Sports (Page 174)

ടോക്കിയോ: ദേശീയ കായികദിനത്തില്‍ ഇന്ത്യക്ക് അഭിമാനമായി പാരാലിമ്പിക്സില്‍ ഇരട്ടവെള്ളി. ടേബിള്‍ടെന്നീസില്‍ ഭവിനാബെന്‍ പട്ടേലും ഹൈജമ്ബില്‍ നിഷാദ്കുമാറും വെള്ളി നേടി. ഡിസ്‌കസ്‌ത്രോയില്‍ വിനോദ്കുമാര്‍ വെങ്കലം നേടിയെങ്കിലും എതിര്‍ടീം അപ്പീല്‍ നല്‍കിയതിനാല്‍ മത്സരഫലം പുനഃപരിശോധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വനിതകളുടെ ടേബിള്‍ടെന്നീസില്‍ അരയ്ക്കുതാഴെ തളര്‍ന്നവരുടെ ക്ലാസ് 4 വിഭാഗത്തിലാണ് ചക്രക്കസേരയില്‍ മത്സരിച്ച മുപ്പത്തിനാലുകാരി ഭവിനയുടെ നേട്ടം. ഫൈനലില്‍ ലോക ഒന്നാംറാങ്കുകാരിയായ ചൈനയുടെ യിങ് സോയു പത്തൊമ്പത് മിനിറ്റില്‍ 11-7, 11-5, 11-6ന് ജയിച്ചുകയറി. ഗ്രൂപ്പ് മത്സരത്തിലും ഭവിന ചൈനക്കാരിയോട് തോറ്റിരുന്നു. പിന്നീട് നാല് കളി ജയിച്ചാണ് ഫൈനലില്‍ കടന്നത്. ലോക രണ്ട്, മൂന്ന്, എട്ട്, ഒമ്പത് റാങ്കുകാരെ കീഴടക്കിയായിരുന്നു ഭവിനയുടെ തേരോട്ടം.

പുരുഷന്മാരുടെ ഹൈജമ്ബില്‍ ടി 47 വിഭാഗത്തിലാണ് നിഷാദ്കുമാര്‍ വെള്ളി നേടിയത്. ഇരുപത്തൊന്നുകാരന്‍ 2.06 മീറ്ററോടെ സ്വന്തം ഏഷ്യന്‍ റെക്കോഡിനൊപ്പമെത്തി. ഇതേ ഉയരം ചാടിയ അമേരിക്കയുടെ ഡള്ളസിനും വെള്ളി ലഭിച്ചു. നിഷാദ് 2.09 മീറ്റര്‍ ചാടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അമേരിക്കയുടെ റോഡെറിക് ടൗണ്‍സെന്‍ഡ് 2.15 മീറ്റര്‍ ചാടി ലോകറെക്കോഡിട്ടാണ് സ്വര്‍ണം സ്വന്തമാക്കിയത്.

ഡിസ്‌കസ്‌ത്രോയില്‍ എഫ് 52 വിഭാഗത്തിലാണ് വിനോദ്കുമാര്‍ മത്സരിച്ചത്. 19.91 മീറ്റര്‍ എറിഞ്ഞ് ഏഷ്യന്‍ റെക്കോഡിട്ട് വെങ്കലം നേടിയെങ്കിലും മണിക്കൂറുകള്‍ക്കകം താല്‍ക്കാലികമായി തടഞ്ഞു. വിനോദിന്റെ യോഗ്യത സംബന്ധിച്ചാണ് പരാതി. തീരുമാനം ഇന്നുണ്ടാകും.

മെഡല്‍ നേടിയ താരങ്ങളെ രാഷ്ട്രപതി രാംനാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പ്പടെയുള്ളവര്‍ അഭിനന്ദിച്ചു.

ടോക്കിയോ: പാരാലിമ്പിക്സില്‍ ആദ്യ സുവര്‍ണ നേട്ടവുമായി ഇന്ത്യ. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സിലാണ് ഇന്ത്യയുടെ ആവണി ലെഖാര സ്വര്‍ണം നേട്ടം സ്വന്തമാക്കിയത്.

ലോക റെക്കോഡോടെയാണ് അവനിയുടെ സ്വര്‍ണ നേട്ടം. 249.6 പോയിന്റോടെയാണ് അവനി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഇതോടെ, പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടുന്ന ആദ്യ വനിതയെന്ന നേട്ടവും അവനി സ്വന്തമാക്കി.

ചൈനയുടെ ഷാംഗ് വണ്‍ വെള്ളിയും ഉക്രൈന്റെ ഐറിന ഷേഷ്ടനിക് വെങ്കലവും നേടി.

ടോക്കിയോ: താലിബാന്‍ പിടിയിലായ അഫ്ഗാനില്‍ നിന്നും പാരാലിമ്പിക്‌സില്‍ പങ്കെടുക്കാന്‍ എത്താന്‍ കഴിയാതെ പോയ കായികതാരങ്ങളുടെ വാക്കുകള്‍ ലോകത്തെയാകെ സങ്കടത്തിലാഴ്ത്തിയിരുന്നു. എന്നാല്‍ ഇതാ അഫ്ഗാനിസ്ഥാന്റെ രണ്ട് കായികതാരങ്ങള്‍ താലിബാന്റെ കീഴില്‍ നിന്നും രക്ഷപ്പെട്ട് ടോക്കിയോ മത്സരങ്ങള്‍ക്കായി എത്തിയിരിക്കുന്നു. ഇതില്‍ ഒരു വനിതാ താരവുമുണ്ടെന്നതാണ് ശ്രദ്ധേയം.

ഉദ്ഘാടന ചടങ്ങിന് അഞ്ച് ദിവസത്തിന് ശേഷമാണ് സക്കിയ ഖുദാദിയും, ഹൊസൈന്‍ റസൂലിയും ഇപ്പോള്‍ ഗെയിംസ് വേദിയില്‍ എത്തിയിരിക്കുന്നത്. താരങ്ങള്‍ ടോക്കിയോയില്‍ റിപ്പോര്‍ട്ട് ചെയ്തതായി ഇന്റര്‍നാഷണല്‍ പാരാലിമ്പിക് കമ്മറ്റിയും (ഐപിസി) അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം, അഫ്ഗാന്‍ കായികതാരങ്ങളായ സകിയയെയും, റസൂലിയെയും പാരാലിമ്പിക് വില്ലേജിലേക്ക് ഐപിസി പ്രസിഡന്റ് ആന്‍ഡ്രൂ പാര്‍സണും ഐപിസി അത്‌ലറ്റ്‌സ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ചെല്‍സി ഗോട്ടലും ചേര്‍ന്ന് സ്വാഗതം ചെയ്തു.

കഴിഞ്ഞ വാരാന്ത്യത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇവര്‍ സുരക്ഷിതമായി പലായനം ചെയ്തിരുന്നു. തുടര്‍ന്ന്, രണ്ട് കായികതാരങ്ങളും ഫ്രാന്‍സിലെ പാരീസില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് എക്സ്പെര്‍ടൈസ് ആന്‍ഡ് പെര്‍ഫോമന്‍സില്‍ ഫ്രഞ്ച് കായിക മന്ത്രാലയത്തിന്റെ ഉന്നത പരിശീലന കേന്ദ്രത്തില്‍ ഒരാഴ്ച ചെലവഴിച്ചു. ശേഷം, വെള്ളിയാഴ്ച വൈകുന്നേരമാണ് ഇരുവരും പാരീസ് ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്ന് ടോക്കിയോ ഹനേഡ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

സെപ്റ്റംബര്‍ 2 ന് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള വനിതാ തായ്ക്വോണ്ടോ കെ 44 -49 കിലോഗ്രാം വിഭാഗത്തിലാണ് സക്കിയ ഖുദാദി മത്സരിക്കുന്നത്. സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന പുരുഷന്മാരുടെ 400 മീറ്റര്‍ ടി 47 അത്ലറ്റിക്‌സ് ഇനത്തില്‍ ഹൊസൈന്‍ റസൂലിയും പങ്കെടുക്കുമെന്ന് ഐപിസി അറിയിച്ചു.

പാരിസ്: ആരാധകര്‍ കാത്തിരുന്ന മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റം ഇന്ന്. റൈംസിനെ നേരിടാനുള്ള പി എസ് ജി സ്‌ക്വാഡില്‍ ലയണല്‍ മെസ്സിയും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രണ്ടാഴ്ച മുമ്പ് തന്നെ മെസ്സി പി എസ് ജിയില്‍ എത്തിയിരുന്നു എങ്കിലും താരം മാച്ച് ഫിറ്റ് അല്ലാത്തതിനായി ഇതുവരെയുള്ള മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. ഇന്ന് ആദ്യ ഇലവനില്‍ തന്നെ താരം ഉണ്ടാകും എന്നാണ് സൂചനകള്‍. സൂപ്പര്‍ താരങ്ങളായ നെയ്മര്‍, എമ്ബപ്പെ എന്നിവരും മെസ്സിയോടൊപ്പം ഇന്നത്തെ പി എസ് ജി സ്‌ക്വാഡില്‍ ഉണ്ട്.

ബാഴ്‌സലോണ അല്ലാത്ത ഒരു ക്ലബിന്റെ ജേഴ്‌സിയില്‍ മെസ്സി ഇറങ്ങുന്ന ആദ്യ മത്സരമാകും ഇത്. ഇന്നത്തെ മത്സരം ഇന്ത്യയില്‍ ഒരു ചാനലും ടെലികാസ്റ്റ് ചെയ്യുന്നില്ല എന്നത് ഫുട്‌ബോള്‍ ആരാധകര്‍ക്ക് വലിയ നിരാശ നല്‍കും. എങ്കിലും ഓണ്‍ലൈന്‍ സ്ട്രീമിങ് വഴി മത്സരം കാണാന്‍ ഫുട്‌ബോള്‍ ആരാധകര്‍ ഒരുങ്ങി കഴിഞ്ഞു. ഇന്ന് രാത്രി 12.15നാണ് മത്സരം.

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ തോല്‍വിയില്‍ പ്രതികരണവുമായി നായകന്‍ വീരാട് കോഹ്ലി. ഇംഗ്ലീഷ് ബോളര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ കഠിന സമ്മര്‍ദ്ദമാണെന്നാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ തളര്‍ത്തിയതെന്ന് വിരാട് കോഹ്ലി ചൂണ്ടിക്കാട്ടി.

ആദ്യ ഇന്നിങ്‌സില്‍ 78 റണ്‍സിന് ഓള്‍ഔട്ട് ആയത് വിചിത്രമായിരുന്നു എന്നും, അത്രയും ചെറിയ സ്‌കോറിനു പുറത്തായ ശേഷം അതിനെ മറികടക്കാനുള്ള ശ്രമമാണ് ടീം നടത്തിയതെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

‘നമ്മള്‍ 80 റണ്‍സില്‍ താഴെ പുറത്താവുകയും എതിര്‍ ടീം വലിയ സ്‌കോര്‍ നേടുകയും ചെയ്യുമ്പോള്‍ തീര്‍ച്ചയായും സ്‌കോര്‍ ബോര്‍ഡ് സമ്മര്‍ദ്ദം ഉണ്ടാകും, പക്ഷേ മത്സരത്തില്‍ തുടരാന്‍ ഞങ്ങള്‍ ഇന്നലെ നന്നായി കളിച്ചു, കഴിയുന്ന പോലെ തിരിച്ചടിച്ചു, ഞങ്ങള്‍ക്ക് തന്നെ ഒരു അവസരം നല്‍കി, പക്ഷേ ഇന്ന് ഇംഗ്ലണ്ട് ബോളര്‍മാര്‍ നല്‍കിയ സമ്മര്‍ദ്ദം വലുതായിരുന്നു, അവര്‍ക്ക് അതിനുള്ള ഫലം ലഭിച്ചു.’ കൊഹ്ലി പോസ്റ്റ് മാച്ച് പ്രെസെന്റേഷനില്‍ പറഞ്ഞു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത തീരുമാനം തെറ്റായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ക്യാപ്റ്റന്റെ മറുപടി. ‘പിച്ച് ബാറ്റിങ്ങിന് നല്ലതായി തോന്നി, ഇംഗ്ലണ്ട് ബാറ്റ് ചെയ്തപ്പോ അത് മറ്റൊരു കളി ആയി, കാരണം ഞങ്ങള്‍ ബോള്‍ കൊണ്ട് അത്ര നന്നായി കളിച്ചില്ല. ഈ മത്സരത്തില്‍ ഓരോ ടീമും എങ്ങനെ കളിച്ചു എന്നതാണ് ഫലം, അവര്‍ തിരിച്ചു വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു.’ കൊഹ്ലി പറഞ്ഞു.

അതേസമയം, ഓവലില്‍ സെപ്തംബര്‍ രണ്ടിന് ആരംഭിക്കുന്ന മത്സരത്തില്‍ ഒരു സ്പിന്നറെ കൂടി ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് പിച്ചിന് അനുസരിച്ച് ആയിരിക്കും ടീം തീരുമാനിക്കുക എന്നാണ് കൊഹ്ലി പറഞ്ഞത്. ഈ സാഹചര്യങ്ങളില്‍ നാല് പേസര്‍മാര്‍ തന്നെ ആകും കൂടുതല്‍ നല്ലത് എന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.

ലണ്ടന്‍: ഇന്ത്യക്കെതിരായ ലീഡ്സ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ സ്‌കോറോടെ ഇംഗ്ലണ്ടിന് ഇന്നിങ്സ് ജയം. നാലാം ദിവസം തന്നെ ഇന്ത്യ ഓള്‍ഔട്ടായതോടെ ഇംഗ്ലണ്ട് ഇന്നിങ്സിനും 76 റണ്ണിനുമാണു ജയം. സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്സ് 78, രണ്ടാം ഇന്നിങ്സ് 278. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 432.

ഇതോടെ, അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുവരും 1-1 ന് ഒപ്പമായി. രണ്ടിന് 215 റണ്ണെന്ന നിലയിലാണ് ഇന്ത്യ നാലാം ദിവസം കളി തുടങ്ങിയത്. നായകന്‍ വിരാട് കോഹ്ലി 120 പന്തുകളിലാല്‍ അര്‍ധ സെഞ്ചുറി നേടി (125 പന്തില്‍ 55). ചേതേശ്വര്‍ പൂജാര 189 പന്തില്‍ 91 റണ്‍സുകളോടെ പുറത്തായി. സെഞ്ചുറിക്ക് ഒന്‍പത് റണ്‍ മാത്രം ബാക്കി നില്‍ക്കേയുള്ള പൂജാരയുടെ പതനത്തോടെയായിരുന്നു ഇന്ത്യയും വീണു തുടങ്ങിയത്.

അജിന്‍ക്യ രഹാനെയും (10) ഋഷഭ് പന്തും (ഒന്ന്) പുറത്തായതോടെ ഇംഗ്ലണ്ട് അനായാസ ജയം ഉറപ്പിച്ചു. രവീന്ദ്ര ജഡേജയുടെ (25 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 30) ഏകദിന ശൈലിയിലുള്ള ബാറ്റിങ് ടീമിന് അല്‍പം ആശ്വാസമായി. മുഹമ്മദ് ഷമി (ആറ്), ഇഷാന്ത് ശര്‍മ (രണ്ട്), മുഹമ്മദ് സിറാജ് (0) എന്നിവര്‍ രണ്ടക്കം കടന്നില്ല.

ജഡേജയും സിറാജും ഒരേ ഓവറില്‍ പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് ജയം കുറിച്ചു. 65 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത റോബിന്‍സണ്‍ ബൗളര്‍മാരില്‍ മുന്നിട്ടുനിന്നു. ക്രെയ്ഗ് ഓവര്‍ടണ്‍ മൂന്ന് വിക്കറ്റും ജെയിംസ് ആന്‍ഡേഴ്സണ്‍, മൊയീന്‍ അലി എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.

ലണ്ടന്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബായ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലേക്ക് തിരികെ എത്തി.

മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് മുന്നോട്ടുവെച്ച കരാര്‍ റൊണാള്‍ഡോ അംഗീകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2023 ജൂണ്‍ വരെ രണ്ടുവര്‍ഷത്തേക്കാണ് കരാര്‍. താരത്തിന്റെ മെഡിക്കലും വൈകാതെ പൂര്‍ത്തിയാക്കും.

12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രിസ്റ്റ്യാനൊ മാഞ്ചസ്റ്ററില്‍ മടങ്ങിയെത്തുന്നത്. ക്രിസ്റ്റ്യാനൊയുടെ മടങ്ങിവരവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും സ്ഥിരീകരിച്ചു. വീട്ടിലേക്ക് സ്വാഗതം എന്നാണ് ട്വിറ്ററില്‍ മാഞ്ചസ്റ്റര്‍ കുറിച്ചത്.

നിലവില്‍ യുവന്റസിന് വേണ്ടിയാണ് താരം കളിക്കുന്നത്. താരത്തിന്റെ കൈമാറ്റത്തിനായി യുവന്റസും മാഞ്ചസ്റ്റര്‍ യൂണൈറ്റഡും തമ്മിലും കരാറില്‍ എത്തിയിട്ടുണ്ട്.

ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്സ് ടേബിള്‍ ടെന്നീസില്‍ ഫൈനലിലെത്തി ഭാവിന പട്ടേല്‍. ചൈനയുടെ സാംഗ് മിയാവോവിനെ 3-2ന് തോല്‍പ്പിച്ചാണ് ഭാവിന ഫൈനല്‍ ടിക്കറ്റ് നേടിയത്.

ആദ്യ ഗെയിം 11-7ന് കൈവിട്ട ശേഷമാണ് ഇന്ത്യന്‍ താരം ശക്തമായി തിരികെവന്നത്. രണ്ടാം ഗെയിം 11-7ന് തിരികെ പിടിച്ച ഭാവിന 11-4ന് മൂന്നാം ഗെയിമും സ്വന്തമാക്കി. നാലാം ഗെയിമില്‍ 11-9ന് ചൈനീസ് താരം തിരികെ എത്തിയെങ്കിലും, അഞ്ചാം ഗെയിം 11-9ന് നേടി ഭാവിന ഫൈനല്‍ ഉറപ്പിച്ചു. ഫൈനലില്‍ ആരാകും ഭാവിനയുടെ എതിരാളിയെന്ന് തീരുമാനമായിട്ടില്ല.

ഇതോടെ, ടേബിള്‍ ടെന്നീസ് ചരിത്രത്തില്‍ ലോകകായികവേദിയില്‍ ഫൈനലിലെത്തുന്ന ആദ്യതാരമായി ഭാവിന മാറി. പാരാലിമ്പിക്സിലും ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം ടേബിള്‍ ടെന്നീസിന്റെ ഫൈനല്‍ പ്രവേശം നേടുന്നത്.

ഗുജറാത്തുകാരിയായ ഭാവിന സെര്‍ബിയയുടെ ലോക രണ്ടാം നമ്പര്‍ താരം ബോരിസ്ലാവ് പെരികിനെ എതിരില്ലാത്ത 3 ഗെയിമുകള്‍ക്ക് തകര്‍ത്താണ് സെമിയില്‍ കടന്നത്.

ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സ് മത്സരത്തിനിടെ പാക്കിസ്ഥാന്‍ താരം ജാവലിന്‍ തട്ടിയെടുത്ത് കൃത്രിമം കാണിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി നീരജ് ചോപ്ര. പാക് താരമായ അര്‍ഷാദ് നദീം മത്സരത്തിനിടെ നീരജിന്റെ ജാവലിന്‍ തട്ടിയെടുത്ത് കൃത്രിമം കാണിക്കാന്‍ ശ്രമിച്ചെന്നുമൊക്കെയായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

എന്നാല്‍, ഇതെല്ലാം വ്യാജവാര്‍ത്തളാണെന്നും, പാക്ക് താരത്തിനെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തേണ്ട ആവശ്യമില്ലെന്നും നീരജ് ചോപ്ര ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഏതു മത്സരത്തിലും താരങ്ങള്‍ ഒരു സ്ഥലത്താണ് തങ്ങളുടെ ജാവലിനുകള്‍ വയ്ക്കാറുള്ളതെന്നും ആര്‍ക്കും അത് ഉപയോഗിക്കാമെന്നും നീരജ് വിശദീകരിച്ചു. അതാണ് നിയമം, അതുകൊണ്ടു തന്നെ തന്റെ ജാവലിനുമായി അര്‍ഷാദ് മത്സരത്തിനു തയാറായത് ഒരുക്കലും തെറ്റായിവ്യാഖ്യാനിക്കാനാവില്ലെന്നും, ആളുകള്‍ വിഷയം പര്‍വതീകരിച്ചുകാണിക്കുകയാണെന്ന് അറിയുന്നതില്‍ സങ്കടമുണ്ടെന്നും, ഒരുമയോടെ നടക്കാനാണ് കളി ഞങ്ങളെ പഠിപ്പിക്കുന്നത്, അതുകൊണ്ട് വേദനിപ്പിക്കുന്ന കാര്യങ്ങളൊന്നും പറയരുതെന്നും താരം ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാന്‍ താരം നീരജിന്റെ ജാവലിന്‍ മോഷ്ടിച്ച് മത്സരത്തില്‍ കൃത്രിമം കാണിച്ചെന്ന് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ലണ്ടന്‍: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 345 റണ്ണിന്റെ കൂറ്റന്‍ ലീഡ്്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 423 റണ്ണെന്ന നിലയിലാണ് ഇംഗ്ലീഷുകാര്‍. 24 റണ്ണെടുത്ത ക്രെയ്ഗ് ഓവര്‍ടണും റണ്ണെടുക്കാത്ത ഒലി റോബിന്‍സണുമാണ് ക്രീസില്‍.

നായകന്‍ ജോ റൂട്ടിന്റെ സെഞ്ചുറിയും (165 പന്തില്‍ 14 ഫോറുകളടക്കം 121), ഓപ്പണര്‍മാരായ റോറി ബേണ്‍സ് (61), ഹസീബ് ഹമീദ് (68) എന്നിവരുടെയും മൂന്നാം നമ്പര്‍ താരം ഡേവിഡ് മാലാന്റെയും (70) അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്.

ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ വെള്ളംകുടിച്ച ലീഡ്സിലെ പിച്ചിലാണ് ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാര്‍ കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തത്. ഒന്നാം ഇന്നിങ്സില്‍ വെറും 78 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടായത്.