ടോക്കിയോയില്‍ പാക് താരം ജാവലിന്‍ തട്ടിയെടുത്ത് കൃത്രിമം കാണിക്കാന്‍ ശ്രമിച്ചോ? പ്രതികരണവുമായി നീരജ് ചോപ്ര

ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സ് മത്സരത്തിനിടെ പാക്കിസ്ഥാന്‍ താരം ജാവലിന്‍ തട്ടിയെടുത്ത് കൃത്രിമം കാണിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി നീരജ് ചോപ്ര. പാക് താരമായ അര്‍ഷാദ് നദീം മത്സരത്തിനിടെ നീരജിന്റെ ജാവലിന്‍ തട്ടിയെടുത്ത് കൃത്രിമം കാണിക്കാന്‍ ശ്രമിച്ചെന്നുമൊക്കെയായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

എന്നാല്‍, ഇതെല്ലാം വ്യാജവാര്‍ത്തളാണെന്നും, പാക്ക് താരത്തിനെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തേണ്ട ആവശ്യമില്ലെന്നും നീരജ് ചോപ്ര ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഏതു മത്സരത്തിലും താരങ്ങള്‍ ഒരു സ്ഥലത്താണ് തങ്ങളുടെ ജാവലിനുകള്‍ വയ്ക്കാറുള്ളതെന്നും ആര്‍ക്കും അത് ഉപയോഗിക്കാമെന്നും നീരജ് വിശദീകരിച്ചു. അതാണ് നിയമം, അതുകൊണ്ടു തന്നെ തന്റെ ജാവലിനുമായി അര്‍ഷാദ് മത്സരത്തിനു തയാറായത് ഒരുക്കലും തെറ്റായിവ്യാഖ്യാനിക്കാനാവില്ലെന്നും, ആളുകള്‍ വിഷയം പര്‍വതീകരിച്ചുകാണിക്കുകയാണെന്ന് അറിയുന്നതില്‍ സങ്കടമുണ്ടെന്നും, ഒരുമയോടെ നടക്കാനാണ് കളി ഞങ്ങളെ പഠിപ്പിക്കുന്നത്, അതുകൊണ്ട് വേദനിപ്പിക്കുന്ന കാര്യങ്ങളൊന്നും പറയരുതെന്നും താരം ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാന്‍ താരം നീരജിന്റെ ജാവലിന്‍ മോഷ്ടിച്ച് മത്സരത്തില്‍ കൃത്രിമം കാണിച്ചെന്ന് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.