതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ വനിതാ ഫു്ടബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഖാലിദ പോപല്‍ താലിബാനില്‍ നിന്ന് പ്രതികാര നടപടിയുണ്ടാവുമെന്ന ആശങ്ക പങ്കുവെച്ചതിനൊപ്പം സുരക്ഷ മുന്‍നിര്‍ത്തി കളിക്കാരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നിര്‍ജ്ജീവമാക്കാനും വിവരങ്ങള്‍ മായ്ച്ചു കളയാനും നിര്‍ദേശം നല്‍കിയിരുന്നു.

കളിക്കാര്‍ സുരക്ഷിതരായി രാജ്യം വിട്ടതോടെ നിര്‍ണായക വിജയം നേടിയതായി ഖാലിദ പോപല്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ ശരിക്കും സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. എന്നാല്‍ ഇന്ന് നിര്‍ണായക വിജയം നേടാനായെന്നും ഖാലിദ ചൂണ്ടിക്കാട്ടി.

ആശങ്കകള്‍ക്കിടയിലും ധൈര്യത്തോടെയിരുന്ന വനിതാ ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്ക് വിദേശത്ത് മികച്ചൊരു ഭാവി ഉണ്ടാവട്ടെയെന്നും പോപല്‍ പറഞ്ഞു. അഫ്ഗാന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനും ജൂനിയര്‍ ടീമുകളുടെ പരിശീലകയുമായിരുന്ന പോപല്‍ താലിബാന്‍ ഭീഷണിയെത്തുടര്‍ന്ന് 2016ല്‍ ഡെന്‍മാര്‍ക്കില്‍ അഭയം തേടിയിരുന്നു.

കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഒളിംപ്യന്‍ ചന്ദ്രശേഖരന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കൊച്ചിയിലെ വസതിയില്‍ വെച്ചായിരുന്നു.

ഇന്ത്യന്‍ ഫുട്‌ബോള്‍ നിരയില്‍ പ്രതിരോധ താരമായി കളിച്ചിരുന്ന ചന്ദ്രശേഖരന്‍ 1960ലെ റോം ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. രാജ്യം അവസാനമായി ഒളിംപിക്‌സില്‍ ഫുട്‌ബോള്‍ കളിച്ചതും അതേ വര്‍ഷമാണ്.

1962ല്‍ സ്വര്‍ണം നേടിയ ഏഷ്യന്‍ ഗെയിംസ് ടീമിലും, വെള്ളി നേടിയ 1964ലെ എഎഫ്‌സി ഏഷ്യന്‍ കപ്പിലും, വെള്ളി നേടിയ മെര്‍ഡേക്ക ടൂര്‍ണമെന്റിലും (1959, 1964) ചന്ദ്രശേഖരനും ഉണ്ടായിരുന്നു.

തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയില്‍ ജനിച്ച ചന്ദ്രശേഖരന്‍ എറണാകുളം മഹാരാജാസ് കോളേജിലെ പഠനകാലത്താണ് തന്റെ ഫുട്‌ബോളില്‍ സജീവമാകുന്നത്. പിന്നീട് 1956 മുതല്‍ മുംബൈയിലെ കാല്‍ടെക്‌സിന് വേണ്ടി കളിച്ചു .1966ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കായും അദ്ദേഹം ബൂട്ട് കെട്ടി. 1963ല്‍ സന്തോഷ് ട്രോഫി നേടിയ മഹാരാഷ്ട്ര ടീമിന്റെ ക്യാപ്റ്റനുമായിരുന്നു അദ്ദേഹം.

ദുബായ്: അഫ്ഗാന്‍ നിയന്ത്രണം പിടിച്ചടക്കിയ താലിബാനു കീഴില്‍ നില്‍ക്കാന്‍ ടീം അംഗങ്ങള്‍ക്ക് ഭയമുണ്ടെന്ന് ക്രിക്കറ്റ് താരം നവീനുല്‍ ഹഖ്. ക്രിക്കറ്റില്‍ ഇടപെടില്ലെന്ന് താലിബാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും അത് പൂര്‍ണമായും വിശ്വസിക്കാനാവില്ലെന്നും നവീനുല്‍ പറഞ്ഞു.

സഹതാരങ്ങളുടെ കണ്ണുകളിലും ശബ്ദത്തിലുമൊക്കെ ഭയം നിറഞ്ഞിരിക്കുന്നു, അവരുടെ സന്ദേശങ്ങളിലും ഭയം കാണാം. കായികതാരങ്ങളെ ഒരു തരത്തിലും ഉപദ്രവിക്കില്ലെന്ന് താലിബാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും, ആര്‍ക്കും ഒന്നുമറിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, ജനങ്ങളെ സന്തോഷവാന്മാരാക്കുന്നത് ക്രിക്കറ്റാണ്, അത് അഫ്ഗാനിസ്ഥാന് വളരെ പ്രാധാന്യമുള്ള കാര്യവുമാണ്, ക്രിക്കറ്റ് എന്നാല്‍ അഫ്ഗാന്‍ ജനതക്ക് ഒരു ഗെയിം മാത്രമല്ല, പ്രശ്നങ്ങളെപ്പറ്റി ഒന്നോരണ്ടോ മിനിട്ട് മറന്ന് ക്രിക്കറ്റ് മാത്രം ശ്രദ്ധിക്കും. പക്ഷേ, പ്രശ്നങ്ങള്‍ വീണ്ടും മനസ്സിലേക്കെത്തും. രാജ്യം ഇങ്ങനെ പ്രശ്നത്തില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ക്രിക്കറ്റ് മാത്രം ശ്രദ്ധിക്കാന്‍ കഴിയില്ലെന്നും നവീനുല്‍ ഹഖ് ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയ: ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് നിര ഇന്ത്യയുടേതാണെന്ന് ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം ഉസ്മാന്‍ ഖവാജ. ലോകത്തില്‍ വേറെയും മികച്ച ബൗളിങ് ലൈനപ്പുകള്‍ ഉണ്ടെന്നത് ശരിയാണ്, പക്ഷേ ഇന്ത്യന്‍ ബൗളിങ് നിര അവിശ്വസനീയമാണെന്ന് ഉസ്മാന്‍ ഖവാജ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ബൗളര്‍മാരെ പ്രശംസിച്ച്കൊണ്ട് താരം രംഗത്തെത്തിയത്.

മാത്രമല്ല, അണ്ടര്‍ റേറ്റഡ് ആയിട്ടുള്ള ബൗളര്‍ ഇന്ത്യയുടെ മുഹമ്മദ് ഷമിയാണെന്നും, നമ്മള്‍ പ്രതീക്ഷിക്കുന്നതിലും വേഗതയിലാണ് ഷമി പന്തെറിയുന്നത്. ഇന്ത്യയുടെ ബൗളിങ് ലൈനപ്പിലെ തന്നെ ഏറ്റവും പ്രധാനഘടകങ്ങളിലൊന്ന് ഷമിയാണ്. എന്നാല്‍ ആരും ഷമിയുടെ മികവിനെ പറ്റി സംസാരിക്കുന്നില്ലെന്നും ഖവാജ പറഞ്ഞു.

കൂടാതെ, ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ്. പരിചയസമ്പന്നനായ ഇഷാന്തും ഇന്ത്യക്കൊപ്പമുണ്ട്, അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ ബൗളിങ് നിര ഏറ്റവു മികച്ചതായി അഭിപ്രായപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ടോക്കിയോ: ഒളിംപിക്‌സ് പോരാട്ടങ്ങള്‍ക്ക് ശേഷം പാരാലിമ്പിക്‌സ് 2020ന് ടോക്കിയോ വേദിയൊരുക്കുന്നു. ഇക്കുറി 54 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ആര്‍ച്ചറി, അത്‌ലറ്റിക്‌സ് (ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്), ബാഡ്മിന്റണ്‍, നീന്തല്‍, ഭാരോദ്വഹനം തുടങ്ങി 9 ഇനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുക.

2016-ല്‍ റിയോയില്‍ നടന്ന പാരാലിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തും. പാരാലിമ്പിക്‌സിലെ എറ്റവും മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത്.

കഴിഞ്ഞ തവണ റിയോയില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവുമടക്കം 4 മെഡലുകള്‍ നേടിയതാണ് ഇന്ത്യയുടെ എറ്റവും മികച്ച പ്രകടനം. അന്ന് 19 പേരാണ് രാജ്യത്തിനായി മത്സരങ്ങള്‍ക്ക് ഇറങ്ങിയത്.

ലണ്ടന്‍: ചീത്തവിളിച്ചും കളിയാക്കിയും കളത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാനാവില്ലെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. പഴയ തലമുറയിലെ ഇന്ത്യന്‍ ടീമിനെതിരെ ഈ തന്ത്രം ഒരുപക്ഷെ ഫലപ്രദമായേക്കാം. എന്നാല്‍ ഈ ഇന്ത്യന്‍ ടീമിനെ അങ്ങനെ തോല്‍പ്പിക്കാനാവില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹുസൈന്‍ പറഞ്ഞു. ലോര്‍ഡ്സ് ടെസ്റ്റിലെ ഇന്ത്യ-ഇംഗ്ലണ്ട് താരങ്ങള്‍ തമ്മിലുള്ള വാക് പോരിന്റെ പശ്ചാത്തലത്തിലാണ് ഹുസൈന്റെ പ്രതികരണം.

പഴയ തലമുറയിലെ ടീമിനെപ്പോലെയല്ല, ഇപ്പോഴത്തെ ഇന്ത്യന്‍ ടീം. അതവര്‍ ഓസ്ട്രേലിയയിലും തെളിയിച്ചതാണ്. ഗാബയില്‍ ഓസ്ട്രേലിയന്‍ കളിക്കാരും കാണികളും പ്രകോപിപ്പിച്ചിട്ടും അവര്‍ അതിശക്തമായി തിരിച്ചടിക്കുകയാണ് ചെയ്തത്. ഇപ്പോഴത്തെ ടീമിലെ കളിക്കാരെല്ലാം സ്വന്തം കഴിവില്‍ വിശ്വാസമുള്ളവരാണ്. ഈ മാറ്റത്തിന് കാരണം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയാണ്. കരുത്തുറ്റ ഈ ടീമിനെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ കൊഹ്ലി തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊഹ്ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യന്‍ ടീം പ്രത്യേകിച്ചും ബൗളര്‍മാര്‍ ഏറെ അക്രമണോത്സുകരായാണ് പന്തെറിയുന്നത്. വളരെ ശാന്തസ്വഭാവിയായ ജസ്പ്രീത് ബുമ്ര, ജെയിംസ് ആന്‍ഡേഴ്സണെതിരെ ലോര്‍ഡ്സ് ടെസ്റ്റിലെറിഞ്ഞ ആ സ്പെല്‍ മതി ടീമില്‍ കൊഹ് ലിയുടെ സ്വാധീനം എത്രമാത്രം ഉണ്ടെന്ന് മനസിലാക്കാന്‍. ഓസ്ട്രേലിയക്കെതിരെയും ഇത് നമ്മള്‍ കണ്ടതാണെന്നും ഹുസൈന്‍ വ്യക്തമാക്കി.

കോഹ്ലിയുടെ അഭാവത്തില്‍ രഹാനെക്ക് കീഴിലും ഇതേ അക്രമണോത്സുകതയാണ് ഇന്ത്യ പുറത്തെടുത്തത്. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെയും നമ്മള്‍ അത് തന്നെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഈ ഇന്ത്യന്‍ ടീമിനെ ചീത്തവിളിച്ചും കളിയാക്കിയും തോല്‍പ്പിക്കാനാവില്ല. അതിപ്പോള്‍ ഇംഗ്ലണ്ട് പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് പറഞ്ഞാലും അതില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ തീകൊണ്ട് കളിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഇംഗ്ലണ്ട് പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് രണ്ടാം ടെസ്റ്റിനുശേഷം പറഞ്ഞിരുന്നു.

ദുബായ്: മലയാളത്തില്‍ പാട്ടുകള്‍ പാടി കേരളീയരുടെ പ്രിയങ്കരിയായി മാറിയ ധോനിയുടെ മകള്‍ സിവ ഓണസദ്യയുണ്ണുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
തിരുവോണത്തിന് കേരള ശൈലിയില്‍ സദ്യ കഴിക്കുന്ന സിവയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്.

22 വിഭവങ്ങള്‍ ഉള്‍പ്പെട്ട സദ്യയുടെ ഫോട്ടോയാണ് ധോനിയുടെ ഭാര്യ സാക്ഷി സിങ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഐപിഎല്‍ മത്സരങ്ങള്‍ക്കായി ധോനിയും കുടുംബവും ഇപ്പോള്‍ ദുബായിലാണുള്ളത്.

അതേസമയം, യുഎഇയില്‍ എത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങള്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി പരിശീലനം ആരംഭിച്ചു. സെപ്തംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈയും തമ്മിലാണ് ആദ്യ മത്സരം.

നെയ്റോബി: അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് അടുത്ത വെള്ളി മെഡല്‍ നേട്ടം. വനിതകളുടെ ലോങ് ജംപിലാണ് ഷൈലി സിങ് ഇന്ത്യയുടെ മൂന്നാമത്തെ മെഡല്‍ നേട്ടം സ്വന്തമാക്കിയത്.

6.59 മീറ്റര്‍ ദൂരമാണ് ഷൈലി സിങ് ചാടിയത്. ഒരു സെന്റീ മീറ്ററിന്റെ വ്യത്യാസത്തിലാണ് സ്വീഡന്‍ താരം മജ അസ്‌കാജ് സ്വര്‍ണ്ണം സ്വന്തമാക്കിയതെന്നതും ശ്രദ്ധേയമാണ്.

നിലവില്‍ ലോക രണ്ടാം നമ്പര്‍ താരമാണ് ഷൈലി. യോഗ്യതാ റൗണ്ടില്‍ 6.40 മീറ്റര്‍ ദൂരത്തോടെ ഒന്നാം സ്ഥാനക്കാരിയായാണ് ഷൈലി ഫൈനലിന് യോഗ്യത നേടിയത്.

മലയാളി ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജിന്റെ ബെംഗളൂരുവിലെ അക്കാദമിയിലാണ് ഷൈലി പരിശീലനം നേടുന്നത്.