പാരാലിമ്പിക്സ് ദേശീയ കായികദിനത്തില്‍ ഇന്ത്യക്ക് ഇരട്ടവെള്ളി; ഭവിനയ്ക്കും നിഷാദ്കുമാറിനും കയ്യടിച്ച് രാജ്യം !

ടോക്കിയോ: ദേശീയ കായികദിനത്തില്‍ ഇന്ത്യക്ക് അഭിമാനമായി പാരാലിമ്പിക്സില്‍ ഇരട്ടവെള്ളി. ടേബിള്‍ടെന്നീസില്‍ ഭവിനാബെന്‍ പട്ടേലും ഹൈജമ്ബില്‍ നിഷാദ്കുമാറും വെള്ളി നേടി. ഡിസ്‌കസ്‌ത്രോയില്‍ വിനോദ്കുമാര്‍ വെങ്കലം നേടിയെങ്കിലും എതിര്‍ടീം അപ്പീല്‍ നല്‍കിയതിനാല്‍ മത്സരഫലം പുനഃപരിശോധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വനിതകളുടെ ടേബിള്‍ടെന്നീസില്‍ അരയ്ക്കുതാഴെ തളര്‍ന്നവരുടെ ക്ലാസ് 4 വിഭാഗത്തിലാണ് ചക്രക്കസേരയില്‍ മത്സരിച്ച മുപ്പത്തിനാലുകാരി ഭവിനയുടെ നേട്ടം. ഫൈനലില്‍ ലോക ഒന്നാംറാങ്കുകാരിയായ ചൈനയുടെ യിങ് സോയു പത്തൊമ്പത് മിനിറ്റില്‍ 11-7, 11-5, 11-6ന് ജയിച്ചുകയറി. ഗ്രൂപ്പ് മത്സരത്തിലും ഭവിന ചൈനക്കാരിയോട് തോറ്റിരുന്നു. പിന്നീട് നാല് കളി ജയിച്ചാണ് ഫൈനലില്‍ കടന്നത്. ലോക രണ്ട്, മൂന്ന്, എട്ട്, ഒമ്പത് റാങ്കുകാരെ കീഴടക്കിയായിരുന്നു ഭവിനയുടെ തേരോട്ടം.

പുരുഷന്മാരുടെ ഹൈജമ്ബില്‍ ടി 47 വിഭാഗത്തിലാണ് നിഷാദ്കുമാര്‍ വെള്ളി നേടിയത്. ഇരുപത്തൊന്നുകാരന്‍ 2.06 മീറ്ററോടെ സ്വന്തം ഏഷ്യന്‍ റെക്കോഡിനൊപ്പമെത്തി. ഇതേ ഉയരം ചാടിയ അമേരിക്കയുടെ ഡള്ളസിനും വെള്ളി ലഭിച്ചു. നിഷാദ് 2.09 മീറ്റര്‍ ചാടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അമേരിക്കയുടെ റോഡെറിക് ടൗണ്‍സെന്‍ഡ് 2.15 മീറ്റര്‍ ചാടി ലോകറെക്കോഡിട്ടാണ് സ്വര്‍ണം സ്വന്തമാക്കിയത്.

ഡിസ്‌കസ്‌ത്രോയില്‍ എഫ് 52 വിഭാഗത്തിലാണ് വിനോദ്കുമാര്‍ മത്സരിച്ചത്. 19.91 മീറ്റര്‍ എറിഞ്ഞ് ഏഷ്യന്‍ റെക്കോഡിട്ട് വെങ്കലം നേടിയെങ്കിലും മണിക്കൂറുകള്‍ക്കകം താല്‍ക്കാലികമായി തടഞ്ഞു. വിനോദിന്റെ യോഗ്യത സംബന്ധിച്ചാണ് പരാതി. തീരുമാനം ഇന്നുണ്ടാകും.

മെഡല്‍ നേടിയ താരങ്ങളെ രാഷ്ട്രപതി രാംനാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പ്പടെയുള്ളവര്‍ അഭിനന്ദിച്ചു.