താലിബാനെ വെട്ടിച്ച് പാരാലിമ്പിക്‌സില്‍ പങ്കെടുക്കാന്‍ രണ്ട് അഫ്ഗാന്‍ താരങ്ങള്‍ എത്തി; സ്വീകരണമൊരുക്കി ടോക്കിയോ

ടോക്കിയോ: താലിബാന്‍ പിടിയിലായ അഫ്ഗാനില്‍ നിന്നും പാരാലിമ്പിക്‌സില്‍ പങ്കെടുക്കാന്‍ എത്താന്‍ കഴിയാതെ പോയ കായികതാരങ്ങളുടെ വാക്കുകള്‍ ലോകത്തെയാകെ സങ്കടത്തിലാഴ്ത്തിയിരുന്നു. എന്നാല്‍ ഇതാ അഫ്ഗാനിസ്ഥാന്റെ രണ്ട് കായികതാരങ്ങള്‍ താലിബാന്റെ കീഴില്‍ നിന്നും രക്ഷപ്പെട്ട് ടോക്കിയോ മത്സരങ്ങള്‍ക്കായി എത്തിയിരിക്കുന്നു. ഇതില്‍ ഒരു വനിതാ താരവുമുണ്ടെന്നതാണ് ശ്രദ്ധേയം.

ഉദ്ഘാടന ചടങ്ങിന് അഞ്ച് ദിവസത്തിന് ശേഷമാണ് സക്കിയ ഖുദാദിയും, ഹൊസൈന്‍ റസൂലിയും ഇപ്പോള്‍ ഗെയിംസ് വേദിയില്‍ എത്തിയിരിക്കുന്നത്. താരങ്ങള്‍ ടോക്കിയോയില്‍ റിപ്പോര്‍ട്ട് ചെയ്തതായി ഇന്റര്‍നാഷണല്‍ പാരാലിമ്പിക് കമ്മറ്റിയും (ഐപിസി) അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം, അഫ്ഗാന്‍ കായികതാരങ്ങളായ സകിയയെയും, റസൂലിയെയും പാരാലിമ്പിക് വില്ലേജിലേക്ക് ഐപിസി പ്രസിഡന്റ് ആന്‍ഡ്രൂ പാര്‍സണും ഐപിസി അത്‌ലറ്റ്‌സ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ചെല്‍സി ഗോട്ടലും ചേര്‍ന്ന് സ്വാഗതം ചെയ്തു.

കഴിഞ്ഞ വാരാന്ത്യത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇവര്‍ സുരക്ഷിതമായി പലായനം ചെയ്തിരുന്നു. തുടര്‍ന്ന്, രണ്ട് കായികതാരങ്ങളും ഫ്രാന്‍സിലെ പാരീസില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് എക്സ്പെര്‍ടൈസ് ആന്‍ഡ് പെര്‍ഫോമന്‍സില്‍ ഫ്രഞ്ച് കായിക മന്ത്രാലയത്തിന്റെ ഉന്നത പരിശീലന കേന്ദ്രത്തില്‍ ഒരാഴ്ച ചെലവഴിച്ചു. ശേഷം, വെള്ളിയാഴ്ച വൈകുന്നേരമാണ് ഇരുവരും പാരീസ് ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്ന് ടോക്കിയോ ഹനേഡ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

സെപ്റ്റംബര്‍ 2 ന് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള വനിതാ തായ്ക്വോണ്ടോ കെ 44 -49 കിലോഗ്രാം വിഭാഗത്തിലാണ് സക്കിയ ഖുദാദി മത്സരിക്കുന്നത്. സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന പുരുഷന്മാരുടെ 400 മീറ്റര്‍ ടി 47 അത്ലറ്റിക്‌സ് ഇനത്തില്‍ ഹൊസൈന്‍ റസൂലിയും പങ്കെടുക്കുമെന്ന് ഐപിസി അറിയിച്ചു.