ലണ്ടന്‍: ഇന്ത്യക്കെതിരായ ലീഡ്സ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ സ്കോറോടെ ഇംഗ്ലണ്ടിന് ഇന്നിങ്സ് ജയം. നാലാം ദിവസം തന്നെ ഇന്ത്യ ഓള്‍ഔട്ടായതോടെ ഇംഗ്ലണ്ട് ഇന്നിങ്സിനും 76 റണ്ണിനുമാണു ജയം. സ്കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്സ് 78, രണ്ടാം ഇന്നിങ്സ് 278. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 432.
ഇതോടെ, അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുവരും 1-1 ന് ഒപ്പമായി. രണ്ടിന് 215 റണ്ണെന്ന നിലയിലാണ് ഇന്ത്യ നാലാം ദിവസം കളി തുടങ്ങിയത്. നായകന് വിരാട് കോഹ്ലി 120 പന്തുകളിലാല്‍ അര്‍ധ സെഞ്ചുറി നേടി (125 പന്തില്‍ 55). ചേതേശ്വര്‍ പൂജാര 189 പന്തില്‍ 91 റണ്‍സുകളോടെ പുറത്തായി. സെഞ്ചുറിക്ക് ഒന്‍പത് റണ്‍ മാത്രം ബാക്കി നില്‍ക്കേയുള്ള പൂജാരയുടെ പതനത്തോടെയായിരുന്നു ഇന്ത്യയും വീണു തുടങ്ങിയത്.
അജിന്‍ക്യ രഹാനെയും (10) ഋഷഭ് പന്തും (ഒന്ന്) പുറത്തായതോടെ ഇംഗ്ലണ്ട് അനായാസ ജയം ഉറപ്പിച്ചു. രവീന്ദ്ര ജഡേജയുടെ (25 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 30) ഏകദിന ശൈലിയിലുള്ള ബാറ്റിങ് ടീമിന് അല്പം ആശ്വാസമായി. മുഹമ്മദ് ഷമി (ആറ്), ഇഷാന്ത് ശര്‍മ (രണ്ട്), മുഹമ്മദ് സിറാജ് (0) എന്നിവര്‍ രണ്ടക്കം കടന്നില്ല.
ജഡേജയും സിറാജും ഒരേ ഓവറില്‍ പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് ജയം കുറിച്ചു. 65 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത റോബിന്‍സണ്‍ ബൗളര്‍മാരില്‍ മുന്നിട്ടുനിന്നു. ക്രെയ്ഗ് ഓവര്ടണ് മൂന്ന് വിക്കറ്റും ജെയിംസ് ആന്ഡേഴ്സണ്, മൊയീന്‍ അലി എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.

